കമ്മ്യൂണിസത്തിൽ നിന്നും ഇസ്‌ലാമിലേക്ക്: ഡോക്ടർ ബിലാല്‍ ഫിലിപ്സ് മനസ്സ് തുറക്കുന്നു
ദീർഘാകാലം കമ്മ്യൂണിസ ത്തിന്റെ പ്രചരണത്തിനു ജീവിതം മാറ്റിവെച്ച് പിന്നീട് സത്യം തിരിച്ചറിഞ്ഞതിന് ശേഷം ഇസ്ലാം മത വിശ്വാസിയായി മാറിയ ഡോക്ടർ അബു അമീന ബിലാൽ ഫിലിപ്സ്ന്റെ ഇസ്ലാമിക വിശേഷങ്ങളിലൂടെ
ആരായിരുന്നു ഡോക്ടർ ഫിലിപ്സ്? സ്വന്തത്തെ ഒന്ന് വിശദമായി പരിചായപ്പെടുത്താമോ?
ഞാൻ ജമൈക്കയിലാണ് ജനിക്കുന്നത്. പ്രാഥമിക പഠനത്തിന് ശേഷം, ബയോ കെമിസ്ട്രിയിൽ താല്പര്യം ഉണ്ടായതിനാല്‍ തുടര്‍പഠനം കാനഡയിലായിരുന്നു. ഈ കാലയളവിലാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുന്നത്. ആ സമയത്തു തന്നെ വിദ്യാർത്ഥി സംഘടനകളിലെല്ലാം ഞാൻ സജീവമായിരുന്നു. എന്നാൽ ടോറന്റോയിലേക്ക് എത്തിയതിനു ശേഷമാണ് ഞാൻ ഇസ്‍ലാം മതം സ്വീകരിക്കുന്നത്. പിന്നീട് ഇസ്‍ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാനായി സൗദി അറേബ്യയിലേക്ക് പോയി. ശിഷ്ട കാലം ഞാൻ ഇവിടെ തന്നെ ജീവിക്കാനാണ് താല്പര്യപ്പെടുന്നത്.
നിങ്ങളുടെ ആദ്യ കാല മതവിശ്വാസം എങ്ങനെ ആയിരുന്നു?
ഞാൻ കുടുംബ പാരമ്പര്യം കൊണ്ട് ഒരു ക്രിസ്ത്യൻ മത വിശ്വാസിയായിരുന്നു. എന്നാൽ പൂർണ്ണമായി ക്രിസ്തീയ വിശ്വാസങ്ങളിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ താല്പര്യം വന്നത് മുതൽ ഞാൻ മതവിശ്വാസം പതിയെ ഉപേക്ഷിക്കാൻ തുടങ്ങി. കമ്മ്യൂണിസമാണ് ശരിയെന്നു അക്കാലത്തു ഞാൻ ധരിച്ചിരുന്നു. എന്നാൽ അമേരിക്കയിലൂടെയും കാനഡയിലൂടെയുമുള്ള ദീർഘമായ യാത്രകൾക്ക് ശേഷമാണ് കമ്മ്യൂണിസം എന്നത് പ്രയോഗികമല്ല എന്നും, പൂർണ്ണമായി നീതി യുക്തമായ സമൂഹ വ്യവസ്ഥിതി ഇതിലൂടെ സാധ്യമല്ല എന്നുമുള്ള തിരിച്ചറിവിലേക്ക് ഞാൻ എത്തി ചേരുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ സുന്ദരമായ ഒരു ചട്ടക്കൂടാണെങ്കിലും പ്രയോഗികമായി നോക്കുമ്പോൾ അല്പം പോലും നീതിയുക്തമല്ല അതെന്ന് ഞാന്‍ തിരിച്ചറിയുന്നു.
കമ്മ്യൂണിസം പ്രായോഗികമല്ല എന്ന തിരിച്ചറിവുണ്ടായതിന് ശേഷം പിന്നീട് എന്ത് ചെയ്തു?
അതിനു ശേഷമാണ് ഞാൻ മതങ്ങളെ കുറിച്ച് പഠിക്കാൻ തയ്യാറാവുന്നത്. ഹിന്ദു മതത്തെ കുറിച്ചും ബുദ്ധ മതത്തെ കുറിച്ചുമായിരുന്നു ആദ്യമായി ഞാൻ പഠനം ആരംഭിച്ചത്. അതിൽ സംതൃപ്തനല്ലാത്തതു കൊണ്ട് തന്നെ മറ്റുള്ള മതങ്ങളെ പറ്റിയുള്ള എന്റെ അന്വേഷങ്ങൾ തുടർന്ന് കൊണ്ടിരുന്നു. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരുപാട് യുക്തി രഹിതമായ കാര്യങ്ങൾ മാത്രമായിരുന്നു എനിക്കു ദർശിക്കാനായത്. അത് വഴി ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും എന്റെ മനസ്സിൽ രൂപപ്പെട്ടു. എന്നാൽ എന്റെ അന്വേഷണം ഇസ്‍ലാം മതത്തിൽ എത്തിയപ്പോഴേക്കും എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടി ലഭിക്കുകയുണ്ടായി. അതിനു പുറമെ മറ്റുള്ള മതങ്ങളിലും കമ്മ്യൂണിസത്തിലും കണ്ടിരുന്ന എല്ലാ നല്ല കാര്യങ്ങളും ഇസ്‍ലാം മതത്തിൽ ഞാൻ കണ്ടു, മാത്രവുമല്ല ആ മതങ്ങളിൽ ഞാൻ അനുഭവിച്ച യുക്തിരഹിതമായ കാര്യങ്ങൾ ഇസ്‍ലാമിൽ കണ്ടതുമില്ല. അങ്ങനെയാണ് ഇസ്‍ലാം എനിക്ക് ഏറെ പ്രിയങ്കരമായത്.
ഇസ്‍ലാം ആശ്ലേഷണം എങ്ങനെയായിരുന്നു?
ഒരുപാട് തിന്മകൾ കൊണ്ട് നിറഞ്ഞ എന്റെ ജീവിതത്തിലെ നിർണ്ണായകമായ ഒരു ഘട്ടമായിരുന്നു ഇസ്‍ലാം ആശ്ലേഷണം. ഒരു ദിവസം ഞാൻ ഉറങ്ങുകയായിരുന്നു. ഉറക്കത്തിനിടയിൽ ഭീതിദമായ ഒരു സ്വപ്നം കാണാനിടയായി. ഞാൻ ഒരു വാഹനത്തിൽ ഒരു ഗുഹ ലക്ഷ്യമാക്കി സഞ്ചരിച്ച് അവിടെയെത്തി. അതിന്റെയുള്ളിൽ അകപ്പെട്ട എനിക്ക് പുറത്തു കടക്കാൻ കഴിയുന്നില്ല. ചുറ്റും കൂരാ കൂരിരുട്ട്. ഞാൻ ആകെ പേടിച്ചു പോയി. "എന്നെ രക്ഷിക്കൂ" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കരയാൻ തുടങ്ങി. ആരും എന്റെ രക്ഷക്കെത്തിയില്ല. ആ നിമിഷമായിരുന്നു എനിക്ക് വലിയ ഒരു തിരിച്ചറിവുണ്ടാകുന്നത്. എന്നെ സഹായിക്കാൻ എന്റെ സുഹൃത്തുക്കൾക്കോ മറ്റുള്ളവർക്കോ കഴിയില്ല, ഈ ഇരുട്ടിൽ നിന്ന് എന്നെ പുറത്തെത്തിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ. അങ്ങനെയായിരുന്നു ഞാൻ ഇസ്‍ലാം മതം സ്വീകരിക്കുന്നത്.
നിങ്ങളുടെ മാതാപിതാക്കളും ഇത് കണ്ട് ഇസ്‍ലാം സ്വീകരിച്ചോ?
അതെ, അവർ എന്നെ പോലെ അല്ലായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് ആദ്യമേ അറിയുന്നവരും, എന്നെക്കാൾ കൂടുതൽ മുസ്‍ലിം സുഹൃത്തുക്കള്‍ ഉള്ളവരും ആയിരുന്നു. രണ്ട് പേരും ടോറന്റോ യൂണിവേഴ്സിറ്റിയിലായിരുന്നു പഠിച്ചത്. അന്ന് മുതലേ ലോകമതങ്ങളെ കുറിച്ച് അവർ അഗാധമായി പഠിച്ചിരുന്നു. എന്റെ മാതാവ് ഒരു സംഭവം എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു. അവർക്ക് മതങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്തു കൊടുത്തിരുന്നത് ഒരു ജൂത മത വിശ്വാസിയായിരുന്നു. എല്ലാ മതങ്ങളിലെയും നന്മയും തിന്മയും ഒരുപോലെ വ്യക്തമാക്കിയാണ് ക്ലാസ്സ് മുന്നോട്ട് പോകുന്നത്. ഇസ്‌ലാമിനെ കുറിച്ച് ക്ലാസ്സ് തുടങ്ങിയപ്പോൾ അതിലെ മോശം കാര്യങ്ങൾ മാത്രം സാർ ചൂണ്ടികാണിക്കുന്നു. ഒരു നന്മയും ഉള്ളതായി ഞങ്ങളോട് പറഞ്ഞില്ല, അപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു സാറിനോട് ചോദിച്ചു : സർ, ഇസ്‍ലാം മതത്തിൽ ഒരു നന്മയും ഇല്ലേ? ഇല്ല എന്നായിരുന്നു സാറിന്റെ മറുപടി. അന്ന് മുതലായിരുന്നു എന്റെ മാതാവ് ഇസ്‌ലാമിനെ പറ്റി കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങിയത്. പിതാവ് ക്രിസ്ത്യൻ മതവിശ്വാസിയായിരുന്നെങ്കിൽ തന്നെയും ഒരുപാട് കാര്യങ്ങളിൽ സംശയം ഉള്ള ആളായിരുന്നു. യേശു ക്രിസ്തുവിനോട് അദ്ദേഹം പ്രാർത്ഥിച്ചിരുന്നില്ല. യഥാർത്ഥ ദൈവം യേശു അല്ല എന്ന തിരിച്ചറിവ് പിതാവിന് പണ്ട് മുതലേ ഉണ്ടായിരുന്നു. ഞാൻ ഇസ്‍ലാം സ്വീകരിച്ചു 21 വർഷങ്ങൾ കഴിഞ്ഞായിരുന്നു അവർ ഇസ്‍ലാം സ്വീകരിച്ചത്.
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:
Leave A Comment