അബൂ ഉബൈദ ബിന്‍ ജര്‍റാഹ് (റ)

പ്രമുഖ സ്വഹാബി വര്യന്‍. അബൂ ഉബൈദ ആമിര്‍ ബിന്‍ അബ്ദില്ല ബിന്‍ ജര്‍റാഹ് എന്ന് പൂര്‍ണ നാമം. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തില്‍ ഒരാള്‍. അമീനുല്‍ ഉമ്മ (സമുദായത്തിന്റെ സൂക്ഷിപ്പുകാരന്‍) എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചു. പ്രവാചകന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച വ്യക്തികള്‍ ആരെന്നു ചോദിക്കപ്പെട്ടപ്പോള്‍ ആയിശ (റ) എണ്ണിയ മൂന്നു പേരില്‍ ഒരാള്‍. അബൂബക്ര്‍ (റ) വും ഉമര്‍ (റ) വുമായിരുന്നു മറ്റു രണ്ടു പേര്‍.

ആദ്യകാലം മുതല്‍ പ്രവാചകരോടൊപ്പം ഇസ്‌ലാമില്‍ ഉറച്ചുനിന്നു. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. പല സരിയ്യത്തുകളുടെയും നായക സ്ഥാനം വഹിച്ചു. ബദര്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തുണ്ടായിരുന്ന പിതാവുമായി ഏറ്റുമുട്ടുകയും വധിക്കുകയും ചെയ്തു. ശേഷം, പ്രവാചക സവിധം വന്നു സലാം പറഞ്ഞു. പ്രവാചകന്‍ സലാം മടക്കിയില്ല. താമസിയാതെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ശരിവെച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ സ്വന്തം മാതാപിതാക്കള്‍ ആയാല്‍ പോലും അവരോട് യുദ്ധം ചെയ്യാമെന്ന വിധിയുണ്ടായി.  അതോടെ പ്രവാചകന്‍ സലാം മടക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ശരിവെച്ചു. ഇസ്‌ലാമിന്റെ വഴിയില്‍ ഒരാളെയും പേടിക്കാത്ത ധീര വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകരുടെ മുഖത്ത് തറച്ച വട്ടക്കണ്ണികള്‍ കടിച്ചൂരിയാത് അദ്ദേഹമായിരുന്നു.

യുദ്ധതന്ത്രങ്ങളില്‍ പിടിപാടുള്ള ആളായിരുന്നു അബൂ ഉബൈദ (റ). അതുകൊണ്ടുതന്നെ, പല യുദ്ധങ്ങളിലും പ്രവാചകന്‍ അദ്ദേഹത്തെ പ്രധാന പദവി നല്‍കി അയച്ചിരുന്നു. സരിയ്യത്തു സൈഫുല്‍ ബഹ്ര്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ യാത്രാവേളയില്‍ അവര്‍ ഭക്ഷണം കിട്ടാതെ വിഷമിച്ചു. അവര്‍ കടലിനടുത്തെത്തി. അല്‍ഭുതമെന്നോണം തിരമാലയില്‍ ഒരു വന്‍ മത്സ്യം കരക്കണഞ്ഞു. പതിനെട്ടു ദിവസത്തോളം അവരത് സുഭിക്ഷമായി ഭക്ഷിച്ചു.
അദ്ദേഹത്തിന്റെ മഹത്വവും സ്ഥാനവും ശരിക്കും മനസ്സിലാക്കിയ ഒരാളായിരുന്നു ഉമര്‍ (റ). താന്‍ വഫാത്താവാനടുത്തപ്പോള്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനായി പ്രഗല്‍ഭരായ ആറംഗസംഘത്തെ ചുമതലപ്പെടുത്തിയപ്പോള്‍ കൂട്ടത്തില്‍ അബൂ ഉബൈദയുമുണ്ടായിരുന്നു.

വര്‍ദ്ധിച്ച ആരാധനയിലും ഭൗതിക പരിത്യാഗത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഉമര്‍ (റ) വിന്റെ കാലം. ശാമിലെ ഗവര്‍ണറായി സേവനം ചെയ്യുന്ന സമയം. ഒരിക്കല്‍ ഉമര്‍ (റ) അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു. യുദ്ധം ചെയ്യാനുള്ള വാളും പരിചയും വാഹനവുമല്ലാതെ അവിടെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇതു കണ്ട ഖലീഫ വ്യസനിക്കുകയും മറ്റൊന്നുമില്ലേയെന്നു അന്വേഷിക്കുകയും ചെയ്തു. ഇതുതന്നെ എത്രയോ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരിച്ചുപോയ ഉമര്‍ (റ) ഭൃത്യനടുത്ത് നാന്നൂറ് ദീനാര്‍ കൊടുത്തയച്ചു. അദ്ദേഹം വന്ന് അത് അബൂ ഉബൈദക്കു കൈമാറി. അബൂ ഉബൈദ അത് സ്വീകരിക്കുകയും അഞ്ചും പത്തുമായി പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. സ്വന്തത്തിനായി യാതൊന്നും ബാക്കിവെച്ചില്ല.

ഹിജ്‌റ വര്‍ഷം പതിനെട്ട്. ഉമര്‍ (റ) അബൂഉബൈദയുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ ജോര്‍ദാനിലേക്കു പറഞ്ഞയച്ചു. സൈന്യം അവിടെ എത്തിയപ്പോള്‍ നാട്ടിലാകെ പ്ലാഗ് പര്‍ന്നുപിടിച്ച നേരമായിരുന്നു. വിവരമറിഞ്ഞ ഉമര്‍ (റ) അദ്ദേഹത്തോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് കത്തെഴുതി. പക്ഷെ, രോഗം പിടിച്ച് മരിക്കുന്നത് രക്ഷസാക്ഷിത്വത്തിന് തുല്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം തിരിച്ചുവരാന്‍ തയ്യാറായില്ല. താനിപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധ വഴിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതു കേട്ട ഉമര്‍ (റ) കരഞ്ഞുപോയി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചന്വേഷിച്ചപ്പോള്‍ വളരെ മോശമാണെന്നു വിവരം ലഭിച്ചു. താമസിയാതെ ഉമര്‍ (റ) അദ്ദേഹത്തെ തിരിച്ചു വിളിച്ചുകൊണ്ട് വീണ്ടും കത്തെഴുതി.  അമീറുല്‍ മുഅ്മിനീന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹം തിരികെ യാത്രയാരംഭിച്ചു. താമസിയാതെ പ്ലാഗിന്റെ പിടിയിലകപ്പെടുകയും സൈനിക ചുമതല മുആദ് ബിന്‍ ജബല്‍ (റ) വിനെ ഏല്‍പിക്കുകയും ചെയ്തു. ശാമിലെ ബൈസാന്‍ എന്ന പ്രദേശത്തെത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. മുആദ് ബിന്‍ ജബല്‍ (റ) നിസ്‌കാരത്തിന് നേതൃത്വം നല്‍കി. അദ്ദേഹത്തിന് 58 വയസ്സുണ്ടായിരുന്നു. പ്രവാചകരില്‍നിന്നും പതിനാലോളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter