"ഫലസ്തീൻ: യുദ്ധത്തിന്റെ നൂറു വർഷങ്ങൾ": കൊളോണിയൽ സംഘർഷങ്ങളുടെ വേറിട്ട വായന

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത്, സയണിസ്റ്റ് കോളനിവൽക്കരണം ഫലസ്തീൻ ജനതയുടെ മേൽ കാര്യമായ ആഘാതങ്ങൾ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഒട്ടനവധി പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള ചരിത്രത്തിൽ അരങ്ങു വാണിട്ടുണ്ട്. അവയെല്ലാം ആധിപത്യമനോഭാവം, ദേശീയവാദം, കൊളോണിയലിസം, വംശീയവാദം തുടങ്ങി അനേകം അടരുകളുടെയും ഉൾപ്പിരിവുകളുടെയും സൃഷ്ടികളാണെന്നതാണ് യാഥാർത്ഥ്യം. പത്തൊമ്പതാം നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചാണ് അവ രൂപപ്പെട്ടതെങ്കിലും അതിലൂടെ പ്രസരണം ചെയ്യപ്പെട്ട പ്രത്യയശാസ്ത്രങ്ങളും  കാഴ്ചപ്പാടുകളുമാണ് പിൽക്കാലത്ത് പലവിധേനയുള്ള സങ്കീർണ രാഷ്ട്രീയ പ്രതിസന്ധികൾക്കും ഹേതുവായത്. ഹോളോകാസ്റ്റ്, യൂറോപ്പിലെ വംശീയവാദം തുടങ്ങിയ നവചിന്തകൾ ലോക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുത്തിയതോടെയാണ് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയും ഒരു ജൂതരാഷ്ട്രത്തിന് വേണ്ടിയുള്ള മുറിവിളിയും ആവിർഭവിച്ചത്.

നൂറുവർഷം തികഞ്ഞ ഈ പോരാട്ട ചരിത്രത്തിന് വിവിധമാനങ്ങളും വീക്ഷണകോണുകളും മുന്നോട്ടു വെച്ച ബുദ്ധിജീവികളും ചരിത്രകാരന്മാരും  അനവധിയാണ്. പക്ഷെ, തികച്ചും വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിലൂടെ ഈ വിഷയത്തെ സമീപിച്ചു എന്നതാണ് "ഫലസ്തീൻ: യുദ്ധത്തിന്റെ നൂറുവർഷങ്ങൾ" എന്ന ചരിത്രഗ്രന്ഥത്തിന്റെ പ്രത്യേകത. സ്വന്തം കുടുംബത്തിന്റെ ചരിത്രരേഖകളും പലവിധേനയുള്ള നയതന്ത്ര പങ്കാളിത്തത്തിലൂടെ ആർജ്ജിച്ച അനുഭവങ്ങളും അക്കാദമിക ജ്ഞാനവും ചേർത്തു വെച്ച് പ്രശസ്ത അമേരിക്കൻ ചരിത്രകാരൻ റശീദ് ഖാലിദി എഴുതിയ കൃതി എ.പി കുഞ്ഞാമുവാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഫലസ്തീൻ മേഖലകളിലുണ്ടായ അസ്വാസ്ഥ്യത്തിന്റെ പാപഭാരം മുഴുവൻ ഇസ്രായേലിന്റെ പിരടിയിൽ കെട്ടിയേൽപ്പിക്കുന്നതിന് പകരം, ജൂതകുടിയേറ്റത്തിന് വഴിയൊരുക്കുന്നതില്‍ ഫലസ്തീനികളുടെ ചോർന്നൊലിക്കുന്ന ആവേശത്തിനും പലായനങ്ങൾക്കും ഫലസ്തീൻ നേതൃത്വത്തിനു തന്നെയും പങ്കുണ്ടെന്ന് ഈ കൃതി അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്.

ബ്രിട്ടനും അമേരിക്കയും ഫലസ്തീൻ പക്ഷത്തു ചേർന്നുനിൽക്കുന്ന അറബ് രാജ്യങ്ങളുമെല്ലാം സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനും ആഗോള രാഷ്ട്രീയത്തിൽ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനും ഇത്തരം പ്രതിസന്ധികളെ നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഒരു പോരാട്ടം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് എങ്ങനെയാണെന്നും ലോകസമൂഹം ഒരു വംശീയ ഉന്മൂലനത്തിന് നിസ്സംഗമായി   മൂകസാക്ഷികളായത് എങ്ങനെയെന്നും പ്രസ്തുത കൃതി അനാവരണം ചെയ്യുന്നു. സയണിസ്റ്റ് വംശീയ വാദത്തിന്റെ ഇരകളാണ് ഫലസ്തീൻ എന്ന ന്യായങ്ങൾക്കപ്പുറം, കഴിഞ്ഞു പോയ നൂറുവർഷത്തെ പ്രതിരോധ ചരിത്രത്തെ കൂടുതൽ സമഗ്രമായി അവതരിപ്പിക്കുന്ന പഠനങ്ങൾ മലയാളത്തിൽ പ്രത്യക്ഷമായില്ല എന്നിടത്താണ് ഈ കൃതി കൂടുതൽ പ്രസക്തമാകുന്നത്.

ഏഴ് അദ്ധ്യാങ്ങളിലായി ക്രമീകരിച്ച പുസ്തകത്തിൽ 1917 മുതല്‍ 2014 വരെയുള്ള വർഷങ്ങൾക്കിടയിൽ അരങ്ങേറിയ ആറ് യുദ്ധപ്രഖ്യാപനങ്ങളുടെ ചരിത്രവും പശ്ചാത്തലങ്ങളും വളരെ വ്യക്തവും സരളവുമായ രീതിയിൽ സമർത്ഥിക്കുന്നുണ്ട്. മറ്റു കോളോണിയൽ യുദ്ധങ്ങളുടെ പല പൊതു സ്വഭാവങ്ങളും ഫലസ്തീൻ പോരാട്ടങ്ങളിലും ഉൾക്കൊള്ളുന്നുണ്ടെന്നതിലുപരി, വളരെ സവിശേഷമായ ചില സ്വഭാവരൂപങ്ങളും ഈ പുസ്തകം അവതരിപ്പിക്കുന്നു. സയണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അവർ തന്നെ നടത്തിയ യുദ്ധമായിരുന്നു ഇത് എന്നതാണ് അത്തരം ഒരു ചിന്തക്ക് നിദാനമാകുന്നത്. സയണിസ്റ്റ് പ്രസ്ഥാനം തന്നെ പ്രത്യേകമായ ഒരു കൊളോണിയൽ പദ്ധതിയായിരിക്കെ, ബാഹ്യ ശക്തികളുടെ അകമഴിഞ്ഞ സഹായത്തോടെ നടത്തിയ ഈ കൊളോണിയൽ സംഘർഷം കാലം ചെന്നതോടെ, രണ്ടു ജനതകൾ തമ്മിലുള്ള ദേശീയ സംഘർഷമായി തീർന്നു എന്ന വസ്തുതയാണ് പ്രസ്തുത തിരിച്ചറിവിനെ കൂടുതൽ സങ്കീർണമാക്കിയത്.

തദ്ദേശവാസികളായ ജനതയുടെ ചിലവിൽ തങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള അടിസ്ഥാനപരമായ സമൂഹ നിർമ്മിതി എല്ലാ കൊളോണിയൽ അധിനിവേശ പ്രസ്ഥാനങ്ങളുടെയും പൊതു രീതിയാണ്. ഫലസ്തീനിൽ, ഒരു അറബ് ഭൂരിപക്ഷ രാഷ്ട്രത്തെ ജൂതന്മാർക്ക് പ്രാമുഖ്യവും അധികാരവുമുള്ള നാടായി പരിവർത്തിപ്പിക്കുന്നതിന് പ്രസ്തുത രീതി അനിവാര്യമായ ഒരു ഉപാധിയായിരുന്നു. തദ്ദേശവാസികൾക്കെതിരായി പല രാഷ്ട്രങ്ങളും നടത്തിയ കൊളോണിയൽ യുദ്ധം എന്ന അർത്ഥമുൾക്കൊണ്ടു മാത്രമേ ഫലസ്തീൻ ദേശത്തിന്റെ ആധുനിക ചരിത്രം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ജന്മദേശം ഉപേക്ഷിക്കുകയും അത് മറ്റൊരു ജനതയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്ന യുദ്ധമാണ് ഇപ്രകാരം അടിച്ചേൽപ്പിക്കപ്പെട്ടത്. ഈ കൃതി സമർത്ഥിക്കുന്നതും അതുതന്നെ.

ബൈബിൾ എന്ന ദൈവികഗ്രന്ഥം വഴി ജൂതന്മാർക്ക് ഇസ്രായേൽ എന്ന ചരിത്ര ഭൂമിയോട് ബന്ധമുണ്ട് എന്ന പ്രചാരവാക്യവും പ്രസ്തുത ബന്ധസ്മൃതി അവരിൽ സൃഷ്ടിക്കുന്ന പ്രതിധ്വനികളുമാണ് മുമ്പ് പ്രസ്താവിച്ച സവിശേഷാവസ്ഥയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം പ്രതിധ്വനികൾ ആധുനിക രാഷ്ട്രീയത്തോട് വിദഗ്ധമായി തുന്നിച്ചേർത്തിരിക്കുന്നു എന്നത് ഏറെ അതിശയോക്തികരമാണ്.

ഗ്രന്ഥകാരൻ ഈ വാദത്തോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്, "പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആവിർഭവിച്ച ഒരു കൊളോണിയൽ ദേശീയ പ്രസ്ഥാനം അങ്ങനെ ബൈബിളിന്റെ കുപ്പായം കൊണ്ട് സ്വയം ഒരലങ്കാരമണിഞ്ഞു". ഈ വാദം ശക്തമായി ആകർഷിച്ചതാകട്ടെ ഗ്രേറ്റ് ബ്രിട്ടനിലെയും അമേരിക്കയിലെയും പ്രൊട്ടസ്റ്റന്റ് വിശ്വാസികളെ. അതുമൂലം സയണിസത്തിന്റെ ആധുനികതയുടെയും അതിന്റെ കൊളോണിയൽ സ്വഭാവത്തിന്റെയും നേരെ അവർ അന്ധരായി എന്നതായിരുന്നു ഫലം.

യൂറോപ്യൻ സയണിസ്റ്റ് കോളനിവൽക്കരണത്തിത്തിന് മുമ്പ് ഫലസ്തീൻ വരണ്ടുണങ്ങി തരിശായിക്കിടക്കുന്ന പിന്നോക്ക പ്രദേശമായിരുന്നുവെന്ന് സ്ഥാപിക്കാൻ പാടുപെടുന്ന ഈ കൊളോണിയൽ യുക്തിയോട് പൊരുത്തപ്പെടുന്ന തരത്തിൽ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ സംഘർഷം, പാശ്ചാത്യൻ ജനകീയ സംസ്കാരത്തിന്റെ ഭാഗമായ അവമതിപ്പിന്റെ എണ്ണമറ്റ കള്ളക്കഥകളുടെ പ്രധാന വിഷയമായിത്തീർന്നു എന്നതാണ് ഏറെ ദുഃഖകരം. അതോടൊപ്പം ശാസ്ത്രീയമെന്നും പണ്ഡിതോചിതമെന്നുമുള്ള നാട്യത്തോടെ അവതരിപ്പിക്കപ്പെട്ട അനവധി അക്കാദമിക രചനകളിൽ പക്ഷേ, അവയെത്തന്നെ ചോദ്യം ചെയ്യുന്ന ചരിത്രപരമായ പിഴവുകളും തെറ്റായ വിവരണങ്ങളും ചിലപ്പോഴൊക്കെ നേർക്കുനേരെയുള്ള മതഭ്രാന്തുമാണ് നിറയെ. ഈ രചനകളിൽ അടിവരയിട്ടു പറഞ്ഞത്, ഫലസ്തീനിൽ താമസമുറപ്പിച്ചത് വേരുകളില്ലാത്ത ബദുക്കളായ കുറച്ച് നാടോടി വർഗ്ഗമാണെന്നാണ്. ഇത്തരം ചരിത്രപരമായ പിഴവുകൾ അടിസ്ഥാനരഹിതമായ കാഴ്ച്ചപ്പാടുകളെയും വാദങ്ങളെയും തിരുത്തി മുന്നേറുന്ന ഗ്രന്ഥകാരൻ, ഫലസ്തീൻ പോരാട്ടങ്ങളുടെ കൃത്യമായ ചരിത്രചിത്രം വരച്ചുകാട്ടുന്നുണ്ട്.

ചുരുക്കത്തിൽ, ഫലസ്തീൻ ചരിത്രത്തിലെ കഴിഞ്ഞ ഒരു നൂറ്റാണ്ടിനെകുറിച്ച് കണ്ണീരിൽ കുതിർന്ന സങ്കൽപ്പങ്ങളോടൊപ്പം നിൽക്കുന്ന ഒന്നല്ല ഈ കൃതി. കൊളോണിയൽ യുദ്ധങ്ങളെ നേരിടുന്ന എല്ലാ ജനതകളെയും പോലെ ഭീതിജനകമായ ഒട്ടേറെ പ്രയാസങ്ങളെ അഭിമുഖീകരിച്ചവരായി ഫലസ്തീനികളെ ചിത്രീകരിക്കുന്ന ഗ്രന്ഥകാരൻ, തന്റെ വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും അടിസ്ഥാനപരമായി സമർത്ഥിക്കുന്നതിൽ പൂർണ്ണമായി വിജയിച്ചു എന്നതിൽ ഒട്ടും സന്ദേഹമില്ല.

2023 മാര്‍ച്ചില്‍ പുറത്തിറങ്ങിയ മലയാള വിവര്‍ത്തനം, ബുക്ക്പ്ലസ് പബ്ലിഷേഴ്സ് ആണ് പ്രസാധനം ചെയ്തിരിക്കുന്നത്. 395 പേജുകള്‍ വരുന്ന ഇതിന് 430 രൂപയാണ് മുഖവില.

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter