റഹീം ജംഗ്: മ്യൂസികിന്റെ ലോകത്ത് നിന്നും ഖുര്‍ആനിലേക്ക് പറിച്ച് നടപ്പെട്ട ജീവിതം
ലണ്ടൻ നിവാസിയായ റഹീം ജംഗ് അഞ്ച് കുട്ടികളുടെ പിതാവാണ്. 1940 കളിൽ ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ പിതാവ് ഹിജാസ് വംശജനായിരുന്നു. റഹീമിന്റെ ഐറിഷ്കാരിയായ മാതാവിനെ പിതാവ് കണ്ടുമുട്ടുന്നതും ലണ്ടനിൽ വെച്ചാണ്. മാതാവ് കത്തോലിക്ക ക്രിസ്ത്യാനിയായിരുന്നെങ്കിലും ഒരു ലിബറൽ മനോഭാവമായിരുന്നു അവർക്കുണ്ടായിരുന്നത്.
മ്യൂസിക്കിനോട് അമിത ഭ്രമമുള്ളയാളായിരുന്നു റഹീം ജംഗ്. സ്കൂൾ പഠനം പൂർത്തിയായയുടനെ, മാതാപിതാക്കളുടെ ഏതിർപ്പിനെ വകവെക്കാതെ മ്യൂസിക്ക് മേഖലയിലേക്കാണ് റഹീം തിരിഞ്ഞത്. ചെറിയ ചെറിയ പ്രൊജക്ടുകളിലൂടെ മ്യൂസിക്കിൽ കാലുറപ്പിക്കാൻ ശ്രമിച്ച റഹീമിന്റെ ആ യാത്ര ചെന്നവസാനിച്ചത് മോട്ടോൺ റെക്കോർഡ്സ് പോലുള്ള അന്താരാഷ്ട്ര റെക്കോർഡിംഗ്സ് കമ്പനികളിലാണ്. സ്റ്റീവ് വണ്ടറിനെ പോലുള്ള ലോകപ്രശസ്ത ആർട്ടിസ്റ്റുകൾക്കൊപ്പം ജോലി ചെയ്ത റഹീം ടെർമിനേറ്റർ 2 അടക്കമുള്ള സിനിമകൾക്കായും പ്രവർത്തിച്ചു. 1991 ൽ പുറത്തിറങ്ങിയ സ്റ്റീവ് വണ്ടറിന്റെ 'ജംഗിൾ ഫീവറി'ന്റെ ടീമിലും റഹീം ജംഗ് ഉണ്ടായിരുന്നു. “മൈ ദീൻ വാസ് മ്യൂസിക്' എന്നായിരുന്നു റഹീം പിന്നീട് പറഞ്ഞത്. അത്രമേൽ അതിൽ മുഴുകിയിരുന്നു. അദ്ദേഹത്തിനും സഹോദരനും സഹോദരിക്കും തികച്ചും അന്യമായിരുന്നു ഇസ്‍ലാമും സത്യവിശ്വാസവും എന്നര്‍ത്ഥം.
അദ്ദേഹത്തെ ഇസ്‍ലാമിക തീരത്തടുപ്പിച്ച കപ്പിത്താൻ അദ്ദേഹത്തിന്റെ അമ്മാവന്റെ പുത്രനാണ്. രണ്ടു വിരലുകളുള്ള പോൽ അടുപ്പമായിരുന്നു അവർ തമ്മിൽ, ഏകദേശം സമപ്രായക്കാരായതിനാൽ തന്നെ അവർ ഉറ്റമിത്രങ്ങളുമായിരുന്നു. എല്ലാ വേനലവധികളും അവർക്ക് ഉല്ലാസമായിരുന്നു. അവർ കറങ്ങാൻ പോകാത്ത വേനലുകളില്ല. എന്നാൽ, കാലത്തിന്റെയും കാര്യത്തിന്റെയും ശാന്തമായൊരൊഴുക്ക് അതിന് അവസാനമിട്ടു.
പതിനെട്ടിന്റെ നിറവിൽ നിൽക്കുന്ന റഹീമിന് ഒരു ഫോൺകോൾ വന്നതാണ് മാറ്റത്തിന്റെ തുടക്കം. മറുതലക്കൽ തന്റെ ഉറ്റമിത്രമാണെന്നറിഞ്ഞപ്പോൾ അവനിൽ സന്തോഷത്തിന്റെ നുരപൊന്തി. എന്നാൽ അതിന് അധികം ആയുസ്സില്ലായിരുന്നു. ക്ഷമാപണമായിരുന്നു ഫോൺ കോളിൽ ഉടനീളം നിറഞ്ഞുനിന്നിരുന്നത്. “പതിനെട്ട് തികഞ്ഞതിനാൽ എനിക്ക് ഹജ്ജ് ചെയ്യണമെന്നും അതിനാൽ ഇപ്രാവശ്യത്തെ വേനൽ ട്രിപ്പിന് വരാനാകില്ലയെന്നും മറുതലക്കൽ നിന്നും പറഞ്ഞപ്പോൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും റഹീമിന് അവനെ പിന്തിരിപ്പിക്കാനായില്ല. ഒടുക്കം ആ വേനലിൽ ആത്മസുഖം തേടി അവർ രണ്ടുപേരും രണ്ട് വഴിക്ക് യാത്ര പോയി, ഒരാൾക്ക് ആത്മീയതയുടെ പാഥേയമുണ്ടായിരുന്നെന്ന് മാത്രം.
ഹാജിയായി മടങ്ങിയെത്തിയ സുഹൃത്തിന്റെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങള്‍ പ്രകടമായത് റഹീമിനെ വല്ലാതെ സ്വാധീനിച്ചു. ആണുങ്ങളും പെണ്ണുങ്ങളും ഇടകലരുന്നിടത്തേക്കും മ്യൂസിക്ക് വേദികളിലേക്കും മറ്റും പോകാത്ത, താടി നീട്ടിവളർത്തിയ സുഹൃത്തിൽ തൃപ്തിയടയേണ്ടിവന്നു റഹീമിന്. മതമനുസരിച്ച് ജീവിക്കുന്ന തന്റെ സുഹൃത്തിനെ എപ്പോഴും സ്വസ്ഥതയിലും സമാധാനത്തിലും കാണപ്പെട്ടത് അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. അതേ സമയം, മ്യൂസികിന്റെ ലോകത്ത് എല്ലാം ആസ്വദിച്ച് ജീവിക്കുന്ന തനിക്ക് മനസ്സമാധാനം തീരെ ഇല്ലെന്നതും അയാള്‍ തിരിച്ചറിഞ്ഞു. ഇവിടെ നിന്നാണ് മതം നിത്യജീവിതത്തില്‍ തന്നെ വേണമെന്ന ചിന്തയിലേക്ക് റഹീം നീങ്ങുന്നത്.
ഒത്തിരി പണമുണ്ടെന്ന് കരുതി സ്വസ്ഥതയും മനസ്സമാധാനവും ഉണ്ടാവണമെന്നില്ലല്ലോ. തൊഴിലിലും ബന്ധങ്ങളിലും മനസ്സമാധാനം കണ്ടെത്താൻ പാടെ പ്രയാസപ്പെട്ടിരുന്ന റഹീം ഒടുക്കം ഇത്രയും നാൾ നിഷേധിച്ചു തള്ളിയ ദൈവത്തോട് ഒരു കാര്യം ആവശ്യപ്പെട്ടു, എന്നെ ഈ പ്രയാസഘട്ടത്തിൽ നീ സഹായിച്ചാൽ മൂന്ന് ആഴ്ചകൾക്കകം ഞാൻ എന്റെ തെറ്റുകളെല്ലാം ഉപേക്ഷിക്കാം എന്നായിരുന്നു അത്.
കരുണാവാനായ അല്ലാഹു തന്റെ കരുണയുടെ ഖജനാവിൽ നിന്നൊരംശം റഹീമിന് ഔദാര്യമായി നൽകി. റഹീമിന് അതിനുള്ള തൗഫീഖുണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി. പിന്നെയെല്ലാം അത്ഭുതമായിരുന്നു. അന്ന് പാതിരാവിന്റെ മറവിൽ വിശുദ്ധ ഖുർആൻ തുറന്നപ്പോൾ ഖുർആനിന്റെ അമാനുഷികത അവിടമാകെ പ്രകാശം പരത്തി. ഞെരുങ്ങിയ ജീവിതത്തിനിടയിൽ നരകിച്ചിരുന്ന റഹീമിന്റെ കണ്ണിൽ പെട്ടത്, ഒരു ഞെരുക്കത്തോടൊപ്പം എളുപ്പമുണ്ടാവുക തന്നെ ചെയ്യും, പ്രയാസമൊന്നിച്ച് ആശ്വാസമുണ്ടെന്നത് തീർച്ച എന്ന ഖുർആനിക വചനമാണ്. അത് തന്നോടുള്ള അഭിസംബോധനയായിട്ടാണ് റഹീമിന് തോന്നിയത്. അവിടം മുതൽ ഓരോ ഞെരുക്കങ്ങളും കെട്ടഴിഞ്ഞുപോകുന്നത് റഹീം തിരിച്ചറിഞ്ഞു.
പിന്നീട് മ്യൂസിക് ആരവങ്ങളിൽ നിന്നും പാടേ മാറി ഖുർആൻ പാരായണത്തിന്റെ മധുരതേന്‍ നുണയുന്ന ഒരു വണ്ടായി മാറുകയാണ് റഹീം ചെയ്തത്. നമ്മിൽ പലരുടേയും ഓത്തിൽ നിന്നും റഹീമിന്റെ പാരായണം വ്യത്യസ്തമായത് അർത്ഥമറിഞ്ഞും ചിന്തിച്ചുമുള്ള പാരായണമായത് കൊണ്ട് തന്നെയാണ്. അതിനാൽ തന്നെ അതിന്റെ രസം റഹീം അനുഭവിക്കുകയും ചെയ്തു. സുന്ദരമായ ഖുർആൻ പാരായണങ്ങൾ കേൾക്കുന്നതും റഹീമിന്റെ ഹോബിയായിമാറി. ശൈഖ് സഅദ് അൽ ഗാമിദിയുടെ പാരായണമായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടത്.
അർത്ഥമാറിയാതെയുള്ള ആദ്യപാരായണത്തിൽ തന്നെ സൂറത്തുൽ ഫജ്റിന്റെ ഒടുക്കത്തെ ഭാഗം (27-30) അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതായി മാറി. കേൾക്കാൻ സുന്ദരം, അകതാരിൽ ശാന്തതീരമടിക്കുന്ന പ്രതീതി. ഒത്തിരി ഓർത്ത് പോയി അതിന്റെ അർത്ഥത്തിൽ. 'ശാന്തിയടഞ്ഞ ആത്മാവേ, എന്റെ അടിമകളില്‍ നീ പ്രവേശിച്ചുകൊള്ളുക, എന്റെ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക' എന്ന് കേട്ടപ്പോൾ എന്തോ ഒരു സുഖം കളിയാടിയ പോലെ. തന്നോടും കുടുംബത്തോടും അല്ലാഹു 'നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക' എന്ന് പറയുന്നത് സങ്കല്പിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ കവിളുകളില്‍ ആനന്ദക്കണ്ണീർ ചാലിട്ടൊഴുകി.
മ്യൂസിക് ഫീൽഡിൽ വിജയകരമായി മുന്നേറുന്നതിനിടയിലാണ് റഹീം യഥാര്‍ത്ഥ മുസ്‍ലിമാവുന്നതും തുടർന്ന് മ്യൂസിക് ഉപേക്ഷിക്കുന്നതും. ഒത്തിരി പ്രയാസങ്ങൾ നേരിട്ടു. തന്റെ ഇസ്‍ലാമാശ്ലേഷണം ക്രിസ്ത്യാനിയായ ഉമ്മ എതിർക്കുമെന്നുറപ്പിച്ച റഹീം ആ കാര്യം പതിനേഴു വർഷക്കാലം ഉമ്മയിൽ നിന്നും മറച്ചുവെച്ചു.
മാരകമായ കാൻസറിന് മുന്നിൽ ആ ഉമ്മ കീഴടങ്ങാനൊരുങ്ങിയ വേളയിൽ മകനെ അടുത്ത് വിളിച്ചു പറഞ്ഞു: “ഞാൻ മരിച്ചാൽ നിങ്ങളെന്നെ കത്തിച്ചു കളയണം. കുഴിച്ചു മൂടരുത്'. ഇതു കേട്ട് റഹീം ഉമ്മയോട് പറഞ്ഞു 'നിങ്ങളുടെ ആഗ്രഹം അങ്ങനെയെങ്കിൽ അങ്ങനെയാകട്ടെ.., എന്നാലും ഒന്ന് മാറിച്ചിന്തിച്ചുകൂടെ?'
ഒന്നും പിടികിട്ടാതിരുന്ന ആ സ്ത്രീ മകന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു. മകൻ തുടർന്നു. "ശബ്ദകോലാഹള പ്രശ്നങ്ങളില്ലാതെ ഉമ്മയുടെ ആൺകുട്ടികൾ നിങ്ങളെ വഹിച്ച് ഒരിടത്തെത്തിക്കാം. അവിടെ വെച്ച് ഉമ്മയുടെ പെണ്മക്കളും മരുമക്കളും കൂടെ ഉമ്മയെ കുളിപ്പിച്ച് നല്ല വെള്ളത്തുണിയിൽ പൊതിഞ്ഞ് മറവ് ചെയ്തോളാം". മരണശേഷവും തന്റെ പ്രിയപ്പെട്ടവരുടെ പങ്കാളിത്തം ഉൾക്കൊള്ളുന്ന ഈ രീതിയാണ് തനിക്ക് അഭികാമ്യം എന്ന് മനസ്സിലാക്കി ആ ഉമ്മ തിരുത്തിപ്പറഞ്ഞു. ക്രിസ്ത്യാനിയായിരുന്നിട്ടും ഒടുക്കം ഉമ്മ പറഞ്ഞത്, എന്നെ മുസ്‍ലിംകൾ മറവ് ചെയ്യുന്ന പോലെ മറവ് ചെയ്യണമെന്നായിരുന്നു.
ശേഷിക്കുന്ന ദിനങ്ങളില്‍ ഉമ്മയെ ഇസ്‍ലാമിലേക്ക് കൊണ്ട് വരാനായിരുന്നു റീഹമിന്റെ ശ്രമം. "എല്ലാത്തിനും ഒരു സ്രഷ്ടാവുണ്ടെന്നും ആ സ്രഷ്ടാവ് മനുഷ്യനന്മക്കായി ഒരു പ്രവാചകനെ അയക്കുമെന്നും ഉമ്മ വിശ്വസിക്കുന്നുണ്ടോ?” എന്ന് മകൻ ചോദിച്ചപ്പോൾ ഉമ്മ "അതെ"യെന്ന് മറുപടി നൽകി. ഒരു കത്തോലിക്ക കുടുംബത്തിൽ പെട്ട അവർക്ക് അത് സമ്മതിക്കൽ എളുപ്പവുമായിരുന്നു. അല്ലാഹുവിലും റസൂലിലും ഉമ്മ വിശ്വസിച്ചിട്ടുണ്ടെന്ന് ആ 'അതേ' എന്ന മറുപടിയിൽ നിന്നും അദ്ദേഹം ആശ്വസിച്ചു.
ആ ഇടക്കാണ് തന്റെ പതിനാല് വയസ്സുള്ള മകന്റെ വാക്കുകൾ റഹീമിനെ അസ്വസ്ഥപ്പെടുത്തുന്നത്. "ശഹാദത്ത് കലിമ ചൊല്ലാതെ ഒരാൾക്കും മുസ്‍ലിമാകാൻ കഴിയില്ല എന്നും ഉമ്മയുടെ “അതേ' എന്ന മറുപടി കൊണ്ട് മാത്രം ഉമ്മ മുസ്‍ലിമാവുകയില്ല എന്നും മകൻ പറഞ്ഞപ്പോൾ എന്തോ ഒരു തരിപ്പ് ശരീരമാസകലം പായുന്ന പോലെ റഹീമിന് തോന്നി. ഉമ്മ ശഹാദത്ത് കലിമ ചൊല്ലില്ല, ഉറപ്പാണ്. ഓരോ കാരണം പറഞ്ഞ് ഉമ്മ തിരിഞ്ഞുകളയും. അതോടെ താൻ കണ്ടെത്തിയ ആശ്വാസം അസ്വസ്ഥതയായി മാറിത്തുടങ്ങി റഹീമിന്. എന്നാലും പടച്ചവനിലുള്ള വിശ്വാസം അയാൾക്ക് അപ്പോഴും ആശ്വാസം നല്കിക്കൊണ്ടിരുന്നു. മതവിശ്വാസികൾ, വിശിഷ്യാ മുസ്‍ലിംകൾ കപടരാണ് എന്നാണ് ഉമ്മയുടെ വിചാരം. അതിനാൽ ഉമ്മയുടെ വായയിൽ നിന്നും ശഹാദത്തിന്റെ വാക്യങ്ങള്‍ വരാനുള്ള സാധ്യത റഹീം തീരെ കണ്ടില്ല.
ദിവസങ്ങൾ മാറിമറിയുന്നതോടൊപ്പം ഉമ്മയുടെ അവസ്ഥ ഏറെ സങ്കീർണമായിക്കൊണ്ടിരുന്നു. ഉമ്മയെ ശുശ്രൂഷിക്കാൻ മുന്നിൽ തന്നെയുള്ള മകനെ, ഉമ്മ വിശ്വാസിയാവാത്ത മനപ്രയാസം അലട്ടിക്കൊണ്ടിരുന്നു, ശങ്കയാൽ നഖം കടിച്ചുക്കൊണ്ടിരുന്നു. ഉപ്പയുടെ ആധി കണ്ട് മകൻ ഒരു ശ്രമം നടത്തി. ഉപ്പയെ താഴെനിർത്തി അവൻ മുകളിൽ കിടക്കുന്ന ഉമ്മമ്മയുടെ അടുത്ത് ചെന്നു. താഴെ നിക്കപ്പൊറുതി കിട്ടാതെ റഹീം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.
അല്പം കഴിഞ്ഞ് മകൻ താഴോട്ട് ഇറങ്ങി വന്നു. ഉമ്മ ശഹാദത്ത് ചൊല്ലിയോ എന്നറിയാനായിരുന്നു റഹീമിന് തിടുക്കം. മകൻ അതേ എന്ന് പുഞ്ചിരിയോടെ മറുപടി നൽകി. ആ കണ്ണുകൾ ചുവന്നു, മിഴികൾ കലങ്ങി കൺപോളകൾക്കുള്ളിൽ കണ്ണുനീർ തടം കെട്ടി, അതിയായി ആഗ്രഹിച്ച ആ മോഹം, ഒടുവിൽ ഇതാ സഫലമായിരിക്കുന്നു. കവിൾത്തടത്തിലൂടെ കണ്ണീർ ചാലിട്ടൊഴുകി. ഹിദായത്ത്, അത് റബ്ബ് ഉദ്ദേശിക്കുന്നവർക്ക് കൊടുക്കുന്നതല്ലേ. ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ തുടച്ച്കൊണ്ട് ഇടറിയ ശബ്ദത്തോടെ റഹീം പറഞ്ഞു. “അൽഹംദുലില്ലാഹ്". നേരെ ഉമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. ശേഷം രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആ ഉമ്മ റബ്ബിലേക്ക് യാത്രയാവുകയും ചെയ്തു. മുസ്‍ലിമാകാൻ റബ്ബ് ആ ഉമ്മാക്ക് അവധി നീട്ടിക്കൊടുത്തതായിരിക്കുമോ എന്ന് തോന്നിപ്പോകും വിധമായിരുന്നു അതെല്ലാം.
ഉമ്മ മരിച്ചയുടനെയുണ്ടായ ചില സങ്കീർണതകൾ കാരണം ആ വർഷത്തെ ഹജ്ജിനെക്കുറിച്ച് റഹീം ചിന്തിച്ചിട്ടേയില്ലായിരുന്നു. ഇസ്‍ലാം ചാനൽ ഈ ആവിശ്യവുമായി സമീപിച്ചപ്പോളും റഹീം ഒരുക്കമല്ലായിരുന്നു. എന്നാൽ, വിധിക്ക് കീഴടങ്ങേണ്ടവനാണല്ലേ മനുഷ്യൻ, ആ വർഷം റഹീം ഹജ്ജ് ചെയ്തു. ഉമ്മ മരിച്ച് മൂന്ന് മാസമാകും മുമ്പായിരുന്നു ഇത്. റമദാനിൽ മരണപ്പെട്ട ഉമ്മാക്ക് വേണ്ടി താൻ ചെയ്ത ഹജ്ജിനെക്കുറിച്ച് "ഇസ്‍ലാം ചാനലിലൂടെ ലോകവുമായി അദ്ദേഹം പങ്കുവെച്ചു. മരിക്കുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് മുസ്‍ലിമായ ആ ഉമ്മയുടെ ഏറെ ഭാഗ്യവതിയായിരുന്നു. റഹീം ജംഗിന്റെ ഉമ്മയുടെ കഥ ലോകം അറിഞ്ഞതിനാലാകാം, ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ആളുകൾ റഹീമിനെ വിളിച്ചു. കുറെ പേർ ഉമ്മയുടെ പേരിൽ സ്വദഖ ചെയ്ത സന്തോഷം പങ്കുവെച്ചു. ചിലർ ഉമ്മയുടെ പേരിൽ പള്ളി നിർമിച്ചതും മറ്റു ചിലർ യതീംകുട്ടികളെ സ്പോൺസർ ചെയ്ത സുകൃതങ്ങളും റഹീമിനെ അറിയിച്ചു. ഇതെല്ലാം കേട്ട് ആ മകന്റെ മനസ്സ് സന്തോഷം കൊണ്ട് തുടി കൊട്ടുകയായിരുന്നു, അദ്ദേഹം എല്ലാം ഈ വാക്കിലൊതുക്കി, “അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ".
(ഫഹദ് അൽ കിമീ എന്ന ഈജിപ്ഷ്യൻ പണ്ഡിതന്റെ Guided Through The Quran എന്ന പരിപാടിയുടെ ഭാഗമായി റഹീം ജംഗുമായി നടത്തിയ ആഭിമുഖത്തിൽ നിന്നും)
Leave A Comment