ഖസ്വീദത്തുൽ മുഹമ്മദിയ്യ: അകസാരം പൂണ്ട കാവ്യശകലങ്ങൾ
'മുഹമ്മദ്' എല്ലാവരാലും സ്തുതിക്കപ്പെട്ടവൻ. അഖിലലോകർക്കും മാതൃകയും സൽഗുണ സമ്പന്നനുമായി ഭൂജാതനായ പ്രവാചകന്‍ തിരുനബിയുടെ നാമമാണിത്. ജനിച്ച് ഏഴാം നാൾ അബ്ദുൽ മുത്തലിബ് 'മുഹമ്മദ്' എന്ന പേരിട്ടപ്പോൾ ഒരുപാട് കുലമഹിമ പറയുന്ന പ്രമാണിമാർ വന്ന് എന്തിന് നമ്മുടെ പൂർവികരിൽ ആർക്കും നൽകപ്പെട്ടിട്ടില്ലാത്ത ഈ നാമം നല്കിയെന്ന് അന്വേഷിക്കുന്ന സന്ദർഭമുണ്ട് ചരിത്രത്തിൽ. പുഞ്ചിരി തൂകി പിതാമഹന്‍ അബ്ദുൽ മുത്തലിബ് പറഞ്ഞത് 'അവൻ എല്ലാവരാലും സ്തുതിക്കപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്നായിരുന്നു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന നാമമാണ് മുഹമ്മദ്. അത്രയും പരിശുദ്ധിയും സഹനവും കനിഞ്ഞേകിയ മറ്റൊരു നാമമില്ല. ആ മഹത്വത്തെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള കാവ്യമാണ് സുപ്രസിദ്ധ കവിയും ഖസ്വീദത്തുൽ ബുർദയിലൂടെ മാനവലോകത്തിന്റെ അധരങ്ങളിലേക്ക് പ്രവാചക പ്രകീർത്തനത്തിന്റെ ഈരടികൾ സമ്മാനിച്ച ഇമാം ബൂസ്വീരിയുടെ ഖസ്വീദത്തുൽ മുഹമ്മദിയ്യ.
ശറഫുദ്ധീൻ മുഹമ്മദ് ബ്നു സഈദി ബ്നി ഹമ്മാദിസ്സ്വിൻ ഹാജി അൽ ബൂസ്വീരി അദ്ദിലാസ്വീ എന്നാണ് മുഴുവൻ പേര്. അദ്ദേഹത്തിന്റെ പൂർവീകർ മൊറൊക്കയിൽ നിന്ന് ഈജിപ്തിലെ ബൂസ്വീറയിൽ താമസിച്ചു വന്നവരാണ്. അതിലേക്ക് ചേർത്തിയാണ് ബൂസ്വീരി എന്നു വിളിക്കപ്പെടുന്നത്. ഹിജ്‌റ 608 ശവ്വാൽ മാസം മാതാവിന്റെ നാടായ ദിലാസ്വിലായിരുന്നു ജനനം. ചെറുപ്പത്തിലേ ഖുർആൻ മന:പാഠമാക്കിയ ഇമാം ശേഷം വ്യാകരണവും ഭാഷയും കാവ്യ ശാസ്ത്രവും പഠിച്ചെടുത്തു.
കൈറോയിലെ പ്രാഥമിക പഠനത്തിന്റെ രണ്ടാം ഘട്ടത്തിൽ തന്നെ ഇമാം കാവ്യ രചന ആരംഭിച്ചു. സീറയും ചരിത്രവും പഠിക്കുന്നതിലും പരതുന്നതിലും അതിയായ താല്പര്യം പ്രകടിപ്പിച്ചിരുന്നതിന്റെ ബഹിർസ്ഫുരണങ്ങളായി കവിതകൾ മാറിയെന്നു തന്നെ പറയാവുന്നതാണ്.
കവനകലയുടെ വിസ്മയകരമായ പ്രയോഗം കൊണ്ട് ചരിത്രത്തിൽ ഇടം നേടിയ ഇമാമിന്റെ ഏറെ പ്രസിദ്ധവും ആശിഖിന്റെ മനം കവർന്നതുമായ രചനയാണ് ഖസ്വീദത്തുൽ മുഹമ്മദിയ്യ. 16 വരികളുള്ള കവിതക്ക് ഒരു പ്രത്യേക താളവും ചേലും നമുക്ക് കാണാനാവുന്നതാണ്.
മുഹമ്മദുൻ അഷ്‌റഫുൽ അഅ്റാബി വൽ അജമി...
മുഹമ്മദുൻ ഖൈറു മൻ യംശീ അലാ ഖദമീ...
എന്നു തുടങ്ങുന്ന ഖസ്വീദ ഏതു രീതിയിലും ആലപിക്കാവുന്നരീതിയിലാണ് രചിക്കപ്പെട്ടത്. 'മുഹമ്മദ്' എന്ന പദം കൊണ്ടാണ് എല്ലാ വരികളും തുടങ്ങുന്നത്. അതുപോലെ മീം എന്ന അറബിക് അക്ഷരം കൊണ്ടാണ് എല്ലാ വരികളും അവസാനിക്കുന്നതും. പ്രവാചക വിശേഷണങ്ങളാണ് ഓരോ വരികളുടെയും ഇതിവൃത്തം. സരളമായ വാക്കുകളിലൂടെ ആ തിരു സ്നേഹത്തെ അനുവാചകരിലേക്ക് എത്തിക്കുന്നതിൽ ഇമാം ബൂസ്വീരി (റ) വിജയിച്ചു എന്നുതന്നെ പറയാവുന്നതാണ്. ബുർദയും ഹംസിയ്യയും പോലെ ആഷിഖീങ്ങളുടെ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഭാഗമായി പിൽക്കാലത്ത് ഇതു മാറുകയുണ്ടായി.
സ്നേഹം ഒരു കുളിർ തെന്നലാണ്. ചൂടുപിടിച്ച മനസ്സുകൾക്ക് തിരുനബി സ്നേഹം ഒരു ആശ്വാസവും. ആ ശാന്ത അന്തരീക്ഷത്തിന് മൗലിദുകളുടെയും ഖസ്വീദകളുടെയും ഈരടികൾ മന്ദമാരുതനായി നമ്മെ തഴുകി തലോടും.
'മുഹമ്മദ്' സർവ്വ ദൂതന്മാരിലും അത്യുന്നതനാണ്. 'മുഹമ്മദ്' നല്ല വാക്കുകളുടെയും സത്യങ്ങളുടെയും ഉടയവനാണ്. 'മുഹമ്മദ്' കളങ്കമില്ലാത്ത സ്വഭാവ മഹിമയുടെ ദാതാവാണ്. 'മുഹമ്മദ്' നീതിമാനായ ഭരണാധികാരിയാണ്. 'മുഹമ്മദ്' ആ നാമം സ്മരിക്കൽ നമ്മുടെ ഹൃദയങ്ങൾക്ക് ശമനമാണ്. 'മുഹമ്മദ്' അവരോട് നന്ദിയർപ്പിക്കൽ സമസ്ത ലോകർക്കും ബാധ്യതയാണ്. 'മുഹമ്മദ്' ലോകത്തിന്റെ പ്രഭയും വെളിച്ചവുമാണ്. 'മുഹമ്മദ്' അന്ത്യനാളിലെ ജനങ്ങളുടെ ശുപാർശകനാണ്. ബൂസ്വീരിയുടെ ഓരോ കവിതാശകലങ്ങളും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ളതാണ്. അത് ആ വരികളുടെ ഭാവനയും അർത്ഥതലങ്ങളും വ്യക്തമാക്കിത്തരുന്നു. 'മുഹമ്മദ്' എല്ലാ ദൂതന്മാരുടെയും അവസാനമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഇമാം ബൂസ്വീരി കാവ്യം അവസാനിപ്പിക്കുന്നത്. അറബി ഖസ്വീദയിലെ ഹസ്ജ് വൃത്തത്തിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ചുരുക്കത്തിൽ പ്രവാചകൻ എങ്ങനെയായിരുന്നു എന്ന് ഈ കാവ്യത്തില്‍ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ്, അതിലേറെ ആസ്വദിക്കാവുന്നതും.
Leave A Comment