മെക്സിക്കോയില്‍ തെളിയുന്ന ഇസ്‍ലാം

അഞ്ച് നൂറ്റാണ്ട് മെക്സിക്കോയുടെ മത മണ്ഡലം വാണത് കത്തോലിക്ക സഭയായിരുന്നു. ന്യൂനാല്‍ന്യൂനപക്ഷം വരുന്ന കത്തോലിക്ക വിരുദ്ധര്‍ ഒരു കണക്കിന് ഇല്ലെന്ന് പറഞ്ഞാലും തെറ്റില്ല. 1970ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ജനസംഖ്യയുടെ 96.7 ശതമാനവും കത്തോലിക്കക്കാരാണെന്നാണ്. അത് പക്ഷെ 2010 ലെത്തിയപ്പോഴേക്കും ഗ്രാഫില്‍ വന്‍ ഇടിവ് അനുഭവപ്പെട്ടു. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനമനുസരിച്ച്  ഈ കാലയളവില്‍ 82.7 ശതമാനം മാത്രമായി കത്തോലിക്കുകള്‍ ശേഷിച്ചു.  ഇവാഞ്ചലിസ്റ്റ്, പ്രൊട്ടസ്റ്റന്‍റ് തുടങ്ങിയ ഇതര ക്രിസ്തീയ സമുദായങ്ങള്‍ ജനസംഖ്യയുടെ എട്ട് ശതമാനമായി ഉയരുകയും ചെയ്തു. ഇതോടൊപ്പം വിവധ കാരണങ്ങളാല്‍ മെക്സിക്കന്‍ ജനതക്കിടയില്‍ ഭിന്നമായ മതപഠനവും മതപരിവര്‍ത്തനവും സജീവമായി. ആത്മസമാധാനത്തിനും തെളിഞ്ഞ ആദ്യാത്മികതക്കും വേണ്ടിയുള്ള തെരച്ചില്‍ പലരെയും ഇസ്‍ലാമിന്റെ ശാദ്വല തീരത്തേക്കടുപ്പിച്ചു. 2010 ല്‍ 111,000 മുസ്ലിംകളുള്ള രാജ്യം 2030 ല്‍ 126,000 തികക്കുമെന്ന് നിരീക്ഷണം. ചര്‍ച്ചിനോട് വിട! ത്രിയേകത്വത്തിന് (പിതാവ്, മകന്‍, പരിശുദ്ധാത്മാവ് സംബന്ധമായ ദൈവവിശ്വാസം) പുറമെ കത്തോലിക് സിദ്ധാന്തങ്ങളും ക്രിസ്തീയ വിശ്വാസ പ്രമാണങ്ങളും ലോകക്രിസ്തീയ സമൂഹത്തിലെന്ന പോലെ മെക്സിക്കോയിലെ ഭൂരിപക്ഷ സമൂഹത്തിലും ചോദ്യചിഹ്നമായി നില്‍ക്കുന്നു. ഭക്തജനങ്ങളുടെ വിശ്വാസാധിഷ്ഠിതമായ സംശയങ്ങള്‍ക്ക് സംതൃപ്തമായ ഉത്തരങ്ങള്‍ ലഭ്യമാവാതിരുന്നത് പലപ്പോഴും ജനങ്ങളെ ഇസ്‍ലാമിന്റെ ഏകത്വമടങ്ങിയ സുദൃഢമായ ആശയങ്ങളിലേക്ക് ആകര്‍ഷിച്ചു. പൊതുജനത്തിനിടയില്‍ അസാംസ്കാരിക പ്രവണതകള്‍ അനിയന്ത്രിതമാം വിധം അധികരിച്ചുകൊണ്ടിരിക്കെ, അവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാനും കുമ്പസരിപ്പിക്കാനും നേതൃത്വം നല്‍കേണ്ട ക്രിസ്തീയ പുരോഹിതര്‍ക്കെതിരെ തന്നെ ദൈനംദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങള്‍ അസംതൃപ്ത മനസ്സുകളെ ശരിക്കും ഇരുത്തിച്ചിന്തിപ്പിച്ചു. സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട് പുരോഹിതര്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ സമൂഹത്തിന് അവരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ ഏറെ കാരണമായതായി പുതുമുസ്ലിം സമൂഹം വിലയിരുത്തുന്നു.

mslm

മാര്‍ത്ത അലാമില്ല പരമ്പരാഗത കത്തോലിക്ക കുടുംബത്തിലെ 23 കാരിയാണ്. പൂര്‍ണ ദൈവഭക്തിയില്‍ പ്രാപിക്കണമെന്ന് വിശ്വസിച്ച അവര്‍ വര്‍ഷങ്ങളോളം കൃസ്തീയ ആചാരങ്ങളെ പുല്‍കിയാണ് ജീവിച്ചത്. പരമ്പരാഗത മതവുമായി ബന്ധപ്പെട്ട് ചെറുപ്പത്തിലേ പല സംശയങ്ങളും മനസ്സില്‍ മുളച്ചിരുന്നു. ഗതി മുട്ടിയാണെങ്കിലും ചില സംശയങ്ങള്‍ അവര്‍ക്ക് ചോദിക്കേണ്ടി തന്നെ വന്നു. തന്‍റെ ദാഹമകറ്റാന്‍ പുരോഹിതരുടെ ഉത്തരങ്ങള്‍ക്കായില്ലെന്ന അവര്‍ വേദനയോടെ ഓര്‍ക്കുന്നു. മൌലികതത്വങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വരെ പരിഹാരം കാണാന്‍ കഴിയാത്ത ഒരു മതത്തിന്‍റെ അനുയായിയാണോ എന്ന് അവര്‍ക്ക് സ്വാഭാവികമായും ചിന്തിക്കേണ്ടി വന്നതില്‍ വിസ്മയകരമായി ഒന്നുമില്ല. ദൈവസാന്നിധ്യത്തില്‍ എനിക്ക് ലവലേശം സംശയമില്ലായിരുന്നു. പക്ഷെ മതത്തില്‍ ദൈവവുമായി ബന്ധപ്പെട്ട എന്‍റെ ചോദ്യങ്ങള്‍ പുരോഹിതരെപ്പോലെ എന്നെയും കുഴക്കുകയായിരുന്നു. എല്ലാത്തിനും സമ്പൂര്‍ണ ഉത്തരം കിട്ടിയത് ഇപ്പോള്‍ ഇവിടെ നിന്നാണ്. ഇന്‍റസ്ട്രിയല്‍ റോബോട്ടിക് എഞ്ചിനീയര്‍ കൂടിയായ അലാമില്ല പറയുന്നു. മറ്റേത്  പാശ്ചാത്യരെയും പോലെ ഇസ്‍ലാമിനെ കുറിച്ച് ഞാനും അറിഞ്ഞത് അടിച്ചമര്‍ത്തലിന്‍റെയും ഭീകരവാദത്തിന്‍റെയും മുഖമായിട്ടാണ്. ഇപ്പോള്‍ ഖുര്‍ആന്‍ എന്‍റെ മുമ്പിലുണ്ട്. ഖുര്‍ആന്‍ പഠിക്കുകയും മുസ്ലിംകളുമായി നേരിട്ട് സംവദിക്കുകയും ചെയ്തത് എന്‍റെ ധാരണകളെ ശരിക്കും തിരുത്തി. തെറ്റിദ്ധാരണകളെ യഥാവിധി തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലായിരുന്നു ഖുര്‍ആന്‍ എന്നോട് സംസാരിച്ചത്. പക്വതയും സൌന്ദര്യവും വേണ്ടുവോളം കൈവരിച്ച മതമായി ഇന്നെനിക്ക് ഇതിനെ കാണാന്‍ കഴിയുന്നു. എല്ലാത്തിനെയും കുറിച്ച് കൃത്യമായ ഒരു ബോധം ഈ ജീവിത വഴി എനിക്ക് പ്രദാനം ചെയ്യുന്നു. ഏത് ചോദ്യത്തിനുള്ള ഉത്തരവും ഖുര്‍ആനിലോ അല്ലെങ്കില്‍ സുന്നത്തിലോ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. വാര്‍ത്താ പ്രാധാന്യം നേടാന്‍ വേണ്ടി മതം മാറിയവളല്ല. ഇവര്‍. ആറ് മാസമാണ് ഇസ്‍ലാമിനെ പഠിക്കാന്‍ അലാമില്ല ചെലവിട്ടത്. ശേഷം ഔദ്യോഗിക പരിപാടിയില്‍ രണ്ട് സാക്ഷികള്‍ സമക്ഷം ദൈവം അല്ലാഹു മാത്രമാണെന്നും മുഹമ്മദ് നബി ദൈവദൂതനാണെന്നുമുള്ള സത്യവാചകം ഉരുവിട്ടുകൊണ്ട് പുതിയൊരു ജീവിതയാത്രയാരംഭിച്ചു. ഇസ്‍ലാമിനെതിരെയുള്ള മുഖ്യമായ ആരോപണം, മതത്തില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നുവെന്നതായിരുന്നു. സ്ത്രീയുടെ ഔന്നത്യത്തിനും ആദ്യന്തിക വിജയത്തിനും വേണ്ടിയാണ് മതം ശബ്ദിച്ചതെന്ന് ഖുര്‍ആന്‍ പഠിച്ചപ്പോളാണ് എനിക്ക് ബോധ്യമായത്. ഞാന്‍ സമീപിച്ച മുസ്ലിംകളെല്ലാവരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മാന്യമായ പെരുമാറ്റം. സൌഹൃദപരമായ സമീപനം. അതവരുടെ ജന്മസിദ്ധമായ കഴിവായി കൂട്ടേണ്ടതില്ല. അവര്‍ നിലകൊണ്ട മതമാണതിന് പിന്നില്‍. അലാമില്ല ഇസ്‍ലാം ആശ്ളേഷിച്ചിട്ടുണ്ടിപ്പോള്‍. പക്ഷെ അത് കുടുംബത്തെ അറിയിച്ചത് മറ്റൊരു കഥയാണ്. അവരുടെ അമ്മക്കും സഹോദരനും അറിയാമായിരുന്നു, താന്‍ ഇസ്‍ലാമിനെക്കുറിച്ച് പഠിക്കുന്നുണ്ടെന്ന്. എന്നാലും മതപരിവര്‍ത്തനത്തെക്കുറിച്ച് അവരോട് പറയാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റങ്ങള്‍ പലതും എന്നിലുണ്ടായിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു എനിക്ക്. ഞാന്‍ പഴയ വ്യക്തി തന്നെയാണെന്നും മതപരിവര്‍ത്തനം കൊണ്ട് കുറച്ചുകൂടി മെച്ചപ്പെടലാണ് തന്‍റെ ഉദ്ദേശ്യമെന്നും അവര്‍ മനസ്സിലാക്കണമെന്നാണ് ഞാന്‍ ഇതുകൊണ്ട് ആഗ്രഹിച്ചത്. ഇത് പറയുമ്പോള്‍ അലാമില്ലക്ക് ചാരെ ലെസ്ലീ കാമറില്ലോ അവളെ സാകൂതം ശ്രവിക്കുന്നുണ്ടായിരുന്നു. സമാന അനുഭവമാണ് കാമറില്ലോക്കും. മൂന്ന് വര്‍ഷമായി, കത്തോലിക്ക സഭ വിട്ട് അവര്‍ ഇസ്‍ലാമിലേക്ക് കൂട് മാറിയിട്ട്. പളളികളിലെ നടപടിക്രമങ്ങളിലെ കാപട്യം ചെറുപ്പം മുതലേ തനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ ഓര്‍ക്കുന്നു. ദൈവത്തെ ഭീതിതമായാണ് എനിക്ക് പലരും പരിചയപ്പെടുത്തിയത്. ത്രിയേകത്വത്തെ ക്രിസ്ത്യന്‍ കാപട്യത്തിന്‍റെ നിദര്‍ശനമായി നമുക്ക് വിലയിരുത്താം. Muslim_womenഞാന്‍ ഒരു സുപ്രഭാതത്തില്‍ ബാഗും ഡ്രസ്സുമെടുത്ത് ഇസ്‍ലാമിലേക്ക് വന്നവളല്ല. ഹിന്ദുമതം, ബുദ്ധമതം, ക്രിസ്തുമതം തുടങ്ങി അനവധി പ്രത്യശാസ്ത്രങ്ങളെ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. പഠിച്ചിട്ടുണ്ട്. വളരെ സ്വതന്ത്രമായ ഒരു ജീവതമാണ് അന്നൊക്കെ നയിച്ചിരുന്നത്. മനസ്സമാധാനവും മറ്റും പറഞ്ഞ് ഒത്തിരി മരുന്നുകള്‍ ഞാന്‍ കഴിച്ചു. ആ സമയമൊക്കെ ഞാന്‍ ശപഥം ചെയ്തിരുന്നു, എന്‍റെ ചോദ്യങ്ങള്‍ക്ക് സമ്പൂര്‍ണ ഉത്തരം നല്‍കുന്ന ഒരു മതം എനിക്ക് കിട്ടിയാല്‍ അത് ഞാന്‍ പുല്‍കുമെന്ന്.  സത്യമന്വേഷിച്ച് അലയുന്നവന് പറഞ്ഞുകൊടുക്കാനുള്ള മരുന്ന് ഇന്ന് എനിക്ക് ഇസ്‍ലാമില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് കാമറില്ലോ പറയുന്നു. 2011ല്‍ മെക്സിക്കോയിലെ സെന്‍ട്രോ ഡി ഇന്‍വെസ്റ്റിഗേഷന്‍ എകണോമികസിലെ റിസര്‍ച്ച് പ്രഫസര്‍ കാമില പാസ്റ്റര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ മെക്സിക്കോയിലെ മതപരിവര്‍ത്തനത്തെ കുറിച്ച് പറയുന്നുണ്ട്. പാരമ്പര്യ മതവേഷങ്ങളിലെ പുതുമക്കപ്പുറം ഇസ്‍ലാമിന്‍റെ സാര്‍വലൌകികത പൊതുജനത്തെ ഏറെ സ്വാധീനിക്കുന്നുവെന്നു. ഒരു കാലത്ത് മുസ്ലിം വേഷം ധരിക്കുന്ന പെണ്ണുങ്ങള്‍ സമൂഹത്തില്‍ അറപ്പുളവാക്കിയിരുന്നുവെങ്കില്‍, ഇന്ന് ഹിജാബ് ധരിച്ച് പുറത്തിറങ്ങുന്നത് സ്ത്രീ സമൂഹത്തിന്‍റെ ഫാഷനായി മാറിയത് മുസ്ലിംകളുടെ സാമൂഹിക ജീവിതത്തില്‍ വലിയ തരത്തിലുള്ള പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ട്, മെക്സികോയില്‍. ഇതിന് പുറമെ ഇസ്‍ലാമിലെ സര്‍വജനസമത്വവാദം ജനങ്ങളെ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പ്രബന്ധം നിരീക്ഷിക്കുന്നു. സെയ്ദ് ലോഹാബി ഇരുപത് വര്‍ഷത്തിലേറെ മെക്സിക്കോയില്‍ കഴിഞ്ഞയാളാണ്. രാജ്യത്ത് ഇസ്‍ലാമിന്‍റെ വളര്‍ച്ചയെ നേരില്‍ അനുഭവിച്ച ഒരു വ്യക്തി കൂടിയാണദ്ദേഹം. സ്വന്തമായി ലാങ്വേജ് സ്കൂള്‍ നടത്തുന്ന ലോഹാബി മറ്റു സമയങ്ങളില്‍ ട്രാന്‍സ്‍ലേറ്ററായി ജോലി നോക്കുന്നു. മുസ്ലിം കമ്യൂണിറ്റി മോസ്കിലെ വിദ്യാഭ്യാസ കേന്ദ്രം അധ്യക്ഷനായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു. 1990 കളിലെ കാലം ഓര്‍ത്തെടുക്കുകയാണദ്ദേഹം. മെക്സികോ മുസ്ലിം സമുദായത്തിന് ഒരു ചെറിയ പള്ളി വരെ നേടിയെടുക്കാന്‍ പെട്ട പാട് ചെറുതല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ മുസ്ലിം സമൂഹം ഏറെ മെച്ചപ്പെടുകയും മിക്കപേരും നയതന്ത്രജ്ഞരും കച്ചവടപ്രമുഖരുമായത് രാജ്യത്തെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. അന്ന് ഇവിടെ മുസ്ലിം സമുദായമെന്ന് പറഞ്ഞാല്‍ വളരെ പ്രാദേശികരായ തുച്ഛം പേരും ചില വിദേശികളുമായിരുന്നു. 1994ല്‍ മെക്സിക്കോ സിറ്റിയില്‍ വന്നപ്പോള്‍ ഇസ്‍ലാമിനെ അധികം മനസ്സിലാക്കാന്‍ കഴിയാതെ പോയ ഏകദേശം എണ്‍പതോളം മുസ്ലിംകള്‍ മാത്രമാണുണ്ടായിരുന്നത്. രണ്ടും മൂന്നും മാസങ്ങള്‍ കഴിയണമായിരുന്നു, പലപ്പോഴും ഒരു മുസ്ലിം സഹോദരെ എനിക്ക് കാണാന്‍. ഇന്ന് സാഹചര്യങ്ങള്‍ ഏറെ മാറി. മുസ്ലിംകളിലെ ഭൂരിപക്ഷവും മെക്സിക്കന്‍  വംശജര്‍ തന്നെ. അല്ലാഹുവാണ് ഇതൊക്കെ ചെയ്യുന്നത്. ഞങ്ങള്‍ എങ്ങനെ ഈ വിഷയത്തില്‍ ഇത്ര വിജയിച്ചു എന്നതിനെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാന്‍ കഴിയില്ല. ഏകദേശം എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങള്‍ക്ക് പുതുസഹോദരന്മാരെ കിട്ടാറുണ്ട്. അവര്‍ ഇങ്ങോട്ട് വരുകയാണ് ഇസ്‍ലാമാശ്ളേഷിക്കാന്‍. ചില വെള്ളിയാഴ്ചകളില്‍ അഞ്ച് പേരൊക്കെയാണ് ഇസ്‍ലാം സ്വീകരിക്കുന്നത്. പലപ്പോഴും പുരുഷന്മാരെക്കാള്‍ മെക്സിക്കോയില്‍ സ്ത്രീകള്‍ക്കാണ് ഇസ്‍ലാമിനെ അറിയാനും പഠിക്കാനും ഏറെ ആവേശം. ഇതിന് കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ ലോഹാബി പറഞ്ഞത്, സ്ത്രീകള്‍ക്കാണ് ഏറെ ചോദ്യങ്ങളും സംശയങ്ങളും ഉള്ളതെന്നാണ്. അതിനൊന്നും പുരോഹിതര്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനുമാവുന്നില്ല. ആധാരം - ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ജേണലിസ്റ്റ്സിന് കീഴില്‍ ല്യൂസ് ഫൌണ്ടേഷന്‍ നല്‍കിയ ഫെലോഷിപ്പ് വഴി നടത്തിയ പഠനം.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter