ഒരു മ്യൂസിക് ഫെസ്റ്റിവലിൽ വെച്ചായിരുന്നു ഞാൻ ഇസ്‍ലാമിനെ കണ്ടെത്തിയത്!!!

അവാർഡിനർമായ മുപ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവും മോട്ടിവേഷൻ സ്പീക്കറുമായ നൈമ ബി. റോബർട്ട് തന്റെ  ഇസ്‍ലാമിക വിശേഷങ്ങള്‍ പങ്ക് വെക്കുന്നു.

• ചെറുപ്പകാലത്ത് നിങ്ങൾ ഏത് മതത്തിലായിരുന്നു വിശ്വസിച്ചിരുന്നത്? മാതാപിതാക്കളുടെ മതവിശ്വാസം എങ്ങനെയായിരുന്നു?

എന്റെ മാതാവ് ക്രിസ്ത്യൻ മത വിശ്വാസിയും പിതാവ് ഒരു കമ്മ്യൂണിസ്റ്റ് ആശയക്കാരനുമായിരുന്നു. പിതാവ് നിരീശ്വരവാദി ആയതിനാൽ തന്നെ മാതാവിലും അതിന്റെ അനുരണനങ്ങള്‍ കാണമായിരുന്നു. അഥവാ, അവരും ഒരു തികഞ്ഞ മത വിശ്വാസി ആയിരുന്നില്ല എന്ന് വേണം പറയാന്‍. പേരിനു ക്രിസ്ത്യൻ മതവിശ്വാസിയാണെങ്കിലും ആരാധനാ കർമ്മങ്ങൾ ഒന്നും അനുഷ്ഠിച്ചിരുന്നില്ല.
എനിക്ക് കൗമാര പ്രായമാവുന്നത് വരെ ജീവിതത്തിൽ ഒന്നിനോടും പ്രത്യേക വിശ്വാസം ഒന്നുമുണ്ടായിരുന്നില്ല, എന്നാല്‍ കൗമാരത്തിലേക്ക് കടന്നതോടെ മനസ്സിലേക്ക് ഒരുപാട് സംശയങ്ങൾ കടന്നു വരാന്‍ തുടങ്ങി. നമ്മൾ ഈ ഭൂമി ലോകത്ത് ജീവിക്കുന്നതിന്റെ അർത്ഥം എന്താണെന്നും, മത വിശ്വാസികൾ ചെയ്തു കൂട്ടുന്ന ആരാധനാ കർമ്മങ്ങളുടെയൊക്കെ അടിസ്ഥാനമെന്താണെന്നുമൊക്കെ തുടങ്ങി അനേകം ചോദ്യങ്ങള്‍. 
• ഇസ്‍ലാമിലേക്ക് നിങ്ങളെ ആകര്‍ഷിച്ച പ്രത്യേക എന്തെങ്കിലും സംഭവമോ സാഹചര്യമോ?

ഞാൻ ഈജിപ്തിലേക്ക് ഒരു മ്യൂസിക് ഫെസ്റ്റിവലിന് വേണ്ടി പോയപ്പോഴായിരുന്നു ആദ്യമായി മുസ്‍ലിം സ്ത്രീകളെ കാണുന്നത്. അവരുടെ വസ്ത്ര രീതി കണ്ട് ഞാൻ അമ്പരന്നു. ഒരു ഫെമിനിസ്റ്റ് ആയത് കൊണ്ട് തന്നെ മുഴുവൻ ഹിജാബും നിഖാബുമായി മറച്ച അവരെ കണ്ടപ്പോൾ  എനിക്ക് സഹതാപം തോന്നി.
എന്നാല്‍ ഒരു മീറ്റിംഗിനിടയിൽ അത്തരത്തിൽ വസ്ത്രം ധരിച്ച ഒരു മുസ്‍ലിം സ്ത്രീയുമായി സംസാരിക്കാൻ എനിക്ക് അവസരമുണ്ടായി. ആ സ്ത്രീ അതീവ സുന്ദരിയായിരുന്നു. ഞാൻ ആ സ്ത്രീയോട് ഇപ്രകാരം ചോദിച്ചു: ഇത്രയും സുന്ദരിയായ താങ്കൾ ഈ ഭംഗി മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലേ? അന്നേരം ആ സ്ത്രീ നൽകിയ മറുപടി എന്നെ ഒത്തിരി അൽഭുതപ്പെടുത്തി. "ഞാൻ ഒരിക്കലും എന്റെ സൗന്ദര്യം കൊണ്ട് വിലയിരുത്തപ്പെടാൻ ആഗ്രഹിക്കുന്നില്ല, എന്റെ പ്രവർത്തനങ്ങൾ കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ആളുകൾ എന്നെ വിലയിരുത്തട്ടെ"!!! 
ഈ ഒരു മറുപടി ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആയതിനാൽ തന്നെ എന്നെ ഒത്തിരി ചിന്തിപ്പിക്കാനും എന്റേതായ പല ആശയങ്ങളെയും മാറ്റിതിരുത്താനും അതെന്നെ സഹായിച്ചു.
ഞാൻ ആദ്യമൊക്കെ  കരുതിയുന്നത് ഇസ്‍ലാം മതം വെറും അറബികൾക്കും ഏഷ്യക്കാർക്കും മാത്രം ഉള്ളതാണെന്നായിരുന്നു. എന്നാല്‍ ഞാൻ ഏതു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും അവിടെയെല്ലാം ഇസ്‍ലാമിന്റെ സാന്നിധ്യവും മുസ്‍ലിംകളെയും എനിക്ക് കാണാനായി. അങ്ങനെയാണ് ഇസ്‍ലാം സർവ്വ ജനങ്ങൾക്കും സ്വീകരിക്കാൻ പറ്റുന്ന വളരെ ബൃഹത്തായ ഒരു ജീവിതരീതിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അതോടെ ഞാൻ ഇസ്‍ലാം സ്വീകരിക്കുകയും ചെയ്തു.

• ഇസ്‍ലാം മതം സ്വീകരിച്ചപ്പോൾ ബന്ധുക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?

ഞാൻ ഇസ്‌‍ലാം മതം സ്വീകരിച്ച ആദ്യ ദിവസങ്ങളിലെല്ലാം എന്റെ രക്ഷിതാക്കള്‍ വളരെയധികം സങ്കടത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയക്കരനായ പിതാവിന്റെ മകളായ ഞാൻ മതവിശ്വാസിയായി എന്നത് അദ്ദേഹത്തിന് ഏറെ സങ്കടമുണ്ടാക്കി. എന്നാല്‍ കാലക്രമേണ എല്ലാം ശരിയായി തുടങ്ങി.  ഇപ്പൊൾ അവർക്ക് യാതൊരു വിധ പ്രശ്നവും ഇല്ല, എല്ലാം സന്തോഷത്തോടെ പോവുന്നു.

• ഇസ്‌‍ലാമിലെ സ്ത്രീകളുടെ വസ്ത്ര രീതിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? പ്രത്യേകിച്ച് ഹിജാബ് ധരിക്കുമ്പോൾ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ ?

യാത്രകൾക്കിടയിൽ ഒരുപാട് അനുഭവമുണ്ടായിട്ടുണ്ട്. ട്രെയിനിലൂടെ യാത്ര ചെയ്യുമ്പോൾ ഒരുപാട് പേര് സ്ത്രീ ആയത് കൊണ്ട് തന്നെ തുറിച്ച് നോക്കും, നിഖാബ് ധരിക്കാൻ തുടങ്ങിയതോടെ അതിനെ കുറിച്ച് ഒന്നും എനിക്ക് ചിന്തിക്കേണ്ട ആവശ്യമുണ്ടായില്ല. ഇസ്‌‍ലാം മതം സ്വീകരിച്ച ശേഷം ഞാൻ ഒരുപാട് സന്തുഷ്ടയാണ്. ഞാൻ ഒരു പബ്ലിക് സ്പീക്കർ ആയിട്ട് കൂടി ഇതേ വസ്ത്രം ധരിച്ച്  കൊണ്ട് തന്നെ എനിക്ക് അത് തുടരാന്‍ കഴിയുന്നു. ഹിജാബ് ധരിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഞാൻ രചനയിലേക്ക് കാലെടുത്തു വെക്കുന്നത്. മുപ്പതിലേറെ പുസ്തകങ്ങൾ രചിക്കാനായത് വലിയ നേട്ടമായി ഞാൻ കരുതുന്നു.

• താങ്കളുടെ ഇസ്‌ലാമിക ജീവിത രീതി?

ഞാനും എന്റെ ഭർത്താവും പുതുതായി ഇസ്‌‍ലാം സ്വീകരിച്ചവരാണ്. 17 വർഷമായി തുടർന്ന് പോരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. ഞാനും ഭർത്താവും ഞങ്ങളുടെ മക്കളും പൂർണമായും ഇസ്‌ലാമിക ചുറ്റുപാടിലാണ് ജീവിക്കുന്നത്. ദൈനംദിന ജീവിതം ഇസ്‍ലാമികമാവുമ്പോഴാണല്ലോ നാം യഥാര്‍ത്ഥ മുസ്‍ലിമാവുന്നത്.

• ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്ന മുസ്‌‍ലിം സ്ത്രീകളോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

ഹിജാബ് ധരിക്കാനും ധരിക്കാതിരിക്കാനും ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്നും അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ സ്ത്രീകൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുമെന്നും നവ തലമുറയിലെ   മുസ്‌‍ലിം സ്ത്രീകൾ തന്നെ അഭിപ്രായപ്രകടനം നടത്തുന്നത് വളരെ ഖേദകരമാണ്. ഒരു മുസ്‌‍ലിം എന്ന നിലക്ക് ഏതൊരു കാര്യവും അതിന്റെ യുക്തി നോക്കി ചെയ്യാനല്ലല്ലോ നമ്മൾ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിന്റെ കല്പനകളെയും പ്രവാചകാധ്യാപനങ്ങളെയും പൂർണ്ണമായും  അനുസരിക്കാൻ നാം പ്രതിജ്ഞബദ്ധരാണല്ലോ. ഇതിനുള്ള പ്രതിഫലം പരലോകത്ത് വെച്ച് ലഭിക്കുമെന്ന്   തികഞ്ഞു വിശ്വസിക്കുന്ന ഒരു മുസ്‌‍ലിം സ്ത്രീയും അത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുകയില്ല എന്നതല്ലേ സത്യം. അത് കൊണ്ട് തന്നെ, ഈ മതത്തിന്റെ അനുയായികളെല്ലാം പൂര്‍ണ്ണ മനസ്സോടെ ഇതിന്റെ നിയമങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നേ എനിക്ക് പറയാനുള്ളൂ.

• ലോകത്തുള്ള മുഴുവൻ അമുസ്‌‍ലിംകളോടും സംവദിക്കാൻ അവസരം കിട്ടിയാൽ താങ്കൾ എന്തായിരിക്കും അവർക്ക് നൽകുന്ന ഉപദേശം?

വിവര സാങ്കേതിക വിദ്യയുടെയും മറ്റും തിരക്കേറിയ ജീവിതത്തിനിടയിൽ ആധുനിക മനുഷ്യൻ യാഥാർത്ഥ സന്തോഷവും സമാധാനവും കണ്ടെത്താൻ പെടാപാട് പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അവരോട് എനിക്ക് പറയാനുള്ളത്, യഥാർത്ഥ സന്തോഷവും സമാധാനവും ഇസ്‌ലാമിക വിശ്വാസത്തോടെയുള്ള ജീവിതത്തിലാണ് എന്നാണ്. അസമാധാനത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നവയുഗത്തിൽ ഇസ്‌‍ലാം തന്നെയാണ് എല്ലാത്തിനുമുള്ള പരിഹാരം എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഇസ്‌‍ലാം സ്വീകരിച്ച ശേഷമാണ് എന്റെ ജീവിതത്തിനും പല അർത്ഥങ്ങളും മാനങ്ങളുമുണ്ടെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങിയത്. അത് നല്കുന്ന സന്തോഷവും അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം സമ്മാനിക്കുന്ന ആത്മധൈര്യവും അനുഭവിച്ചറിയുക തന്നെ വേണം.

കടപ്പാട്: Eternal Passenger

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter