പ്രവാചകര്‍(സ്വ), അത്ഭുതകരം ആ സ്വാധീനം
ലോകചരിത്രത്തെ സ്വാധീനിച്ച നൂറ് വ്യക്തിത്വങ്ങളെ, ക്രമപ്രകാരം ഒരു പട്ടികയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച മൈകേല്‍ എച്ച് ഹാര്ട്ടിന്റേതാണ് മേലുദ്ധരിച്ച വചനങ്ങള്‍. പ്രവാചകരുടെ അതുല്യവും അമാനുഷികവുമായ വ്യക്തിത്വത്തിന് മുന്നില്‍ ലോകം ഇന്നും അല്‍ഭുതത്തോടെയാണ് നിലകൊള്ളുന്നത് എന്നതിന്റെ സുവ്യക്തമായ പ്രകടനമാണ് ഇത്.
മക്കയിലെ മരുഭൂമിയില്‍ അനാഥനായി ജനിക്കുന്ന ഒരു കുഞ്ഞ്. സ്വന്തം കാലില്നില്ക്കാനാകുന്നതിന് മുമ്പെ മാതാവും പിതാമഹനും വിട്ടുപിരിയുന്നു. എങ്കിലും എല്ലാവരെയും അല്‍ഭുതപ്പെടുത്തുമാറ് സത്യസന്ധതയും ഇതരസവിശേഷഗുണങ്ങളുമായി സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന വിശിഷ്ടജീവിതം നയിക്കുന്നു. ശേഷം നാല്പത് വയസ്സ് പൂര്‍ത്തിയാകുന്ന വേളയില്‍ തനിക്ക് ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ടെന്ന് സ്വസമൂഹത്തോട് വിളിച്ച് പറയുന്നു. ആ സന്ദേശം തങ്ങളുടെ അതുവരെയുള്ള വിശ്വാസാചാരങ്ങള്‍ക്ക് വിരുദ്ധമായി എന്നതല്ലാതെ അതിനെ എതിര്‍ക്കാന്‍ മറ്റൊരു ന്യായവും ഇല്ലാതിരുന്നിട്ടും ഭൂരിഭാഗം പേരും അതിനെതിരെ തിരിയുന്നു. തുല്യതയില്ലാത്ത പീഢനങ്ങളും മര്‍ദ്ദനമുറകളും ഏല്‍ക്കേണ്ടിവന്നിട്ടും അത് പുല്കിയവരൊന്നും കൈവിടാന്‍ തയ്യാറാവാത്ത കാഴ്ച കൂടുതല്‍ പേരെ അതിലേക്കാകര്‍ഷിക്കുന്നു.
പതിമൂന്ന് വര്‍ഷത്തെ പീഢനപര്വ്വങ്ങള്ക്കൊടുവില് ജന്മനാടിനോട് പോലും വിടപറയേണ്ടിവരുന്നു. പിന്നീടങ്ങോട്ടുള്ള പത്ത് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യചരിത്രം തന്നെ മാറ്റിയെഴുതപ്പെടുന്നു. അവസാനം, തന്നെ പുറംതള്ളിയ ജന്മനാട് പോലും തന്റെ സന്ദേശം അംഗീകരിക്കുകയും കഅ്ബ എന്ന അവരുടെ ഏറ്റവും പവിത്രമായ തിരുഗേഹം തന്റെ സന്ദേശത്തിന്റെ സിരാകേന്ദ്രമായി പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്യുന്നു.
അതിനിടയില്‍ എത്രയോ ഏറ്റമുട്ടലുകള്‍..എത്രയോ വധശ്രമങ്ങള്‍.. അപായപ്പെടുത്താനുള്ള പദ്ധതികള്‍.. ഓരോന്നിലും അവരുടെ ലക്ഷ്യം പ്രവാചകരായിരുന്നു. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യാനാവാതെ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ച്, അക്കാര്യം ലോകത്തോട് വിളിച്ച് പറഞ്ഞ് തന്റെ നാഥനിലേക്ക് തിരിച്ചുപോവുന്നു.
അതിനകം ആ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞിരുന്നു. അതിന് മുന്നില്‍ യാതൊരു വിധ പരിധികളോ പരിമിതികളോ ഉണ്ടായിരുന്നില്ല. കറുത്തവരും വെളുത്തവരും അവിടെ സമാനരായിരുന്നു, അറബിയും അനറബിയും അന്തരമില്ലായിരുന്നു, തൊഴിലാളിയെയും മുതലാളിയെും അളന്നത് ഒരേ മാപിനി കൊണ്ട് തന്നെ. രാഷ്ട്രങ്ങളും ഭൂഖണ്ഡങ്ങളും ഭേദിച്ച് അത് മുന്നേറിക്കൊണ്ടേയിരുന്നു. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. ആ ജീവിതത്തിന്റെ തിരിയണഞ്ഞ് പതിനാല് നൂറ്റാണ്ടുകള്‍ കടന്ന് പോയിട്ടും ഇന്നും ആ സ്വാധീനം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിലവിലെ ലോക ജനസംഖ്യയുടെ നാലിലൊരുഭാഗം ജനങ്ങള്‍ ആ വിശ്വാസാദര്‍ശങ്ങളാണ് പിന്തുടരുന്നതെന്നത് തന്നെ ആ സ്വാധീനവലയം എത്രമാത്രം മഹത്തരവും അല്ഭുതകരവുമാണെന്നാണല്ലോ വ്യക്തമാക്കുന്നത്.
ആരും അല്ഭുതപ്പെട്ടുപോകുന്ന ജീവചരിത്രം. അതേ അല്‍ഭുതമാണ് മൈകേല്‍ ഹാര്‍ട്ട് തന്റെ വാക്കുകളിലൂടെ ലോകത്തിന് മുന്നില്‍ പ്രകടിപ്പിച്ചത്. മൈകേല്‍ ഹാര്‍ട്ടിന്റെ പട്ടികയില്‍ രണ്ടാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനാണ്. ശാസ്ത്രലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകളും അവയിലൂടെ മനുഷ്യകുലത്തിനുണ്ടായ ഭൌതികമുന്നേറ്റങ്ങളുമാണ് അദ്ദേഹത്തെ തല്‍സ്ഥാനത്തിന് അര്‍ഹനാക്കിയത്. ഒന്നാം സ്ഥാനത്തെത്തിയ പ്രവാചകരും രണ്ടാം സ്ഥാനത്തെത്തിയ ഐസക് ന്യൂട്ടനും തമ്മില്‍ മനുഷ്യചരിത്രത്തെ സ്വാധീനിച്ചതിലുള്ള അന്തരം ഏവര്‍ക്കും സുവ്യക്തവും സംശയങ്ങള്ക്കതീതവുമാണ്. അഥവാ, പ്രവാചകരെ ഇതര മതനേതാക്കളോടോ വിപ്ലവനായകരോടോ തുലനം ചെയ്യുന്നത് പോലും അസ്ഥാനത്താണെന്ന് കൂടി ഈ കൃതി നമ്മോട് പറഞ്ഞ്തരുന്നു.
മാര്ട്ടിന് ലൂഥറും ഗാന്ധിജിയും മണ്ഡേലയുമെല്ലാം മനുഷ്യചരിത്രത്തെ സ്വാധീനിച്ചവര്‍ തന്നെ. എന്നാല്‍, അവരുടെയെല്ലാം സ്വാധീനം ഏതെങ്കിലും ഒരു സമൂഹത്തിലോ ജനതയിലോ രാഷ്ട്രത്തിലോ പരിമിതമായിരുന്നു എന്നതല്ലേ സത്യം. അവരുടെ സ്വാധീനങ്ങള്‍ പലപ്പോഴും നിശ്ചിത കാലപരിധിക്കപ്പുറത്തേക്ക് നീളുന്നില്ലെന്നതും ചരിത്രവസ്തുതയാണ്. അതോടൊപ്പം, അവരിലധികം പേര്‍ക്കുമൊപ്പം നിലകൊള്ളാന്‍ അവരുള്‍ക്കൊള്ളുന്ന സമൂഹം സന്നദ്ധമായിരുന്നു എന്ന് മാത്രമല്ല, തങ്ങളുള്‍ക്കൊള്ളുന്ന ജനതയുടെ മുറവിളികളാണ് അവരെ പലപ്പോഴും നായകത്വപദവിയിലെത്തിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍, പ്രവാചകരുടെ സ്വാധീനത്തിന്റെ ആഴവും പരപ്പും ശതഗുണീഭവിക്കുകയാണ്.
പ്രവാചകരുടെ രൂപമോ ചിത്രമോ അവരെ കണ്ടവര്‍ക്കല്ലാതെ അറിയില്ലെന്നതും പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ലോകചരിത്രത്തെ സ്വാധീനിച്ച ഏശു ക്രിസ്തുവും (ഈസാ-അ) ശ്രീബുദ്ധനുമെല്ലാം ഇന്ന് പലരുടെയും മനസ്സുകളില്‍ ജീവിക്കുന്നത് ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയുമാണ്. എന്നാല്‍ പ്രവാചകരുടെ രൂപമോ ചിത്രമോ എവിടെയും ലഭ്യമല്ല. അഥവാ, അവിടത്തെ സമുന്നതമായ വ്യക്തിത്വമഹിമയും പ്രസാരണം ചെയ്ത ആശയങ്ങളും തന്നെയാണ് ആ സ്വാധീനവലയത്തിന്റെ കേന്ദ്രബിന്ദു എന്നര്‍ത്ഥം.
ചുരുക്കത്തില്‍ പ്രവാചകജന്മം ദൈവനിയോഗം തന്നെയാണെന്ന് ഇത് നമ്മെ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. ആ ജീവിതം മുഴുക്കെയും സര്‍വ്വജ്ഞാനിയായ അല്ലാഹുവിന്റെ പ്രത്യേക ഉദ്ദേശ്യപ്രകാരം മനുഷ്യകുലത്തിന്റെ രക്ഷക്ക് വേണ്ടി വിഭാവനം ചെയ്യപ്പെട്ടതായിരുന്നു. പത്തിലേറെ വിവാഹം കഴിച്ചിട്ടും രണ്ട് പേരിലായി ഏഴ് മക്കളല്ലാതെ ജനിച്ചില്ലെന്നതും ജനിച്ചവരില്‍ തന്നെ, പുരുഷമക്കളെല്ലാം പ്രായപൂര്‍ത്തിയെത്തും മുമ്പെ മരണമടഞ്ഞുവെന്നതും ഫാതിമ(റ) അല്ലാത്ത മൂന്ന് പെണ്മക്കളും പ്രവാചകവിയോഗത്തിന് മുമ്പേ ഈ ലോകത്തോട് വിടപറഞ്ഞതും ജഗന്നിയന്താവിന്റെ നിയതമായ തീരുമാനം തന്നെ. പ്രവാചകരുടെ സന്താന പരമ്പര, ശേഷം വരുന്നവര്‍ക്കായി ബാക്കിയാവേണ്ടത് ആവശ്യമാണെന്നതിനാല്‍ ഫാതിമ (റ) യിലൂടെ അത് സാധിക്കുകയും ചെയ്തു. അതേസമയം, പ്രവാചകരുടെ പേരമക്കളെ ചൊല്ലി ശേഷം മുസ്ലിം സമൂഹത്തിലുണ്ടായ പ്രശ്നങ്ങളും കലാപങ്ങളും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവ ചേര്‍ത്ത് വായിക്കുമ്പോള്‍, പ്രവാചകരുടേതായി ആണ്മക്കള് ബാക്കിയാവാതെ പോയതിലെ യുക്തി ഏവര്‍ക്കും ബോധ്യപ്പെടുന്നതുമാണ്.
ചുരുക്കത്തില്‍, പ്രവാചകജീവിതം കേവലമൊരു യാദൃച്ഛികതയോ കാലഘട്ടത്തിന്റെ സൃഷ്ടിയോ അല്ല. മറിച്ച്, പ്രവാചക ശൃംഖലക്ക് അന്ത്യം കുറിക്കാനായി പടച്ചതമ്പുരാന് പ്രത്യേകം സംവിധാനിച്ച് നിയോഗിച്ചതായിരുന്നു ആ തിരുപ്പിറവി എന്ന് പറയാതെ വയ്യ.
Leave A Comment