മുഗളൻമാരും സൂഫികളും: രാജതന്ത്രങ്ങളുടെ ഉദ്വേഗ നിമിഷങ്ങളിലൂടെ

ലോകത്തിന്റെ നാനാ ദിക്കുകളിലും ഇന്ത്യയുടെ ഖ്യാതി വ്യാപിപ്പിക്കുകയും ഭരണമികവ് തെളിയിക്കുകയും ചെയ്ത മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ഗ്രന്ഥമാണ് "മുഗളന്മാരും സൂഫികളും: രാജ തന്ത്രങ്ങളുടെ ഉദ്വേഗ നിമിഷങ്ങളിലൂടെ". മുഹമ്മദ് ഷമീർ കൈപ്പങ്ങര രചിച്ച ഈ ചരിത്രഗ്രന്ഥം വർഗീയ-വംശീയ പ്രശ്നങ്ങൾക്ക് കാരണം തേടി നടക്കുന്ന വർത്തമാന ഇന്ത്യയിൽ, ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആത്മീയതയും അധികാരവും സമരസപ്പെട്ടു പോകുന്ന മുഗൾ സാമ്രാജ്യത്തിന്റെ മൂന്നര നൂറ്റാണ്ട് നീളുന്ന ചരിത്രവും അവരുടെ നിർമ്മാണാത്മകമായ കലകളെയും, സാമ്രാജ്യ വികസനത്തിനും നിലനിൽപ്പിനും വേണ്ടി ആത്മീയ പിന്തുണയും സഹായവും അർപ്പിച്ച സൂഫി മനീഷികളെയും കുറിച്ചുള്ള വിവരണങ്ങളുമാണ് ഇതില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മുഗൾ ചരിത്രം രേഖപ്പെടുത്തപ്പെട്ട ബാബർ നാമ, ഹുമയൂൺ നാമ, അക്ബർ നാമ തുടങ്ങിയ മൂല ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തന്നെയാണ് ഗ്രന്ഥകാരൻ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഫ്രാൻസിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തുകയും പിന്നീട് മുഗൾ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത ഫ്രാൻകോയിസ് ബർണിയറുടെ Travels In The Mughal Empire ഉം, സമാനമായി ഇറ്റലിയിൽ നിന്നും സഞ്ചാരിയായി ഇന്ത്യയിൽ എത്തുകയും ഔറംഗസീബ് ചക്രവർത്തിയുടെ സൈനികവ്യൂഹത്തിൽ ഇടം പിടിക്കുകയും ചെയ്ത നിക്കോളോ മനുക്ഷിയുടെ  Storio do Mogul ഉമാണ് ഗ്രന്ഥകാരൻ മുഖ്യ സ്രോതസ്സായി അവലംഭിക്കുന്നത്. ഇതിലൂടെ മുഗൾ ഭരണത്തിന്റെ ചരിത്ര സത്യങ്ങളെ ആധികാരികമായി സമർഥിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ലോകത്ത് തെക്ക്-വടക്കും കിഴക്ക്-പടിഞ്ഞാറും സാമ്രാജ്യത്വ സമ്പ്രദായം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ അവസരത്തിലാണ് മുഗൾ സാമ്രാജ്യം ഉദയം കൊള്ളുന്നത്. മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറിനു തന്റെ പ്രപിതാക്കളിലൂടെ അനന്തരമായി കിട്ടിയ സൂഫി മഹത്തുക്കളുമായുള്ള ആത്മീയ ബന്ധവും അർപ്പണ ബോധവുമാണ് ഭരണ-വികസന മേഖലകളിൽ അദ്ദേഹത്തിന് തുണയായത്. സ്വഭാവ മഹിമയും ലാളിത്യ മനോഭാവവും വെച്ചുപുലർത്തുന്ന സൂഫിസമാണ് ഭൗതിക ആർഭാടങ്ങളിൽ അഭിരമിക്കുന്ന അധികാരികളിൽ നിന്ന് പിന്തിരിപ്പിക്കുന്നതും സൂഫി ദർശനത്തിലേക്ക് ആകർഷിക്കുന്നതിനുമുള്ള പ്രധാന കാരണം. സൂഫി ഭാഷയിൽ പറഞ്ഞാൽ: "പുറംമോടി പിടിപ്പിച്ചതിനേക്കാൾ ഉത്തമം അകം പ്രകാശിച്ചതും സൗന്ദര്യമുള്ളതുമാണ്. ആയതിനാൽ തന്നെ, ജനങ്ങൾക്ക് സൂഫികളുമായുള്ള ആത്മവിലയം തങ്ങളുടെ ഭരണ സ്വാധീനത്തിന് കോട്ടം തട്ടിക്കുമോയെന്ന് പോലും ഭരണാധികാരികൾ ആശങ്കപ്പെട്ടിരുന്നു. സൂഫികളുമായുള്ള കൂടിക്കാഴ്ചകളും മുഖം കാണിക്കലും രാജാക്കന്മാർക്ക് അനിവാര്യമായി തീരുന്നതും അങ്ങനെയാണ്.

ഗതകാലങ്ങളിൽ ഇന്ത്യ ഭരിച്ചിരുന്നവർ  സൂഫികളോടുള്ള അനിഷ്ടവും,  അഭിപ്രായഭിന്നതകളും തങ്ങളുടെ ഭരണപതനത്തിന് നിദാനമാകുമെന്ന വീക്ഷണക്കാരായിരുന്നു. തുഗ്ലക്ക് രാജവംശ സ്ഥാപകനായ ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്ത് അജ്മീറിലും പരിസരപ്രദേശങ്ങളിലും ആത്മീയ പ്രസരണവുമായി കഴിഞ്ഞുകൂടിയ സൂഫി പ്രമുഖൻ നിസാമുദ്ദീൻ ഔലിയയോടു കാണിച്ച അവഗണന തന്റെ അന്ത്യത്തിന് തന്നെ ഹേതുവായി മാറിയത്രെ.

മുഗൾ ഭരണാധികാരികളെല്ലാം തന്നെ അക്കാലത്തെ പ്രമുഖ സൂഫിവര്യരുമായി ആത്മീയ ബന്ധം പുലർത്തിയിരുന്നു. ഭരണ മേഖലയിലെ ക്ഷേമ-ഐശ്വര്യത്തിനും പ്രതിസന്ധി ഘട്ടങ്ങളിൽ മനോധൈര്യമേകാനും ഇതിലൂടെ വഴി തെളിഞ്ഞു. അക്ബർ ചക്രവർത്തിയുടെ അജ്മീർ തീർത്ഥാടനം ഏറെ ശ്രദ്ധ നേടിയതാണ്. പരമ്പരാഗതമായി നഖ്ശബന്ദി ത്വരീഖതായിരുന്നു മുഗളന്മാര്‍ പിന്തുടര്‍ന്നതെങ്കിലും അക്ബർ ചക്രവർത്തി മുതൽ തന്റെ പിൻഗാമികൾ എല്ലാവരും അജ്മീർ ഖാജാ(റ)വിന്റെ ചിഷ്തി ത്വരീഖത്തിനോടാണ് കൂടുതൽ ആഭിമുഖ്യം നൽകിയത്. മാത്രമല്ല, മുഗളന്മാർ അഭിമാനപൂർവ്വം ചേർത്തുവിളിക്കാൻ താല്പര്യപ്പെടുന്ന തിമൂരികളും സൂഫികളുടെ ആശിർവാദങ്ങളും അഭിനന്ദനങ്ങളും കൈമുതലാക്കിയവരായിരുന്നു. രജപുത്രരുമായുള്ള ചിത്തോർ കോട്ട ഉപരോധത്തിൽ വിജയം കൈവരിക്കുകയാണെങ്കിൽ നഗ്നപാദനായി അജ്മീറിലേക്ക് നടന്നുപോകുമെന്ന് അക്ബർ ചക്രവർത്തി ശപഥം ചെയ്തതായും കാണാം. പ്രസ്തുത ഉപരോധത്തിൽ വിജയം കാണുകയും ചക്രവർത്തി തന്റെ വാക്ക് പാലിക്കുകയുമുണ്ടായി.

സൂഫി മഹത്തുക്കളോടുള്ള ആത്മീയ ബന്ധം നിലനിർത്താൻ വേണ്ടി ദർഗകളിലേക്കും മറ്റും വേണ്ട സൗകര്യങ്ങളത്രയും മുഗളന്മാർ ചെയ്തുകൊടുത്തിരുന്നു. അതിനുത്തമ ഉദാഹരണമാണ് അജ്മീർ ഷരീഫിലെ കാഴ്ചകൾ. ദിനേന അജ്മീർ ദർഗയിലെത്തുന്ന തീർത്ഥാടകർക്കും പരിസരപ്രദേശങ്ങളിൽ കഴിഞ്ഞുകൂടുന്ന ഫഖീറുകൾക്കും ദർഗക്കു സമീപമുള്ള  ബഢാദേഗുകളിൽ (വലിയ ചെമ്പു പാത്രം) നിന്നും ഛോട്ടാദേഗുകളിൽ (ചെറിയ ചെമ്പു പാത്രം) നിന്നും  സൗജന്യ ഭക്ഷണം വിളമ്പുന്നതിന്റെ പിന്നിലും ചരിത്രമുണ്ട്. അക്ബർ ചക്രവർത്തി അജ്മീറിൽ കഴിഞ്ഞു കൂടിയ കാലയളവിൽ ദർഗ്ഗ പരിപാലകർക്കും അവിടുത്തെ നിവാസികൾക്കും വേണ്ടി സ്ഥാപിച്ചതാണ് ബഢാദേഗ്. പിതാവിൻറെ പാത പിന്തുടർന്നു പുത്രൻ ജഹാംഗീർ ചക്രവർത്തിയും തന്റെ സംഭാവനയെന്നോണം ഛോട്ടാദേഗും നൽകുകയുണ്ടായി. മഹാന്മാരുടെ ആശീർവാദങ്ങളും സാരോപദേശങ്ങളും ഉൾക്കൊണ്ടതിനാൽ ഭൗതിക ലോകത്ത് നേട്ടം കൈവരിച്ച പോലെ തങ്ങളുടെ മരണാനന്തര ജീവിതവും സൂഫിവര്യന്മാരുടെ ചാരത്തായി ധന്യമാകാൻ മുഗളന്മാർ പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിരുന്നു.
 
മുഗൾ ഭരണകൂടത്തെ അപകീർത്തിപ്പെടുത്താൻ അപസർപ്പക കഥകൾ മെനയുന്ന വർത്തമാന ഇന്ത്യയിൽ, സത്യം തിരിച്ചറിയാനും മിഥ്യകൾ പൊളിച്ചെഴുതാനും ഈ ഗ്രന്ഥം ഏറെ സഹായകമാണ്. 9 അധ്യായങ്ങളിലായി മുഗൾ സാമ്രാജ്യത്തിന്റെ ഉദയാസ്തമനം കൃത്യമായി വിവരിക്കുന്നതോടൊപ്പം പുസ്തകത്തിൻറെ അവസാനഭാഗത്ത് ഗ്രന്ഥസൂചിക കൂടി നൽകാനും ഗ്രന്ഥകാരൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിലെ മറ്റൊരു സവിശേഷത, വായനക്കാരനിൽ കൗതുകമുളവാക്കുന്ന തലക്കെട്ടുകൾ ആണ്. ചക്രവർത്തിമാരുടെ സ്ഥാനപ്പേരുകളോ മറ്റോ അലങ്കാരമാക്കിയാണ് തലക്കെട്ടുകൾ നൽകപ്പെട്ടിട്ടുള്ളത്. 220 പേജുകൾ വരുന്ന പുസ്തകത്തിന് 270 രൂപയാണ് വില. ബുക്ക്പ്ലസ് പ്രസാധനം ഏറ്റെടുത്ത പ്രസ്തുത ഗ്രന്ഥം ഈ കഴിഞ്ഞ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് പ്രകാശിതമായത്. പ്രസാധനം ഏറ്റെടുത്ത ബുക്ക്പ്ലസിനും ചരിത്രലോകത്തെ പുതിയ വായനകൾ സാധ്യമാക്കിയ രചയിതാവിനും അഭിനന്ദനങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter