റജാ ഗരോഡി: ഫലസ്ഥീനു വേണ്ടി ശബ്ദിച്ച മുസ്‍ലിം ദാര്‍ശനികന്‍
ഇസ്‍ലാമിലേക്ക് കടന്നു വരികയും ഭൗതികമായും മതപരമായും നിരവധി സംഭാവനയര്‍പ്പിക്കുകയും ചെയ്‌ത വ്യക്തികളില്‍ ഒരാളായിരുന്നു തത്ത്വചിന്തകനും ഫ്രഞ്ച് കമ്മൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന റജാ ഗരോഡി (റോജര്‍ ഗരോഡി). ഫ്രാന്‍സിലെ മാഴ്‌സില്ലയില്‍ ഒരു കാത്തോലിക്ക് കുടുംബത്തിലായിരുന്നു ഗരോഡിയുടെ ജനനം. അദ്ദേഹത്തിന്റെ പതിനാലാമത്തെ വയസ്സില്‍ കുടുംബം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മാറി. 1944 ല്‍ ജര്‍മന്‍ സൈന്യം ഫ്രാന്‍സ് കീഴടക്കാന്‍ വന്ന സമയത്ത് അതിനെതിരെ പ്രതിരോധിച്ചിരുന്ന സംഘടനയില്‍ അംഗമായി ഫ്രഞ്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട ഗരോഡി മോചിതനായ ശേഷം ഫ്രഞ്ച് പത്രമായിരുന്ന ലിബർട്ടിയിലടക്കം പത്രപ്രവര്‍ത്തനം നടത്തിയാണ് ജീവിച്ചത്.
1933ല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഗരോഡി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്നത്. ഫ്രഞ്ച് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗമായിരുന്ന അദ്ദേഹം 28 വര്‍ഷത്തോളം അതിന്റെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു. 1954, 1956 വര്‍ഷങ്ങളില്‍ പാർട്ടിയുടെ പ്രതിനിധിയായി മത്സരിക്കുകയും പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ഗരോഡി 1959 ല്‍ പാർട്ടിയുടെ സെനറ്റ് മെമ്പറുമായി. 1968ല്‍ സോവിയറ്റ് യൂണിയന്റെ യൂഗോസ്ലാവ്യ അധിനിവേശത്തെ ചോദ്യം ചെയ്‌തതിനാല്‍ 1970 ൽ അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പട്ടു. ഏതൊരു വിഷയത്തിലും തന്റേതായ നിലപാട് സ്വീകരിച്ചിരുന്ന ഗരോഡിയെ പുറത്താക്കിയത് പാർട്ടിയിലെ പലര്‍ക്കും വലിയ ആശ്വാസമായിരുന്നു. പാർട്ടി വിട്ട അദ്ദേഹം പിന്നീടുള്ള സമയം വിവിധ മതങ്ങളെക്കുറിച്ച് വിശിഷ്യാ അബ്രഹാമിക്ക് മതങ്ങളെക്കുറിച്ചും അവകൾ തമ്മിലുള്ള സംവാദത്തെക്കുറിച്ചും പഠിക്കാന്‍ ചെലവഴിച്ചു. ഇതിനിടയില്‍ 1962 ല്‍ ഫിദല്‍ കാസ്‌ട്രോയുടെ ക്ഷണപ്രകാരം ക്യൂബ സന്ദര്‍ശിക്കുകയും ചെയ്‌തു. 1968 ല്‍ നടന്ന പാരീസ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും ഗരോഡി ഉണ്ടായിരുന്നു.
ഇക്കാലത്താണ് ഇസ്‍ലാമിനെക്കുറിച്ച് ഗരോഡി കൂടുതലായി അറിയുന്നത്. മതങ്ങളെക്കുറിച്ചുള്ള താരതമ്യപഠനത്തിനൊടുവില്‍ 1982 ജൂലൈ 2ന് മുസ്‌ലിം ബ്രദർ ഹുഡിന്റെ കീഴിലുള്ള ജനീവയിലെ ഇസ്‍ലാമിക് സെന്ററില്‍ വെച്ച് ഇസ്‍ലാം സ്വീകരിക്കുകയും സ്വന്തം പേര് റോജര്‍ എന്നതില്‍ നിന്ന് പ്രതീക്ഷ എന്നര്‍ഥമുള്ള റജാ എന്നാക്കി മാറ്റുകയും ചെയ്തു. മുസ്‍ലിമാകുന്നതിന് മുമ്പ് തന്നെ ഇസ്‍ലാം ഭാവിയുടെ മതം എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ടായിരുന്നു. ഗദ്ദാഫിയുടെ ഗ്രീൻ ബുക്ക് വായിച്ചത് അദ്ദേഹത്തില്‍ സ്വാധീനം ഉണ്ടാക്കിയതായും കാണാൻ കഴിയും.
പാശ്ചാത്യ ലോകത്ത് കുറഞ്ഞുകൊണ്ടിരിക്കുന്ന ആത്മീയവും ഭൗതികവുമായ ജിവിത രീതികള്‍, ഇസ്‍ലാമിന്റെ സാമ്പത്തിക ശാസ്‌ത്രം, ബഹുസ്വരത എന്നിവയാണ് റജാ ഗരോഡിയെ കൂടുതലായി സ്വാധീനിച്ചതെങ്കിലും 1944 മുതല്‍ തന്നെ ഗരോഡി ഇസ്‍ലാമിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ആ വര്‍ഷം ജര്‍മന്‍ അധിനിവേശ ശക്തിക്കെതിരെ പോരാടിയിരുന്ന ഫ്രഞ്ച് റസിഡന്റ് ഫൈറ്ററില്‍ അംഗമാവുകയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്‌ത ഗരോഡിയെ അന്ന് അള്‍ജീരിയയിലെ ജന്‍ഫ പട്ടാള ക്യാമ്പിലാണ് താമസിപ്പിച്ചിരുത്. ജയിലിൽ പ്രതിഷേധം നടത്തിയിരുന്ന ജയില്‍ പുള്ളികളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ട സൈന്യാധിപനോട് നിരായുധരായ തടവുപുള്ളികളെ വധിക്കാന്‍ തങ്ങളുടെ മതം സമ്മതിക്കുന്നില്ല എന്നായിരുന്നു അൾജീരിയൻ മുസ്‍ലിം പട്ടാളക്കാരുടെ മറുപടി. ഇത് ഗരോഡിയെ വലിയ രീതിയില്‍ സ്വാധീനിക്കുകയും അദ്ദേഹം ഇസ്‍ലാമിനെക്കുറിച്ച് പഠിക്കാന്‍ ആരംഭിക്കുകയും ചെയ്‌തു. ഈ സംഭവത്തെ അന്തരിച്ച പ്രശസ്ത പണ്ഡിതന്‍ യൂസുഫല്‍ ഖര്‍ളാവി തന്റെ ഒരു സംസാരത്തില്‍ പ്രതിപാദിചിട്ടുണ്ട്. 1985 ല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം കേരളത്തിലേക്കും വന്നിട്ടുണ്ട്.
എഴുത്തും വിവാദങ്ങളും
സ്വതന്ത്രമായ ചിന്താശൈലി വെച്ചുപുലര്‍ത്തിയിരുന്ന ഗരോഡി തന്റെ ജീവിതതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത് എഴുത്തിലായിരുന്നു. മാര്‍ക്‌സിസം, ഇസ്‍ലാം, സയണിസം തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം രചനകള്‍ നടത്തിയിട്ടുണ്ട്. സയണിസം, മാര്‍ക്‌സിസവും കലയും, ജീവനുള്ള ഇസ്‍ലാം തുടങ്ങിയവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. Promises of Islam എന്നത് അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ്. ഇസ്‍ലാമിലേക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ചും അതിനു പ്രേരകമായ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.
1996ൽ പുറത്തിറങ്ങിയ les mythes fondaters de la politique Israelience ആണ് അദ്ദേഹത്തിന്റെ ഏറ്റവും വിവാദമായ പുസ്‌തകം. The foundation myths of modern Israel എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പട്ട പ്രസ്തുത പുസ്‌തകത്തില്‍, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 60 ലക്ഷത്തോളം യൂറോപ്യന്‍ യഹൂദരെ ഹിറ്റ്‍ലര്‍ കൂട്ടക്കൊല നടത്തിയെന്നത് അസത്യമാണെന്നാണ് ഗരോഡി ഉന്നയിക്കുന്ന പ്രധാനവാദം. 60 ലക്ഷമെന്നത് എണ്ണിപ്പെരുപ്പിക്കപ്പെട്ട നുണയാണെന്നും യഹൂദ പണ്ഡിതര്‍ വരെ വംശീയാടിസ്ഥാനത്തിലുള്ള സയണിസ്റ്റ് രാഷ്ട്ര കല്‍പനയെ എതിര്‍ ത്തിരുന്നതായും പുസ്‌തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിമര്‍ശനങ്ങളും നടപടികളും പുസ്‌തകത്തിന്റെ പേരില്‍ ഗരോഡിക്കു നേരിടേണ്ടി വന്നു. ഹോളോകോസ്‌റ്റിനെ ചോദ്യം ചെയ്‌തതിനാലും സയണിസത്തെ എതിര്‍ത്തതിനാലും പല രാജ്യങ്ങളിലും പുസ്‌തകം നിരോധിച്ചു. ഫ്രാന്‍സില്‍ തന്നെ ഇതിന്റെ പേരില്‍ നിരവധി കേസുകളും ഗരോഡിക്കെതിരായി ഉണ്ടായിരുന്നു. 1998 ഫെബ്രുവരി 27 ന് ജൂത വിരുദ്ധത ചൂണ്ടിക്കാട്ടി ഫ്രഞ്ച് കോടതി 1,20,000 ഫ്രാങ്ക് (7,42,260 രൂപ) പിഴ ചുമത്തി. പുരോഗമന വാദത്തിന്റെ വക്താക്കളായി അവകാശപ്പടുന്ന യൂറോപ്പില്‍ അദ്ദേഹം നേരിട്ട ഈ ദുരനുഭവങ്ങള്‍ പാശ്ചാത്യന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയതായി കാണാന്‍ കഴിയും.
ഇസ്‌റാഈലിന്റെ ഫലസ്ഥീന്‍ അധിനിവേശത്തെ ഗരോഡി നഖശിഖാന്തം എതിര്‍ത്തിരുന്നു. ഇസ്‌റാഈലിനെ അമേരിക്ക പിന്തുണക്കുന്നത് അവരുടെ സ്വന്തം നേട്ടത്തിനും സാമ്പത്തിക ഉന്നമനത്തിനും, സെപ്‌തംബര്‍ 11 ആക്രമണങ്ങള്‍ അടക്കമുള്ള പലതും അവര്‍ സ്വയം പദ്ധതിയിട്ടതാണെതുമായിരുന്നു അമേരിക്കക്കെതിരെയുള്ള ഗരോഡിയുടെ പ്രധാന ആരോപണം. അഥവാ, ലോക മുസ്‍ലിം പ്രതിച്ഛായ തകര്‍ക്കാന്‍ അമേരിക്ക നടത്തിയ നാടകമായിരുന്നു ഇത്തരത്തിലുള്ള സംഭവവികാസങ്ങളെന്നതായിരുന്നു റജാ ഗരോഡി വിശ്വസിച്ചിരുത്.
ഇസ്‌റാഈലിനെതിരെയുള്ള തന്റെ വിമര്‍ശനങ്ങളാണ് 1983ല്‍ പുറത്തിറങ്ങിയ The case of Israel: a study of political Zionism എന്ന പുസ്‌തകത്തിൽ ഗരോഡി പ്രധാനമായും പരാമര്‍ശിക്കുന്നത്. ഇസ്‌റാഈല്‍ നടത്തുന്ന ഫലസ്ഥീന്‍ അധിനിവേശത്തെയും അവര്‍ നടത്തുന്ന കൊടും ക്രൂരതകളെയും ഗരോഡി നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സയണിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പല കടുത്ത നിലപാടുകളും യൂട്യൂബില്‍ ലഭ്യമായ ചില വീഡിയോകളില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. Palestine the land of heavenly messages എന്നത് ഫലസ്ഥീനെക്കുറിച്ച് അദ്ദേഹം രചിച്ച പുസതകമാണ്.
തന്റേതായ പല കാഴ്‌ചപ്പാടകളും വെച്ചുപുലര്‍ത്തിയിരുന്ന ഗരോഡി, പാരമ്പര്യ ഇസ്‍ലാമിനെതിരായ പല വീക്ഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള ലിബറല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഗരോഡി ഇസ്‍ലാമിനെ വായിച്ചത്. ഇസ്‍ലാമിക പാരമ്പര്യ നിയമ സ്രോതസ്സുകളെ അദ്ദേഹം ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്‌തതായി കാണാന്‍ കഴിയും. അതിനാല്‍ ഗരോഡിയെ പൂര്‍ണമായി സ്വീകരിക്കാന്‍ പാരമ്പര്യ ഇസ്‍ലാമിനെ പിന്തുടരുന്ന വിശാസികള്‍ക്ക് സാധിച്ചിട്ടില്ല. ഒരു വേള അദ്ദേഹം ഇസ്‍ലാമില്‍ നിന്ന് പുറത്തു പോയിട്ടുണ്ടെന്ന വിമര്‍ശനം ഉയർന്നിരുന്നു.
2000 മാര്‍ച്ചില്‍ തെളിച്ചം മാസിക പ്രതിനിധികള്‍ 2020 ല്‍ അന്തരിച്ച ഗ്രന്ഥകാരനും ജര്‍മന്‍ നയതന്ത്രജ്ഞനും തത്ത്വചിന്തകനുമായിരു ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്‌മാനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഗരോഡിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഗരോഡി ഇസ്‍ലാമില്‍ നിന്ന് പുറത്തു പോയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ ഒരു ഇസ്‍ലാമിക പ്രബോധകന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ മനസ്സിലാക്കുന്നു എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, ഗരോഡിയുടെ പുസ്‌തകങ്ങള്‍ വായിച്ച എനിക്ക് മനസ്സിലായത് അദ്ദേഹം ഹദീസുകളെ അവഗണിക്കുന്നുവെന്നും മുഴുവന്‍ കാര്യങ്ങളെയും കമ്മ്യൂണിസ്റ്റ് രീതിയില്‍ സമീപിക്കുന്നുവെന്നുമാണ്. മാര്‍കസിസ്റ്റു രീതിയായ സാമ്പത്തിക കാഴ്‌ച്ചപ്പാടിലൂടെയാണ് എല്ലാ സാമൂഹിക പ്രതിഭാസങ്ങളെയും അദ്ദേഹം വിശകലനം ചെയ്യുന്നത്. അതിനാല്‍ ഗരോഡി ഒരു മുസ്‍ലിമാണോ അല്ലയോ എന്നെനിക്ക് തീര്‍ത്തു പറയാന്‍ കഴിയില്ല.
നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന ഗരോഡി 2012 ജൂണ്‍ 13 ന് പാരീസില്‍ വെച്ചാണ് മരണപ്പെട്ടത്. പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വലിയ ദാര്‍ശനികന്റെ മരണവാര്‍ത്തയെ മനപ്പൂര്‍വം അവഗണിക്കുകയോ ഹോളോകോസ്‌റ്റ് നിഷേധി എന്ന പേരില്‍ കുറച്ചുകാണിക്കുകയോ ആണ് ചെയ്‌തതെന്ന് അക്കാലത്തു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മതഭൗതിക മേഖലകളില്‍ നിരവധി സംഭാവനകളര്‍പ്പിച്ചതിന് 1986 ലെ കിംങ് ഫൈസല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ഗരോഡി നേടിയിട്ടുണ്ട്. പ്രമുഖ ഇസ്‍ലാമിക പ്രബോധകനായിരുന്ന, 2005 ല്‍ മരണപ്പെട്ട അഹ്‌മദ് ദീദാത്തിനോടൊപ്പം പങ്കിട്ടാണ്, കിങ് ഫൈസല്‍ അവാര്‍ഡ് അദ്ദേഹം നേടിയത്. ദാര്‍ശനികനെന്ന നിലയില്‍ അദ്ദേഹം ആധുനിക ഇസ്‍ലാമിന് നല്കിയ സംഭാവനകളെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം.
Leave A Comment