യൂസുഫ് എസ്റ്റെസ്: ക്രിസ്റ്റ്യൻ പാതിരിയിൽ നിന്ന് ഇസ്‌ലാമിലേക്ക്
"ഒരു മുസ്‍ലിം കച്ചവടക്കാരനുമായി കച്ചവടം നടത്തുന്നതു പോലും എന്നെ ചൊടിപ്പിച്ചിരുന്നു. അത്കൊണ്ട് തന്നെ ഒരിക്കൽ പോലും മുസ്‍ലിം സമൂഹത്തെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല", ഇന്ന് ലോകതലത്തിലെ തന്നെ ഇസ്‍ലാമിക പ്രബോധനത്തിന്റെ പ്രതീകമായ യൂസുഫ് എസ്റ്റസിന്റേതാണ് ഈ വാക്കുകള്‍.
1944 അമേരിക്കയിലെ ടെക്സാസിലാണ് ആണ് യൂസഫ് എസ്റ്റെസിന്റെ ജനനം. പുരോഹിത കുടുംബത്തിൽ ജനിച്ചത് കൊണ്ടും തീവ്ര ക്രൈസ്തവ വിശ്വാസിയായതു കൊണ്ടും ഇതരമതസ്ഥരോടുള്ള വിദ്വേഷം ചെറുപ്പം മുതലേ എസ്റ്റെസിനുണ്ടായിരുന്നു. മുസ്‍ലിം സമൂഹത്തെ ഒന്നടങ്കം തീവ്രവാദികളായും സ്ത്രീവിരുദ്ധരായുമായിരുന്നു മനസ്സിലാക്കിയിരുന്നത്.
തികഞ്ഞ മുസ്‍ലിം വിരോധിയായതുകൊണ്ട് തന്നെ ഒരിക്കൽ പോലും മുസ്‍ലിം സമൂഹവുമായി ബന്ധപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. അതുകൊണ്ടുതന്നെ യൂറോപ്പ്യൻ മാധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയുമുള്ള ഇസ്‍ലാമിനെയായിരുന്നു യൂസുഫ് എസ്റ്റെസ് കേട്ടറിഞ്ഞത്.
കച്ചവടക്കാരനായിരുന്ന എസ്റ്റെസിന്റെ പിതാവ് ഒരു മുസ്‍ലിം വ്യാപാരിയുമായി കച്ചവടം ചെയ്തു തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും എങ്ങനെയെങ്കിലും ക്രിസ്ത്യൻ മതത്തിലേക്ക് അദ്ദേഹത്തെ എത്തിക്കണമെന്ന മോഹം കാരണം പിതാവിന്റെ സഹകച്ചവടക്കാരനോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങി.
"ആയതുള്ള ഖുമൈനിയെ പോലുള്ള ഒരാളെയായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ നീണ്ട താടിക്കും വേഷത്തിനും പകരം സാധാരണ വേഷരൂപത്തിൽ അദ്ദേഹത്തെ കണ്ടത് എന്നിൽ അമ്പരപ്പുളവാക്കി".
കച്ചവടത്തിൽ അദ്ദേഹം കാണിക്കുന്ന സത്യസന്ധതയും വിശ്വസ്തതയും എസ്റ്റെസിന് പുതിയ അനുഭവമായിരുന്നു. കച്ചവട തിരക്കിനൊപ്പം തന്റെ വിശ്വാസ ആചാരനിഷ്ഠകളില്‍ അദ്ദേഹം കാണിച്ച കൃത്യനിഷ്ഠ മുസ്‍ലിം സമൂഹത്തോടുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എങ്കിലും, അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട് എളുപ്പത്തിൽ ക്രിസ്ത്യാനിയാക്കാം എന്ന ചിന്തയിലായിരുന്നു യൂസഫ് എസ്റ്റെസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ഇസ്‍ലാം മതത്തെക്കുറിച്ചും അതിലുള്ള ആചാരങ്ങളെ കുറിച്ചും എസ്റ്റെസ് ആഴത്തിൽ ചോദിച്ചറിയാൻ തുടങ്ങി. എന്നാൽ തന്റെ മതത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് ക്രിസ്ത്യാനിറ്റിയെ കുറിച്ച് അദ്ദേഹം തിരിച്ചു ചോദിക്കാൻ തുടങ്ങി. ആ ഒരു ചോദ്യം തന്നെയാവണം എസ്സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയതും.
ദൈവത്തെക്കുറിച്ചും യേശുക്രിസ്തുവിനെ കുറിച്ചും തനിക്ക് അറിയുന്നതിൽ കൂടുതൽ അദ്ദേഹത്തിന് അറിയാമെന്നത് യൂസഫ് എസ്റ്റെസിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ആയിടക്ക് ക്രിസ്ത്യൻ മതം വിട്ടെറിഞ്ഞ ഒരു ക്രിസ്ത്യൻ ഫാദറിന്റെ നടപടിയും അദ്ദേഹത്തെ ചിന്തിപ്പിക്കാൻ തുടങ്ങി. ബൈബിളിന്റെ പല രൂപങ്ങളും ക്രിസ്ത്യൻ ആചാരങ്ങളിലെ പ്രമാണങ്ങളില്ലാത്ത വിശ്വാസങ്ങളും അദ്ദേഹത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഒരേസമയം ക്രിസ്ത്യാനിറ്റിയിൽ നിന്ന് അകലുന്നതോടൊപ്പം ഇസ്‍ലാമിലേക്ക് അടുക്കാനും തുടങ്ങുകയായിരുന്നു യൂസഫ് എസ്റ്റെസ്. ഖുർആനിന്റെ ഏക രൂപം, ആധികാരികത, ഇസ്‍ലാമിക വിശ്വാസങ്ങളിലുള്ള തെളിവുകൾ ഇതൊക്കെയും അദ്ദേഹത്തിന്റെ മന:പരിവർത്തനത്തിന് ആക്കംകൂട്ടി. മദ്യം, പീഢനം, വ്യഭിചാരം ഇതൊന്നുമില്ലാത്ത ഇസ്‍ലാം മാത്രമാണ് തനിക്ക് സമാധാനം നൽകുകയുള്ളൂ എന്ന സത്യത്തിലേക്ക് യൂസഫ് എസ്റ്റെസ് വൈകാതെ നടന്നടുക്കുകയായിരുന്നു.
അവസാനം നിരന്തരമായ പഠനങ്ങൾക്കും വായനകൾക്കുമൊടുവിൽ 1991ൽ തന്റെ 47 മത്തെ വയസ്സിൽ അദ്ദേഹം ഇസ്‍ലാം മതം സ്വീകരിച്ചു. അതിനുശേഷം മുൻകാലത്ത് ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമെന്നോണമാവണം പൂർണമായും ഇസ്‍ലാമിക പ്രബോധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
"ഈ സത്യമതത്തെ എന്തുകൊണ്ട് നേരത്തെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നത് മാത്രമാണ് എനിക്കുള്ള ദുഃഖം. ഈ ഒരു നിമിഷത്തിൽ എല്ലാ നന്ദിയും കടപ്പാടും ദൈവത്തിൽ അർപ്പിക്കാനാൻ ഞാൻ ആഗ്രഹിക്കുന്നു". ഇസ്‍ലാം സ്വീകരിച്ച ഉടനെ യൂസഫ് എസ്റ്റെസ് പറഞ്ഞ വാക്കുകളാണിവ
Leave A Comment