A PHP Error was encountered

Severity: Notice

Message: Trying to access array offset on value of type bool

Filename: drivers/Cache_file.php

Line Number: 277

Backtrace:

File: /home/islamonweb.net/public_html/ml/application/helpers/post_helper.php
Line: 231
Function: get

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 160
Function: get_cached_data

File: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once

പെരുന്നാൾ പൊലിമ; സംസ്കാരത്തിന്റെ പരമ്പരാഗത വർത്തമാനങ്ങൾ - Islamonweb
പെരുന്നാൾ പൊലിമ; സംസ്കാരത്തിന്റെ പരമ്പരാഗത വർത്തമാനങ്ങൾ

ഇസ്‍ലാമിക വിശ്വാസികൾക്ക് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങളാണ് രണ്ട് പെരുന്നാളുകള്‍. പ്രവാചകൻ(സ്വ) മദീനയിൽ എത്തിയ ശേഷം മദീനാനിവാസികൾ ആഘോഷിക്കുന്ന രണ്ടു ദിനങ്ങളെ പ്രതി അറിയുകയും, കാരണമന്വേഷിച്ചപ്പോൾ ജാഹിലിയ്യ കാലം മുതലേ ആചരിക്കുന്നതാണെന്ന് അറിയാനിടയാവുകയും ചെയ്തു. ഇതിനെ തുടർന്ന് നബി(സ്വ) തങ്ങൾ പറഞ്ഞു: അല്ലാഹു ഇവ രണ്ടിനും പകരമായി ഇവയേക്കാൾ മഹത്തമുള്ള യൗമുൽഅദ്ഹയും (ബലിപെരുന്നാൾ) യൗമുൽഫിത്വറും (ചെറിയ പെരുന്നാൾ) നിങ്ങൾക്ക് നൽകിയിട്ടുണ്ട്. (അബൂദാവൂദ്

റമദാൻ വ്രതാനുഷ്ഠാനത്തിനു ശേഷം സമാഗതമാവുന്ന ചെറിയ പെരുന്നാൾ ദിവസവും ഇബ്‍റാഹീം  നബിയുടെ ബലിയർപ്പണത്തിന്റെ സ്മരണകളറിയിക്കുന്ന ബലിപെരുന്നാളും മുസ്‍ലിംകൾ ആഘോഷിക്കേണ്ടതാണെന്നാണ് പ്രവാചക വചനത്തിന്റെ പെരുൾ. ആത്മീയമായും ഭൗതികമായും ഇസ്‍ലാം സന്തോഷ പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ആരാധനകളിലധിഷ്ടിതമായ ആനന്ദങ്ങളും ആഘോഷങ്ങളും. തിരു നബി(സ)യുടെ കാലം മുതൽ തുടർന്നുള്ള ഇസ്‍ലാമിക സംസകാരങ്ങൾ പെരുന്നാളിനെ വരവേൽക്കാൻ ഒരുക്കിയ ആഘോഷങ്ങളും സന്തോഷ ചടങ്ങുകളമെല്ലാം ഇതിന്റെ ഭാഗമായി വേണം കാണാന്‍. അവയെ അന്വേഷിക്കുകയാണ് ഇവിടെ.

തിരുചര്യ
മുസ്‍ലിം സംസ്കാരങ്ങളുടെ മുഖ്യ പിൻബലം പ്രവാചക ജീവിതവും പാഠങ്ങളുമാണെന്നിരിക്കെ പെരുന്നാൾ ആഘോഷങ്ങളുടെ തുടക്കവും അവിടുന്നാണ് വിലയിരുത്തേണ്ടത്. ഇസ്‍ലാമിന്റെ പ്രാരംഭത്തിൽ തന്നെ പെരുന്നാൾ പൊലിമയെ സ്നേഹ സന്തോഷത്താൽ ധന്യപ്പെടുത്താൻ പ്രവാചകരും സ്വഹാബാക്കളും ശ്രമിച്ചിരുന്നു. പെരുന്നാളിന്റെ രാവിൽ ആനന്ദിക്കുന്നതും അന്യോന്യം ഉത്സാഹത്തോടെ സല്ലപിക്കുന്നതും സ്നേഹം കൈമാറുന്നതും മറ്റുകുടുംബത്തിലെന്ന പോലെ പ്രവാചക കുടുംബത്തിലുമുണ്ടായിരുന്നു.

നബി(സ്വ) തങ്ങളുടെ ആഘോഷങ്ങൾ ഒതുങ്ങിയതും എളിമത്തമുണർത്തുന്നതുമാണെങ്കിലും സന്തോഷത്തിന്റെ പൂർണരൂപം അതിലും ഒത്തിണങ്ങിയിരുന്നു. ഹുസൈൻ ബ്നു അലി(റ) പറയുന്നു: ഇരു പെരുന്നാളിലും ലഭിക്കുന്നതിൽ ഏറ്റവും മുന്തിയ വസ്ത്രം ധരിക്കാനും സുഗന്ധം പുരട്ടാനും ഏറ്റവും തടിയുള്ളതിനെ ബലിയർപ്പിക്കാനും നബി(സ്വ) കൽപിക്കുമായിരുന്നു. (മുസ്തദ്റക്) 

പെരുന്നാൾ നിസ്കാരത്തിനു പോകുമ്പോൾ ഒരു വഴിയുലൂടെയും മടങ്ങി വരുമ്പോൾ മറ്റൊരു പാതയിലൂടെയുമായിരുന്നു പ്രവാചകരുടെ യാത്രയെന്ന് ഇമാം ശാഫി(റ) ഉദ്ധരിക്കുന്നുണ്ട്. പ്രവാചകർക്കൊപ്പം ഒരു സംഘം ആളുകളും ഉണ്ടാവാറുണ്ട്. പെരുന്നാൾ നിസ്കരിക്കുമ്പോൾ സുബൈറുബ്നു അവ്വാമി(റ)ന് നജ്ജാശി നൽകിയ ചാട്ടുളി/കുന്തവും നബി (സ്വ) തങ്ങൾ നാട്ടിവെക്കാറുണ്ടായിരുന്നു. ആദ്യ പെരുന്നാൾ നിസ്കാരത്തിന് തങ്ങൾ മുന്നിൽ നാട്ടിവെക്കാൻ ഒരു കുന്തം ചോദിച്ചപ്പോൾ അദ്ദേഹം നബി(സ്വ) തങ്ങൾക്ക് നൽകിയ ചാട്ടുളി/കുന്തം ശേഷം ഭരണമേറ്റെടുത്ത ഖലീഫമാരും രാജാക്കന്മാരും പെരുന്നാൾ നിസ്കാരത്തിനായി ഉപയോഗിച്ചതായി ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നുണ്ട്. അതതു കാലങ്ങളിലെ ബാങ്ക് വിളിക്കുന്നവരായിരുന്നു അതിനെ സൂക്ഷിച്ചുവന്നിരുന്നത്. അബാസി ഭരണകാലത്തിന്റെ ആദ്യനൂറ്റാണ്ടിലും ഇത് രാജാക്കന്മാർ ഉപയോഗിച്ചതായി വാഖിദി പറഞ്ഞിട്ടുണ്ട്. തിരു നബി(സ്വ)യുടെ പെരുന്നാൾ ആനന്ദങ്ങളും പ്രാർഥനകളും എല്ലാവരെയും ചേർത്തിയായിരുന്നതിനാൽ മദീനയിലെ പടിഞ്ഞാറു ഭാഗത്ത് വിശാലമായ സ്ഥലത്തായിരുന്നു തങ്ങളുടെ പെരുന്നാൾ നിസ്കരം. പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് നിർഭയത്തമുണ്ടായിരുന്നതിനാൽ സ്ത്രീകളും മഹിളകളും ഉമ്മമാരും പെരുന്നാൾ നിസ്കാര സംഗമത്തില്‍ സന്നിഹിതരാവാറുണ്ടായിരുന്നു. ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം നൽകാനുള്ള ആഘോഷമായതിനാൽ ആർത്തമുള്ളവർ വരെ നിസ്കരിക്കുന്നില്ലെങ്കിലും സംഗമത്തിനു സാക്ഷികളായിരുന്നുവെന്ന് ഹദീസുകളിൽ വായിക്കാം. (തിർമുദി) 

ആനന്ദത്തിന്റെ ആനന്ദോളനങ്ങൾ ഹൃദയങ്ങളെ നിർവൃതിപ്പെടുത്തിയിരുന്നുവെങ്കിലും നബി(സ്വ)യുടെ കാലത്ത് അതിരുകവിഞ്ഞ ആഘോഷങ്ങളോ പ്രകടനങ്ങളോ ഉണ്ടായിരുന്നില്ല. ജാഹിലിയ്യ കാലത്തുണ്ടായിരുന്ന അനിസ്‍ലാമിക ആചാരങ്ങളും അമിത വിനോദങ്ങളും തങ്ങൾ നിരാകരിച്ചതായും ലളിതമായ ഉല്ലാസങ്ങളെ സ്വാഗതം ചെയ്തതായും സ്വഹാബികൾ ഉദ്ധരിക്കുന്നുണ്ട്. ആഇശ(റ) നിവേദനം ചെയ്യുന്നു: എന്റെ വീട്ടിൽ ഒരു പെരുന്നാൾ ദിനത്തിൽ രണ്ടു അൻസ്വാരികളായ പെൺകുട്ടികൾ അവർക്കറിയാവുന്ന പാട്ടുപാടിക്കൊണ്ടിരിക്കെ, അബൂബക്കർ(റ) വീട്ടിലേക്ക് കടന്നുവന്നു, ചോദിച്ചു: പ്രവാചകന്റെ വീട്ടിലാണോ പൈശാചിക രാഗങ്ങൾ മീട്ടുന്നത്. അന്നേരം നബി(സ്വ) തങ്ങൾ പ്രതകരിച്ചു: ഓരോ സമുദായത്തിനും അവരുടെ ആഘോഷങ്ങളുണ്ട്, ഇത് നമ്മുടെ ആഘോഷമാണ്. (ബുഖാരി) പെരുന്നാൾ ദിവസം പരിചയും ചാട്ടുളിയുമേന്തി കളിക്കുന്നത് കാണാൻ ആഇശ ബീവി ആഗ്രഹം പ്രകടിപ്പിച്ച സമയത്ത് അതിനവസരം നൽകിയതും ജനങ്ങളെ അവകളിൽ നിന്നും തടയാതെ നിന്നതും പെരുന്നാൾ സന്തോഷത്തെ കുടുംബത്തോടൊപ്പവും സമൂഹത്തോടൊപ്പവും പ്രവാചകൻ വാരിപ്പുണർന്നതിന്റെ അടയാളങ്ങളാണ്.

ഉല്ലാസങ്ങളേയും ആഘോഷങ്ങളേയും ഇസ്‍ലാം അവഗണിക്കുന്നില്ലെന്നും ജീവിതത്തിൽ സന്തോഷിക്കേണ്ട സമയത്ത് സന്തോഷ പ്രകടനങ്ങൾ നടത്തണമെന്നും കുടുംബത്തെ അടക്കിയൊതിക്കി നിർത്താതെ അവരേയും അനുവദനീയമായ രീതിയിൽ ആനന്ദിക്കാൻ അനുവദിക്കണമെന്നും പെരുന്നാൾ പോലോത്ത സന്തോഷ സുദിനങ്ങളിൽ വീട്ടുകാരുമൊത്ത് സന്തോഷം പങ്കിടണമെന്നും മോലുദ്ധരിച്ച തിരു വൃത്താന്തങ്ങളിൽ നിന്നും നമുക്ക് ഗ്രഹിച്ചെടുക്കാം. 

നബി(സ്വ)ക്കു ശേഷം
പെരുന്നാൾ ദിവസങ്ങളിൽ നബി(സ്വ) തങ്ങൾ ഉപയോഗിച്ചിരുന്ന അനുമോദനത്തിന്റെ പ്രത്യേക വചനങ്ങളോ വാക്യങ്ങളോ ഉദ്ധരിക്കപ്പെട്ടതായി ലഭ്യമല്ലെങ്കിലും, സ്വഹാബാക്കളും അവർക്കു ശേഷം വന്ന പിൻഗാമികളും പെരുന്നാൾ ദിനത്തിൽ അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ എന്നർഥം വരുന്ന “തഖബലല്ലാഹു മിന്നാ വ മിൻകും” എന്ന പ്രാർഥന അനുമോദന വാചകങ്ങളായി ഉപയോഗിച്ചതായി ഇമാം ത്വബ്റാനി ഉദ്ധരിക്കുന്നുണ്ട്. സ്വഹാബികളായ അബൂഉമാമത്തുൽ ബാഹിലിയും(റ) വാസിലതുബ്നുൽ അസ്ഖഉം(റ) പെരുന്നാൾ ദിനം “തഖബലല്ലാഹു മിന്നാ വ മിൻക” എന്ന് റാഷിദ് ബ്നി സഹദി(റ)നേട് പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു. (കിതാബുദ്ദുആഅ്)

നബി(സ്വ) തങ്ങൾക്കു ശേഷം വന്ന ഖലീഫമാരും സരളമായ ആഘോഷങ്ങളിലും സന്തോഷ പ്രകടനങ്ങളിലുമായി പെരുന്നാളാഘോഷങ്ങളെ ഒതുക്കിയെങ്കിലും തുടർന്നുള്ള കാലങ്ങളിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ കൂടിവന്നു. ചില പ്രദേശങ്ങളിൽ പെരുന്നാൾ നിസ്കാരത്തിന് രാജാക്കന്മാര്‍ തന്നെ, ഖുത്വുബക്കും നിസ്കാരത്തിനും നേതൃത്വം നൽകിയിരുന്നു. അബ്ബാസിയ കാലഘട്ടത്തിൽ ജീവിച്ച ചരിത്രകാരൻ ഖാസി തനൂഖി വിവരിക്കുന്നു: ബഗ്ദാദിലെ ജുമുഅ നിസ്കാരവും മക്കയിലെ തറാവീഹ് നിസ്കാരവും ത്വറസൂസിലെ (തുർക്കിയിലെ പട്ടണം) പെരുന്നാൾ നിസ്കാരവും ഇസ്‍ലാമിക ചൈതന്യം ജ്വലിപ്പിക്കുന്നതായിരുന്നു. ഫാത്വിമി ഭരണാധികാരി അസീസിന്റെ കാലത്ത് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി മാത്രം കൊട്ടാരത്തിനും നിസ്കാര സ്ഥലത്തിനുമിടയിലായി വലിയ പൊക്കത്തിൽ പ്രത്യേക സ്ഥലം നിർമിച്ചിരുന്നു. പണ്ഡിതന്മാരും ബാങ്കുവിളിക്കുന്നവരും ആ സ്ഥലത്തായിരുന്നു നിൽക്കാറുണ്ടായിരുന്നത്. അതിനു മുകളിൽ നിന്നായിരുന്നു അസീസ് രാജാവ് പെരുന്നാൾ നമസ്കാരുവും ഖുത്വുബയും നിർവഹിച്ചിരുന്നത്. 

ഭിത്തിയാവരണങ്ങളില്ലാത്ത തുറന്ന സ്ഥലങ്ങളിലായിരുന്നു പെരുന്നാൾ നിസ്കാങ്ങൾ പ്രവാചകന്റെ കാലം മുതൽ അധികവും നിർവഹിക്കപ്പെട്ടിരുന്നത്. കൂടുതൽ ജനങ്ങളെ അടുപ്പിക്കാനും ഇണക്കാനും ഇത്തരം പെരുന്നാൾ സംഗമങ്ങൾ ഉപകാരപ്പെട്ടിരുന്നുവെന്നതാണ് സത്യം. പ്രവാചകൻ(സ്വ) തങ്ങൾ മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള മൈതാനത്തായിരുന്നു പെരുന്നാളിന് സംഗമിച്ചിരുന്നതെങ്കിൽ, ബഗ്ദാദിൽ അത് മദീനത്തുസ്സലാമിലെ കിഴക്കു ഭഗത്തും മിസ്റിൽ അംറുബ്നുൽ ആസ്വ് പള്ളിയിലും ഡമസ്കസിൽ അൽമദീനത്തുൽ അഹ്ളർ എന്ന് വിളിക്കപ്പെടുന്ന നിലത്തുമായിരുന്നു. ചില നാടുകളിൽ വ്യത്യസ്ത മദ്ഹബുകൾ പിൻപറ്റുന്ന ആളുകൾ ഉണ്ടായതിനാൽ ഒന്നിൽ കൂടുതൽ പെരുന്നാൾ നമസ്കാരങ്ങളും നടന്നതായി ചരിത്രങ്ങളുണ്ട്. കാസ്പിയൻ കടലിന്റേയും കരിങ്കടലിന്റേയും ഇടയിൽ നിലകൊള്ളുന്ന സഖ്സീൻ പട്ടണത്തിൽ മുഖ്യഭാഗ ജനങ്ങളും ഹനഫി മദ്ഹബുകാരാണെങ്കിലും ശാഫിഈ മദ്ഹബ് പിൻപറ്റുന്നവരുമുണ്ടായതിനാൽ അവിടെ എല്ലാ നിസ്കാരങ്ങളും അതതു മദ്ഹബുകളിലായി അവരുടെ പള്ളികളിൽ നടക്കാറുണ്ടെന്നും, പെരുന്നാൾ ദിവസം എല്ലാവരും അവരുടെ പള്ളിയുടെ മുന്നിൽ സ്വന്തം പ്രസംഗപീഠം നാട്ടി നിസ്കരിക്കുന്നതായും ഭൂമിശാസ്ത്രജ്ഞനായ അബൂയഹ്‍യ ഖസ്‍വീനി തന്റെ ആസാറുൽബിലാദിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില നാടുകളിൽ ഇരു പെരുന്നാളുകളിലും വ്യത്യസ്ത ആഘോഷങ്ങളാണെങ്കിൽ, ചില നാടുകളിൽ രണ്ടും സാമ്യമായിരിക്കും. കഅ്ബയെ കിസ്‍വ പുതപ്പിക്കുന്ന ആചാരം ഹജ്ജുമായി ബന്ധിച്ചാണ് നടന്നുവരുന്നത്. പെരുന്നാളിന്റെ ദിവസം പുതുയ കിസ്‍വ അണിയിക്കുകയും പഴയതിനെ മാറ്റുകയുമാണ് ഇപ്പോഴെത്തെ പതിവ്. എന്നാൽ മുൻകാലത്ത് കഅ്ബയുടെ കിസ്‍വ പെരുന്നാള്‍ കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു (അയ്യാമുത്തശ്‍രീഖിന്റെ അവസാന ദിനം) മാറ്റാറുണ്ടായിരുന്നത്. പെരുന്നാൾ നിസ്കാര ശേഷമുള്ള ഖബ്റു സന്ദർശനം പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും ആദ്യമെല്ലാം ചെയ്യാറുണ്ടായിരുന്നു. ശേഷം ഫാത്വിമി, മമാലികി ഭരണാധികാരികൾ ഔദ്യോഗികമായി നിർത്തലാക്കുകയും സ്ത്രീകൾ ശ്മശാന സ്ഥലത്തേക്ക് പോകുന്നത് തടയുകയും ചെയ്തു.

ഘോഷയാത്ര
പെരുന്നാൾ ദിനത്തിന്റെ മേന്മയെ അറിയിക്കുന്നതാണ് അതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ. ലഭ്യമായതിൽ ഏറ്റവും വിലകൂടിയ മുന്തിയ വസ്ത്രം ധരിക്കലും നല്ല സുഗന്ധങ്ങൾ പുരട്ടുന്നതും നിസ്കാരത്തിന് പോകുന്നില്ലെങ്കിലും കുളിച്ചു ശുദ്ധിയാവലും മുടിയിലും താടിയിലും എണ്ണയും മൈലാഞ്ചിയും ഉപയോഗിക്കുന്നതുമെല്ലാം ഇതില്‍ പെടുന്നു. നിർബന്ധമായ ജുമുഅ നിസ്കാരത്തേക്കാൾ ഒരുക്കങ്ങൾ വേണ്ടതും സുന്നത്തുള്ളതും പെരുന്നാൾ നിസ്കാരത്തിനാണെന്നത് തന്നെ അതിന്റെ മഹത്വം വിളിച്ചോതുന്നുണ്ട്. പുരുഷന്മാരും സ്ത്രീകളും പെരുന്നാളിനെ ഭംഗിയോടെയാവണം സ്വീകരിക്കേണ്ടത്. ചായം പൂശിയ വസ്ത്രങ്ങളാൽ അണിഞ്ഞൊരുങ്ങി സ്ത്രീകൾ സന്തുഷ്ടരാവണം. സന്തോഷം പ്രകനത്തിന്റെ ഭാഗമായി വീടുകളും താമസ സ്ഥലങ്ങളും അലങ്കരിക്കാവുന്നതാണ്. 

രാജാക്കന്മാരുടെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു പെരുന്നാൾ ദിനത്തിലുള്ള അവരുടെ പുറപ്പാട്. ഏറ്റവും ഭംഗിയുളള കുതിരയുടെ മേൽ ചന്തമുള്ള വിരികളും നിർമലമായ പുടവകളും അണിഞ്ഞായിരുന്നു പല രാജാക്കന്മാരും നിസ്കാരത്തിനു വേണ്ടി പുറപ്പെട്ടിരുന്നത്. വസ്ത്രങ്ങളുടെ മേന്മയും നിർമലതയും രാജ്യത്തിന്റെ സുഭിക്ഷതയും വളർച്ചയും വിളിച്ചുപറയുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. നേതാക്കളും പട്ടാളക്കാരും ഒത്തൊരുമിച്ച് ആനയിക്കപ്പെടുന്ന രാജാവ് മാന്യതയുടെ പ്രതീകമായിരുന്നു. അബ്ബാസിയ ഭരണാധികാരികൾ പ്രവാചകൻ(സ്വ) ഉപയോഗിച്ചിരുന്ന ചാട്ടുളി/കുന്തം കൈയ്യിലേന്തിയും തങ്ങളുടെ പുതപ്പ് തോളിൽ പുതച്ചുമായിരുന്നു പെരുന്നാൾ ദിനത്തിൽ എഴുന്നളിയിരുന്നത്. ജുമുഅ, പെരുന്നാൾ ദിനങ്ങളിൽ സാന്ത്വനവും മാഹാത്മ്യവും ദ്യോതിപ്പിക്കുന്ന കറുപ്പു വസ്ത്രം ധരിച്ചായിരുന്നു ജനങ്ങൾക്കിടയിലേക്ക് അബ്ബാസിയ രാജാക്കന്മാർ പലരും നടന്നു വരാറുണ്ടായിരുന്നത്.

പ്രജകൾക്കിടയിൽ രാജാവിന്റെ മഹത്വവും ബഹുമതിയും ഉയർത്തിക്കാണിക്കുന്നതും അവരെ പെരുന്നാളിന് ഉയർന്ന സ്ഥലത്ത് ഇരുത്തുന്നതും രാജ്യഭരണ പ്രവിശ്യകളിൽ നിലനിന്നിരുന്ന നടപ്പായിരുന്നു. ഫാത്വിമി ഭരണാധികാരി അബ്ദുൽ അസീസ് ബ്നു മുഹമ്മദിനെ പെരുന്നാൾ ദിവസത്തിൽ ഉയരമുള്ള ഇരിപ്പിടത്തിൽ ഇരുത്തിയതായി ഇമാം ദഹബി പരിചയപ്പെടുത്തുന്നു. മുസ്‍ലിംകളുടെ രാജാക്കന്മാരെയും നേതാക്കളേയും മുന്നിൽ നടത്തി പിന്നിലായി മന്ത്രിമാരും ജനങ്ങളും ഒത്തൊരുമിക്കുന്ന രൂപമായിരുന്നു പണ്ടുമുതലേ പെരുന്നാൾ വരവിനു പാലിക്കപ്പെട്ടിരുന്ന രൂപം. ശേഷം രാജാക്കന്മാർക്കൊപ്പം മന്ത്രിമാരും ഒന്നിച്ച് ആനയിക്കപ്പെട്ടതുമുതലാണ് ഭരണീയരുടെ മേന്മയും ഗുണവും മങ്ങിയതെന്ന് ചരിത്രാക്കൾ നിരീക്ഷിക്കുന്നുണ്ട്. 

പ്രവാചകൻ(സ്വ) തങ്ങളുടെ കാലം മുതലേ നിസ്കാരത്തിനുപയോഗിച്ചിരുന്ന തങ്ങളുടെ ചാട്ടുളി/കുന്തം ഒഴികെ യുദ്ധായുധങ്ങൾ പെരുന്നാൾ ദിനത്തിൽ നിസ്കാരത്തിനു പോകുമ്പോൾ വഹിക്കുന്നതും പ്രദർശിപ്പിക്കുന്നതും വെറുപ്പോടെയായിരുന്നു സ്വഹാബികൾ കണ്ടിരുന്നത്. ഇമാം ബുഖാരി(റ) ഇതു സംബന്ധിച്ച് ഒരു ശീർഷകം തന്നെ തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നുണ്ട്. ശേഷം അമവി ഭരണാധിപനായ യസീദ് ബ്നു വലീദായിരുന്നു പെരുന്നാൾ ദിനത്തിൽ വാളുമായി ആനയിക്കപ്പെടുന്ന ചര്യ കൊണ്ടുവന്നത്. കടന്നുവരുന്ന ഇരുഭാഗങ്ങളിലും ആയുധമേന്തിയവർ നിരനിരയായി ചേർന്ന് നിന്നായിരുന്നു പെരുന്നാളിനും അദ്ദേഹത്തിനു സ്വാഗതമോതിയിരുന്നത്. പിന്നീടുള്ള അബ്ബാസിയ, ഫാത്വിമിയ രാജാക്കന്മാരും ഭരണാധിപന്മാരും ഈ മാതൃക തുടർന്നതായി കാണാം. അതില്ലാതെ പെരുന്നാളിലെ എഴുന്നള്ളൽ ഒരു ഭംഗമായി വരെ ജനങ്ങളും രാജക്കന്മാരും വിലയിരുത്തുക വരെ ചെയ്തു പിന്നീട്. 

അബ്ബാസി ഭരണാധിപനായ മുഅ്തസിംബില്ലയുടെ പെരുന്നാൾ യാത്ര ഇതിലും ആഢംബരപൂർണ്ണമായിരുന്നു. ജനങ്ങൾ അന്നുവരെ കാണാത്ത മുന്തിയ വസ്ത്രം ധരിച്ച രാജാവിനെ എഴുന്നള്ളിക്കാൻ തന്റെ കൊട്ടാരത്തിന്റെ വാതിൽ പടിയിൽ നിന്നും നിസ്കാര സ്ഥലം വരെ വരിവരയായി ആയുധസജ്ജരായി നിൽക്കുന്ന പടയാളികളും സൈനികരും, ഒരാൾ മറ്റൊരാളോട് സാദൃശ്യമാവാത്ത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച ഏഴായിരത്തോളം വരുന്ന അമ്പെയ്ത്തു വിദ്വാന്മാരും നിരനിരയായി സജ്ജീകരിക്കപ്പെട്ടിരുന്നു.

സൈനികരെ അലങ്കരിക്കലും പുത്തനുടപ്പിന്റെ പ്രൗഢിയിൽ അവരെ പ്രദർശിപ്പിക്കലും രാജാവിന്റെ മേന്മയെ വിളിച്ചോതുന്നതായിരുന്നു. ഓരോ പടയാളികളും പരസ്പര സാമ്യതയില്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും അബ്ബാസി രാജാക്കന്മാരുടെ പെരുന്നാൾ ഒരുക്കത്തിന്റെ ഭാഗമായിരുന്നു. സൈന്യത്തെ മെച്ചപ്പെടുത്താൻ ജനങ്ങളെ ബുദ്ധിമുട്ടിച്ച രാജാക്കളും ചരിത്രങ്ങളിലുണ്ട്. മുസ്തർശിദ് ബില്ലാഹ് തന്റെ നേതാക്കളുടെ പുടവകൾ സൈന്യത്തോട് സാമ്യമായതിനാൽ ഒഴിവാക്കാൻ ആവശ്യപ്പെടുകയും ശേഷം സൈന്യത്തെ ജനങ്ങൾക്ക് കാണിക്കുകയും അവരുമായി ഒരാളും കൂടിക്കലരരുതെന്നും ആരെങ്കിലും കുതിര, കഴുത എന്നിവയെ വാഹനമാക്കിയാൽ വധിക്കപ്പെടുമെന്നും വരെ ക്രൂരമായ രീതിയിൽ വിളംബരം നടത്തിയിരുന്നു. 

ചിലനാടുകളിൽ അറവുമൃഗങ്ങളല്ലാതെ മറ്റു മൃഗങ്ങളും പെരുന്നാളിന്റെ ഭാഗമായിരുന്നു. രാജാക്കന്മാരുടെ നേതൃത്വത്തിൽ അവയെ കൊണ്ടുവരികയും ജനങ്ങൾക്ക് പ്രദർശിപ്പിക്കുകയും ചെയ്യുന്ന പതിവ് ചില ഭാഗങ്ങളിൽ കണ്ടുവന്നിരുന്നു. ജാഹിള് തന്റെ അൽ ഹയവാൻ എന്ന ഗ്രന്ഥത്തിൽ ബഗ്ദാദിലൂടെ പെരുന്നാൾ ദിനത്തിൽ യാത്ര നടത്തവെ കാവൽ സൈന്യത്തോടൊപ്പം ആനയെ കൊണ്ടുവന്നതായി വിവരിക്കുന്നുണ്ട്. അബ്ബാസി ഭരണാധികാരി  അൽ ഹകിം ചെറിയ പെരുന്നാൾ ദിനത്തിൽ (H:395, C:1004) ആറു കുതിരകളുടെയും ആറു ആനകളുടെയും അഞ്ചു ജിറാഫുകളുടെയും സാനിധ്യത്തിലായി നിസ്കാരത്തിന് ആനയിക്കപ്പെട്ടതായി ചരിത്രകാരൻ അൽ മക്റി സാക്ഷ്യപ്പെടുത്തുന്നു. 

ഇന്ത്യക്കാരുടെ പെരുന്നാളിന്റെ ചന്തമാണ് ആനയെന്ന് ഇബ്നു ബതൂത കുറിക്കുന്നുണ്ട്. പെരുന്നാളിന്റെ രാത്രി രാജാക്കന്മാർ അതിഥികളെയും മറ്റുരാജാക്കന്മാരെയും ക്ഷണിക്കാനായി ആളുകളെ പറഞ്ഞയക്കും. അതിരാവിലെ തന്നെ ആനകളെ പട്ടിന്റെ വസ്ത്രങ്ങളും മുത്തുകളും സ്വർണങ്ങളുമപയോഗിച്ച് അലങ്കരിക്കപ്പെടും. രാജാവിന് മാത്രം ഇരിക്കാനും യാത്ര ചെയ്യാനുമായി പതിനാറോളം ആനകളായിരുന്നു സജ്ജമാക്കിരുന്നത്. ഇങ്ങനെയുള്ള ആനന്ദങ്ങളും പ്രൗഡികളും വെളിപ്പെടുത്തിയിരുന്നെങ്കിലും സന്തോഷങ്ങളിൽ അവരുടെ ഉത്തരവാദിത്തം കളങ്കപ്പെടുത്താൻ അവർ മുതിർന്നില്ല. പെരുന്നാൾ ദിവസത്തിനുള്ള വസ്ത്രങ്ങളും ഭക്ഷണങ്ങളും ജനങ്ങൾക്ക് ലഭ്യമായിരുന്നോ എന്നും അവർ അലോചിക്കാനും ഇത്തരം ആഘോഷങ്ങൾക്കിടയിലും സമയം കണ്ടെത്തിയിരുന്നു അവരില്‍ ഭൂരിഭാഗപേരും. 

രാജാക്കന്മാരുടെ ആചാരങ്ങളുടെ മറ്റൊരു പ്രധാന ഭാഗമായിരുന്നു പെരുന്നാൾ ദിവസം മുതൽ രണ്ട് മൂന്ന് ദിവസം കൂടാരമടിച്ച് താമസിക്കുന്നത്. ബലിപെരുന്നാൾ ദിവസങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെട്ടിരുന്നത്. തന്റെ കൊട്ടാരത്തിനടുത്തോ പള്ളിക്കടുത്തോ ആയിരുന്നു കൂടുതൽ രാജാക്കന്മാരും തമ്പടിച്ചിരുന്നത്. തന്റെ സ്നേഹിതന്മാർക്കും പ്രിയപ്പെട്ടവർക്കും ഭക്ഷണം നൽകി സല്‍കരിക്കലാണ് കൂടാരത്തിൽ രാജാവ് ചെയ്യുക. അബ്ബാസി ഭരണാധിപൻ മുസ്തർഷിദ് ബില്ലാഹ് ഇങ്ങനെയൊരു കൂടാരം ബലിപെരുന്നാൾ ദിനത്തിൽ (H:520/C:1126) പണിതതായും അതിനു മുന്നിൽ വലിയ പീഠം  പ്രതിഷ്ഠിച്ചതായും പെരുന്നാൾ നിസ്കാരവും ഖുത്വുബയും നിർവഹിച്ചതിനു ശേഷം തന്റെ മന്ത്രിമരേയും നേതാക്കന്മാരേയും ഉന്നതന്മാരേയും ആഹരിക്കാൻ ക്ഷണിച്ചതായും ഇബ്നുൽ ജൗസി രേഖപ്പെടുത്തുന്നുണ്ട്. പെരുന്നാൾ ദിനവും സൈനിക വിജയവും ഒരുമിച്ചു വന്നാൽ ആഘോഷങ്ങൾ ഇരട്ടിയാകും. സ്വർണത്താലും പട്ടിനാലും അലങ്കരിക്കപ്പെട്ട കവാടങ്ങളും പ്രകാശങ്ങളാൽ പൂരിതമായ കമാനങ്ങളും ഭക്ഷണ വിഭവങ്ങളും ആ സന്തോഷത്തെ ആനന്ദപൂര്‍ണ്ണമാക്കുന്നതായിരുന്നു പതിവ്. 

ഭക്ഷണപ്പായ
മുസ്‍ലിം സമൂഹത്തിലെ സുന്ദരമായ കാഴ്ച്ചകളിൽ അതിപ്രധാനമാണ് പെരുന്നാൾ ദിനത്തിലുള്ള ആഹരിപ്പിക്കൽ ശീലം. പാവപ്പെട്ടവരെയും പണ്ഡിതന്മാരെയും സൽകരിച്ചുള്ള പെരുന്നാൾ ഭക്ഷണം രാജാക്കന്മാരുടെ കൊട്ടാരത്തിലെ ആനന്ദമേകുന്ന ഓർമ്മയാണ്. ഇന്നത്തെ തുർക്കി പ്രദേശങ്ങളിലൂടെയുള്ള യാത്രക്കിടെ പെരുന്നാൾ ദിനത്തിൽ താൻ സാക്ഷിയായ കാഴ്ച്ചകൾ പങ്കുവെക്കുന്നുണ്ട് സഞ്ചാരിയായ ഇബ്നു ബത്വൂത. പെരുന്നാൾ ദിവസം (H:733, C:1333) രാജാവിനൊപ്പം ആയുധധാരികളായ സൈനികരും പടയാളികളും, കൊടികളും ദഫുകളും കുഴലുകളും പിടിച്ച് യുവാക്കളും നേതാക്കളും എഴുന്നള്ളിക്കപ്പെട്ടു. എല്ലാവരും പരസ്പരം വസ്ത്രങ്ങളാലും ആയുധങ്ങളാലും മേനിനടിക്കുകയും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്തിരുന്നു. അവർക്കു പിന്നാലെ പശു, ആട് തുടങ്ങിയ മൃഗങ്ങളും റൊട്ടികളും വഹിച്ചുവരുന്ന ജോലിക്കാരും ഉണ്ടായിരുന്നു. പള്ളിയിലേക്ക് പോകുന്നതിനു മുന്നെ ശ്മശാന ഭൂമിയിലേക്ക് പോവുകയും തങ്ങളുടെ മൃഗങ്ങളെ അറുത്ത്, റൊട്ടിയും ഇറച്ചിയും എല്ലാവർക്കും നൽകിയതിനു ശേഷം നിസ്കാര സ്ഥലത്തേക്ക് നീങ്ങുകയുമായിരുന്നു അവരുടെ പതിവ്. നിസ്കാര ശേഷം ഞങ്ങൾ കൊട്ടാരത്തിലേക്ക് ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടു. പണ്ഡിതർക്കും വിദ്യാസമ്പന്നർക്കും യുവാക്കൾക്കും ഒരു ഭാഗത്തും, പാവപ്പെട്ടവർക്കും ദരിദ്രർക്കും മറ്റൊരു ഭാഗത്തും ഭക്ഷണം സജ്ജമാക്കിയിട്ടുണ്ടായിരുന്നു. അന്നേ ദിവസം അവിടുത്തെ വാതിലിൽ മുട്ടുന്ന എല്ലാവർക്കും ഭക്ഷണം നൽകപ്പെടുമായിരുന്നു. 


ആഘോഷങ്ങളുടെ മോടി കൂട്ടുന്നത് ആഹാരങ്ങളുടെ വൈവിധ്യമാണെന്ന് കരുതുന്നത് പോലെ, പെരുന്നാൾ ദിനത്തിൽ ഭക്ഷണങ്ങളുടെ വിഭിന്നതയും പെരുന്നാൾ ദിനം ഭക്ഷണപ്പായയിൽ കാണാവുന്നതാണ്. രാജാക്കന്മാരുടെ ആഹാരത്തിന്റെ തരഭേദം ആ നാട്ടിലെ എല്ലാവരുടെയും രുചിയുടെയും നിറത്തിന്റെയും കൂട്ടമായിരിക്കും. എന്തൊക്കെ ആഹാരങ്ങൾ എന്തിനെല്ലാം പറ്റുന്നതാണ്, പറ്റാത്തതാണ് എന്നൊക്കെ അറിയുന്ന രാജാക്കന്മാരും അതിനെപ്രതി അറിവില്ലാത്തവരും ഇത്തരം ആചാരത്തെ ഉൾകൊണ്ടിരുന്നു. തന്നോടൊപ്പം കുടുംബക്കാരും നേതാക്കളും മന്ത്രിമാരും ഒന്നിച്ചിരുന്ന് ആഹരിക്കണമെന്ന് വാശിപിടിക്കുന്നവരും, അതിനെ വെറുക്കുന്നവരും രാജാക്കന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഭൂരിപക്ഷവും ഒന്നിച്ചിരുന്ന് ഭക്ഷിക്കുന്നതിനെയാണ് ഇഷ്ടപ്പെട്ടിരുന്നത്. 

ഖലീഫ മഅ്മൂനോടൊപ്പം പെരുന്നാൾ ഭക്ഷണത്തിനായി ഒന്നിച്ചിരുന്നൊരുത്തൻ അതിനെ സ്മരിക്കുന്നതായി ഇമാം സുയൂഥി ഉദ്ധരിക്കുന്നതിങ്ങനെയാണ്. മഅ്മൂൻ രാജാവിന്റെ ഭക്ഷണപ്പായ വിഭവങ്ങളാൽ സമൃദ്ധമായിരുന്നു. ഭിന്ന നിറത്തിലും തരത്തിലുമുള്ള ആഹാരങ്ങൾ, മുന്നൂറിലധികം വിഭവങ്ങൾ, ഓരോ വിഭവങ്ങൾ കൊണ്ടുവരുമ്പോഴും അദ്ദേഹം അത് ആർക്കെല്ലാം തിന്നാം, ആർക്കെല്ലാം തിന്നാൻ പാടില്ല എന്നെല്ലാം വൈദ്യശാസ്ത്രജ്ഞനെ പോലെ പറഞ്ഞു തരും. ഇത് മഞ്ഞപ്പിത്തത്തെ ഇല്ലാതാക്കുന്നതാണ്, ഇത് തൊണ്ടയിൽ കഫം കൂടാൻ കാരണമാകും. ഇത് ഭക്ഷിച്ചാൽ കാഴ്ച്ച ശക്തി വർധിക്കും, ഈ വിഭവം ഇത്തരം ആളുകൾ കഴിക്കുന്നത് ബുദ്ധിമുട്ടാണ്, ഇത് കഴിക്കുന്നതിൽ ബുദ്ധിമുട്ടില്ല, തുടങ്ങിയ സംസാരങ്ങളെല്ലാമൊത്തതായിരുന്നു അദ്ദേഹത്തിന്റെ പെരുന്നാൾ തീൻമേശ. 

ഫാത്വിമി ഭരണാധികാരികളിലധികവും മധുരിക്കുന്നതും മയമുള്ളതും മൃദുലമായതുമായ  വിഭവങ്ങളായിരുന്നു കൂടുതലും ഇഷ്ടപ്പെട്ടിരുന്നത്. പെരുന്നാൾ രാവിലും പകലിലും ഈത്തപ്പഴങ്ങള്‍ക്കും ചില മധുരപലഹാരങ്ങൾക്കും പുറമെ കൊട്ടാരത്തിൽ നിന്നും പ്രത്യേകം  രാജാവിനുവോണ്ടി ഉണ്ടാക്കിയ മധുരവിഭവങ്ങൾ കൂടുതലായി ഫാത്വിമി രാജാക്കന്മാർ ഭുജിക്കാറുണ്ടായിരുന്നു. രാജാക്കന്മാർ ഭക്ഷിക്കുന്നതിനു പുറമെ അവരുടെ കൊട്ടാരത്തിന്റെ മദ്ധ്യത്തിൽ വലിയ തീൻപ്പായയിൽ മധുരമുള്ള വെള്ളങ്ങളും പലയിനം റൊട്ടികളും പലഹാരങ്ങളും വിഭവങ്ങളും നിരത്തിവെച്ച് ജനങ്ങൾക്ക് ഭക്ഷിക്കാനുള്ള അവസരവും അവർ നൽകിയിരുന്നതായും, ശേഷിക്കുന്നത് വീടുകളിലേക്ക് എത്തിച്ചു കൊടുത്തിരുന്നതായും ചരിത്രങ്ങളിൽ വായിക്കാം. ആദ്യം ഇരുപെരുന്നാളിലും രണ്ടുപ്രാവശ്യമുണ്ടായിരുന്ന ഈ ചര്യ ശേഷം അസീസിന്റെ ഭരണ സമയത്ത് ചെറിയ പെരുന്നാളിൽ രണ്ട് പ്രാവശ്യമായും  ബലിപെരുന്നാളിൽ ഒരു തവണയുമായി ചുരുങ്ങുകയുണ്ടായി. 

ഭക്ഷണ തവണ ചുരുങ്ങിയെങ്കിലും വിഭവങ്ങൾ വര്‍ദ്ദിപ്പിക്കാൻ രാജാക്കന്മാർ ശ്രമിച്ചിരുന്നു. ചെറിയ പെരുന്നാളിനില്ലാത്ത വിഭവങ്ങളും ആഹാരങ്ങളും ബലിപെരുന്നാളിൽ ലഭ്യമായിരുന്നു. വലിയ ഭക്ഷണപ്പായയിൽ മദ്ധ്യത്തിലായി ഇരുപത്തിയൊന്ന് ആടുകളും, മുന്നൂറ് കോഴികളും, അൻപത് പക്ഷികളും, പറവകളും, പ്രാവുകളും, ചുറ്റും മധുരപലഹാരങ്ങളും മറ്റു വിഭവങ്ങളും ചില രാജകീയ പെരുന്നാള്‍ തീന്മേശകളിൽ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്.

സംഗമങ്ങൾ
രാജാക്കന്മാർക്കിടയിൽ മാത്രമല്ല ഒത്തുകൂടലും ആഹരിപ്പിക്കലും നടന്നിരുന്നത്. സമുദായത്തിലെ ഒട്ടുമിക്ക ആളുകളും എന്തെങ്കിലുമൊന്ന് ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ തുനിഞ്ഞിരുന്നു. ഇസ്‍ലാം സ്നേഹത്തേയും ധർമത്തേയും പിന്തുണക്കുന്നതിനാൽ സംഗമങ്ങളും സന്തോഷങ്ങളും ആരാധനയുടെ ഭാഗമായിട്ടാണ് പണ്ടുമുതലെ മുസ്‍ലിം സമൂഹം പരിഗണിച്ചിരുന്നത്. അതിൽ തുണ്ടുകളാണെങ്കിലും നൽകി പങ്കെടുക്കാൻ എല്ലാവരും ശ്രമിച്ചിരുന്നുവെന്നത് യാഥാർഥ്യമാണ്. 

ചരിത്രത്തിൽ പ്രസിദ്ധമായ സംഗമങ്ങളും ഒത്തൊരുമിക്കലും നടത്തിയിരുന്നത് പണക്കാരും പണ്ഡിതരും വിദ്വാന്മാരുമായിരുന്നു. പഠിക്കാനും വിദ്യയാർജിക്കാനും വരുന്നവരുടെ കൂടലുകളായിരുന്നു അതിൽ കൂടുതലെങ്കിലും അതിലുമൊരു സന്തോഷവും ആനന്ദവും നിലനിന്നിരുന്നു. ഇമാം അബ്ദുല്ലാഹ് ബ്നു ഔനുൽ മുസനി (വ;ഹി-151/ക്രി-767) പെരുന്നാൾ ദിനത്തിൽ തന്നെ സന്ദർശിക്കുന്നവർക്കെല്ലാം മധുരപലഹാരങ്ങൾ നൽകി ആതിഥ്യമരുളുമായിരുന്നു. കർമശാസ്ത്ര പണ്ഡിതനായിരുന്ന അബ്ദുറഹ്മാൻ അശ്ശിഹാബി (വ:ഹി-649/ക്രി-1251) തന്റെ നാട്ടിലെ പെരുന്നാൾ പള്ളിയിൽ സംഗമിച്ച എല്ലാ കർമശാസ്ത്ര പണ്ഡിതർക്കും തന്റെ വീട്ടിൽ പ്രത്യേകം സൽകാരം ഒരുക്കാറുണ്ടായിരുന്നു. 

ഇന്നു കാണുന്ന പോലെ ദരിദ്രരരെ സന്തോഷിപ്പിക്കുന്ന പ്രവണതകളും അയൽവാസികൾ പരസ്പരം കൈകോർത്ത് സഹായിക്കുന്ന പദ്ധതികളും അന്നും ഉണ്ടായിരുന്നു. ഒരു ബലിപെരുന്നാളിന്റെ രാവിൽ ഒന്നുമില്ലാതെ വ്യാകുലപ്പെട്ടിരിക്കുന്ന കുടുംബനാഥൻ, തന്റെ കുട്ടികളോടും ഭാര്യയോടും തന്റെ ശോചനീയാവസ്ഥ പറഞ്ഞ് രാത്രിയുറങ്ങുകയും നേരം പുലർന്ന സമയത്ത് തങ്ങളുടെ വീട്ടിനു മുന്നിൽ ഇറച്ചിയുടെ കൂമ്പാരം കണ്ടതും മുസ്‍ലിം സഹവാസത്തിന്റെ മാതൃകാചരിത്രമാണ്. 

ഫാത്വിമി ഭരണാധിപർ തങ്ങളുടെ മറ്റു ആഘോഷങ്ങൾ പെരുന്നാൾ ദിവസത്തിലേക്ക് മാറ്റിവക്കാറുണ്ടായിരുന്നു. പുതിയ രാജാവിന്റെ പ്രഖ്യാപനം, മക്കളുടെ ചേലാകർമ്മം, പുതിയ ഉത്തരവുകൾ തുടങ്ങിയ കാര്യങ്ങൾ രാജാക്കന്മാർ പെരുന്നാളിന്റെ പൊലിമയിൽ ചെയ്യാനായിരുന്നു താൽപര്യപ്പെട്ടിരുന്നത്. റബീഉൽഅവ്വൽ മാസം മരണമടഞ്ഞ ഫാത്വിമി ഭരണാധികാരി അൽമഅസിന്റെ വിയോഗം (വ:ഹി-365/ക്രി-975) ജനങ്ങളെ അറിയിച്ചതും, ശേഷം തന്റെ മകനായ അൽഅസീസ് ഭരണാധികാരിയായതും ബലിപെരുന്നാൾ ദിനത്തിലായിരുന്നുവെന്ന് അൽമഖറീസീ കുറിക്കുന്നുണ്ട്. നൂറുദ്ദീൻ മഹ്മൂദ് സങ്കി (വ:ഹി-569/ക്രി-1174)യുടെ മകൻ സ്വാലിഹ് ഇസ്മാഈൽ (വ:ഹി-577/ക്രി-1182) ഭരണാധികാരിയായി ചുമതലയേറ്റതും ചെറിയ പെരുന്നാൾ ദിനത്തിലായിരുന്നു. ആ പെരുന്നാളിൽ കൊട്ടാരവും പരിസരവും അധികമായി അലങ്കരിക്കപ്പെട്ടിരുന്നുവെന്നും, രാജാക്കന്മാരുടെയും നേതാക്കന്മാരുടെയും കുട്ടികളെ ചേലാകർമം ചെറിയ പെരുന്നാൾ ദിനത്തിൽ നടത്തപ്പെട്ടിരുന്നുവെന്നും ഇമാം ദഹബി പറയുന്നുണ്ട്. 

സന്തോഷങ്ങൾ
പെരുന്നാൾ സന്തോഷത്തിന്റെ ഭാഗമായിരുന്നു രാജാക്കന്മാരും നേതാക്കളും ധനികരും പണ്ഡിതർക്കും ദരിദ്രർക്കും ലഭ്യമാക്കുന്ന സമ്മാനങ്ങളും ഉപഹാരങ്ങളും. പാവപ്പെട്ടവരെ സന്തോഷിപ്പിക്കലും വിദ്യാസമ്പന്നരെ ബഹുമാനിക്കലുമായിരുന്നു ഇത്തരം ഇഷ്ടദാനങ്ങളുടെ ലക്ഷ്യം. രാജ്യത്തെ ഉന്നതരായ പണ്ഡിതരെ മഹത്വപ്പെടുത്തുക, അവരാൽ രാജ്യം അനുഗ്രഹിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെ അവരെ പുടവയണിക്കുന്ന ചടങ്ങുകൾ പെരുന്നാളിന്റെ ദിവസത്തിലേക്ക് പിന്തിപ്പിച്ചാണ് നടത്തപ്പെട്ടിരുന്നത്.
തന്റെ രാജ്യത്തെ കർമശാസ്ത്ര പണ്ഡിതർ, ആദ്ധ്യാത്മിക ജ്ഞാനികൾ, പള്ളികളിലെ ഇമാമുമാർ എന്നിവർക്കുള്ള ബഹുമാന സൂചകാർഥം അബ്ബാസിയൻ ഭരണാധിപൻ അൽ മുസ്തൻസ്വിർ (വ:ഹി-640/ക്രി-1242) പെരുന്നാൾ ദിനത്തിൽ മുഹ്യുദ്ദീൻ ബിനുൽ ജൗസി (വ:ഹി-656/ക്രി-1258)യുടെ കരങ്ങളിൽ പാരിതോഷികവും സമ്മാനങ്ങളും കൊടുത്തയക്കാറുണ്ടായിരുന്നുവെന്ന് ഇബ്നു കസീർ സൂചിപ്പിക്കുന്നുണ്ട്. 

ഇന്ന് അറബി രാജ്യങ്ങളിൽ കണ്ടുവരുന്ന “ഈദിയ്യ” എന്ന നാമത്തിലുള്ള പെരുന്നാൾ ദാനങ്ങളുടെ തുടക്കം ഫാത്വിമി രാജാക്കന്മാരുടെ കാലത്തായിരുന്നു എന്ന് പറയാം. തങ്ങളുടെ രാജ്യം സനന്ദർശിക്കുന്ന പണ്ഡിതർക്കും നേതാക്കൾക്കും വസ്ത്രങ്ങളും ഭക്ഷണങ്ങളും സമ്മാനങ്ങളും പണക്കിഴികളും ഈദിയ്യ എന്ന പേരിൽ നൽകാറുണ്ടായിരുന്നു. അതാണ് പിന്നീട് അറബി നാടുകളിൽ കുടുംബക്കാരും വീട്ടുകാരും മക്കൾക്ക് കൊടുക്കുന്ന ഈദിയ്യയുടെ അടിസ്ഥാനം. 

മൃഗവേട്ടയും നായാട്ടും പെരുന്നാൾ ദിവസത്തിൽ ചെയ്യുന്നത് ചില രാജാക്കന്മാർ നല്ലതായി ഗണിച്ചിരുന്നു. ഊരിയ വാളുമായി വേട്ടക്ക് പോകുന്നവർ ഉല്ലാസത്തിനു പുറമെ നല്ല അന്തസ്സുള്ളവനായി സമൂഹത്തിൽ ഗൗനിക്കപ്പെട്ടിരുന്നതിനാൽ രാജാക്കന്മാർ പ്രജകളുടെ പ്രീതിയും പിന്തുണയും ലഭിക്കാൻ വേട്ടയും നായാട്ടും പെരുന്നാൾ ദിനത്തിലും ചെയ്യാറുണ്ടായിരുന്നു. സിംഹത്തെ പിടികൂടി കൂട്ടിലടച്ച് ജനങ്ങൾക്ക് കാണിക്കവെക്കുന്നത് രാജാവിന്റെ വീര്യവും രാജ്യത്തിന്റെ ദൃഢതയും ഉയർത്തിക്കാണിച്ചിരുന്നതായി ഗൗനിക്കപ്പെട്ടിരുന്നതിനാൽ രാജാക്കന്മാർ സ്വന്തമായോ, വേട്ടക്കാരെ നിയോഗിച്ചോ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കിയിരുന്നു. 

കളിയും വിനോദവും
ആനന്ദത്തിന്റെ ഭാഗമായുള്ള വിനോദവും പെരുന്നാളിന്റെ സുദിനത്തിൽ ജനങ്ങൾ ചെയ്യാറുണ്ടായിരുന്നു. പ്രവാചകൻ(സ്വ) തങ്ങൾ ആഇശ ബീവിയെ ചാട്ടുളികൾ കൊണ്ടുള്ള കളികൾ പെരുന്നാൾ ദിനത്തിൽ കാണിച്ചതായും ഹദീസുകളിൽ കാണാവുന്നതാണ്. ചാട്ടുളി വിനേദവും അമ്പെയ്ത്തും ഇസ്‍ലാമിലെ പ്രചാരത്തിലുള്ള മത്സരങ്ങളായിരുന്നുയ യുക്തിയും തന്ത്രവും കായബലവും ശക്തിപ്പെടുത്തുന്നതിനാൽ അവയെ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങളും പ്രവൃത്തികളും നബി(സ്വ) തങ്ങളുടെ ജീവിതത്തിൽ നമുക്ക് കാണാവുന്നതുമാണ്. 

ഒരു മരത്തടിയുടെ മുകളിൽ വൃത്താകൃതിയിലുള്ള പലക നാട്ടി അമ്പെയ്ത്ത് മത്സരങ്ങളും പ്രകടനങ്ങളും സുൽത്താൻ നൂറുദ്ദീൻ സങ്കിയുടെ കാലത്ത് നടന്നതായും, അദ്ദേഹം അതിനെ അത്യധികം ഇഷ്ടപ്പെട്ടിരുന്നതായും പ്രോത്സാഹിപ്പിച്ചതായും ഇബ്നു വാസ്വിലുൽ ഹമവി (വ:ഹി-697/ക്രി-1298) ഉദ്ധരിക്കുന്നുണ്ട്. യുദ്ധങ്ങളെ നേരിടാൻ പ്രചോദിപ്പിക്കുന്ന കുതിരപ്പന്തയം, വാൾ പയറ്റ് അമ്പെയ്ത്ത് തുടങ്ങിയ വിനോദങ്ങൾ പെരുന്നാൾ ദിനത്തിൽ പ്രകടമായിരുന്നുവെങ്കിലും കുട്ടികളെ ത്രസിപ്പിക്കുന്ന കളികളും ഉണ്ടായിരുന്നു. ഇമാം ഇബ്നു കസീർ ഉദ്ധരിക്കുന്നു: മഹാനായ സിറീയ്യുസിഖിഥി(റ) (വ:ഹി-253/ക്രി-867) പറയുന്നു: പെരുന്നാൾ ദിനത്തിൽ ഞാൻ കുരുകളും അടക്കകളും കൊണ്ട് കളിക്കുന്ന കുട്ടികളുടെ അരികിലൂടെ നടന്നു. അന്നേരം മഅ്റൂഫുൽ കർഖിയും (വ:ഹി-200/ക്രി-816) അദ്ദേഹത്തോടൊപ്പം കുട്ടികൾക്കൊപ്പം കളിക്കാതെ അകന്നു നിൽക്കുന്ന ഒരു ബാലനേയും കണ്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: എന്താ അവൻ അവരോടൊപ്പം കളിക്കാത്തത്. അദ്ദേഹം പ്രതികരിച്ചു: ഇതൊരു അനാഥനാണ്, കുരുകൾ വാങ്ങാനുള്ള പണമില്ലാത്തത് കൊണ്ട് ഇവൻ കളിക്കുന്നില്ല, അന്നേരം സിറിയ്യുസിഖ്ഥി ആ ബാലന് അടക്കകൾ വാങ്ങിച്ചു നൽകുകയും, അവനെ സന്തോഷപ്പെടുത്തുകയും ചെയ്തു.

പ്രവാചകരുടെ വീട്ടിൽ രണ്ടു അൻസ്വാരി പെൺകുട്ടികൾ പാട്ടുപാടി കളിക്കുന്നത് നബി(സ) തങ്ങൾ പ്രോത്സാഹിപ്പിച്ചതായും അതിനെ എതിർത്ത അബൂബക്കർ(റ) തങ്ങളോട് ഇന്ന് നമുക്ക് ആനന്ദിക്കാനുള്ള സമയമാണെന്ന് പ്രതികരിച്ച് ആ ചെയ്തിയെ അംഗീകരിച്ചതും ആഇശ ബീവിയുടെ ഹദീസായി നാം മേലുദ്ധരിച്ചു. നബി(സ) തങ്ങളുടെ അനുചരരിൽ പെട്ട ഇയാളു ബ്നു അംറുൽ അഷ്അറി (വ:ഹി-80/ക്രി-699) പെരുന്നാൾ ദിവസം “നിങ്ങൾ എന്തുകൊണ്ട് പ്രവാചകന്റെ ചര്യയായ ദഫ് മുട്ടുന്നില്ല” എന്ന് ജനങ്ങളോട് ചോദിക്കുമായിരുന്നു എന്ന് ഇമാം ദഹബി ഉദ്ധരിക്കുന്നുണ്ട്.  

രാജാവിന്റെ അരമനയിൽ പാട്ടുകാരും കവികളും പെരുന്നാളിന്റെ രാവിലും പകലിലും പാട്ടുകളും അറബി കവിതകളും ആലപിക്കുന്നതും പെരുന്നാൾ ആനന്ദത്തിന്റെ ഭാഗമാണ്. രാജ്യത്തിനെയും രാജാവിനെയും പുകഴ്ത്തുന്ന കവികൾ പാരിതോഷികവും വരങ്ങളും ബഹുമാന സൂചകമായി ഉടമപ്പെടുത്തിയിരുന്നു. ഹാറൂൻ റഷീദി (വ:ഹി-193/ക്രി-809)ന്റെ സദസ്സിലേക്ക് ഇബ്റാഹിം മൗസിലി (വ:ഹി-188/ക്രി-804) പെരുന്നാൾ ദിവസം വരികയും നല്ല പാട്ടു പാടുകയും, ഖലീഫയെ ആനന്ദത്തിലാക്കിയിരുന്നതായും പിരിഞ്ഞു പോകുമ്പോൾ അദ്ദേഹം ആവശ്യപ്പെടുന്നത് ഖലീഫ സമ്മാനിച്ചിരുന്നതായും ഇബ്നുൽ ജൗസി കുറിക്കുന്നുണ്ട്. പെരുന്നാൾ നിസ്കാരത്തിനു ശേഷം കവിതകളാലപിക്കാൻ ചില രാജാക്കന്മാർ കവിയരങ്ങും സംഘടിപ്പിക്കാറുണ്ടായിരുന്നു. അവിടങ്ങളിൽ ഭരണാധികാരിയുടെ സ്തുതി-സ്തോത്രങ്ങൾ വാഴ്ത്തി കവികൾ രാജാവിന്റെ സമ്മാനത്തിനായി മത്സരിക്കാറുണ്ടായിരുന്നു. 

ചില രാജാക്കന്മാർ അവരുടെ കേളികൾ വാഴ്ത്താൻ സ്വന്തമായി കൊട്ടാര കവികളെ പരിപാലിച്ചിരുന്നു. പെരുന്നാൾ ദിനങ്ങളിൽ ജനങ്ങൾക്കു മുന്നിൽ രാജ്യത്തിന്റെ കേളി പാടുകയും ജനങ്ങളെയും രാജാവിനെയും ആനന്ദിപ്പിക്കലുമായിരുന്നു അവരുടെ ചുമതല. പെരുന്നാൾ ദിനത്തിലുള്ള അനുമോദന കാവ്യങ്ങളായാണ് ഇതിനെ പരിഗണിച്ചിരുന്നത്. അബൂ ഫാറിസ് അബ്ദുൽ അസീസ് അൽമസൂസി (വ:ഹി-697/ക്രി-1298)യാണ് ആദ്യമായി പെരുന്നാളിൽ രാജ്യത്തെയും രാജാവിനെയും വാഴ്ത്തി അനുമോദന കാവ്യം ആലപിച്ചത്. കവിക്കുള്ള പാരിതോഷികമായി അദ്ദേഹത്തിന് ആയിരം ദീനാറും ഇരുന്നൂർ ദിനാർ വിലയുള്ള വസ്ത്രവും രാജാവ് സമ്മാനിച്ചിരുന്നു.  കവിതകൾ പുരുഷന്മാരിൽ മാത്രമായി ചുരുങ്ങിയിരുന്നില്ല. കൊട്ടാര സദസ്സുകളിൽ ചില സമയത്തെല്ലാം സ്ത്രീകളും കവിതകളുമായി പങ്കെടുക്കാറുണ്ടായിരുന്നു. ബഗ്ദാദിൽ ഹള്ദുദ്ദൗല (വ:ഹി-372/ക്രി-983)യുടെ കൊട്ടാരത്തിൽ കവികൾക്കൊപ്പം കവയിത്രിയായ ആബിദുൽ ജുഹനിയ്യയും സംഗമിച്ചതായി ചരിത്രം പറയുന്നു. 

സന്തോഷത്തിന്റെ ഭാഗമായി പെരുന്നാൾ ദിനം രാജാക്കന്മാർ കുറ്റവാളികളെ വിചാരണക്ക് വിധേയരാക്കി മോചിപ്പിക്കാറുണ്ടായിരുന്നു. വലിയ പാപങ്ങൾ ചെയ്യാത്ത കുറ്റവാളികളെ വിചാരണക്ക് വെക്കാതെ തന്നെ എല്ലാ വർഷവും പെരുന്നാളിൽ സത്യമായ പശ്ചാത്താപത്തോടെ സ്വതന്ത്രമാക്കുന്നതും ചില രാജാക്കന്മാരുടെ പതിവായിരുന്നു. കടക്കാർക്ക് വിടുതി നൽകുന്നതും, പ്രയാസപ്പെടുന്നവരെ പിരിച്ചുവിടുന്നതും പെരുന്നാൾ ദിവസങ്ങളിൽ ജനങ്ങളും ചെയ്യാറുണ്ടായിരുന്ന നന്മകളാണ്. സുൽത്താൻ അഷ്റഫ് ശഅ്ബാൻ (വ:ഹി-764/ക്രി-1377) അലക്സാണ്ട്രിയയിലുള്ള ബന്ധികളെ പെരുന്നാൾ (ക്രി-1363)ദിനത്തിന്റെ സന്തോഷത്തിൽ മോചനം നടത്തിയതായി ഇസ്‍ലാമിക ചരിത്രകാരന്മാർ ഉദ്ധരിക്കുന്നുണ്ട്.


പെരുന്നാളിന്റെ ദിവസം ജനങ്ങളുടെ സന്തോഷത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനുമായിരുന്നു മിക്ക രാജാക്കന്മാരും മുൻഗണന നൽകിയിരുന്നത്. ഒരോ രാജാക്കന്മാരുടെയും നാടുകളിലേയും പെരുന്നാൾ ആചാരങ്ങളും ആനന്ദങ്ങളും ഇസ്‍ലാമികമാകുന്നത് അതിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും മുൻനിറുത്തിയാണ്. യുറോപ്യൻ ആചാരങ്ങളും സംസ്കാരങ്ങളും ഇന്ന് ഇസ്‍ലാമിക ആഘോഷങ്ങളിൽ സമ്മേളിച്ചിട്ടുണ്ടെങ്കിലും ഇന്ന് മുസ്‍ലിം രാജ്യങ്ങളിൽ കണ്ടുവരുന്ന ആഘോഷങ്ങളുടെ വൈവിധ്യങ്ങൾ ഇതിലേക്ക് ചേർത്തി ഇസ്‍ലാമികമായി അന്വേഷിക്കാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter