നൂഹ് കെല്ലര്‍: ഞാന്‍  ഇസ്‌ലാമിലേക്ക്

കുട്ടിക്കാലത്ത് തന്നെ ചര്‍ച്ച് എന്നില്‍ സൃഷ്ടിച്ച ആത്മീയ പരിവേഷം തീര്‍ത്തും സംശയപരമായിരുന്നു. പില്‍ക്കാലത്ത് വിശിഷ്യാ, കത്തോലിക്കാ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠനഗവേഷണങ്ങള്‍ നടത്തിയപ്പോള്‍ ക്രിസ്തീയ മതവുമായുള്ള എന്റെ ബന്ധത്തില്‍ ചില വിള്ളലുകള്‍ പ്രകടമായി.

അടിസ്ഥാനവിശ്വാസമായ ത്രിയേകത്വം തന്നെ എന്നെ സംബന്ധിച്ചിടത്തോളം കുരിശിലേറുന്നതായി തോന്നി. ഒരു പുരോഹിതനും ഇന്നേ വരെ ഈ തത്വത്തെ മതിയാംവണ്ണം വിശദീകരിക്കാനായിട്ടില്ല.

ത്രിയേകത്വം ദൈവികതയുടെ വലയത്തില്‍ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പങ്കാളികളാക്കുന്നു. ഇതെങ്ങനെ സാധ്യമാകുമെന്നതായി എന്റെ ചോദ്യം. അപ്പോഴും, ബാക്കിയുള്ളവരുടെ ചുമതല കൂടി പിതാവ് ഏറ്റെടുത്ത് നടത്തുകയായിരിക്കുമെന്ന് വിശ്വസിച്ച് സമാധാനിക്കാന്‍ ശ്രമിച്ചു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കത്തോലിക്കന്‍ ചിന്താഗതിയുടെ അടിസ്ഥാനധാരയില്‍ (ത്രിയേകത്വം)  നിന്ന് തെന്നിമാറിയ ഒരു വിശ്വാസസംഹിത (പിതാവിന്റെ ഏകത്വം) എന്റെ മനസ്സ് നിര്‍മിച്ചെടുത്തു. ത്രിയേകത്വത്തിലുള്ള എന്റെ വിശ്വാസത്തിന്റെ ആണിക്കല്ലാണ് അതുവഴി അടര്‍ന്ന് വീണത്.

മാനുഷിക-ദൈവിക പ്രകൃതികള്‍ പൂര്‍ണര്‍ഥത്തില്‍ വിരുദ്ധഭാവത്തെ കുറിക്കുന്നു.  ഒന്ന് എല്ലാനിലക്കും പരിമിതവും നിശ്ചിതമവുമാണ്. മറ്റേതാണെങ്കില്‍ അനിശ്ചിതവും അനിയന്ത്രിതവും. സമാന്തരമായി നീങ്ങുന്ന ഈ രണ്ട് പ്രകൃതികള്‍ പരസ്പരം ബന്ധിപ്പിച്ച് വേണം ക്രിസ്തീയത ഉദ്‌ഘോഷിക്കുന്ന ത്രിയേകത്വ ചിന്താഗതിയെ ഉള്‍ക്കൊള്ളാന്‍. അതുകൊണ്ട് തന്നെ ക്രിസ്തുവിന് ദൈവിക വേഷം നല്‍കാന്‍ കുട്ടിക്കാലത്തോ  ശേഷമോ എനിക്കായില്ല.

ക്രിസ്തീയതയുടെ ചരിത്രപരമായ ഗതി തന്നെ എന്നില്‍ ഏറെ സംശയമുളവാക്കിയിരിക്കണം. ചര്‍ച്ചിന് സുസ്ഥിരമായ നയങ്ങളില്ലെന്ന് പറഞ്ഞ്, രണ്ടാം വര്‍ത്തിക്കാന്‍ സമ്മേളനാനന്തരം മതപണ്ഡിതര്‍ പ്രാര്‍ഥനാകര്‍മ്മങ്ങളിലും ആചാരങ്ങളിലും ഇടക്കിടെ നടത്തിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ തന്നെ അവയുടെ സാധുതയെ ചോദ്യം ചെയ്യാന്‍ പോന്നതായിരുന്നു.  ലാറ്റിന്‍ ഭാഷയില്‍ നിന്ന് ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് മാറ്റുന്നതില്‍ തുടങ്ങിയ ഈ പദ്ധതിയിലൂടെ ഫോള്‍ക്ക് സംഗീതത്തെയും ഗിത്താറിനെയുമെല്ലാം മതത്തിന്റെയും സാധനയുടെയും പട്ടില്‍ പൊതിഞ്ഞവതരിപ്പിക്കാന്‍ അവര്‍ക്കായി. പുരോഹതന്മാര്‍ ഇവയുടെ ഔചിത്യത്തെ കുറിച്ച് വാചാലരാകും. വിശ്വാസികള്‍ തല കുലുക്കി സമ്മതിക്കും വരെ അവര്‍ അതിനെ കുറിച്ച് വിശദീകരിച്ചുകൊണ്ടേയിരിക്കും. പക്ഷേ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. കാരണം, ദൈവം മാറിയിട്ടില്ല; മനുഷ്യാത്മാവിന്റെ തേട്ടങ്ങളും. ദിവ്യലോകത്തു നിന്ന് മറ്റൊരു ബോധനമുണ്ടായതായി അവരറിഞ്ഞിട്ടുമില്ല.

ജീവിതലക്ഷ്യങ്ങളെ വിശദീകരിക്കുന്ന ഒരു വിശുദ്ധഗ്രന്ഥം തേടി ഞാന്‍ ഏറെ അലഞ്ഞു. ബൈബിളിന്റെ ഒരു കോപ്പി അങ്ങനെയാണ് എനിക്ക് ലഭിക്കുന്നത്. തീര്‍ത്തും വിരുദ്ധമായ അതിലെ പരാമര്‍ശങ്ങള്‍ ഒരു അന്വേഷകന്‍ എന്ന നിലക്ക് എന്നെ ഏറെ ഉലച്ചു. അതേകുറിച്ചു സംവാദങ്ങള്‍ നടത്തിയപ്പോഴാണ് ക്രിസ്ത്യാനികള്‍ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കര്‍മ്മപഥത്തില്‍ പരിഹാരം കണ്ടതെങ്ങനെയാണെന്ന് ഞാനറിഞ്ഞത്. പ്രൊട്ടസ്റ്റന്റുകള്‍ സെക്‌റ്റേറിയന്‍ തിയ്യറികളുണ്ടാക്കി തങ്ങളുടെ സെക്റ്റിന്റെ ടെസ്റ്റുകളെ പര്‍വ്വതീകരിക്കുകയും മറ്റുള്ളവയെ ഇകഴ്ത്തുകയും ചെയ്യുന്നു. തങ്ങളുടെ ലിറ്റര്‍ജിയിലില്ലാത്തവയെ പുച്ഛിച്ചു തള്ളി കാത്തലിക്‌സും പ്രശ്‌നപരിഹാരം കാണുന്നു.

യൂനിവേഴ്‌സിറ്റിയിലെ എന്റെ പഠനവും ക്രിസ്തീയതയെ കുറിച്ച് മനസ്സിലാക്കാന്‍ ഏറെ സഹായിച്ചു. പുതിയ നിയമത്തെ കുറിച്ച് ആധുനിക രീതിയില്‍ നടന്ന പഠനങ്ങളെല്ലാം അതിന്റെ പ്രമാണികതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണെന്ന് തിരിച്ചറിയാനായി. ഇരുപതാം നൂറ്റാണ്ടിലെ ഗണനീയ പണ്ഡിതനായ ജോക്കി ജറൈമിയസിന്റെ The problem of Historical Jesus  ന്റെ വിവര്‍ത്തനം കാണാനിടയായി. ഒരര്‍ഥത്തില്‍ അദ്ദേഹം ജര്‍മന്‍ പണ്ഡിതന്‍ റുഡോള്‍ഫ് ബര്‍ട്ട്മാന്റെ ചിന്താഗതികള്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പുതിയ നിയമത്തിലെ ക്രിസ്തുവിന്റെ  ജീവിത രീതികള്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ ചരിത്രത്തില്‍ നിന്ന് ഏറെ അകലം പാലിക്കുന്നുവെന്ന് ഇരുവരും സമര്‍ഥിക്കുന്നു.

ഫിലോസഫി മുന്നോട്ടു വെക്കുന്ന രണ്ടു ചോദ്യങ്ങളുണ്ട്. What do you mean ?, How do you know?എന്റെ മതകീയ പാരമ്പര്യത്തെ കുറിച്ച് ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ ഞാന്‍ ഉത്തരം മുട്ടി. ക്രിസ്ത്യാനിസം എന്നില്‍ നിന്ന് അടര്‍ന്ന് വീഴുന്നതായി തോന്നി. ആ നിമിഷം ഞാനൊരു അന്വേഷണ സപര്യക്ക് തുടക്കം കുറിച്ചു. ഒരു പക്ഷേ, മിക്ക പാശ്ചാത്യരും ഇത്തരമൊരു യാത്ര നടത്തിയിരിക്കും. അനര്‍ഥമായൊരു ലോകത്തേക്ക് അര്‍ഥം തേടിയുള്ള ഒരു പുറപ്പാട്.

ആയിടക്കാണ് ഖുര്‍ആന്‍ പരിഭാഷ വായിക്കാനും മൗലികവിഷയങ്ങളെ അവതരിപ്പിക്കുന്നതിന് അതവലംബിച്ച ഉദാത്തമായ ശൈലി തിരിച്ചറിയാനും സാധിച്ചത്. ഇതുപോലെ ക്രമീകൃതമായ ഒരു മതകീയ ഗ്രന്ഥം മറ്റേതെങ്കിലുമുണ്ടായിരിക്കാനിടയില്ലെന്ന് എനിക്ക് തോന്നി. സാഹിതീയ കൃതി എന്ന നിലക്ക് തന്നെ സ്ഥിരപ്രതിഷ്ഠ നേടിയ  ഖുര്‍ആന്‍ അറബിയില്‍ തന്നെ വായിക്കണമെന്ന് അറിയാതെ ആശിച്ചു പോയി.

ചിക്കാഗോയിലെ സ്‌കൂളില്‍ വലിയൊരു സംഖ്യതന്നെ ഫീയായി അടക്കേണ്ടിയിരുന്നു. അതിനായി ഞാന്‍ വേനലവധിയില്‍ മീന്‍ പിടിക്കാന്‍ പോയിത്തുടങ്ങി. കടല്‍ എന്നില്‍ നിരവധി ചിന്തകള്‍ക്ക് തിരികൊളുത്തി. കാറ്റ്, വെള്ളം, മഴ തുടങ്ങിയ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്രമാത്രം നിസ്സാരനായിത്തീരുന്നുവെന്ന ബോധം അതെന്നിലുളവാക്കി. അറ്റമില്ലാത്ത സാഗരത്തിലെ ഓരോ തുള്ളികളും ചിന്തകളുടെ തിരമാലകളായി  മനസ്സില്‍ വന്നുപതിച്ചു.

ഏതൊരു പ്രതിഭാസത്തിന്റെയും അസ്ഥിത്വ പരമായ സാഹചര്യത്തില്‍ നിന്ന് മനുഷ്യന്‍ അന്തര്‍ബോധം ആര്‍ജ്ജിച്ചെടുക്കണമെന്നാണ് തത്വം. ജീന്‍പോള്‍  സ്റ്റാര്‍ട്രസ്സിന്റെ Being and nothingness എന്ന കൃതി ഇതേക്കുറിച്ച് പറയുന്നുണ്ട്. ഒരു മരം ഉദാഹരണമായി  എടുക്കാം. യോഗിക്ക് അതൊരു ദൃഷ്ടാന്തമാണെങ്കില്‍ കവിക്കതൊരു വനമായിട്ടാണനുഭവപ്പെടുന്നത്. എന്നാലൊരു കാപിറ്റലിസ്റ്റിന് മരം കച്ചവടച്ചരക്ക് മാത്രമാണ്. മുന്നില്‍ അറ്റം കാണാതെ കിടക്കുന്ന കടല്‍ വിശ്വാസത്തിന്റെ വേരു തേടുന്ന എന്നെ സംബന്ധിച്ചിടത്തോളം ദിവ്യശക്തിയെ കുറിച്ച് വാചലമാകുന്ന  സൃഷ്ടിപ്പായി പരിണമിച്ചതില്‍ അതുകൊണ്ട് തന്നെ അത്ഭുതമില്ല. കടല്‍ പലപ്പോഴും മീന്‍ പിടുത്തക്കാരോട് സമവായത്തിലായിരുന്നില്ല.  അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ദൈവത്തെ വിളിച്ചാര്‍ക്കുന്നവര്‍ തന്നെ, സുരക്ഷിതമായി കരയിലെത്തിയാല്‍ ദിവ്യശക്തിയെ കുറിച്ച് അജ്ഞത നടിക്കുന്നത് എന്നില്‍ നടുക്കം സൃഷ്ടിച്ചുവെന്നത് നിഷേധിക്കാനാവില്ല.

ജീവിതത്തില്‍ ഞാന്‍ ആര്‍ജ്ജിച്ച ഫിലോസഫിയിലെ തത്വങ്ങള്‍ ക്രിസ്ത്യന്‍ വിശ്വാസങ്ങളെ കളവാക്കി ചിത്രീകരിക്കുക്കയും ഗഹനമായ പല ഉള്‍ക്കാഴ്ചകള്‍ എനിക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ധാര്‍മികമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനതിനായില്ല. ഹെഗല്‍ 'Introduction to the reading ' എന്ന തന്റെ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: 'ഫിലോസഫി അവസാനിക്കുന്നത് ഒരു വ്യവസ്ഥയിലല്ല. മറിച്ച്, മാനുഷിക പ്രവര്‍ത്തനങ്ങളുടെ നൈതികമായ വിവക്ഷകളെ വിശദീകരിക്കാന്‍ പോന്ന ഒരു ബുദ്ധിമാനിലാണ്'.  നൈതികമായ ഒരു ചോദ്യത്തിനും മറുപടി പറയാന്‍ കഴിയാത്ത ആധുനിക ലോകത്തെ നിലവിലെ അവസ്ഥയെ കുറിച്ചാണ് ഈ വരികള്‍ എന്നെ ഓര്‍മിപ്പിച്ചത്.

ഇക്കാലത്തിനിടയിലാണ് ഇമാം ഗസാലിയുടെ അല്‍മുന്‍ഖിദു മിനദ്ദലാലിന്റെ വിവര്‍ത്തനം ഞാന്‍ വായിക്കുന്നത്. ഭൗമേപരിതലത്തില്‍ പ്രവാചകവെളിപാടുകള്‍ക്കപ്പുറത്ത് ദിവ്യബോധനം സ്വീകരിക്കാന്‍ പോന്ന ഒരു പ്രകാശവുമില്ലെന്നദ്ദേഹം അതില്‍ സമര്‍ഥിക്കുന്നുണ്ട്. ഹെഗല്‍ പറഞ്ഞ 'ബുദ്ധിമാന്റെ' പ്രായോഗികരൂപം തന്നെയാണ് പ്രവാചകനിലൂടെ സാധ്യമാവുന്നതെന്നര്‍ഥം.

ക്രിസ്തീയ, ഇസ്‌ലാമിക രചനകള്‍ക്കിടയില്‍ പ്രകടമായിത്തന്നെ പല വ്യത്യാസങ്ങളും എനിക്കനുഭവപ്പെട്ടു. ഖുര്‍ആന്റെ പരിഭാഷകളില്‍ പോലും ദിവ്യോത്‌ബോധനത്തിന്റെ യാഥാര്‍ഥ്യം കുടികൊള്ളുന്നതായിത്തോന്നി. അങ്ങനെയാണ് ചിക്കാഗോയില്‍ വെച്ച് ഞാന്‍ അറബി പഠിച്ചു തുടങ്ങിയത്. ഒരു വര്‍ഷത്തെ വിജയകരമായ വ്യാകരണപഠനശേഷം തുടര്‍ പഠനത്തിനായി ഖൈറോയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു.

ഈജിപ്തിലേക്കുള്ള യാത്ര ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നന്നുവെന്ന് പറയാം. വിശുദ്ധ മതത്തിലേക്കുള്ള എന്റെ കൂടുമാറ്റത്തെ അത് അല്‍പ്പമൊന്നുമല്ല സ്വാധീനിച്ചത്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ യാത്രയിലെ അനുഭവങ്ങള്‍ ഓരോന്നും ചികഞ്ഞെടുക്കാന്‍ എനിക്കാവുന്നില്ല.

നൈല്‍ നദിയുടെ തീരത്ത് മിഖ്‌യാസ് ഗാഡന്‍സിക്കരികെ ഒരാള്‍ നിസ്‌കരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. നൈലിനഭിമുഖമായി നില്‍ക്കുന്ന അയാളുടെ മുന്നിലൂടെ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്റെ സാന്നിധ്യം ശ്രദ്ധിക്കാതെ തന്റെ ആത്മാവിനെ പൂര്‍ണമായി അല്ലാഹുവില്‍ ലയിപ്പിച്ച അയാള്‍ എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ആരാധനകളും മറ്റും തീര്‍ത്തും അവജ്ഞതയോടെ നോക്കിക്കാണുന്ന വെസ്റ്റില്‍ നിന്ന് വന്ന ഒരാളെന്ന നിലക്ക് അതെന്നില്‍ സൃഷ്ടിച്ച ചിന്തയുടെ ആന്തോളനങ്ങള്‍    അനല്‍പമായിരുന്നു.

കാന്‍ അല്‍  ഖലീലിയില്‍ നിന്ന് ഗിസയിലേക്കുള്ള വഴിയേ പരിചയപ്പെടാനിട വന്ന ഒരു സെകന്ററി ക്ലാസ് വിദ്യാര്‍ഥിയാണ് മറ്റൊന്ന്. അറബിയിലും ഇംഗ്ലീഷിലുമായി ഞങ്ങളുടെ സംവാദം ഏറെ നേരം നീണ്ടു. പിരിയുന്നേരം ആ വിദ്യാര്‍ഥി എന്നോട് പറഞ്ഞു: 'അല്ലാഹു നിന്നെ മുസ്‌ലിമാക്കട്ടെ'. മതങ്ങളുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരുന്ന എന്നില്‍ ഈ പ്രാര്‍ഥന സൃഷ്ടിക്കാവുന്ന ചലനങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

കൈറോവില്‍ വെച്ചാണ് യമനി സുഹൃത്തിനെ പരിചയപ്പെട്ടത്. അവനെനിക്ക് ഖുര്‍ആന്റെ ഒരു കോപ്പി നല്‍കിയിരുന്നു. എന്റെ മുറിയില്‍ മേശയോ ശെല്‍ഫോ ഇല്ലാത്തതിനാല്‍ പുസ്തകങ്ങളെല്ലാം നിലത്ത് അട്ടിവെക്കലായിരുന്നു പതിവ്. റൂമിലെത്തിയ ഞാന്‍ കൈയിലെ ഖുര്‍ആന്‍ പ്രതി അവക്കൊപ്പം വെച്ചപ്പോള്‍ അവന്‍ പെട്ടന്ന് കുനിഞ്ഞ് അതെടുത്തു. അത്ര വലിയ മതകീയ സ്പിരിറ്റില്ലാത്ത ആ യുവാവില്‍ കുടികൊള്ളുന്ന, മതഗ്രന്ഥത്തോടുള്ള ബഹുമാനം എന്നെ ഏറെ ചിന്തിപ്പിച്ചു.

ലക്ഷറിയില്‍ ഞാനെത്തുമ്പോള്‍ എന്റെ വസ്ത്രങ്ങളെല്ലാം ഏറെ മോശമായിരുന്നു. എതിര്‍ഭാഗത്ത് നിന്ന് നടന്നുവന്ന പൂര്‍ണഹിജാബിലുള്ള ഒരു സ്ത്രീ എന്നെ കണ്ടമാത്രയില്‍ ഒരു നാണയത്തുട്ട് കയ്യിലേക്കെറിഞ്ഞ് നടന്നുനീങ്ങി. അമ്പരന്ന ഞാനത് തട്ടിക്കളഞ്ഞു.  പൊറുക്കിയെടുത്തപ്പോഴേക്കും അവളെങ്ങോ പോയ്മറഞ്ഞിരുന്നു. ഇതരമതക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടും ദരിദ്രനാണെന്ന് തോന്നിയതിനാല്‍ അവളെന്റെ നേരെ കാശെറിഞ്ഞിരിക്കുന്നു. മതബോധത്തിനല്ലാതെ മറ്റൊന്നിനും അത്തരമൊരു മനുഷ്യനെ സൃഷ്ടിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അറബി പഠിക്കാനായി ഈജിപ്തില്‍ താമസിച്ച കാലം എന്റെ ഹൃദയം നിരവധി പ്രതിസന്ധികളുടെ നടുക്കായിരുന്നു. ഏതെങ്കിലുമൊരു മതം മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴും ഇസ്‌ലാമിനോളം അനുയായികളെ സ്വാധീനിച്ച മറ്റൊരു മതത്തെയും എനിക്ക് കാണാനായില്ല.

ഉപരിപ്ലവമായി നിരവധി ധാര്‍മിക മൂല്യങ്ങളെ കുറിച്ച് ക്രിസ്ത്യാനിസം വാചലമാവുമ്പോഴും അന്തര്‍ധാരകളില്‍ അറിയാതെ അലിഞ്ഞു ചേര്‍ന്ന ചില വൈരുദ്ധ്യങ്ങളാണ് എന്നെ ഇസ്‌ലാമിലേക്കടുപ്പിച്ചത്. എന്തിനാണ് ഞാനീ ലോകത്ത് ജനിച്ചത്? എന്ന ചിന്തയാണ് മനസ്സിനെ ആദ്യമാദ്യം മഥിച്ചുകൊണ്ടിരുന്നത്. ദൈവത്തെ അറിയുക, സ്‌നേഹിക്കുക, ആരാധിക്കുക എന്നീ മറുപടികള്‍ ഇസ്‌ലാമും ക്രിസ്ത്യാനിസവും ഒരുപോലെ നല്‍കുമ്പോഴും ഇസ്‌ലാമിന്റെ കണ്‍സ്പ്‌റ്‌റ് അര്‍ഥഗര്‍ഭവും ചിന്തബദ്ധുരവുമാണെന്ന് എനിക്ക് തോന്നാതിരുന്നില്ല.

കൈറോയിലെ എന്റെ സുഹൃത്തിന്റെ 'നീ മുസ്‌ലിമാവുന്നില്ലേ?' എന്ന ചോദ്യത്തിന് ശേഷമാണ് മുസ്‌ലിമാകാന്‍ ഞാന്‍ മാനസികമായി തയ്യാറായത്. ഇത്തരം ചില നിര്‍ണ്ണായക നിമിഷങ്ങളാണ് ഓരോ വിശ്വാസികളെയും മതത്തിലേക്കടുപ്പിക്കുന്നത്. ആഗ്രഹം കൊണ്ടുമാത്രം ഒരാള്‍ക്കും മുസ്‌ലിമാവാനാകില്ല. അതിന് അല്ലാഹുവിന്റെ തൗഫീഖ് കൂടി വേണം. ദിവ്യമായ ആ സ്പര്‍ശമായിരുന്നു 1977 ല്‍ കൈറോവില്‍ വെച്ച് എന്നെ മുസ്‌ലിമാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter