ആറാം നൂറ്റാണ്ടിലെ പ്രഭാകിരണങ്ങള്‍

ഇബ്‌റാഹീം, ഇസ്മാഈല്‍ എന്നീ പ്രവാചകന്മാരുടെ കാലശേഷം മക്കയുടെ രാജാധികാരം അവരുടെ മക്കളില്‍ നിന്ന് മറ്റ് പല ഗോത്രങ്ങളിലേക്കും വഴിമാറി. പിന്നീട് ഇസ്മാഈല്‍ പരമ്പരയില്‍ പെട്ട മിനായുടെ പുത്രപരമ്പരയിലെ ഖുസയ്യ് ബ്‌നു കിലാബാണ് ഈ അധികാരം തിരിച്ചു പിടിച്ചത്. ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ നയിച്ചിരുന്ന പ്രവാചകന്മാര്‍ക്കു ശേഷവും മക്കയും അതിലെ പരിപാവനമായ കഅ്ബയും ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുകയും ഏകദൈവവിശ്വാസാരാധന നിലനിര്‍ത്തുകയും ചെയ്തിരുന്നു.  കാലപ്രയാണത്തിനനുസരിച്ച് ഈ വിശ്വാസസ്ഥിരതക്ക് കോട്ടം തട്ടിത്തുടങ്ങിയിരുന്നു. 

ഇതിനിടെ ഖുസാഅ ഗോത്രത്തലവനായ 'അംറു ബ്‌നു ലുഹയ്യ്' കൗതുകപ്പുറത്ത് ശാമില്‍ നിന്ന് കൊണ്ട് വന്ന 'ഹുബുലി' നെ പ്രതിഷ്ഠിച്ചതിലൂടെ വിഗ്രഹാരാധനയും അവരുടെ വിശ്വാസത്തില്‍ സ്ഥാനം പിടിക്കുകയും അത് അവരിലെ ഒരു ആചാരവും വിശ്വാസവുമായി വളരുകയും ചെയ്തു. ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും അവര്‍ക്കിടയില്‍ അന്ധമായ വിശ്വാസങ്ങളും ആചാരങ്ങളും വളര്‍ന്ന് കഅ്ബ തന്നെ ബിംബങ്ങളാല്‍ നിറക്കപ്പെട്ടിരുന്നു. ഓരോ ഗോത്രത്തിനും വ്യത്യസ്ത ദൈവങ്ങള്‍ തുടങ്ങി പല കോപ്രായങ്ങളും അവരിലുണ്ടായിരുന്നു. അതോടെ അവര്‌ മറ്റ് നാട്ടുകാരുടെ കണ്ണുകളില്‍ നിസാരരായി മാറി. കളളിനും പെണ്ണിനും അടിമപ്പെട്ട് യുദ്ധ കൊതിയന്മാരായ ഒരു സമുദായമായിട്ടാണ് അവര്‍ അറബികളെ മനസ്സിലാക്കിയിരുന്നത്. മക്കയില്‍ നിന്ന് ഇവര്‍ രണ്ട് തവണ പ്രതിവര്‍ഷം ശാമിലേക്കും യമനിലേക്കും യാത്ര നടത്താറുണ്ടായിരുന്നു. ഇതു തന്നെയായിരുന്നു ഇവരുടെ പ്രധാന ജീവിതമാര്‍ഗ്ഗവും. 

ഇത്തരത്തിലുള്ള ഒരു സമൂഹമാണെങ്കിലും 'കഅ്ബ' എന്ന അല്ലാഹുവിന്റെ ഭവനം അവരുടെ യശസ്സുയര്‍ത്തിയുരുന്നു. അതിന്റെ പരിപാലകരും സംരക്ഷകരും ആയിരുന്നിടത്തോളം കാലം അവര്‍ ലോക രാജ്യങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിനാല്‍ ഒക്കെ തന്നെ ഇതിന്റെ പരിപാലനത്തിനും സംരക്ഷണത്തിനും അവര്‍ താല്‍പര്യം പ്രകടപ്പിച്ചിരുന്നു. ബിംബാരാധനയിലും അനാചാരങ്ങളിലും വിശ്വസിക്കുകയും അതില്‍ മുഴുകുകയും ചെയ്ത ഒരു സമൂഹമായിരുന്നെങ്കിലും ഒരു ബിംബത്തിനും തല കുനിക്കാതെ ജീവച്ച ഒരുപാട് വ്യക്തികള്‍ ആ സമൂഹത്തില്‍ വ്യതിരിക്തരായി. ബിംബാരാധനയും ബഹുദൈവ വിശ്വാസവും തെറ്റാണെന്ന് മനസ്സിലാക്കുകയും അതില്‍ നിന്ന് മാറി നില്‍ക്കുകയും തൗറാത്തിലും ഇഞ്ചീലിലും പറഞ്ഞ ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ ഒരു പ്രവാചകന്‍ വരുമെന്നും ആ നബി ബിംബാരാധനയെല്ലാം തടയുകയും അതില്‍ നിന്ന് സത്യ മതത്തിന്റെ പാന്ഥാവിലേക്ക് അവരെ ആനയിക്കുകയും ചെയ്യുമെന്നവര്‍ വിശ്വസിച്ചു. ഇവര്‍ തങ്ങളുടെ വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുകയും അവര്‍ ചെയ്യുന്നതും വിശ്വസിക്കുന്നതും തെറ്റാണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ആ സമൂഹം വഴി വിട്ട ജിവിതം തുടര്‍ന്നു. ബിംബാരാധനയും മറ്റു അനാചാരങ്ങളും സത്യം അല്ലെന്ന് തിരിച്ചറിയുകയും ആഗതനാകാന്‍ പോകുന്ന നബിക്കു വേണ്ടി കാത്തിരിക്കുകയും ചെയ്ത ഒരുപാട് വ്യക്തിത്വങ്ങള്‍ മക്കയിലുണ്ടായിരുന്നു.

അക്‌സം ബിന്‍ സൈഫി:
ജാഹിലിയ്യ അറബി വംശത്തിലെ തമീം ഗോത്രത്തലവനായ അക്കാലത്തെ അറിയപ്പെട്ട ജ്ഞാനി. നൂറ്റിതൊണ്ണൂറ് വര്‍ഷത്തോളം ഇദ്ദേഹം ജീവിച്ചു. പ്രശസ്ത സാഹിത്യകാരനും അറബി ഭാഷയില്‍ ഏറെ നൈപുണ്യം കൈവരിക്കുകയും ചെയ്ത ഒരാളായിരുന്നു ഇദ്ദേഹം. 'അക്‌സം' എന്നതിന്റെ അര്‍ത്ഥം വലിയ വയറുള്ളയാള്‍ എന്നാണ്. കാരണം, ഇദ്ദേഹം  വണ്ണമുള്ള ശരീരത്തിനുടമയായിരുന്നു. അറബികളുടെ മഹത്വത്തെക്കുറിച്ച് കിസ്‌റയെ അറിയിക്കാന്‍ അയച്ച സംഘത്തില്‍ ഇദ്ദേഹവും ഉള്‍പ്പട്ടിരുന്നു. നബി (സ്വ) മക്കയില്‍ വന്ന വാര്‍ത്തയറിഞ്ഞ് തന്റെ മകന്‍ 'ഖബീസി' നെ നബിയെ കുറിച്ചറിയാന്‍ വേണ്ടി അയക്കുകയും ഇവര്‍ മക്കയില്‍ പോയി തിരിച്ചുവന്നശേഷം ഇദ്ദേഹം തന്റെ ഗോത്രത്തെ ഒരുമിച്ചുകൂട്ടകയും മുഹമ്മദ് നബിയെയും ആ മതത്തിന്റെ സത്യത്തെയും മനസ്സിലാക്കി ബിംബാരാധന വെടിഞ്ഞ് ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ശേഷം ഇദ്ദേഹവും മറ്റു ചില ആളുകളും കൂടി നബിയുടെ അടുത്തേക്ക് ഇസ്‍ലാം മതം സ്വീകരിക്കാന്‍  വേണ്ടി യാത്ര തുടങ്ങി. പക്ഷേ, വഴിയില്‍ വെച്ച് അദ്ദേഹം വഫാത്തായി (ഹിജ്‌റ 9). ഈ വിവരം നബി (സ്വ) അറിയുകയും ചെയ്തു. സൂറത്തുന്നിസാഅ് നൂറാം ആയത്ത് ഇദ്ദേഹത്തെ പറ്റിയാണ് അവതീര്‍ണ്ണമായത് എന്ന് ഒരഭിപ്രായമുണ്ട്
 
സുഫ്‌യാന്‍ ബിന്‍ മുജാശി 
ബനൂ തമീം ഗോത്രത്തില്‍ പെട്ട അറിയപ്പെട്ട ഒരു തത്വജ്ഞാനിയായിരുന്നു സുഫ്‌യാന്‍. ഇദ്ദേഹം ശാമിലേക്കൊരു യാത്ര നടത്തുകയും അവിടെ വെച്ച് ഇദ്ദേഹത്തിന്റെ സാഹിത്യം, ഭാഷാ മികവ് എല്ലാം കണ്ട് അത്ഭുതപ്പെട്ട ഒരു പുരോഹിതന്‍ പേരും നാടുമെല്ലാം അന്വേഷിക്കുകയും അറബികളിലെ 'മുളര്‍' ഗോത്രത്തില്‍ പെട്ട ആളാണ് എന്നറിഞ്ഞപ്പോള്‍ പുരോഹിതന്‍ ഈ അടുത്ത കാലത്ത് മുഹമ്മദ് എന്നു പേരുള്ള ഒരു പ്രവാചകന്‍ നിങ്ങളിലേക്ക് അയക്കപ്പെടും എന്നറിയിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് അദ്ദേഹം തന്റെ മകന് മുഹമ്മദ് എന്ന് നാമകരണം ചെയ്യുക വരെയുണ്ടായി. ഈ മുഹമ്മദ് പിന്നീട് അറബികളുടെ വലിയ തത്ത്വജ്ഞാനിയും സൂക്കു ഉക്കാളിലെ സാഹിത്യ നിപുണനുമായി മാറി.

ബഹീറുല്‍ മുന്‍തസ്വിര്‍ 
ശാമിലെ ഒരു ക്രൈസ്തവ പുരോഹിത  പണ്ഡിതന്‍. ഒരു കച്ചവട യാത്രക്കിടയില്‍ നബി(സ്വ) പിതൃവ്യന്‍ അബൂ ത്വാലിബിന്റെ കൂടെ ഒരിക്കല്‍ ഇദ്ദേഹത്തിന്റെ അടുക്കല്‍ എത്തിചേരുകയുണ്ടായി. നബിയുടെ മുഖവും മറ്റും പ്രവാചകത്വ മുദ്രകളും എല്ലാം കണ്ടപ്പോള്‍ ഇദ്ദേഹം ആശ്ചര്യപ്പെട്ട് അബൂ ത്വാലിബിനോട് പറഞ്ഞു, 'ഈ കുട്ടിയെ ജൂതര്‍ ആരെങ്കിലും കണ്ടിരുന്നുവെങ്കില്‍! ഈ കുട്ടിയെ നിങ്ങള്‍ നന്നായി സൂക്ഷിക്കുക! നബിയുടെ മഹത്വം അദ്ദേഹം അബൂത്വാലിബിനെ അറിയിച്ചു.

ഹബ്‌റ് 
ജൂത പുരോഹിതനായ ഇദ്ദേഹം നബിയുടെ മഹത്വമറിയുന്നവനും നബിയുടെ ആഗമന സമയം അടുത്തു എന്ന് തിരിച്ചറിഞ്ഞ ആളുമായിരുന്നു. മാത്രമല്ല, തന്റെ ഗോത്രമായ 'അബ്ദുല്‍ അശ്ഹലി' നോട് നബിയെ കുറിച്ച് പറയുകയും ചെയ്യുമായിരുന്നു. 

കഅ്ബുല്‍ അഹ്ബാര്‍
യഹൂദി പണ്ഡിതനായിരുന്ന ഇദ്ദേഹം മുസ്‍ലിമാകുന്നതിനുമുമ്പ് പറഞ്ഞു: ഞാന്‍ തൗറാത്തില്‍ ഒരു പ്രവാചകനെ കുറിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ജനനം മക്കയിലായിരിക്കും. ശേഷം ത്വയ്ബയിലേക്ക് പലായണം നടത്തും. അദ്ദേഹത്തിന്റെ അധികാരം ശാമിലും നാമം മുഹമ്മദ് എന്നുമായിരിക്കും. ഇഞ്ചീലില്‍ അദ്ദേഹത്തിന്റെ നാമം അഹ്‌മദ് എന്നാണ്.

അബ്ദുല്ലാഹി ബ്‌നു സലാം
മദീനയിലെ ഒരു ജൂത പുരോഹിതന്‍. ഇദ്ദേഹം പറഞ്ഞു: തൗറാത്തില്‍ ഞാനാ പ്രവാചകന്റെ വിശേഷണങ്ങളറിഞ്ഞു. അദ്ദേഹത്തിന്റെ വരവോടെ ക്രിസ്ത്യന്‍ മതം ഇല്ലാതാക്കപ്പെടും. മദീനാ നിവാസിയായ ഇദ്ദേഹം പിന്നീട് നബിയെ കണ്ട് മുസ്‍ലിമാവുകയും മദീനയിലെ ജൂതരോട് ഇസ്‍ലാമിനെ കുറിച്ചറിയിക്കുകയും അവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. 

വറഖത്തുബ്‌നു നൗഫല്‍ 
മക്കയില്‍ ജീവിച്ചിരുന്ന ചുരുക്കം ചില ക്രിസ്ത്യാനികളി്ല്‍ ഉള്‍പ്പെട്ട, ഖദീജ (റ) യുടെ പിതാവ് ഖുവൈലിദിന്റെ സഹോദരന്‍ നൗഫലിന്റെ മകനായിരുന്ന ക്രിസ്തീയ പുരോഹിതനായിരുന്നു വറഖത്തുബ്‌നു നൗഫല്‍. ഇദ്ദേഹം നേരായ ഇഞ്ചീല്‍ പഠിക്കുകയും നബിയെ കുറിച്ചും നബിയുടെ വിശേഷണങ്ങളെ കുറിച്ചും മനസ്സിലാക്കുകയും ചെയ്തിരുന്നു. ബിംബാരാധനയില്‍ വിട്ട് നിന്ന് ഇന്‍ജീല്‍ നിയമങ്ങളനുസരിച്ചായിരുന്നു അദ്ദേഹം ജീവിച്ചത്. നബി തങ്ങള്‍ ആദ്യമായി ജിബിരീലിനെ കണ്ട ദിവസം, ഖദീജ(റ) സമീപിച്ചത് ഇദ്ദേഹത്തെയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ആ വന്നത് മൂസാ നബിയിലേക്ക് വന്ന മലകല്ലാതെയല്ല'. മുഹമ്മദ് നബി (സ്വ) നബിയാണെന്നറിഞ്ഞപ്പോള്‍ തന്നെ അതില്‍ വളരേയധികം താല്‍പര്യമുള്ള ഒരാളായിരുന്നു ഇദ്ദേഹം. 

ഇതു പോലെ സൈദ് ബിന്‍ അംറ് ബിന്‍ നുഫൈല്‍,  വഹബ് ബ്‌നു മനിയ്യ തുടങ്ങിയ വേറെയും മുന്‍വേദ പണ്ഡിതരെ കാണാവുന്നതാണ്. ലോകത്ത് മുഴുവന്‍ അവിശ്വാസങ്ങളും അനാചാരങ്ങളുമാണെന്ന്  പറയുമ്പോഴും ഇത്തരത്തിലുള്ള ചില അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ എന്നുമുണ്ടായിരുന്നു. കാലത്തിന് ഒരിക്കലും മായ്ക്കാനാകാത്ത പണ്ഡിതര്‍. ഇരുട്ട് എത്ര വ്യാപിച്ചാലും വെളിച്ചത്തിന്റെ ചെറുകണികകളായി സമൂഹത്തില്‍ എന്നും നിലകൊണ്ടവര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter