കുർബാൻ ബൈറാം : തുർക്കിയിലെ വലിയ പെരുന്നാൾ
കുർബാൻ ബൈറാം എന്നാണ് തുർക്കിയിൽ വലിയ പെരുന്നാൾ അറിയപ്പെടുന്നത്. വളരെയധികം പ്രതീക്ഷയോടെയും ആകാംക്ഷയോടെയും തുർക്കികൾ കാത്തിരിക്കുന്ന സന്തോഷ സുദിനമാണ് കുർബാൻ ബൈറാം. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ ഈ ദിനം അവര്‍ പ്രയോജനപ്പെടുത്തുന്നു. പെരുന്നാൾ പ്രമാണിച്ച് പൊതുമേഖല സ്ഥാപനങ്ങൾ ദീർഘകാല അവധിയിലായിരിക്കും.
"കുർബാൻ ബൈറാമി" എന്ന തുർക്കി വാക്കിന്റെ അർത്ഥം ത്യാഗത്തിന്റെ പെരുന്നാൾ എന്നാണ്. ദാനധർമ്മങ്ങൾ നൽകുക, കുടുംബ സന്ദർശനങ്ങൾ നടത്തുക, ഭക്ഷണവും സമ്മാനങ്ങളും നൽകുക എന്നിവയെല്ലാമാണ് അന്നത്തെ പ്രധാന കർമ്മങ്ങൾ. അല്ലാഹുവിന്റെ കൽപന മാനിച്ച് ഇബ്‍റാഹീം നബി മകനായ ഇസ്മാഈൽ നബിയെ ബലിയറുക്കാൻ സന്നദ്ധനായതിന്റെ ഓര്‍മ്മകളാണ് കുര്‍ബാനിലൂടെ അവര്‍ പുതുക്കുന്നത്. ഉദ്ഹിയത് (ബലികര്‍മ്മം) നടത്തി മാംസം കുടുംബക്കാർക്കും സമൂഹത്തിലെ ദരിദ്രർക്കും വിതരണം ചെയ്യുന്നതില്‍ തുര്‍കികള്‍ വളരെ മുന്‍പന്തിയിലാണ്. അറവിനപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ധാനദർമ്മം ചെയ്യുന്നതിലും പ്രത്യേകം പ്രതിഫലം നൽകപ്പെടുന്ന ദിനമാണെന്നതിനാല്‍ അവയും സാധ്യമാവുന്നവിധം അവര്‍ നിര്‍വ്വഹിക്കുന്നു.
വിശ്വാസിയുടെ ബലി പെരുന്നാൾ
സെക്കർ ബൈറാമി എന്നാണ് ചെറിയ പെരുന്നാളിനെ തുര്‍കികള്‍ വിളിക്കുന്നത്. മധുരങ്ങളുടെ പെരുന്നാൾ എന്നർത്ഥം വരുന്ന പദമാണ് സെക്കർ ബൈറാമി. വിശുദ്ധ റമളാൻ അവസാനിക്കുന്നതോടെയാണ് ചെറിയ പെരുന്നാൾ ആരംഭിക്കുക. പെരുന്നാൾ ദിനത്തിന് അടുത്ത ദിവസം തന്നെ ആറ് നോമ്പ് തുടങ്ങുന്നതിനാൽ ഒരു ദിനം മാത്രമാണ് ചെറിയ പെരുന്നാളിന് ലഭിക്കുക. എന്നാൽ വലിയ പെരുന്നാൾ ദുൽഹിജ്ജ 10ന് തുടങ്ങി ദുൽഹിജ്ജ 11,12, 13 എന്നീ അയ്യാമുതശ്‍രീഖിന്റെ ദിനങ്ങള്‍ കൂടി നീണ്ട് നില്‍ക്കുന്നു.
വലിയ പെരുന്നാളിന്റെ തലേ ദിവസം അറഫാ ദിനമാണ്. അന്ന് വിശ്വാസികൾ നോമ്പ് നോൽക്കുന്ന ദിവസമാണ്. ആളുകൾക്ക് അവരുടെ വീടുകൾ വൃത്തിയാക്കാനും അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങാനുമുള്ള ദിവസമാണത്. നിലവിലെ തുർക്കി കലണ്ടർ അനുസരിച്ച് ജൂൺ 28 ബുധൻ ബയ്‌റാമിന്റെ ആദ്യ ദിനവും ജൂൺ 29 വ്യാഴാഴ്ച രണ്ടാമത്തേതും വെള്ളിയാഴ്ച ജൂൺ 30 മൂന്നാമത്തേതും ജൂലൈ 1 ശനിയാഴ്ച നാലാമത്തെയും അവസാനത്തേതുമായ ദിവസവുമാണ്.
കുർബാൻ ബൈറാമിലെ ആചാരങ്ങൾ
കുടുംബം ബന്ധം സ്ഥാപിക്കുക എന്ന ഇസ്‍ലാമിന്റെ മഹത്തായ അധ്യാപനത്തെ പ്രയോഗവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ വിശ്വാസികളും അന്ന് കുടുംബ സന്ദർശനം നടത്തും. വിദേശരാജ്യത്ത് നിന്ന് മാതൃരാജ്യത്തേക്ക് മടങ്ങലും വേനൽക്കാല അവധി ആസ്വദിക്കലും ഈ ദിനത്തിൽ താരതമ്യേന കൂടുതലാണ്. അക്കാരണത്താൽ ഈ ദിനങ്ങളില്‍ തെരുവുകളില്‍ ജനത്തിരക്ക് കൂടുകയും തുർക്കിയിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടും പ്രയാസവും നിറഞ്ഞതുമായി മാറുന്നു. താമസിക്കാൻ ഇടങ്ങൾ ലഭിക്കുക താരതമ്യേന കുറവായിരിക്കും. അന്നേദിവസം പൊതുഗതാഗത സൗകര്യങ്ങൾ സൗജന്യമായാണ് ജനങ്ങൾക്ക് ലഭ്യമാക്കുക. വിദേശികളെല്ലാം വേനൽ അവധി പ്രമാണിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇതര നാടുകളിലും യാത്ര പോകുന്നത് പെരുന്നാൾ അവധിക്കാണ്.
പെരുന്നാൾ സമയങ്ങളിൽ ധാരാളം വിദേശികള്‍ തുര്‍കി സന്ദര്‍ശിക്കുന്നതിനാല്‍ താമസ സൗകര്യം പരിമിതവും ചെലവ് ഇരട്ടിയുമാകും. തുർക്കിയിലെ അടിസ്ഥാന വസ്തുക്കളടക്കം എല്ലാറ്റിനും അന്ന് വില കൂടുതലായിരിക്കും. റെസ്റ്റോറന്റുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. സാധാരണ അവിടെ നിന്ന് ലഭിക്കുന്ന വിലയേക്കാൾ ഇരട്ടി വിലയാണ് ഭക്ഷണത്തിനും മറ്റ് സാധനങ്ങൾക്കുമായി ഈ ദിനങ്ങളില്‍ ചെലവ് വരുക.
ആഘോഷങ്ങളുടെ ഇരുണ്ട വശം
ആഘോഷത്തില്‍ ആറാടുന്ന ടർക്കിഷ് ജനത റോഡിൽ തിങ്ങി നിറഞ്ഞത് കാരണം ഈ സമയത്ത് വാഹനമോടിക്കുന്നത് അപകടകരമാണ്. നിർഭാഗ്യവശാൽ തെരുവുകളിൽ വർദ്ധിച്ചുവരുന്ന ജനക്കൂട്ടത്തിനൊപ്പം കൂട്ടിയിടിക്കാനുള്ള സാധ്യതകളും ഏറെയാണ്. അതിന്റെ ഭാഗമായി അപകടത്തിൽപെട്ടും അല്ലാതെയും ധാരാളം ആളുകളാണ് മരണപ്പെടാറുള്ളത്.
തിങ്ങിനിറഞ്ഞ വാഹന വ്യൂഹം സൃഷ്ടിക്കുന്ന ഗതാഗത തടസ്സം അവരുടെ യാത്രയെ സാരമായി ബാധിക്കുന്നു. വർദ്ധിച്ചു വരുന്ന ഗതാഗത സഞ്ചാരത്തിന്റെ ഭാഗമായി പ്രകൃതി വേഗം മലിനമാവുകയും ധ്രുതഗതിയിൽ രോഗാണുക്കൾ പകരുകയും രോഗങ്ങൾ പെരുകുകയും ചെയ്യുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കുര്‍ബാന്‍ ബൈറാമി ആഘോഷിക്കുന്നതില്‍ തുര്‍കികള്‍ ഒട്ടും പിന്നോട്ട് പോവാറില്ല.
Leave A Comment