റമദാന്‍ ഡ്രൈവ് -നവൈതു-03
റമദാന്‍ ഡ്രൈവ്
നവൈതു-03
രണ്ട് ദിവസമായി മണിക്കൂറുകളോളം ഒന്നും കഴിക്കാതെ നാം കഴിച്ച് കൂട്ടുന്നു. ഇത്ര വലിയ ചൂടിലും എത്ര ദാഹം തോന്നിയിട്ടും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ, ഉമിനീര്‍ താഴോട്ട് ഇറങ്ങുന്നത് പോലും വളരെ ശ്രദ്ധിച്ച്.. അങ്ങനെയാണ് നാം രാവിലെ മുതല്‍ വൈകുന്നേരം വരെ ചെലവഴിക്കുന്നത്.
വേണ്ടതെന്തും കഴിക്കാന്‍ മുന്നിലുണ്ടായിട്ടും നാം അവയൊന്നും നോക്കുന്നുപോലുമില്ല. വിശപ്പ് നമുക്കൊരു ആവേശമായി മാറിയിരിക്കുന്നു എന്നര്‍ത്ഥം. മനുഷ്യപുത്രന്‍ നിറക്കുന്ന പാത്രങ്ങളില്‍ ഏറ്റവും മോശമായതാണ് വയറ് എന്ന പ്രവാചക വചനം ഇതിനോട് നമുക്ക് ചേര്‍ത്ത് വായിക്കാം. 
വയറ് നിറയുന്നതാണ് പല പ്രശ്നങ്ങളുടെയും കാരണം. ശരീരത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതും അത് കൊണ്ട് തന്നെ. വയറിന്റെ മൂന്നിലൊരു ഭാഗം എപ്പോഴും കാലിയായിരിക്കണമെന്ന് പറയുന്നതും അത് കൊണ്ട് തന്നെ. 
ആദ്യമനുഷ്യനായ ആദം(അ) സ്വര്‍ഗ്ഗത്തില്‍നിന്ന് പുറത്ത് പോവേണ്ടിവന്നത് ഭക്ഷിച്ചത് കൊണ്ടായിരുന്നു. അരുതെന്ന് പറഞ്ഞ പഴം ഭക്ഷിച്ചതായിരുന്നല്ലോ അദ്ദേഹം ചെയ്ത തെറ്റ്. കാണുന്നതെന്തും കഴിക്കാനും വാരിവലിച്ച് ഭക്ഷിക്കാനുമുള്ള ആര്‍ത്തിയാണ് മനുഷ്യനെ മൃഗതുല്യനാക്കുന്നത്. 
ഭൌതിക ജീവിതത്തോട് വിരക്തി തേടുന്നവരൊക്കെ, വഴി തുടങ്ങുന്നത് വിശപ്പിലാണ്. വിശപ്പെന്ന ഔഷധത്തെ അംഗീകരിക്കുന്നവരാണ് എല്ലാ മത്സ്ഥരും. സ്വൂഫി വര്യന്മാരും യോഗികളുമൊക്കെ ജനിക്കുന്നത് വിശപ്പിലൂടെയാണ്. ആത്മാവിന്റെ അന്നമാണ് വിശപ്പ്. വയറിനെ പിടി കൂടുന്ന വിശപ്പ്, ആത്മാവിന് വെളിച്ചമായി മാറുന്നു. വിശപ്പ് കൂടും തോറും ആ വെളിച്ചവും കൂടിവരുന്നു. വിശപ്പ് കുറയും തോറും ആത്മാവിന്റെ വെളിച്ചവും കുറഞ്ഞ് കുറഞ്ഞ് വരുന്നു.
സ്വയം വരിക്കുന്ന വിശപ്പിലൂടെ നിയന്ത്രിക്കുന്നത് ആര്‍ത്തിയെയാണ്. കഴിക്കാന്‍ ഒന്നും ലഭിക്കാത്തകാരണം പട്ടിണികിടക്കുന്നവന്ന് ആര്‍ത്തി ബാക്കിയാവുന്നു. അതേ സമയം, എല്ലാം ഉണ്ടായിട്ടും വേണ്ടെന്ന് വെച്ച് സ്വയം വിശപ്പ് വരിക്കുന്നവന്‍ ആര്‍ത്തിയെ അതിജയിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ അവന്‍ ത്യാഗിയായി മാറുകയും ചെയ്യുന്നു.
അതാണ് നോമ്പ് നമ്മെ കൊണ്ട് ചെയ്യിക്കുന്നത്. ഓരോ ദിവസവും നാം സ്വയം ഉറപ്പ് നല്കുന്നതും അത് തന്നെ, നവൈതു സൌമ ഗദിന്‍... നാഥന്‍ സ്വീകരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter