റമദാന്‍ ഡ്രൈവ്  -നവൈതു-02

റമദാന്‍ ഡ്രൈവ്

നവൈതു-02
ഇന്ന് നാമെല്ലാം സാധാരണയിലും നേരത്തെയാണ് എണീറ്റത്. സുബ്ഹിയുടെ ബാങ്കിനും ഒരു മണിക്കൂറോളം മുമ്പ്. കാരണം, നമുക്ക് നോമ്പ് നോല്ക്കാനുള്ളതും അതിനായി അത്താഴം കഴിക്കാനുള്ളതുമാണ്. 
അതേ സമയം, നമ്മില്‍ പലര്‍ക്കും ഇന്നലെ വരെ ഇത് സാധ്യമായിരുന്നില്ല. നേരത്തെ എണീക്കണമെന്ന് എത്ര തന്നെ മനസ്സിലുറച്ചാലും കഴിയാതെ വരുന്നതായിരുന്നു നമ്മുടെ ശീലം. 
അഥവാ, റമദാന്‍ ആണെന്ന ബോധം നമ്മില്‍ മാറ്റം വരുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. നന്മയുടെ ദിശയിലേക്കുള്ള മാറ്റമാണ് റമദാന്‍ ലക്ഷ്യമാക്കുന്നത് തന്നെ. അത് വരെ സാധ്യമാവാതിരുന്ന പലതും സാധ്യമാക്കാനാണ് അത് വിരുന്നെത്തുന്നത്. 
വേണമെന്നുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് റമദാന്‍ നമ്മെ പഠിപ്പിക്കുകയാണ്, പരിശീലിപ്പിക്കുകയാണ്. 
എന്തിനും ഏതിനും കീഴ്‍പ്പെടാന്‍ പാകമാണ് നമ്മുടെ ശരീരം. എത്ര നേരത്തെ ഉറക്കമുണരാനും ഏത് തണുപ്പിലും ഉണര്‍ന്നിരിക്കാനും അതിന് സാധ്യമാണ്. 
പക്ഷെ, കരുത്ത് വേണമെന്ന് മാത്രം. മനസ്സാണ് പ്രധാനം, അതാണ് എല്ലാം നിയന്ത്രിക്കുന്നത്. അതില്‍ ജന്മം കൊള്ളുന്ന ചിന്തകളും വിചാരങ്ങളുമാണ് ശരീരത്തെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത്. 
ആ മനസ്സിനെയാണ് റമദാന്‍ നിയന്ത്രിക്കുന്നത്. അത് ചെയ്യുന്നതാവട്ടെ, നവൈതുവിലൂടെയാണ്. നാവ് കൊണ്ട് നവൈതു പറയുന്നത് കൊണ്ട് മാത്രം നോമ്പാവില്ല, മറിച്ച് അത് നമ്മുടെ മനസ്സിലേക്കിറങ്ങണമെന്നതാണ് റമദാനിന്റെ ശാഠ്യം. എങ്കിലേ ശരീരം അതിന് അനുസരിച്ച് പാകപ്പെടൂ. മുമ്പ് പലപ്പോഴും അതിരാവിലെ എണീക്കണമെന്ന് കരുതിയിട്ടും സാധിക്കാതെ പോയതും അത് കൊണ്ട് തന്നെയായിരുന്നു, മനസ്സില്‍ തട്ടിയ നവൈതു ഇല്ലാതെ പോയി എന്നത്. ഇപ്പോള്‍ എണീക്കാന്‍ സാധിച്ചതും അത് കൊണ്ട് തന്നെ. 
അതാണ് റമദാന്‍, അതിനാണ് റമദാന്‍, നാഥന്‍ സ്വീകരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter