ഖസ്വീദതുൽ വിത്‍രിയ്യ: പ്രവാചകാനുരാഗം അണപൊട്ടിയ കാവ്യം
തീവ്രമായ തിരുനബി പ്രണയത്തില്‍ കുരുത്ത സാഹിത്യതല്ലജങ്ങള്‍ അനവധിയാണ്. ലോകത്തെ എല്ലാ ഭാഷകളിലും പദ്യമായും ഗദ്യമായും ഇത് പരന്ന് കിടക്കുന്നുണ്ട്. ഈ മേഖലയില്‍ ഏറെ പ്രശസ്തമായ കൃതിയാണ്, മുഹമ്മദ് ബിൻ അബീബക്കർ റഷീദുൽ ബഗ്ദാദിയുടെ ഖസ്വീദതുൽ വിത്‍രിയ്യ.
അബൂ അബ്ദുല്ലാ മുഹമ്മദ് ബിനു മുഹമ്മദ് ബിനു അബീബക്കർ ഇബ്നു റഷീദ് അൽ ബഗ്ദാദി എന്നാണ് മുഴുവൻ നാമം. ഹിജ്റ 622 ൽ വഫാത്തായ റഷീദുൽ ബാഗ്ദാദി ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതനും വാഗ്മിയും കവിയുമായിരുന്നു. യൂസുഫ് നബ്ഹാനി(റ) അദ്ദേഹത്തെ സംബന്ധിച്ച് മജ്മൂഇൽ ഖസ്വീദതുൽ വിത്‍രിയ്യയുമായി ബന്ധപ്പെട്ട ഒരു സംഭവം ഉദ്ധരിക്കുന്നത് കാണാം. റശീദുൽ ബഗ്ദാദി(റ) പറയുന്നു: ഖസീദതുൽ വിത്‍രിയ്യ എഴുതി എഡിറ്റു ചെയ്ത് തീർത്ത രാ ത്രിയിൽ ഞാൻ നബി തങ്ങളെ സ്വപ്നത്തിൽ കണ്ടു. അവിടുത്തെ കയ്യിൽ ഞാൻ രചിച്ച ഖസീദയുണ്ടായിരുന്നു. നബിയോടു കൂടെ ഒരു സംഘം സ്വഹാബാ ക്കളുമുണ്ടായിരുന്നു. അതിൽ അബൂബകർ(റ)നെ മാത്രമേ ഞാന്‍ തിരിച്ചറിഞ്ഞുള്ളൂ. എന്നെ കണ്ടപ്പോൾ സന്തോഷത്തോടെ നബി തങ്ങൾ എന്റെ അടുത്തേക്ക് വന്നു. ശേഷം കയ്യിലുണ്ടായിരുന്ന ആ പതിപ്പ് സ്വഹാബാക്കാൾക്ക് കൊടുത്തു. ആദ്യം നൽകിയത് അബൂബക്കർ സിദ്ദീഖ് തങ്ങൾക്കായിരുന്നു. എന്നിട്ട് നബി തങ്ങൾ അവരോട് പറഞ്ഞു. എത്ര മനോഹരമായാണ് എന്നെ മദ്ഹ് ചെയ്തിരിക്കുന്നത് എന്ന് നോക്കൂ.
ഇതു കേട്ടതോടെ ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നു. ഈ സംഭവം നടന്നത് ഹിജ്റ 652 ലാണ്. അന്ന് ഞാൻ മറാക്കിശ് എന്ന പ്രദേശത്തായിരിരുന്നു. പിന്നീട് ഏകദേശം മൂന്നു വർഷമായപ്പോൾ ഞാൻ ഖസീദതുൽ വിത്‍രിയ്യ ഒന്നു കൂടെ എഡിറ്റ് ചെയ്യുകയും ഭംഗിയാക്കുകയും അതിൽ കുറച്ച് കൂടി അമാനുഷികതകൾ കുട്ടിച്ചേർക്കുകയും ചെയ്തു. ഒരു രാത്രി ഞാൻ 'മീം' എന്ന അക്ഷരത്തിലെഴുതിയ വരികൾ എഡിറ്റു ചെയ്തു കൊണ്ടിരിക്കുമ്പോൾ നബി തങ്ങളുടെ മിഅ്റാജിനെ കുറിച്ചുള്ള ഭാഗമെത്തി. ഈ ഖസീദയിൽ ധാരാളം സ്ഥലത്ത് ഞാൻ മിഅ്റാജിനെ കുറിച്ച് പ്രതിപാദിച്ചിരുന്നു. പക്ഷേ പ്രവാചകരും ജിബ്‍രീല്‍(അ)മും ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ അവിടേക്ക് എനിക്ക് യാത്ര ചെയ്യാൻ അനുവാദമില്ലെന്ന് ജിബ്‍രീൽ പറഞ്ഞ സംഭവം ഞാൻ ഖസ്വീദയിൽ പ്രതിപാദിച്ചിട്ടില്ലായിരുന്നു. ഈ സംഭവം നാലു വരികളിലായി ഞാനതിൽ കൂട്ടിച്ചേർത്തു. ശേഷം കിടന്നുറങ്ങിയപ്പോൾ തിരു ദൂതരെ സ്വപ്നത്തിൽ കണ്ടു. അവിടുത്തെ ചൂണ്ടു വിരലിലേക്ക് ചൂണ്ടിക്കൊണ്ട് നബി തങ്ങൾ എന്നോട് പറഞ്ഞു: നിങ്ങളുടെ കുടുംബത്തിനും ഭാര്യക്കും സേവകനും മുഴുവൻ അനുയായികൾക്കും വേണ്ടിയുള്ള എന്റെ ശഫാഅത്ത് അല്ലാഹു സ്വീകരിച്ചിരിക്കുന്നു. ഇതുകേട്ട ഞാൻ സന്തോഷത്തോടെ ഉറക്കിൽ നിന്നുണർന്നു പോയി.
ഖസ്വീദതുൽ വിത്‍രിയ്യയുടെ മഹത്വം മനസ്സിലാക്കാന്‍ ഇതിലപ്പുറം വേണ്ടതില്ലല്ലോ. അറബി അക്ഷരമാലയിലെ 29 അക്ഷരങ്ങളിലും ആരംഭിച്ചു അതേ അക്ഷരത്തിൽ തന്നെ അവസാനിക്കുന്ന അത്യപൂര്‍വ്വമായ കാവ്യ ശൈലിയാണ് ഇതിന്റെ പ്രത്യേകത. മീം അല്ലാത്ത അക്ഷരത്തിൽ 21 വരികളും മീമിൽ 22 വരികളുമാണുള്ളത്. അങ്ങനെ ആകെ 610 വരികളാണ് വിത്‍രിയ്യയിലുള്ളത്. 'മുഹമ്മദ്' എന്ന തിരുനാമത്തിന്റെ ആദ്യാക്ഷരമെന്ന സവിശേഷത കണക്കിലെടുത്താണ് ഈ വർദ്ധനവ്. അകമിൽ വിങ്ങുന്ന ഇശ്ഖിന്റെ സീമകൾ ഭേദിച്ചുകൊണ്ടുള്ള പ്രവാഹമാണ് ഓരോ വരികളിലും. മദീനയിലണയാൻ കഴിയാത്തതിന്റെ വേപഥുവാണ് രചനക്ക് നിദാനം. ആ വേദനയുടെ സമസ്ത തലങ്ങളും കവിതയിലെ ഓരോ വരികളിലൂടെയും കവി പറയാൻ ശ്രമിക്കുന്നുണ്ട്. ഹൃദയം തകർന്നുള്ള ഒരു ആശിഖിന്റെ മനോവിഷമമായി നമുക്ക് ഇതിനെ മനസ്സിലാക്കാവുന്നതാണ്.
അറബി കാവ്യശാസ്ത്രത്തിലെ പ്രസിദ്ധമായ കാവ്യവൃത്തങ്ങളിലെ 'ത്വവീൽ' എന്നതിലാണ് ഖസ്വീദതുൽ വിത്‍രിയ്യ വിരചിതമായിട്ടുള്ളത്. പ്രകീർത്തന കാവ്യമായി ലോകത്ത് ഇത് ചിരപ്രതിഷ്ഠ നേടിയത് പല നാമങ്ങളിലുമായാണ്. 'അൽ വിത്‍രിയ്യാത് ഫീ മദ്ഹി അഫ്ളലിൽ കാഇനാത്ത്', 'അൽ ഖസാഇദുൽ വിത്‍രിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ','അൽ വിത്‍രിയ്യ ഫീ മദ്ഹി അഫ്ളലിൽ മഖ്ലൂലാത്ത് ','മഅ്ദിനുൽ ഇഫാളാത്ത് ഫീ മദ്ഹി അശ്റഫിൽ കാഇനാത്ത്' എന്നിവയാണ് പ്രധാന നാമങ്ങള്‍.
നബി വർണ്ണനകൾ എല്ലാം ഓരോ അക്ഷരങ്ങൾക്ക് കീഴിൽ വ്യത്യസ്ത രീതിയിലാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, അധിക ഖാഫിയകളുടെയും അവസാനത്തിൽ നബിയോടുള്ള സഹായ അഭ്യർത്ഥനയും ശുപാർശയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടെ അവിടുത്തെ മദ്ഹുകൾ പാടി പറയുന്നതിലൂടെ അന്ത്യനാളിലെ വിജയത്തെ ചോദിക്കുകയും ശഫാഅത്തിനെ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്റെ ആത്മാവിന്റെ രോഗശമനത്തിന് തിരുനബി പ്രകീർത്തനം മാത്രമാണ് പരിഹാരമെന്നും റഷീദുൽ ബഗ്ദാദി പറയുന്നുണ്ട്.
ഉസല്ലി സ്വലാത്തൻ തംലഉൽ അർള വസ്സമാ...
അലാ മൻ ലഹു അഅ്‍ലൽ ഉലാ മുതബവ്വഊ...
അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമായ അലിഫില്‍ തുടങ്ങുന്ന ഇതിലെ വരികളെല്ലാം അറബി അന്ത്യാക്ഷരി മത്സരാർത്ഥികളുടെ അവലംബം കൂടിയാണ്. പ്രവാചകാനുരാഗം പ്രമേയമാക്കി രചിക്കപ്പെട്ട എണ്ണിയാലൊടുങ്ങാത്ത അനേകം കാവ്യങ്ങളിൽ ഇടംപിടിച്ച ഖസ്വീദതുൽ വിത്‍രിയ്യ വിശുദ്ധ റമദാനിലെ വിത്ർ നിസ്കാര ശേഷം കൂട്ടമായിരുന്ന് ആലപിക്കുന്ന പല പള്ളികളും ആദ്യകാലത്ത് കേരളത്തിൽ ഉണ്ടായിരുന്നു.
മുത്ത് നബിയെ വർണിക്കുവാൻ നാവുകൾ അശക്തം...
മുങ്ങാങ്കുഴിയിടുന്നവർക്ക് ആഴമളക്കാനാവാത്ത അലയാഴി പോലെ...
തീരമില്ലാ കടലുപോലെ കിടപ്പൂ പ്രവാചകപ്പെരുമ...
ഖസ്വീദതുൽ ഹംസിയ്യയിൽ ഇമാം ബൂസ്വീരി എഴുതിയ ഈ വരികളെ വീണ്ടും വീണ്ടും അന്വര്‍ത്ഥമാക്കുകയാണ് ബഗ്ദാദിയുടെ ഖസീദതുല്‍ വിത്‍രിയ്യയും.
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:
Leave A Comment