റബീഅതുബ്‌നു കഅ്ബ് (റ): എല്ലാം പ്രവാചകനിലര്‍പ്പിച്ച അനുയായി

മുഹാജിറുകളിലും ബദ്‌രീങ്ങളിലും അഹ്‍ലുസ്സ്വുഫ്ഫയിലും പെട്ട പ്രശസ്ത സ്വഹാബിയാണ്  റബീഅതു ബ്‌നു കഅ്ബ്  (റ).

റബീഅതുബ്നു കഅ്ബ്(റ) തന്റെ ആത്മകഥ വിവരിക്കുന്നത് ഇങ്ങനെ വായിക്കാം, ഈമാന്റെ പ്രകാശം കൊണ്ട് എന്റെ ശരീരം പ്രഭാപൂരിതമാവുകയും ഇസ്‍ലാമിന്റെ തത്ത്വങ്ങൾകൊണ്ട് ഹൃദയം നിബിഢമാവുകയും ചെയ്യുമ്പോൾ, ഞാൻ പ്രായം കുറഞ്ഞ ചെറുപ്പക്കാരനായിരുന്നു. എന്റെ നയനങ്ങൾ പ്രവാചകനെ ഇദംപ്രഥമമായി ദർശിച്ച മാത്രയിൽ തന്നെ എന്റെ സർവാവയവങ്ങളെയും സ്വാധീനിക്കത്തക്കവിധം ഞാൻ പുണ്യനബിയെ സ്നേഹിച്ചു. തിരുമേനിയോടുള്ള സ്നേഹാധിക്യംകൊണ്ട് മറ്റൊന്നിലും എനിക്ക് താൽപര്യമില്ലാതായി. ഒരു ദിവസം ഞാൻ ഇപ്രകാരം ആത്മഗതം ചെയ്തു. 'ഞാൻ ഒരു വിഡ്ഢി തന്നെ. തിരുമേനിയുടെ പരിചരണത്തിനായി എന്റെ ജീവിതം അർപ്പിക്കാത്തതെന്ത്? തിരുസന്നിധിയിൽ ചെന്ന് പരിചരണ സന്നദ്ധത പ്രകടിപ്പിച്ചു നോക്കാം. എന്നെ ഇഷ്ടപ്പെട്ടാൽ എനിക്ക് തിരുമേനിയുടെ സ്നേഹവും സാമീപ്യവും കിട്ടും. അതുവഴി ഇഹലോകത്തും പരലോകത്തും ഞാൻ ഭാഗ്യവാനായിത്തീരും'. 

പിന്നെ ഞാൻ വൈകിയില്ല. നബി(സ്വ)യുടെ അടുക്കൽ ചെന്ന് സേവനസന്നദ്ധത പ്രകടിപ്പിക്കുകയും ഒരു പരിചാരകനായി എന്നെ സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. തന്റെ പരിചാരകനായി തിരുമേനി എന്നെ ഇഷ്ടപ്പെട്ടു. അന്നു തൊട്ട് നിഴലെന്നോണം നബി(സ്വ)യെ ഞാൻ പിന്തുടർന്നു. അവിടുന്ന് എവിടെ പോയാലും ഞാൻ ഒപ്പമുണ്ടാവും. മുത്ത് നബിയുടെ ആകർഷണവലയത്തിൽ ഞാൻ കറങ്ങിക്കൊണ്ടിരുന്നു. നോക്കേണ്ട താമസം, ഞാൻ അവിടുത്തെ മുന്നിലെത്തും, വല്ല ആവശ്യവും നേരിട്ടാലുടനെ ഞാൻ ചെന്ന് നിർവ്വഹിച്ചുകൊടുക്കും. പകൽ മുഴുവൻ നബി(സ്വ) യെ പരിചരിച്ച് രാത്രി ഇശാ നിസ്കാരം കഴിഞ്ഞ് തിരുമേനി വീട്ടിൽ പോയാൽ ഞാൻ പിരിഞ്ഞുപോരാറാണ് പതിവ്.

ഈ നില അധികം തുടരുന്നതിനു മുമ്പ് ഞാൻ എന്നോട് തന്നെ ചോദിച്ചു: 'റബീഅ, നീ എവിടെ പോകുന്നു. രാത്രി നബിക്ക് വല്ല ആവശ്യവും നേരിട്ടാൽ എന്തു ചെയ്യും? അങ്ങനെ ഞാൻ തിരുമേനിയുടെ വാതിൽക്കൽ തന്നെ ഇരിപ്പായി. ഉമ്മറപ്പടി വിട്ട് എങ്ങും പോകാറില്ലായിരുന്നു.

നബി(സ്വ) നിസ്കാരത്തിൽ മുഴുകിയാണ് രാത്രി കഴിച്ചിരുന്നത്. ചിലപ്പോൾ നബി(സ്വ) ഫാതിഹ ഓതുന്നത് കേൾക്കാം. രാത്രിയുടെ ഒരു ഭാഗം നബി(സ്വ) അത് നിരന്തരം ചൊല്ലിക്കൊണ്ടിരിക്കും. ഒടുവിൽ നിന്നുമടുത്താൽ ഞാൻ അവിടുന്ന് സ്ഥലംവിടും. അല്ലെങ്കിൽ കണ്ണിൽ ഉറക്കം വന്നാൽ കിടന്നുറങ്ങും. ചിലപ്പോൾ 'സമിഅല്ലാഹു ലിമൻ ഹമിദ' എന്ന് ചൊല്ലുന്നതും ഫാതിഹയേക്കാൾ കൂടുതൽ സമയം അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നതും കേൾക്കാം.

തനിക്ക് ആരെങ്കിലും ഉപകാരം ചെയ്താൽ അതിനേക്കാൾ നല്ല പ്രത്യുപകാരം ചെയ്യണമെന്ന് നിർബന്ധമായിരുന്നു തിരുമേനി(സ്വ)ക്ക്. എന്റെ പരിചരണത്തിനും പ്രത്യുപകാരം ചെയ്യാൻ നബി (സ്വ) ആഗ്രഹിച്ചു. ഒരു ദിവസം എന്നെ അടുത്ത് വിളിച്ച് നിന്റെ ആവശ്യം പറയൂ, ഞാൻ നിറവേറ്റി തരാം എന്ന് പറഞ്ഞു. അല്പം ആലോചിച്ച ശേഷം ഞാൻ ബോധിപ്പിച്ചു, തിരുമേനീ, എനിക്ക് കുറച്ച് സാവകാശം തന്നാലും. അങ്ങയോട് എന്ത് ചോദിക്കണം എന്ന് ഞാൻ ആലോചിച്ചിട്ട് പിന്നീട് പറയാം. നബി (സ്വ) സമ്മതിച്ചു. ഞാൻ അന്ന് ദരിദ്ര യുവാവായിരുന്നു. കുടുംബമോ സ്വത്തോ ഒന്നും ഉണ്ടായിരുന്നില്ല. മറ്റു പാവപ്പെട്ട മുസ്‍ലിംകളെ പോലെ ഞാനും പള്ളിയുടെ ഒരു ഭാഗത്താണ് അഭയം പ്രാപിച്ചിരുന്നത്. ആളുകൾ ഞങ്ങളെ ഇസ്‍ലാമിന്റെ അതിഥികൾ എന്നായിരുന്നു വിളിച്ചിരുന്നത്. ആരെങ്കിലും നബി(സ്വ)യുടെ സന്നിധിയിൽ ധർമ്മം കൊണ്ടുവന്നാൽ അതു മുഴുവൻ തിരുമേനി ഞങ്ങൾക്ക് വീതം വെക്കുമായിരുന്നു. പാരിതോഷികം കിട്ടിയാൽ അല്പം തിരുമേനിയെടുത്ത് ബാക്കിയും ഞങ്ങൾക്ക് തരും.

കുറച്ച് ഭൗതികസമ്പത്ത് നബി(സ്വ)യോട് ആവശ്യപ്പെടണമെന്ന് മനസ്സ് എന്നെ ഉപദേശിച്ചു. ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാനും മറ്റുള്ളവരെ പോലെ സ്വത്തും ഭാര്യയും സന്താനങ്ങളുമുള്ളവനായിത്തീരാനും അത് സഹായിക്കും. പക്ഷേ, ഉടനെ ഞാൻ ചിന്തിച്ചു. റബീഅ, നിനക്ക് നാശം തന്നെ. ഐഹികജീവിതം നശ്വരമല്ലേ? ആഹാരം തരുന്ന ചുമതല അല്ലാഹു ഏറ്റതാണ്. അത് നിനക്ക് കിട്ടാതിരിക്കില്ല. ആവശ്യം നിരസിക്കാത്ത ഒരു സ്ഥാനമാണ് അല്ലാഹുവിന്റെ അടുക്കൽ തിരുമേനിക്കുള്ളത്. അതിനാൽ പരലോകമോക്ഷത്തിന് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നീ ആവശ്യപ്പെടണം. ഈ ആശയം എനിക്ക് സ്വീകാര്യമായി തോന്നി. അങ്ങനെ ഞാൻ തിരുസന്നിധിയിൽ ചെന്നപ്പോൾ അവിടുന്ന് എന്നോട് ചോദിച്ചു: റബീഅ എന്തു പറയുന്നു? 'അല്ലാഹുവിന്റെ ദൂതരേ! സ്വർഗത്തിൽ എന്നെ അങ്ങയുടെ കൂട്ടുകാരനാക്കാൻ അവിടുന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണം' ഞാൻ ആവശ്യപ്പെട്ടു.

ഇത് കേട്ട പ്രവാചകര്‍ തിരിച്ചുചോദിച്ചു, ഇത് നിന്നെ ഉപദേശിച്ചത് ആരാണ്?' എന്നെ ആരും ഉപദേശിച്ചതല്ല. ചോദിച്ചത് തരാമെന്ന് അവിടുന്നു പറഞ്ഞപ്പോൾ കുറച്ച് ഭൗതിക സമ്പത്ത് ചോദിക്കണമെന്ന് ഹൃദയം എന്നെ ആദ്യം ഉപദേശിച്ചു. എന്നാൽ അധികം വൈകാതെ, നശ്വരലോകത്തേക്കാൾ ശാശ്വതലോകമാണ് നല്ലതെന്ന സദ്ബുദ്ധി എനിക്ക് തോന്നുകയും സ്വർഗത്തിൽ അങ്ങയുടെ കുട്ടുകാരനായിരിക്കാൻ ആവശ്യപ്പെടാമെന്നു തീരുമാനിക്കുകയും ചെയ്തു, ഞാൻ വ്യക്തമാക്കി. ദീർഘമായ മൗനത്തിനുശേഷം തിരുമേനി(സ്വ) എന്നോടു ചോദിച്ചു: റബീഅ, മറ്റു വല്ല ആവശ്യവുമുണ്ടോ?. ഇല്ലെന്നും എന്റെ മുൻ ആവശ്യത്തിൽ നിന്ന് ഒട്ടും പിന്നോട്ടു പോവുകയില്ലെന്നും ഞാൻ അറിയിച്ചു. തത്സമയം തിരുമേനി ഇപ്രകാരം പ്രതിവചിച്ചു. 'എന്നാൽ സുജൂദ് വർധിപ്പിച്ച് ഇക്കാര്യത്തിൽ എന്നെ നീ സഹായിക്കണം. തുടർന്ന് ഐഹികജീവിതത്തിൽ നബി(സ്വ)യെ പരിചരിക്കാൻ ഭാഗ്യം സിദ്ധിച്ചതുപോലെ, സ്വർഗത്തിൽ തിരുമേനിയുടെ സമ്പർക്കം കൈവരിക്കാൻ ഞാൻ ആരാധനയിൽ നിരതനായി.

അധികകാലം കഴിഞ്ഞില്ല.  ഒരു ദിവസം നബി (സ്വ)എന്നെ അടുത്തു വിളിച്ച്, റബീഅ, നീ വിവാഹം കഴിക്കുന്നില്ലേ എന്നു ചോദിച്ചു. തിരുമേനിയുടെ പരിചരണത്തിന് വിഘാതമുണ്ടാക്കുന്ന ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ലെന്നും കൂടാതെ വിവാഹമൂല്യം കൊടുക്കുക്കാനോ ഭാര്യയുടെ ചെലവ് നടത്തനോ എനിക്ക് ശേഷിയില്ലെന്നും ഞാൻ അറിയിച്ചു. അപ്പോൾ നബി (സ്വ) മൗനം ദീക്ഷിച്ചു. രണ്ടാമത് എന്നെ കണ്ടപ്പോഴും വിവാഹം കഴിക്കുന്നില്ലേ എന്നു തിരുമേനി ചോദിച്ചു. ആദ്യത്തെ മറുപടി തന്നെ ഞാൻ ആവർത്തിച്ചു. പക്ഷേ, അവിടം വിട്ടപ്പോൾ എനിക്ക് വീണ്ടുവിചാരം വന്നു. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി. ഞാൻ ചിന്തിച്ചു. 'റബീഅ വിഡ്ഢിയാണ്... നിന്റെ ദീനിനും ദുൻയാവിനും നല്ലതെന്തെന്ന് നിന്നെക്കാൾ അറിയുന്നത് നബി(സ)യാണ്. ഇനി നബി(സ) വിളിച്ച് വിവാഹത്തെപ്പറ്റി ചോദിച്ചാൽ അനുകൂലമായ മറുപടി പറയണം. കുറച്ചുനാൾ കഴിഞ്ഞ് നബി(സ്വ) എന്നോട് വിവാഹിതനാവുന്നില്ലേ എന്ന് വീണ്ടും ചോദിച്ചു. 'അതെ, തിരുമേനി പക്ഷേ എനിക്ക് ആര് പെണ്ണു തരും? എന്റെ സ്ഥിതി തിരുമേനിക്ക് അറിയുന്നതാണല്ലോ എന്ന് ഞാൻ പറഞ്ഞു.

ഇതിനു നബി(സ്വ) ഇപ്രകാരം നിർദേശിച്ചു, നീ ഇന്ന കുടുംബത്തിൽ ചെല്ലണം. നിങ്ങളുടെ ഇന്ന പെൺകുട്ടിയെ എനിക്ക് വിവാഹം ചെയ്തു തരാൻ അല്ലാഹുവിന്റെ റസൂൽ കൽപിച്ചിട്ടുണ്ടെന്ന് നീ അവരോട് പറയുക. ഞാൻ ലജ്ജയോടെ അവിടെ ചെന്ന് അവരുടെ ഇന്ന യുവതിയെ എനിക്ക് വിവാഹം ചെയ്തു തരാൻ നബി(സ്വ) അയച്ചതാണെന്ന് അറിയിച്ചു. 'അല്ലാഹുവിന്റെ പ്രവാചകനു സ്വാഗതം!' അവർ പറഞ്ഞു: "പ്രവാചകദൂതൻ ആവശ്യം നിറവേറാതെ തിരിച്ചുപോകാൻ പാടില്ല. ആ യുവതിയെ വിവാഹം ചെയ്തുതരാമെന്ന് അവർ ഏറ്റു.

ഞാൻ തിരുമേനിയുടെ അടുക്കൽ മടങ്ങിച്ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു: ഒരു നല്ല കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അവർ എന്റെ വാക്കുകൾ വിശ്വസിക്കുകയും എന്നെ സ്വാഗതം ചെയ്യുകയും വിവാഹം ചെയ്ത് തരാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർക്ക് മഹ്ർ കൊടുക്കാൻ എന്തുവഴി. ഈ സമയം നബി(സ്വ), എന്റെ കുടുംബക്കാരായ ബനൂഅസ്‍ലം ഗോത്രത്തിലെ ഒരു നേതാവ് ബുറൈദതു ബ്നു ഖസ്വീബി(റ)നെ വിളിച്ച് ഇപ്രകാരം പറഞ്ഞു: 'ബുറൈദാ റബീഅക്ക് കുറച്ച് സ്വർണം ശേഖരിച്ചു കൊടുക്കണം. അദ്ദേഹം അത് ശേഖരിച്ചു തന്നപ്പോൾ തിരുമേനി എന്നോട് കൽപിച്ചു, അവരുടെ അടുക്കൽ പോയി ഇത് വധുവിനുള്ള വിവാഹമൂല്യമാണെന്നു പറയണം. ഞാൻ പോയി സ്വർണം കൊടുത്തു. അവരത് സന്തോഷത്തോടെ സ്വീകരിച്ചിട്ട്, "വിശിഷ്ടം! ധാരാളം' എന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ ഞാൻ തിരുസന്നിധിയിൽ മടങ്ങിച്ചെന്ന് വിവരം ധരിപ്പിച്ചു. 'അവരെപ്പോലെ മാന്യതയുള്ളവരെ ഞാൻ കണ്ടിട്ടില്ല.'

തിരുമേനീ, ഇനി വിവാഹസദ്യക്ക് എന്തുവഴി, ഞാന്‍ വീണ്ടും പ്രവാചകരോട് ആശങ്ക അറിയിച്ചു. അപ്പോഴും തിരുമേനി(സ്വ) ബുറൈദ(റ)യെ വിളിച്ച് എനിക്ക് ഒരാടിന്റെ സംഖ്യ പിരിച്ചുതരാൻ നിർദേശിച്ചു. തുടർന്ന് ഒരു വലിയ ആടിനെ അവർ വാങ്ങിത്തന്നു. അനന്തരം നബി(സ്വ) എന്നോട് കൽപിച്ചു. നീ ആഇശ(റ)യുടെ അടുക്കൽ പോയി ഉള്ള ഗോതമ്പ് തരാൻ പറയണം. ഞാൻ ചെന്നു വിവരം പറഞ്ഞപ്പോൾ അവർ പറഞ്ഞു: ആ വട്ടിയെടുത്തോളൂ. ഏഴു സ്വാഅ് ഗോതമ്പുണ്ട്. ഇനി ഭക്ഷണമായി ഒന്നും ഇവിടെ ബാക്കിയില്ല. ഞാൻ ഗോതമ്പും ആടിനെയുംകൊണ്ട് വധുഗൃഹത്തിൽ ചെന്നപ്പോൾ അവർ പറഞ്ഞു, ഗോതമ്പിന്റെ പണി ഞങ്ങൾ ചെയ്തുകൊള്ളാം. ആടിനു നീ പണിക്കാരെ ഏർപ്പാടു ചെയ്യണം. ഞാനും ബനൂഅസ്‍ലം ഗോത്രത്തിലെ ചിലരും ചേർന്ന് ആടിനെ അറുത്ത് തൊലി ഉരിച്ച് പാകം ചെയ്തു. റൊട്ടിയും ഇറച്ചിയും തയ്യാറായി. അങ്ങനെ ഞാൻ സദ്യ നടത്തി. എന്റെ ക്ഷണം സ്വീകരിച്ച് നബി(സ്വ)യും അതിൽ പങ്കെടുത്തു.

അനന്തരം അബൂബക്റ് (റ)ന്റെ ഭൂമിയോടു ചേർന്ന് തിരുമേനി(സ്വ) എനിക്ക് കുറച്ചുസ്ഥലം തന്നു. തന്മൂലം ഞാൻ സമ്പന്നനായി. ഒരുദിവസം ഒരു ഈന്ത പനയെച്ചൊല്ലി ഞാനും അബൂബക്കർ (റ)യും വഴക്കായി. ഈന്തപ്പന എന്റെ സ്ഥലത്താണെന്ന് ഞാനും അദ്ദേഹത്തിന്റേതാണെന്ന് അദ്ദേഹവും വാദിച്ചു. ഞാൻ വഴക്കു കൂടിയപ്പോൾ അദ്ദേഹം അസുഖകരമായ ഒരു വാക്ക് എന്നോട് പ്രയോഗിച്ചു. എന്നാൽ തൽക്ഷണം തന്നെ അദ്ദേഹത്തിനു ഖേദം തോന്നുകയും പകരം അതു പോലെ പറയാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ഞാൻ പറഞ്ഞില്ല. പകരം ചെയ്യാൻ കൂട്ടാക്കുന്നില്ലെങ്കില്‍ ഞാൻ തിരുസന്നിധിയിൽ ആവലാതി പെടും എന്നായി അദ്ദേഹം. 

അങ്ങനെ അദ്ദേഹം നബി(സ്വ)യുടെ  അടുത്തേക്ക് നടന്നു, പിന്നാലെ ഞാനും. ഇദ്ദേഹമാണ് തുടങ്ങിയതും താങ്കളെ ചീത്ത പറഞ്ഞതും. എന്നിട്ട് താങ്കളെ പറ്റി അദ്ദേഹം തന്നെ നബിയോട് ആവലാതി ബോധിപ്പിക്കുകയോ എന്ന് ചോദിച്ചുകൊണ്ട് കുടുംബക്കാരായ ബനൂ അസ്‍ലമും എന്നെ പിന്തുടർന്നു. ഈ സമയം ഞാൻ അവരുടെ നേരെ തിരിഞ്ഞു പറഞ്ഞു: നിങ്ങൾക്ക് നാശം, ഇത് ആരാണെന്ന് നിങ്ങൾക്കറിയാമോ? മൂസ്‍ലിംകളുടെ അതുല്യനായ നേതാവ് സ്വിദ്ദീഖ്(റ)ആണ്. അദ്ദേഹം തിരിഞ്ഞുനോക്കി നിങ്ങളെ കാണുന്നതിനു മുബ് സ്ഥലംവിടുക. നിങ്ങളെ കണ്ടാൽ തനിക്കെതിരായി എന്നെ സഹായിക്കാൻ വന്നതാണെന്നു ധരിച്ച് അദ്ദേഹം കോപാകുലനാവും. വിവരം നബി(സ്വ)യോട് പറഞ്ഞാൽ നബി(സ്വ) കോപിക്കും. അവർ ഇരുവരും കോപിച്ചാൽ അല്ലാഹു കോപിക്കും. അപ്പോൾ റബീഅ നശിച്ചതു തന്നെ. ഇതുകേട്ട് അവർ മട ങ്ങിപ്പോയി. പിന്നീട് അബൂബകർ(റ) തിരുസന്നിധിയിൽ ചെന്ന് സംഭവം നടന്നതുപോലെ വിവരിച്ചുകേൾപ്പിച്ചു. തത്സമയം നബി(സ്വ) തലയുയർത്തി എന്നെ നോക്കിയിട്ട് ചോദിച്ചു: റബീഅ! നീയും സ്വിദ്ദീ ഖും(റ) തമ്മിൽ എന്താണ്? "അദ്ദേഹം എന്നെ പറഞ്ഞതുപോലെ ഞാൻ പറയണമത്രെ! അതിനു ഞാൻ കൂട്ടാക്കിയില്ല.

"ശരിയാണ്. നിന്നെ പറഞ്ഞതുപോലെ നീ പറയരുത്' തിരുമേനി ഉപദേശിച്ചു: “പകരം അല്ലാഹു അബൂബക് റി(റ)ന് പൊറുത്തുകൊടുക്കട്ടെ എന്ന് നീ പറയുക. "അബൂബകർ! അല്ലാഹു താങ്കൾക്ക് പൊറുത്തുതരട്ടെ എന്ന് ഞാൻ പറഞ്ഞു. “റബീ അതു ബ്നു കഅ്ബ് അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം തരട്ടെ' എന്ന് ഉരുവിട്ട് സ്വിദ്ദീഖ്(റ) തിരുസന്നിധി വിടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. റബീഅ(റ)ന്റെ കണ്ണുകളും അപ്പോള്‍ സജലങ്ങളായി, സന്തോഷത്തിന്റെ കണ്ണുനീര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter