വിശേഷങ്ങളുടെ ഖുർആൻ:( 3)  നബിവചനങ്ങളിലൂടെ വിശുദ്ധ ഖുർആൻ 

നബിവചനങ്ങളിലൂടെ വിശുദ്ധ ഖുർആൻ 

സർവലോക സ്രഷ്ടാവും സംരക്ഷനുമായ അല്ലാഹു ജിബ്രീൽ മാലാഖ മുഖേന അന്ത്യപ്രവാചകരായ മുഹമ്മദ് നബി (സ)ക്ക് അവതരിപ്പിച്ചു നൽകിയ വേദഗ്രന്ഥമാണല്ലോ വിശുദ്ധ ഖുർആൻ. ഖുർആനിലെ ഓരോ വരികളും ലോകം കേൾക്കുന്നത് അന്ത്യപ്രവാചകരിലൂടെയാണ്. പക്ഷെ, അതിൽ അവിടന്ന് സ്വന്തം നിലയ്ക്ക് ഒരക്ഷരം പോലും കടത്തിക്കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന വസ്തുത ചരിത്രപരമായി സ്ഥിരപ്പെട്ട കാര്യമാണ്. 

പ്രവാചക ശ്രേഷ്ഠർ കേൾപ്പിച്ച വേറെയും ചില ദൈവിക വചനങ്ങളുണ്ട്. അവയുടെ ആശയങ്ങൾ ദൈവികമാണെങ്കിലും വാചകങ്ങൾ തിരുനബിയുടേതാണ്. അവ ഖുർആനിൻ്റെ ഭാഗമല്ല. ജനങ്ങൾ പാരായണം ചെയ്യുന്ന മുസ്ഹഫിൽ അവ സ്ഥാനം പിടിച്ചിട്ടുമില്ല. ഖുദ്സിയായ ഹദീസുകൾ എന്നാണ് അവ അറിയപ്പെടുന്നത്. മറ്റു നബി വചനങ്ങളുടെ  കൂടെ ഹദീസ് ഗ്രന്ഥങ്ങളിലാണ് അവയുടെ സ്ഥാനം.

എന്നാൽ പ്രവാചക ശ്രേഷ്ഠർ സ്വന്തം നിലയ്ക്ക് പറഞ്ഞതോ ചെയ്തതോ പ്രവാചക സവിധത്തിൽ മറ്റൊരാൾ ചെയ്തതിനെ പ്രവാചകർ അംഗീകരിച്ചതോ ആയ കാര്യങ്ങളാണ് ഹദീസുകൾ ( നബിവചനങ്ങൾ ) എന്ന പേരിൽ അറിയപ്പെടുന്നത്. പൊതുവായി തിരുനബി സ്വന്തം നിലയ്ക്ക് ഒന്നും പറയാറില്ല. ദൈവിക സന്ദേശങ്ങളുടെ ചുവട് പിടിച്ചാണ് തിരുനബിയുടെ വാക്കും പ്രവർത്തിയും. അതിനാൽ സ്വന്തം നിലയ്ക്ക് പറഞ്ഞതാണെങ്കിലും മറ്റുള്ളവരെ പോലെ 'സ്വന്തം നിലയ്ക്കെ'ന്ന് ധരിക്കരുത്. 

ഇനി ഖുർആനെ പറ്റി നബി വചനങ്ങൾ എന്ത് പറയുന്നുവെന്ന് നോക്കാം. ഖുർആനിൻ്റെ മഹത്വവും പ്രാധാന്യവും അതിനെ സ്വീകരിക്കുന്നതിൻ്റെയും പാരായണം ചെയ്യുന്നതിൻ്റെയും മര്യാദകളും പുണ്യങ്ങളുമൊക്കെയാണ് പ്രധാനമായും നബി വചനങ്ങളിൽ കണ്ടെത്താൻ കഴിയുക. ഖുർആനിക വചനങ്ങൾ എന്താണെന്നും 
എന്തിനാണെന്നും ഖുർആൻ തന്നെ വ്യക്തമാക്കിയതിനാൽ നബി വചനങ്ങളിലൂടെ മറ്റു വശങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും നമുക്ക് കരണീയം.

Also Read:വിശേഷങ്ങളുടെ ഖുർആൻ: 1

ആദ്യമായി ഖുർആനിൻ്റെ പ്രസക്തിയും പ്രധാന്യവും ഊന്നിപ്പറയും വിധം തിരുനബി അരുളിയ വാക്യം തന്നെയെടുക്കാം. മാലിക് ബിൻ അനസ് (റഹി) മുവത്വയിൽ ഉദ്ധരിച്ച ഒരു ഹദീസിൻ്റെ സാരം കാണുക: "ഞാൻ നിങ്ങളിൽ രണ്ട് കാര്യങ്ങൾ ഉപേക്ഷിച്ചു പോകുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചു പോകില്ല. അല്ലാഹുവിൻ്റെ ഗ്രന്ഥവും എൻ്റെ ചര്യകളുമാണവ." ഒരു വിശ്വാസിയുടെ മതകീയ ജീവിതത്തിൻ്റെ അസ്തിവാരം ഈ രണ്ട് ഘടകങ്ങളിലാണെന്ന് നബി വചനം വ്യക്തമാക്കുന്നു. ഖുർആനെ അവഗണിച്ചോ തിരസ്കരിച്ചോ ഒരു വിശ്വാസിക്ക് ജീവിതം മുന്നോട്ടു കൊണ്ട് പോകാനാവില്ലെന്നർത്ഥം. 

സ്വഹാബി പ്രമുഖനായ മുആദ് ബ്നി ജബലി (റ)നെ യമനിലേക്ക് ഗവർണരാക്കി അയക്കുന്ന വേളയിൽ തിരുദൂതർ ചോദിച്ചു.

 'മുആദേ, നിനക്ക് അവിടെ വല്ല കേസിലും വിധി നൽകേണ്ടി വന്നാൽ നീ എന്ത് ചെയ്യും? '
 
 'ഞാൻ ദൈവികഗ്രന്ഥത്തിൻ്റെ അടിസ്ഥാനത്തിൽ വിധിക്കും' - മുആദ് (റ) പ്രതികരിച്ചു. 
 
അതിൽ നിന്ന് ഒന്നും ലഭ്യമായില്ലെങ്കിലോ എന്നായി റസൂൽ. 

'ഞാൻ റസൂലുല്ലാഹിയുടെ ചര്യ അവലംബിക്കും.'

അതിലും ലഭിച്ചില്ലെങ്കിലോ? മുആദിൻ്റെ മറുപടി. 'ഞാൻ വിചിന്തനം ചെയ്തു വിധി കണ്ടെത്തും.'

ഇത് കേട്ട തിരുദൂതർക്ക് സന്തോഷമായി. 'ദൈവദൂതൻ്റെ ദൂതന് ദൈവദൂതന് ഇഷ്ടപ്പെടുന്ന നിലപാട് സ്വീകരിക്കാൻ തൗഫീഖ് നൽകിയ അല്ലാഹുവിന് സ്തുതി.'

അവിടന്ന് പ്രതികരിച്ചു.

ഈ നബി വചനവും ഖുർആനിൻ്റെ പ്രസക്തിയും പ്രാമുഖ്യവും വിളംബരപ്പെടുത്തുന്നു. 

മൂന്നാം ഖലീഫ ഉസ്മാൻ(റ) ഉദ്ധരിച്ച ഒരു ഹദീസ് പ്രസിദ്ധമാണ്. നിങ്ങളിൽ ഉത്തമൻ ഖുർ ആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.( ബുഖാരി) 
ഖുർആൻ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമാണ് നൻമ കാംക്ഷിക്കുന്നവർ കൂടുതൽ ഊന്നൽ നൽകേണ്ടതെന്ന സന്ദേശമാണീ വചനം നൽകുന്നത്. നാലാം ഖലീഫ അലി ( റ ) യിൽ നിന്ന് ഇമാം തുർമുദി ഉദ്ധരിച്ച സാമാന്യം നീണ്ട ഒരു ഹദീസ്  കൂടുതൽ ആഴത്തിലും വസ്തുനിഷ്ഠമായും ഖുർആനെ പരിചയപ്പെടുത്തുന്നു. തിരു നബി അലി (റ) യോട് പറഞ്ഞു - 'വലിയ കുഴപ്പം വരാൻ പോകുന്നു.'

'അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും തിരുദൂതരേ?' അലി (റ) ചോദിച്ചു.

 'ദൈവിക ഗ്രന്ഥത്തിലൂടെ.' 
 
തിരുനബി തുടർന്നു - "അതിൽ കഴിഞ്ഞു പോയവരുടെ വർത്തമാനമുണ്ട്. നിങ്ങൾക്കിടയിലെ തീർപ്പുണ്ട്. ശേഷം വരാൻ പോകുന്നവരുടെ വിശേഷമുണ്ട്. ഇത് തീർപ്പാണ്. തമാശയല്ല. അതിനെ അഹങ്കാരം കാരണം ഉപേക്ഷിച്ചാൽ നാഥൻ അവനെ തകർക്കും. അതിലൂടെയല്ലാതെ സൻമാർഗം തിരഞ്ഞാൽ അല്ലാഹു അവനെ പിഴപ്പിക്കും. അത് അല്ലാഹുവിൻ്റെ ബലിഷ്ഠ പാശമാണ്. ദാർശനിക സ്മൃതിയാണ്. ഋജു പാതയാണ്." 

Also Read:വിശേഷങ്ങളുടെ ഖുർആൻ (2): ഖുർആൻ ഖു‌ർആൻ്റെ ദൃഷ്ടിയിൽ

"അതിൽ നാവുകൾ കുഴഞ്ഞു പോകില്ല. ദേഹേച്ഛകൾ അത് വഴി പിഴക്കില്ല. ആവർത്തനപ്പെരുപ്പത്തിൽ അത് ദ്രവിച്ചു പോകില്ല. പഠിതാക്കൾക്ക് അത് ഭുജിച്ച് വയർ നിറയില്ല. അതിൻ്റെ അതൃപ്പങ്ങൾക്ക് അറ്റമില്ല. ജിന്നുകൾക്ക് പോലും അത് കേട്ടപ്പോൾ പറയേണ്ടി വന്നു - 'ഞങ്ങൾ ഒരൽഭുത ഖുർആൻ കേട്ടു.' അതിലൂടെ പറഞ്ഞവൻ സത്യം പറഞ്ഞു. അത് കൊണ്ട് വിധിച്ചവൻ നീതി പാലിച്ചു. അതിനെ മുറുകെ പിടിച്ചവൻ ചൊവ്വായ പാതയിലേക്ക് ചേർക്കപ്പെട്ടു."

ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് പ്രത്യേകം ഒരു ചർച്ച വരുന്നതിനാൽ അത് മാറ്റി വയ്ക്കുന്നു. എന്നാൽ ഖുർആനുമായുള്ള ബന്ധത്തെ സാധാരണക്കാർക്ക് കൃത്യമായി അടയാളപ്പെടുത്തുന്ന ഉദാഹരണ സഹിതം തിരുനബി വിവരിച്ചത് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. അബൂമൂസൽ അശ് അരിയിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസ് കാണുക: 

''ഖുർആൻ പാരായണം ചെയ്യുന്ന വിശ്വാസിയുടെ ഉപമ ഓറഞ്ചാണ്. നല്ല മണം, നല്ല രുചി. ഖുർആൻ പാരായണം ശീലമാക്കാത്ത വിശ്വാസി കാരക്കപോലെയാണ്. മണമില്ല, എന്നാലും നല്ല രുചി. ഖുർആൻ ശീലമാക്കിയ കപട വിശ്വാസി റൈഹാൻ പുഷ്പം പോലെയാണ്. കാണാൻ ചന്തമുണ്ടാകും. പക്ഷെ, രുചിയില്ല. എന്നാൽ ഖുർആൻ പാരായണം ചെയ്യാത്ത കപട വിശ്വാസി ആട്ടങ്ങ പോലെയാണ്. മണവുമില്ല, രുചിയുമില്ല.( ബുഖാരി). 

(കടപ്പാട് ചന്ദ്രിക ദിനപ്പത്രം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter