ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താനായി... ഇപ്പോള്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്..
എന്റെ പേര് നസീം അബ്ദുറഹ്മാന്‍. ആസ്‌ത്രേലിയയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതെങ്കിലും, ജീവിതത്തില്‍ മതപരമായി അത്ര കണിശത പുലര്‍ത്തുന്ന കൂട്ടത്തിലായിരുന്നില്ല ഞാന്‍. വര്‍ഷത്തിലൊരിക്കല്‍ വരുന്ന ക്രിസ്തുമസ് ദിനത്തിലെ അരമണിക്കൂര്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക് ക്രിസ്ത്യാനിസവുമായുള്ള ബന്ധം. പത്ത് വയസ്സായപ്പോള്‍ ഇത് എന്നെ അലട്ടിത്തുടങ്ങി. മതവുമായി ഒരു ബന്ധമില്ലാത്ത ഞാനെങ്ങനെയാണ് ക്രിസ്ത്യാനിയാവുക എന്ന ചോദ്യം ഇടക്കിടെ മനസ്സാക്ഷിയോട് ചോദിച്ചുകൊണ്ടേയിരുന്നു.
ഈ ചോദ്യങ്ങളാണ് പല ഉത്തരത്തിലേക്കും എന്നെ നയിച്ചത്. മനുഷ്യജീവിതം കേവലം ഇങ്ങനെ തീര്‍ക്കാനുള്ളതല്ലെന്നും കാര്യമായ എന്തെങ്കിലും ലക്ഷ്യം അതിന് പിന്നിലുണ്ടാവുമെന്നും തന്നെ വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്.
ശേഷം അത് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ വായിച്ചു. അവസാനം അത് മതത്തിലേക്കും ആത്മീയതയിലേക്കുമെത്തി. ഹിന്ദുയിസം,ബുദ്ധിസം തുടങ്ങി പല മതങ്ങളെകുറിച്ചും ഞാന്‍ വായിച്ചു.
ആദ്യമായി ഒരു മുസ്‌ലിമിനെ കാണുന്നു
പല മതങ്ങളെകുറിച്ചും പഠിച്ചെങ്കിലും, ഇസ്‍ലാമിനെ കുറിച്ച് അറിയാന്‍ എനിക്ക് ഒരു അവസരം ലഭിച്ചിരുന്നില്ല. ജീവിതത്തില്‍ ഇസ്‍ലാം കൊണ്ടുനടക്കുന്ന ഒരു മുസ്‌ലിമിനെ നേരില്‍ കാണാനോ ഇസ്‍ലാമിനെ മനസ്സിലാക്കാനോ എനിക്ക് സാധിച്ചിരുന്നില്ല.അങ്ങനെയിരിക്കെയാണ്, എന്റെ സുഹൃത്തില്‍ നിന്ന് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഇസ്‍ലാമിനെ കുറിച്ച് ഞാന്‍ മനസ്സിലാക്കാന്‍ ഇടവരുന്നത്. അദ്ദേഹവും പേര് കൊണ്ട് മാത്രമായിരുന്നു ഒരു മുസ്‍ലിം എങ്കിലും അടിസ്ഥാന കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. അന്വേഷണവുമായി നടക്കുന്ന എനിക്ക് ഇസ്‍ലാമിനെ കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യമായി. ശേഷമുള്ള കാലം, ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു. വായനക്ക് ശേഷം എന്റെ ഹൃദയം ഇസ്‌ലാമില്‍ ആകൃഷ്ടനായി. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ അറിയുവാനും മുസ്‌ലിമാവാനും താത്പര്യം വര്‍ധിച്ചു.
ആയിടക്കാണ്, ഒരിക്കല്‍ ഒരു ഷോപ്പില്‍ പോയപ്പോള്‍ ഓസ്ട്രേലിയക്കാരനായ ഒരു മുസ്‌ലിമിനെ കണ്ടുമുട്ടിയത്. അദ്ദേഹം മതനിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്ന ഒരാളായിരുന്നു. അദ്ദേഹം സലാം പറഞ്ഞാണ് എന്നെ അഭിവാദ്യം ചെയ്തത്, വഅലൈകുമുസ്സലാം എന്ന് ഞാനും മറുപടി പറഞ്ഞു. ഇത് കേട്ട അദ്ദേഹം ചോദിച്ചു, താങ്കള്‍ മുസ്‍ലിമാണോ. അല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു.
'നിങ്ങള്‍ മെല്‍ബണിലെ ഇസ്‌ലാമിക് സെന്ററില്‍ വരണം. അവിടെ ഇസ്‍ലാമിക പ്രഭാഷണങ്ങളുണ്ടാവാറുണ്ട്. ഇസ്‍ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള സൌകര്യങ്ങളും അവിടെയുണ്ട്. തീര്‍ച്ചയായും താങ്കള്‍ക്ക് അവ ഉപകാരപ്പെടും.’
ആദ്യം എനിക്ക് അവിടെ പോകാന്‍ തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് മാത്രമല്ല, ഭയമായിരുന്നു. പക്ഷേ, അത് പിശാചിന്റെ പ്രേരണ ആയിരിക്കില്ലേ എന്നും എനിക്ക് തോന്നാതിരുന്നില്ല. ഞാന്‍ പോകാന്‍ തന്നെ തീരുമാനിക്കുകയും അദ്ദേഹത്തോട് അക്കാര്യം പറയുകയും ചെയ്തു. ഏറെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു, 'സഹോദരാ, ഞാന്‍ 8 മണിക്ക് താങ്കളെ പിക്ക് ചെയ്യാന്‍ വരും, നമുക്കൊരുമിച്ച് പോകാം'
8 മണി ആയപ്പോള്‍ അദ്ദേഹം എന്റെ വാതിലില്‍ മുട്ടി, ഞങ്ങള്‍ ഒരുമിച്ച് മെല്‍ബണ്‍ സെന്ററിലേക്ക് പോയി. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒട്ടേറെ യഥാര്‍ത്ഥ മുസ്‍ലിംകളെ കണ്ടത് അന്നായിരുന്നു.
അവര്‍ ഒന്നിച്ച് ഒരു വ്യത്യാസവുമില്ലാതെ നിസ്കരിക്കുന്നത് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വലിയൊരു സന്ദേശമായാണ് അതെനിക്ക് തോന്നിയത്. പിന്നെ, ഞാന്‍ ഒട്ടും മടിച്ചു നിന്നില്ല. ഞാന്‍ ശഹാദത്ത് കലിമ ചൊല്ലി മുസ്‌ലിമായി.
കുടുംബത്തിന്റെ പ്രതികരണം
ഞാന്‍ മുസ്‍ലിമായ വിവരമറിഞ്ഞ എന്റെ മാതാപിതാക്കള്‍ക്കും സന്തോഷമായിരുന്നു. കാരണം എന്റെ ജീവിതം പൂര്‍ണമായും മാറുന്നതും ഞാന്‍ നല്ലൊരു മനുഷ്യനാവുന്നതും അവരെ സന്തോഷിപ്പിച്ചു എന്ന് വേണം പറയാന്‍. പക്ഷെ ടി.വിയിലും മറ്റും വരുന്ന വാര്‍ത്തകള്‍ അവരെ ഏറെ സ്വാധീനിച്ചിരുന്നതിനാല്‍, ഇസ്‌ലാമിനെ കുറിച്ച് അവര്‍ക്ക് ഒട്ടേറെ തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോഴെല്ലാം അവര്‍ എന്നോട് ഇങ്ങനെ പറയും, നീ നല്ല മുസ്‍ലിമാണ്, പക്ഷേ, എല്ലാ മുസ്‌ലിംകളും അങ്ങനെ അല്ലല്ലോ.
ഞാന്‍ അവരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷെ, അവര്‍ അത് അംഗീകരിക്കാന്‍ ഒട്ടും തയ്യാറായില്ല, വാര്‍ത്താമാധ്യമങ്ങളും അബദ്ധ പ്രചാരണങ്ങളും അവരെ അത്രമേല്‍ സ്വാധീനിച്ചിരുന്നുവെന്ന് വേണം പറയാന്‍. അവസാനം അവര്‍ എന്നോട് പറഞ്ഞു, 'നീ മുസ്‌ലിമാണെന്നത് നല്ല കാര്യം, പക്ഷേ, ഞങ്ങളെ അതിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ഞങ്ങള്‍ക്ക് അതെകുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമില്ല.'.
അല്‍ഹംദുലില്ലാഹ്, എന്നാലും ഇപ്പോഴും അവരെന്നെ ഹൃദ്യമായി സ്വീകരിക്കുന്നുണ്ട്. ഞാനും അവരെ പൂര്‍വ്വോപരി ബഹുമാനിക്കുയും അവരോടുള്ള കടപ്പാടുകളെല്ലാം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. അത് എന്റെ മതം എന്നോട് പറയുന്നതാണല്ലോ എന്നാലോചിക്കാകുമ്പോള്‍, അതൊരൂ പ്രതിഫലാര്‍ഹമായ കര്‍മ്മം കൂടിയായി മാറുന്നു. എല്ലാത്തിനും അല്ലാഹുവിനാണ് സ്തുതി, അല്‍ഹംദുലില്ലാഹ്.
വിവര്‍ത്തനം അബ്ദുല്‍ ഹഖ് മുളയങ്കാവ്
കടപ്പാട്: aboutislam.net
Leave A Comment