റബീഅ് - ഹൃദയ വസന്തം 09. പലായനം ചെയ്യേണ്ടിവന്ന നാട്ടിലേക്ക് വിജയശ്രീലാളിതനായി...
നിശ്ചയമായും താങ്കളുടെ മേല്‍ ഖുര്‍ആന്‍ നിര്‍ബന്ധമാക്കിയവന്‍ (അല്ലാഹു) താങ്കളെ മടങ്ങുംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വരുന്നവനാണ്. വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ ഖസ്വസിലെ ഈ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട മടങ്ങും സ്ഥാനം എന്നതിന്റെ വിവക്ഷ നബി (സ്വ) യുടെ ജന്മനാടായ മക്കയാണെന്നാണ് ഇബ്‌നുഅബ്ബാസ്(റ) അടക്കമുള്ള പല പ്രമുഖ വ്യാഖ്യാതാക്കളും പ്രസ്‌താവിച്ചിരിക്കുന്നത്.
മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പുറപ്പെടുകയും ജുഹ്‌ഫ എന്ന സ്ഥലത്തെത്തുകയും ചെയ്‌തപ്പോള്‍ പ്രവാചകരുടെ ഹൃദയത്തില്‍ സ്വന്തം ജന്മനാടായ മക്കയെക്കുറിച്ച മധുരസ്‌മരണകള്‍ ഉണരുകയും അവിടെ കഴിഞ്ഞുകൂടാനുള്ള അഭിനിവേശം ജനിക്കുകയുമുണ്ടായി. തല്‍സമയത്തായിരുന്നു മേല്‍വാക്യം അവതരിച്ചതെന്നും പല വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിരിക്കുന്നു.
അല്ലാഹു ഏകനാണെന്നും അവനല്ലാതെ ആരാധ്യനല്ലെന്നും പറഞ്ഞതിന്റെ പേരില്‍, പതിമൂന്ന് വര്‍ഷം ശ്രമിച്ചുനോക്കിയിട്ടും പീഢനങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ, പ്രതീക്ഷകള്‍ക്ക് വകയില്ലാതെ, രാത്രിയുടെ മറവിലായിരുന്നുവല്ലോ ഹിജ്റ. ഭൗതികസാഹചര്യങ്ങളും ചുറ്റുപാടുകളും പരിഗണിക്കുമ്പോള്‍ ഇനിയൊരിക്കലും മടങ്ങിവരാനാവുമെന്ന് പ്രതീക്ഷയില്ലാത്ത ഒരു വിടപറച്ചിലെന്നേ അതേ കുറിച്ച് പറയാനൊക്കൂ. എന്നാല്‍ ആ യാത്രയുടെ തികച്ചും പ്രതികൂലമായ പശ്ചാത്തലത്തിലാണ്, ഈ നാട്ടിലേക്ക് തിരിച്ച് വരുക തന്നെ ചെയ്യുമെന്ന ഉറച്ച പ്രഖ്യാപനം വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നതായി പ്രവാചകര്‍ അനുയായികളോട് പറയുന്നത്. പ്രവാചകത്വത്തിന് തെളിവായി ഇതിലും വലുത് വേറെന്ത് വേണം.
നബി (സ്വ) യുടെ മക്കാവിജയത്തോടെ മേല്‍പറഞ്ഞ വ്യാഖ്യാനമനുസരിച്ച് ആ വാക്യത്തില്‍ പറഞ്ഞ പ്രവചനം പുലരുന്നതാണ് പിന്നീട് ലോകം കാണുന്നത്. അതും കേവലം എട്ട് വര്‍ഷം കൊണ്ട്. അത് വരെ തന്നെയും അനുയായികളെയും പീഢനങ്ങള്‍ക്ക് ഇരയാക്കിയവരെയെല്ലാം സാക്ഷിയാക്കിയായിരുന്നു ആ കടന്നുവരവ്. തങ്ങളോട് എന്ത് പ്രതികാരം ചെയ്യുമെന്ന ഭീതിയിലായിരുന്നു അവരെല്ലാം. കാരണം, നിസ്സഹായരായി കഴിഞ്ഞിരുന്ന ആദ്യകാലത്ത് അത്രമാത്രം ക്രൂരതകള്‍ അവരോട് ചെയ്തതിട്ടുണ്ടെന്ന് മറ്റാരേക്കാളും അറിയുന്നത് അവര്‍ തന്നെയായിരുന്നു. എന്തിനായിരുന്നു അന്ന് അങ്ങനെ ചെയ്തതെന്നും അത് വേണ്ടായിരുന്നുവെന്നും അവരിലോരോരുത്തരും അന്ന് ചിന്തിച്ചുകാണും, തീര്‍ച്ച.
എന്നാല്‍ ആ വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനായി, അല്ലാഹുവിന് നന്ദിയര്‍പ്പിച്ച് ആര്‍ദ്രമായ നയനങ്ങളോടെ സാഷ്ടാംഗം നമിക്കുന്ന മാതൃകാനായകനെയാണ് നാം കാണുന്നത്. അതോടൊപ്പം, നിങ്ങളെയാരെയും ഞാന്‍ ആക്ഷേപിക്കുക പോലും ചെയ്യുന്നില്ല, നിങ്ങളെല്ലാം സ്വതന്ത്രരാണെന്ന പ്രഖ്യാപനമാണ് അവിടുന്ന് നാം കേള്‍ക്കുന്നത്. ചരിത്രം പോലും അക്ഷരാര്‍ത്ഥത്തില്‍ മൂക്കത്ത് വിരല്‍ വെച്ച്പോയ നിമിഷമായിരുന്നു അത്.
അല്ലാഹുവിന്റെ അനുവാദപ്രകാരം മാത്രം ഓരോ വാക്ക് പോലും ഉച്ചരിക്കുന്ന ആ പ്രവാചകപ്രഭുവിന്റെ തിരുവധരങ്ങളില്‍നിന്ന് അത്തരം മധുരതരമായ വാക്കുകളേ വരൂ. കാരണം, ലോകാവസാനം വരെ വരാനുള്ളവര്‍ക്കെല്ലാം ശ്രവിക്കാനുള്ളതും പകര്‍ത്താനുള്ളതുമാണല്ലോ അത്. അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...
Leave A Comment