ഇസ്‍ലാമിക ചരിത്ര നഗരങ്ങള്‍. (6)  അലെപ്പോ: ചരിത്ര ശേഷിപ്പുകളാല്‍ സമ്പന്നമായ നഗരം

ഇന്നത്തെ സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അലെപ്പോ നഗരത്തിന് സഹസ്രാബ്ദങ്ങളുടെ സമ്പന്നമായ ചരിത്രമുണ്ട്. ഈസ്റ്റ് ഏഷ്യക്കും യൂറോപ്പിനും ഇടയിലെ സുപ്രധാന വ്യാപാര പാതയായ സില്‍ക്ക് റൂട്ടില്‍ തന്ത്രപ്രധാനമായ സ്ഥാനം വഹിച്ചിരുന്ന അലെപ്പോ, വിവിധങ്ങളായ സാമ്രാജ്യങ്ങളുടെ ഉത്ഥാന പതനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നഗരമാണ്. അലെപ്പോയുടെ മുസ്‍ലിം ഭരണകാലത്തിന്റെ ചരിത്രവും വിവിധ രാജവംശങ്ങളിലൂടെയുള്ള അതിന്റെ പരിണാമങ്ങളും നമുക്ക് നോക്കാം.

അലെപ്പോയുടെ മുസ്‌ലിം ചരിത്രം


ഏഴാം നൂറ്റാണ്ടു മുതല്‍ക്കേ പ്രവാചകന്‍(സ്വ)യുടെ കാലത്ത് തന്നെ ഈ പ്രദേശങ്ങളിലും ഇസ്‌ലാം പരിചയപ്പെടുന്നുണ്ട്. എഡി 637-ല്‍, അമവി ഖിലാഫത്തിന്റെ കാലത്ത് സൈനിക ജനറലായിരുന്ന ഖാലിദ് ഇബ്ന്‍ അല്‍-വലീദ്(റ)ന്റെ നേതൃത്വത്തിലുള്ള മുസ്‍ലിം സൈന്യം അലെപ്പോ കീഴടക്കി. നഗരം സ്വമേധയാ ഇസ്‍ലാം സ്വീകരിക്കുകയും പ്രധാന വ്യാപാരപാതയിലെ തന്ത്രപ്രധാനമായ സ്ഥാനം ഒരു വാണിജ്യ കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി
1183-ല്‍, സലാഹുദ്ദീന്‍ അയ്യൂബിയുടെ സൈന്യം, അദ്ദേഹത്തിന്റെ അനന്തരവന്‍ അല്‍-മലിക് അല്‍-അസീസിന്റെ നേതൃത്വത്തില്‍ അലപ്പോ നഗരം ഉപരോധിച്ചു. അക്കാലത്ത്, കുര്‍ദിഷ് രാജവംശമായിരുന്ന സെന്‍ഗികളുടെ (Zengids) നിയന്ത്രണത്തിലായിരുന്നു അലെപ്പോ. ആഴ്ചകള്‍ നീണ്ട ഉപരോധത്തിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും ശേഷം നഗരം അയ്യൂബിയുടെ നിയന്ത്രണത്തിലായി. അലപ്പോയുടെ നിയന്ത്രണം ലഭിക്കുന്നതോടെയാണ് കുരിശുയുദ്ധം ശക്തിപ്പെടുത്താനും ചിതറിക്കിടന്ന മുസ്‌ലിം പ്രവിശ്യകളെ ഒരുമിച്ചു കൂട്ടുവാനും സുല്‍ത്താന്‍ സലാഹുദ്ദീന് സാധിക്കുന്നത്.

ഹിത്തീന്‍ യുദ്ധം


1187 ജൂലൈ 4 ന് ഇന്നത്തെ നോര്‍ത്തേണ്‍ ഇസ്‌റാഈലിന്റെ ഭാഗമായ ഗലീലി കടലിന് സമീപം നടന്ന ഹിത്തീന്‍ യുദ്ധം, അലെപ്പോയുടെ ചരിത്രത്തില്‍ ഒരു  വഴിത്തിരിവായിരുന്നു. ഗൈ ഡി ലുസിഗ്‌നന്‍ (Guy of Lusignan)ന്റെ നേതൃത്വത്തിലുള്ള ജറുസലേം കുരിശുയുദ്ധക്കാര്‍ക്കെതിരെ സലാഹുദ്ദീന്‍ പടനയിച്ചു. എണ്ണത്തില്‍ വളരെ കൂടുതലായിരുന്നിട്ടും, സുല്‍ത്താന്‍ സലാഹുദ്ദീന്റെ മികച്ച സൈനിക തന്ത്രങ്ങളും വേനല്‍ക്കാലത്തെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയും കുരിശുയുദ്ധ സേനയ്ക്ക് കനത്ത തിരിച്ചടി നല്‍കി. ഹിത്തീന്‍ യുദ്ധം സലാഹുദ്ദീന്റെ നിര്‍ണ്ണായക വിജയത്തില്‍ കലാശിച്ചു. ഇത് പിന്നീട് ജറുസലേം പിടിച്ചെടുക്കുന്നതിനും മേഖലയിലെ കുരിശുയുദ്ധക്കാരുടെ സാന്നിധ്യം ഗണ്യമായി കുറയുന്നതിനും കാരണമായി.

Read More: ഇസ്‍ലാമിക ചരിത്ര നഗരങ്ങള്‍: (5) കൊര്‍ഡോബ: യൂറോപ്പിന്റെ ഗുരുനാഥന്‍

മംഗോളികളും മംലൂക്കികളും ഓട്ടോമന്‍സും
അയ്യൂബി രാജവംശത്തിന്റെ നിയന്ത്രണത്തിലായ അലെപ്പോ ശക്തമായ മുസ്‍ലിം സാന്നിധ്യമുള്ള തന്ത്രപ്രധാന നഗരമായി മാറി. എന്നിരുന്നാലും, പില്‍ക്കാലത്ത് നഗരം വിവിധ  അധികാര മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 1260-ല്‍ ഹുലാഗു ഖാന്റെ നേതൃത്വത്തിലുള്ള മംഗോളിയന്‍ സൈന്യം അലെപ്പോ കൊള്ളയടിക്കുകയും വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. പിന്നീട് ഈജിപ്തിലെ മംലൂക്കുകള്‍ മേഖലയിലെ പ്രബല ശക്തിയായി ഉയര്‍ന്നുവരുകയും ഐന്‍ ജാലൂത്ത് യുദ്ധത്തില്‍ (1260)  മംഗോളിയന്‍ സേനയെ പരാജയപ്പെടുത്തി അലെപ്പോയെ അവരുടെ ഭരണത്തിന് കീഴില്‍ കൊണ്ടുവരികയും ചെയ്തു.

അലെപ്പോയെ സംബന്ധിച്ചിച്ചിടത്തോളം മംലൂക്കികളുടെ ഭരണം സമ്പല്‍സമൃദ്ധിയുടെ കാലഘട്ടമായിരുന്നു. ഇക്കാലയളവില്‍ നഗരം ഒരു സാംസ്‌കാരിക വാണിജ്യ കേന്ദ്രമായി വളര്‍ന്നു. വിദൂര ദേശങ്ങളില്‍ നിന്ന് വരെ വ്യാപാരികള്‍ വന്നെത്തുകയും വിപണികള്‍ സജീവമാവുകയും ചെയ്തു. തുടര്‍ന്ന്, 16-ആം നൂറ്റാണ്ടിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കടന്നുവരവോടെ അലെപ്പോയില്‍ പുതിയൊരു യുഗത്തിന് ആരംഭമായി. 1516 ല്‍ മര്‍ജ് ദാബിഖ് യുദ്ധത്തില്‍ മംലൂക്കികളെ പരാജയപ്പെടുത്തിയാണ് ഓട്ടോമന്‍സ് അലപ്പോ പിടിച്ചടക്കുന്നത്. ക്രമേണ അവരുടെ ഭരണം അലപ്പോ ഉള്‍പ്പെടെയുള്ള ലെവന്റിലേക്ക് വ്യാപിപ്പിക്കുകയും നഗരം പ്രവിശാലമായ സാമ്രാജ്യത്തിനുള്ളിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായി മാറുകയും ചെയ്തു.
20-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ച്ച നേരിട്ടപ്പോള്‍ അത് ഈ പ്രദേശത്തെയും പരമ്പരാഗത അധികാര ഘടനകളുടെ തകര്‍ച്ചയിലേക്ക് നയിച്ചു. ഓട്ടോമന്‍ ഭരണത്തില്‍ നിന്ന് ഫ്രഞ്ച് മാന്‍ഡേറ്റ് നിയന്ത്രണത്തിലേക്കും ഒടുവില്‍ ആധുനിക സിറിയയുടെ ഭാഗമായി സ്വാതന്ത്ര്യത്തിലേക്കും നാഷന്‍ സ്റ്റേറ്റിലേക്കും വഴിമാറിയപ്പോള്‍ അലെപ്പോ കാര്യമായ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

നിലവിലെ രാഷ്ടീയ സാഹചര്യം


2011-ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധം അലെപ്പോയുടെ വര്‍ത്തമാന സാഹചര്യങ്ങളെ തകിടം മറിച്ചു. ഒരുകാലത്ത് സുവര്‍ണ്ണ ചരിത്ര പൈതൃകത്തിന് പേരുകേട്ട നഗരം, നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പെട്ട് വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ടു. തല്‍ഫലമായി, നഗരത്തിലെ പുരാതന സ്മാരകങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും തകര്‍ക്കപ്പെടുകയോ ഭാഗികമയി നശിപ്പിക്കപ്പെടുകയോ ചെയ്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിറിയന്‍ സര്‍ക്കാര്‍ സേനയും വിമത ഗ്രൂപ്പുകളും ജിഹാദിസ്റ്റ് സംഘടനകളും ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ ഗ്രൂപ്പുകളുടെ യുദ്ധക്കളമായി അലെപ്പോ മാറിയിരിക്കുകയാണ്. യുദ്ധകാലത്തെ കനത്ത ബോംബാക്രമണങ്ങള്‍ നഗരത്തിന്റെ ചരിത്രപരമായ പൈതൃകങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വരെ കനത്ത നഷ്ടം വരുത്തി വെച്ചു. 

2012 മുതല്‍ 2016 വരെ നീണ്ടുനിന്ന യുദ്ധമാണ് അലെപ്പോയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകരമായത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്നായ ദി ഗ്രേറ്റ് മോസ്ഖ് ഓഫ് അലെപ്പോ (ഉമയ്യദ് മസ്ജിദ്-710 എഡി), അലെപ്പോ സിറ്റാഡല്‍ തുടങ്ങി യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം പിടിച്ച നിരവധി പുരാതന നിർമ്മിതികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോക പൈതൃക സൈറ്റായ  ലാബിരിന്തൈന്‍ തെരുവുകളിലും മധ്യകാല വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ അനവധി ചരിത്രനിര്‍മ്മിതികളിലും ബോംബുകള്‍ വര്‍ഷിച്ചതും ഇക്കാലത്താണ്.

Read More: ഇസ്‌ലാമിക ചരിത്ര നഗരങ്ങള്‍ -4 ടിംബക്റ്റു: മരുഭൂമിയിലെ മരതകമുത്ത്

വിശ്വ പ്രസിദ്ധരായ അനവധി പണ്ഡിത സൂരികളുടെ കർമ്മ ഭൂമിയായ നഗരം കൂടെയാണ് അലെപ്പോ, അലെപ്പോയുമായി ബന്ധപ്പെട്ട പ്രസിദ്ധരായ ചില പണ്ഡിതന്മാരുടെ വിവരണം താഴെ ചേര്‍ക്കുന്നു:

1- ഇബ്‌നു അസാകിര്‍
ഹദീസിലും മധ്യകാല ഇസ്‍ലാമിക ചരിത്രത്തിലും അഗ്രകണ്യനായ പണ്ഡിതനായിരുന്നു ഇബ്‌നു അസാകിര്‍. 'താരീഖെ ദിമിഷ്ഖ്' ആണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി.  ദമസ്‌കസിന്റെയും അവിടുത്തെ പണ്ഡിതന്മാരുടെയും സമഗ്രമായ വിവരണമാണ് ഇതിന്റെ ഉള്ളടക്കം.

2- ഇബ്‌നു ഹജര്‍ അല്‍-അസ്ഖലാനി
അസ്ഖലാനിലാണ് ജനിച്ചതെങ്കിലും അലപ്പോയിലെ തന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ കാരണം നഗരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഇബ്‌നു ഹജര്‍ അസ്ഖലാനി. ഹദീസ് പഠനത്തിലെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന 'ഫത്ഹുല്‍ ബാരി' എന്ന സ്വഹീഹുല്‍ ബുഹാരിയുടെ വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതി. 

3- അല്‍-ഫാറാബി
ഇന്നത്തെ തുര്‍ക്കിസ്ഥാനിലെ ഫാറാബില്‍ ജനിച്ച അദ്ദേഹം 942 ല്‍ സൈഫു ദൗലയുടെ കാലത്താണ് അലെപ്പോയിലെത്തുന്നത്. അരിസ്റ്റോട്ടിള്‍-പ്ലാറ്റോ തുടങ്ങിയ ഗ്രീക്ക് തത്വ ചിന്തകന്മാര്‍ ആഴത്തില്‍ സ്വാധീനിച്ചിരുന്ന അദ്ദേഹത്തിന്റെ കൃതികളാണ് ഗ്രീക്ക് തത്വചിന്തയെ മുസ്‍ലിം ലോകത്തിന് വലിയൊരളവില്‍ പരിചയപ്പെടുത്തുന്നതും ഇസ്‍ലാമിക് ഫിലോസഫിയുടെ വളര്‍ച്ചക്ക് സഹായകമാവുന്നതും. ദമസ്‌കസില്‍ താമസിക്കുന്ന കാലത്താണ് അദ്ദേഹം തന്റെ എക്കാലത്തെയും മികച്ച കൃതികളായ 'മദീനത്തുല്‍ ഫാദില' (The Model City), 'കിതാബുല്‍ മൂസിഖി' തുടങ്ങിയവ രചിക്കുന്നത്.  

4- മുഹമ്മദ് സഈദ് റമദാന്‍ ബൂതി
സിറിയയിലെ ഹിംസില്‍ ജനിച്ച ബൂതി ദമസ്‌കസ് യൂണിവേഴ്സിറ്റിയിലെ വൈസ് ഡീനും ഉമയ്യദ് മസ്ജിദിലെ ഇമാമുമായിരുന്നു. ഇസ്‍ലാമിക് ലോ, തിയോളജി, ഫിലോസഫി തുടങ്ങി അനേകം മേഖലകളില്‍ ഗ്രന്ഥരചനകള്‍ നടത്തിയ അദ്ദേഹത്തിന്റെ സെകുലറിസം, മാര്‍ക്സിസം, നാഷണലിസം തുടങ്ങിയ ചിന്താധാരകളില്‍ നിന്നും പാരമ്പര്യ സുന്നി ഇസ്‍ലാമിനെ സംരക്ഷിക്കുന്നതില്‍ സദാ വ്യാപൃതനായിരുന്നു. 'അല്‍-ഫിഖ്ഹ് അലല്‍ മദാഹിബുല്‍ അര്‍ബഅ', 'ഫിഖ്ഹു സീറ അന്നബവിയ്യ' തുടങ്ങി അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ, ടെലിവിഷന്‍ പ്രോഗ്രാമുകളും മികച്ച ഉള്‍കാഴ്ച നല്‍കുന്നവയാണ്. 

ഇബ്നുല്‍-ജൗസി, ഇബ്നു അബില്‍ഇസ്സ് അല്‍ ഹനഫി, ഇബ്നുല്‍ ഫുറാത്, ഇബനു ഹജറുല്‍ ഹൈതമി, ഇബ്നു വസീര്‍ അല്‍-യമാനി, ജമാലുദ്ദീന്‍ ഇബ്നുല്‍ ഖിഫ്തി, കമാലുദ്ദീന്‍ ഇബ്നുല്‍-ആദിം തുടങ്ങി അനവധി പണ്ഡിതല്‍ അലപ്പോയിലും സിറിയയുടെ വിവിധ പ്രദേശങ്ങളിലുമായി സേവനമനുഷ്ടിച്ചിരുന്നു.

ഉപസംഹാരം
സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശങ്ങളും സംഘട്ടനങ്ങളും കണ്ട അലെപ്പോ നഗരം മനുഷ്യചരിത്രത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ സാക്ഷ്യപത്രമായി ഇന്നും നിലകൊള്ളുന്നു. സമ്പന്നമായ ഭൂതകാലവും കലുശിതമായ അധിനിവേശങ്ങളും സുല്‍ത്താന്‍ സലാഹുദ്ദീനടക്കമുള്ള വിവിധ രാജാക്കന്മാരും ഹിത്തീന്‍ പോലോത്ത രക്തരൂക്ഷിതമായ യുദ്ധങ്ങളും നഗരത്തെ രൂപപ്പെടുത്തുകയും അതിന്റെ ചരിത്രത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമാധാന പൂര്‍ണ്ണമായ ദിനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും സാംസ്‌കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സുസ്ഥിരമായ ശ്രമങ്ങള്‍ക്കുമാണ് അലെപ്പോ ഇപ്പോഴും കാതോര്‍ക്കുന്നത്. അത് സാധ്യമാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter