വില്ല്യാപ്പള്ളി ഇബ്‍റാഹീം മുസ്‍ലിയാര്‍ (ന:മ), കടത്തനാടിന്റെ ഫഖീഹ്

മൂന്ന് പതിറ്റാണ്ടിലേറെ സമസ്തയുടെ മുശാവറ മെമ്പറും കടത്തനാടിന്റെ കര്‍മശാസ്ത്രത്തിലെ അവസാന വാക്കുമായിരുന്ന ശൈഖുനാ വില്ല്യാപ്പള്ളി ഇബ്‍റാഹീം മുസ്‍ലിയാര്‍ (ന:മ)യുടെ വേര്‍പാട് ഇപ്പോഴും വേദനയായി ശേഷിക്കുകയാണ്. മേളയും കേളിയും തമസ്കരിച്ചും എളിമയും താഴ്മയും സ്വീകരിച്ചും സല്‍പന്ഥാവിലൂടെ നടന്നകന്ന് സ്വര്‍ഗം ലക്ഷീകരിച്ച സൂക്ഷ്മജ്ഞാനിയായ പണ്ഡിതനായിരുന്നു മഹാനവര്‍കള്‍.

കേരളത്തില്‍ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന  വലിയ പണ്ഡിതനായിരുന്നിട്ടും ലളിതമായ ജീവിതമായിരുന്നു ബഹുമാനപ്പെട്ട വില്ല്യാപ്പള്ളി ഉസ്താദിന്‍റേത്. കര്‍മശാസ്ത്രപരമായ ആവശ്യങ്ങള്‍ക്കും മറ്റുമായി തന്‍റെ വീട്ടിലേക്ക് വരുന്ന അനേകം ആളുകളെ സസ്നേഹം സ്വീകരിക്കുന്നതില്‍ ഉസ്താദ് പ്രത്യേകം താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിരുന്നുകാരെ വിളിച്ചിരുത്തി അല്പം സംസാരിച്ച ശേഷം സ്വയം തന്നെ ചായയും പലഹാരങ്ങളും കൊണ്ടുവന്ന് സല്‍ക്കരിക്കുന്നതായിരുന്നു ഉസ്താദിന്‍റെ ശൈലി.  'എന്തിനാ വന്നത്' എന്ന പുഞ്ചിരിയോടെയുള്ള ചോദ്യം തന്നെ ആഗതന് ആശ്വാസം നല്‍കും എന്നത് തീര്‍ച്ചയാണ്.

രോഗബാധിതനാവുന്നതിന് മുമ്പ് എന്നും രാവിലെ തന്‍റെ നാടായ മലാറക്കലില്‍ നിന്നും വില്ല്യാപ്പള്ളി ടൗണിലേക്ക് പോയി മത്സ്യവും മറ്റു അവശ്യ സാധനങ്ങളും വാങ്ങികൊണ്ടുവരല്‍ ഉസ്താദിന്‍റെ ശീലമായിരുന്നു. ഇതിനിടയില്‍ പലരും വാഹനവുമായി ഉസ്താദിനെ സമീപിക്കുമെങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടാകുമോ എന്ന് കരുതി പൂര്‍ണ്ണമായും നടക്കുകയായിരുന്നു പതിവ്.

കര്‍മശാസ്ത്ര വിഷയങ്ങളില്‍ കടത്തനാടിന്‍റെ അവസാന വാക്കായിരുന്നു വില്ല്യാപ്പള്ളി ഉസ്താദ്. വിജ്ഞാന സദസുകളും ആത്മീയ മജ്‍ലിസുകളും വ്യാപകമല്ലാതിരുന്ന കാലത്ത്, നാടുനാടാന്തരം വഅള് പരമ്പര സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് ദീനീവിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിനായി ഉസ്താദ് വലിയ പ്രയത്നം നടത്തിയിട്ടുണ്ട്. വടകര, വില്ല്യാപ്പള്ളി മേഖലകളില്‍ ഇന്ന് കാണപ്പെടുന്ന മതകീയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവിടുത്തെ കരങ്ങള്‍ അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. പണ്ട് കാലങ്ങളില്‍ പല നാടുകളിലും നടന്നുവന്നിരുന്ന 'നാല്‍പത് ദിന വഅള് പരമ്പര' യിലെ പ്രമുഖ പ്രഭാഷകരില്‍ പ്രധാനിയാണ് പിലാവുള്ളതില്‍ ഇബ്‍റാഹീം മുസ്‍ലിയാര്‍ എന്ന വില്ല്യാപ്പള്ളി ഉസ്താദ്. 'കര്‍മശാസ്ത്ര പ്രഭാഷണം' എന്ന പേരില്‍ തന്‍റെ നാടായ മലാര്‍ക്കലില്‍ ആരംഭിച്ച പദ്ധതി, പൂര്‍ണ്ണ വിജയം കാണുകയും പിന്നീട് വിദേശ രാജ്യങ്ങളടക്കം അനേകം നാടുകളിലേക്ക് വ്യാപിക്കുകയുംചെയ്തു. ഇത്തരം പ്രഭാഷണങ്ങളില്‍ ഫിഖ്ഹീ മസ്അലകള്‍ തന്നെയായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

സാധാരണ പ്രസംഗ ശൈലിയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന പ്രത്യേക ശൈലിയായിരുന്നു ഉസ്താദിന്‍റേത്. ഐഹികമായ ലക്ഷ്യങ്ങള്‍ ഏതുമില്ലാത്ത പ്രഭാഷണങ്ങളിലൂടെ കര്‍മശാസ്ത്ര പഠനത്തിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഉസ്താദിന് നിഷ്പ്രയാസം സാധിച്ചു. സങ്കീര്‍ണ്ണമായ പല മസ്അലകളും തമാശ കലര്‍ന്ന  നാടന്‍ ശൈലിയിലൂടെ ജനഹൃദയങ്ങളിലേക്കെത്തിക്കാന്‍ ഉസ്താദിന് അസാമാന്യ കഴിവുണ്ടായിരുന്നു. പറയുന്ന വിഷയത്തിലേക്ക് ജനങ്ങളെ ആകൃഷ്ടരാക്കാന്‍വേണ്ടി ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നായയെ വെള്ളം കുടിപ്പിച്ചതിന്‍റെ പേരില്‍ സ്വര്‍ഗം ലഭിച്ച ബനൂ ഇസ്രാഈലിലെ സ്ത്രീയുടെ ചരിത്രം വിവരിക്കുന്ന വേളയില്‍, തന്‍റെ ഷൂ കടിച്ചു പിടിച്ച് പ്രഭാഷണം നടത്തിയത് ഇതിനുദാഹരണമാണ്. പ്രഭാഷണങ്ങള്‍ക്കിടയില്‍ തന്‍റെ ഫോണ്‍ നമ്പര്‍ നല്കിയിട്ട് സംശയമുണ്ടെങ്കില്‍ ഇതില്‍ വിളിച്ചാല്‍ മതി എന്ന് പറയാനും  ആ നിഷ്കളങ്കനായ മനുഷ്യന്‍ മറന്നില്ല. അദ്ധേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ചൂട്ട് കത്തിച്ച് ജനങ്ങള്‍ വരാറുണ്ടായിരുന്നുവെന്ന് പഴയ തലമുറക്കാര്‍ പറയാറുണ്ട്. അന്ന് ജനങ്ങള്‍ ദീനീ വിജ്ഞാനം പഠിച്ചത് തന്നെ ഇത്തരം പ്രഭാഷണങ്ങളിലൂടെയായിരുന്നു.

ചെറുപ്പം മുതല്‍ തന്നെ തഖ്‍വയും വിനയവും കൈമുതലാക്കിയ മഹാന്‍ പഠനത്തിലും അഗ്രഗണ്യനായിരുന്നു. കണാരങ്കണ്ടി അഹ്മദ് മുസ്‍ലിയാര്‍, കോറോത്ത് അബൂബകര്‍ മുസ്‍ലിയാര്‍, എടവന കുഞ്ഞേറ്റി മുസ്‍ലിയാര്‍ എന്നിവരില്‍ നിന്ന് ഹദീസ്, തഫ്സീര്‍, ഫിഖ്ഹ്, നഹ്‍വ്, ബലാഗ, സ്വര്‍ഫ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചു. കണാരങ്കണ്ടി ഉസ്താദിന്റെ കീഴില്‍ പാറക്കടവ് ദര്‍സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പ്രഭാഷണ വേദികളില്‍ പ്രത്യക്ഷ്യപ്പെട്ടത്. അവിടുത്തെ എട്ട് വര്‍ഷത്തെ പഠനത്തിലൂടെ തന്നെയാണ് കര്‍മശാസ്ത്രത്തില്‍ വ്യുല്‍പ്പത്തി നേടിയതും.

1969 ല്‍ ഉപരിപഠനത്തിനായി പട്ടിക്കാട്ജാമിഅ നൂരിയയിലേക്ക് പുറപ്പെട്ടു. വില്ല്യാപ്പള്ളി പറമ്പത്ത് മൂസഹാജിയുടെ സഹായത്തോടെ ജാമിഅയിലെ ആദ്യ ബാച്ചുകളിലാണ് പഠനമാരംഭിച്ചത്. ശംസുല്‍ ഉലമാ ഇ കെ അബൂബകര്‍ മുസ്‍ലിയാര്‍, റഈസുല്‍ മുഹഖിഖീന്‍ കണ്ണിയ്യത്ത് ഉസ്താദ്, കോട്ടുമല അബൂബകര്‍ മുസ്‍ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‍ലിയാര്‍ തുടങ്ങിയ പ്രഗത്ഭിരില്‍ നിന്നും അറിവ് നുകര്‍ന്നു. 'നിസ്കാരം' എന്ന പേരില്‍ ഉസ്താദ് എഴുതിയ പുസ്തകമാണ് ജാമിഅയില്‍ നിന്നും ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം. 

മുപ്പത് വര്‍ഷത്തിലേറെ സമസ്തയുടെ മുശാവറ മെമ്പറായിരുന്ന വില്ല്യാപ്പള്ളി ഉസ്താദ് സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ അങ്ങേയറ്റം കണിശത പുലര്‍ത്തുകയും കടത്തനാട്ടില്‍ സമസ്തയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍മകുശലതയും സൂക്ഷ്മതയും അഴകുചേര്‍ന്ന അദ്ധേഹം മര്‍ഹൂം ചേലക്കാട് ഉസ്താദിന്‍റെ കൂടെ അഹ്‍ലുസുന്നത്തിന്‍റെ ആശയപ്രചരത്തിനായി അഹോരാത്രം പരിശ്രമിച്ചു.

ഒരുപാട്കാലങ്ങള്‍ക്ക് മുമ്പ് തന്നെ വിവിധ ഹജ്ജ്, ഉംറ ഗ്രൂപ്പുകളുടെ അമീറായി മഹാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. തുഹ്ഫ, നിഹായ, മുഗ്നി, മഹല്ലി, ഫത്ഹുല്‍ മുഈന്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഉസ്താദിന്‍റെ ഹജ്ജ് ക്ലാസുകളും ഏറെ പ്രസിദ്ധമാണ്. ഇതിന് വേണ്ടി മാത്രം അനേകം ജനങ്ങള്‍ വില്ല്യാപ്പള്ളിയില്‍ തടിച്ചുകൂടാറുണ്ടായിരുന്നു. ആധുനിക വിദ്യ ഇത്രത്തോളം വികസിക്കാത്ത കാലത്ത് കഅ്ബയുടെ ശില്‍പമുണ്ടാക്കി ഹജ്ജ് ക്ലാസ് നടത്തുന്നതിലും ഉസ്താദ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.

1941 ല്‍ അഹ്മദ്-കാഞ്ഞിരക്കുനി ആയിശ എന്നീ ദമ്പതികളുടെ മകനായി ജനിച്ച്, ഒരു പുരുഷായുസ്സ് മുഴുവനും ദീനീ സേവനത്തിനായി ചെലവഴിച്ച മഹാനായ വില്ല്യാപ്പള്ളി ഇബ്‍റാഹീം മുസ്‍ലിയാര്‍ (ന.മ), 2023 ജൂലൈ 03, തിങ്കളാഴ്ച ഈ ലോകത്തോട് വിടപറഞ്ഞു. വില്ല്യാപ്പള്ളി പറമ്പില്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter