റബീഅ് - ഹൃദയ വസന്തം 10. ഏകനായി തുടങ്ങി... അനേകനായി അവസാന നാള്‍വരെ

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ വായിക്കണമെന്ന് പ്രവാചകര്‍)സ്വ)ക്ക് ദിവ്യസന്ദേശം അവതരിക്കാന്‍ തുടങ്ങിയത് ചരിത്രത്തിന്റെ ഭാഗമാണ്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, ഈ ഭാരിച്ച ഉത്തരവാദിത്തം തനിക്ക് വഹിക്കാനാവുമോ എന്ന ചിന്തയോടെ ആശങ്കാകുലനായി വീട്ടില്‍ തിരിച്ചെത്തി പുതച്ച് മൂടിക്കിടക്കുന്ന പ്രവാചകനെ ചരിത്രത്തില്‍ നമുക്ക് കാണാം. ആരോരുമില്ലാതെ ഏകനായുള്ള ഒരു തുടക്കം എന്ന് പറയാം. 

സാധാരണ ഗതിയില്‍ സമൂഹത്തിന്റെ പരിവര്‍ത്തന നായകരും നേതാക്കളും പിറവിയെടുക്കുന്നത് പോലെ, സമൂഹത്തില്‍ വരേണ്ട മാറ്റങ്ങളെ കുറിച്ച് ഇതിന് മുമ്പ് അവിടുന്ന് ഒരാളോട് പോലും സംസാരിച്ചിട്ടുപോലുമില്ല. സമൂഹത്തില്‍ നടമാടിയിരുന്ന ച്യുതികളില്‍നിന്നെല്ലാം അകന്ന് ചിന്താനിമഗ്നനായി ഹിറാ ഗുഹയില്‍ വിശുദ്ധ കഅ്ബയെ നോക്കി ഇടക്ക് ഇരിക്കാറുണ്ടായിരുന്നു എന്ന് മാത്രം.

ആ തുടക്കം അല്ലാഹുവിന്റെ കല്‍പന പ്രകാരവും നിര്‍ദ്ദേശപ്രകാരവുമല്ലായിരുന്നുവെങ്കില്‍, അതിന്റെ പരിസമാപ്തി ഒരിക്കലും ശേഷം ലോകം കണ്ടത് പോലെ ആകുമായിരുന്നില്ല. ഇരുപത്തിമൂന്ന് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ, ലോകാവസാനം വരെ, ഭൂമിയുടെ ഏത് കോണിലും അനുയായികളുള്ള വലിയൊരു വിപ്ലവം സാധ്യമാവുമായിരുന്നില്ല. വിടപറയേണ്ടിവന്ന ജന്മനാട് തന്നെ ശേഷം ആ ആദര്‍ശത്തിന്റെ സിരാകേന്ദ്രമായി മാറുമായിരുന്നില്ല. ആദ്യപതിമൂന്ന് വര്‍ഷം അണികളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റമൊന്നും പ്രകടമാവാതിരുന്നശേഷം, പിന്നീടുള്ള പത്ത് വര്‍ഷം ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമായിരുന്നില്ല. 

ഒരു ചിത്രമോ ആ തിരുവദനത്തിന്റെ ഒരു ഭാവനാരൂപമോ പോലുമില്ലാതെ, ആ ജന്മം കഴിഞ്ഞ് പതിനഞ്ച് നൂറ്റാണ്ട് പിന്നിടുമ്പോഴും ഭൂമിയില്‍ നിവസിക്കുന്നവരുടെ നാലിലൊന്നും തന്റെ അനുയായികളായി നില കൊള്ളുന്നതും ദൈനംദിനം ഇന്നും അവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും അല്‍ഭുതമെന്നല്ലാതെ എന്ത് പറയാന്‍. എല്ലാം നിയോഗിച്ചയച്ച ജഗന്നിയന്താവിന്റെ തീരുമാനങ്ങള്‍ തന്നെ. അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter