റബീഅ് - ഹൃദയ വസന്തം 03. എല്ലാം ക്രോഡീകരിക്കപ്പെട്ട തിരുജീവിതം

ഹദീസുകള്‍ എന്നത് ഇസ്‍ലാമിക ലോകത്തിന്റെ അടിസ്ഥാനമാണ്. പ്രവാചക ജീവിതത്തിലെ സംസാരങ്ങളും പ്രവൃത്തികളും മൗനാനുവാദങ്ങളുമാണ് അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇസ്‍ലാമിക ലോകത്ത് ശേഷം വളര്‍ന്നുവികസിച്ച വിജ്ഞാന ശാഖകളുടെയെല്ലാം അടിസ്ഥാനം വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായി പരിഗണിക്കപ്പെടുന്ന തിരുഹദീസുകളുമാണ്.
ഒരു മനുഷ്യന്റെ ജീവിതം എടുത്ത് നോക്കിയാല്‍ ഓരോ ദിവസവും അയാള്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം ക്രോഡീകരിക്കുക എന്നത് എത്രമേല്‍ വലിയ പ്രയത്നമാണ്, പലപ്പോഴും അസംഭവ്യം എന്ന് തന്നെ പറയാം. എന്നാല്‍ പ്രവാചകരുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായി ക്രോഡീകരിക്കപ്പെട്ടുവെന്ന് മാത്രമല്ല, അവ തന്നെ സ്വന്തമായ ഒരു വിജ്ഞാന ശാഖയായി വികസിതമായി. അതിലുപരി, അവയുടെ നിവേദന രീതിയും അതിലെ മാനദണ്ഡങ്ങളും പ്രതിപാദിക്കുന്ന മറ്റൊരു വിജ്ഞാന ശാഖ പോലും, ഉലൂമുല്‍ ഹദീസ് എന്ന പേരില്‍ വളര്‍ന്നുവന്നു. അവ ഓരോന്നിലും രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ക്കും അവക്ക് തീര്‍ത്ത വിശദീകരണങ്ങള്‍ക്കും കൈയ്യും കണക്കുമില്ല. ഗ്രന്ഥങ്ങളുടെ ക്രോഡീകരണ രീതിയും അവതരണ ശൈലിയും അടിസ്ഥാനമാക്കി, അവയെ വിവിധ ഇനങ്ങളാക്കിയാണ് മുസ്‍ലിം ലോകം കൈകാര്യം ചെയ്തത്. 

Read More:നബിതങ്ങളുടെ ശരീരപ്രകൃതി- ഭാഗം3
ഈ ഗ്രന്ഥങ്ങളെല്ലാം കേവലം രചിക്കപ്പെട്ടു എന്നതിലുപരി ആ ഹദീസുകളെല്ലാം മനപ്പാഠമാക്കുന്നതും ഇസ്‍ലാമിക ലോകത്ത് ഏറെ ആവേശത്തോടെയാണ്. ഗ്രന്ഥങ്ങളായി ക്രോഡീകരിക്കപ്പെടുന്നതിന് മുമ്പ് അവയെല്ലാം മനസ്സുകളിലായിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നത്. ലക്ഷക്കണക്കിന് ഹദീസുകള്‍ മനപ്പാഠമുണ്ടായിരുന്നവര്‍ ചരിത്രത്തില്‍ അനവധിയാണ്. മനപ്പാഠമുള്ള ഹദീസുകളുടെ എണ്ണത്തിനനുസരിച്ച് വിവിധ സ്ഥാനപ്പേരുകള്‍ വരെ നല്കപ്പെട്ടു.
ഓര്‍ക്കുംതോറും അല്‍ഭുതം എന്നല്ലാതെ എന്ത് പറയാന്‍. ഇത്തരത്തില്‍ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും വാക്കുകളും പ്രവൃത്തികളും ചലനനിശ്ചലതകളും വാക്കുകള്‍ക്കിടയിലെ ആംഗ്യങ്ങളും പുഞ്ചിരികളും മുഖഭാവങ്ങളും വരെ വളരെ കൃത്യമായി ക്രോഡീകരിക്കപ്പെട്ട വേറെ ആരാണുള്ളത്. ആരുമില്ലെന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്. അഥവാ, ഇതെല്ലാം കൃത്യമായി സംവിധാനിക്കപ്പെട്ട ജീവിതമാണെന്നതിന്റെ തെളിവ് തന്നെ. അവസാനദിനം വരെ വരാനിരിക്കുന്നവര്‍ക്ക് മുഴുവനും മാതൃകയെന്നോണം നിയോഗിക്കപ്പെട്ടു എന്നത് കൊണ്ട് തന്നെ, ആ തിരുജീവിതം അന്ത്യനാള്‍ വരെ സംശയലേശമന്യേ ക്രോഡീകരിക്കപ്പെടേണ്ടതുണ്ടല്ലോ. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതും. അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter