ജീവിതവിജയത്തിന്റെ രഹസ്യം
ഒരിക്കല്‍ ഞങ്ങള്‍ ഹജ്ജ് യാത്രയിലായിരുന്നു. റിയാദിനടുത്ത അല്‍ഖര്‍ജില്‍നിന്നുള്ള ഒരു ഹാജിയും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഏകദേശം എഴുപത് വയസ്സിലധികം ആയിട്ടുണ്ടാവും അദ്ദേഹത്തിന്. ഞാന്‍ ഇടക്കകിടെ അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടേയിരുന്നു. ഇത്ര മേല്‍ സല്‍സ്വഭാവിയും ശാന്ത മനസ്കനും ആത്മസംതൃപ്തനുമായ മറ്റൊരാളെ ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു.
അല്‍ഭുതം തോന്നിയ ഞാന്‍, യാത്രക്കിടെ ഒരിക്കലദ്ദേഹത്തോട് കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, ഞാന്‍ പ്രവാചകരുടെ ഒരു ഉപദേശം മനസ്സിലാക്കി, അതിങ്ങനെയാണ്, ഒരു മനുഷ്യന്‍ നല്ല മുസ്‍ലിമാണെന്നതിന്റെ ലക്ഷണമാണ് ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കുന്നു എന്നത്.
ശേഷം, ഇത് ജീവിതത്തില്‍ കൃത്യമായി പാലിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതിന് സഹായകമാവുന്ന വിധം ദൈനംദിന ജീവിതരീതി തന്നെ ഞാന്‍ ചിട്ടപ്പെടുത്തി. ഞാന്‍ എന്നും അതിരാവിലെ എണീക്കുന്നു. തഹജ്ജുദും വിത്റും നിസ്കരിച്ച ശേഷം ദിക്റുകളുമായി സുബ്ഹി ബാങ്കിനായി കാത്തിരിക്കുന്നു. സുബ്ഹി നിസ്കരിച്ച ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ അവിടെത്തന്നെ ഇരിക്കുന്നു. ശേഷം രണ്ട് റക്അത് ളുഹാ നിസ്കാരവും നിര്‍വ്വഹിച്ച് പ്രാതല്‍ കഴിച്ച് കൃഷിയിടത്തിലേക്ക് പോകുന്നു. കൃഷിയിടത്തിലെ ജോലികളെല്ലാം ചെയ്യുന്നത് ഞാന്‍ തന്നെയാണ്, കൂടാതെ ആടുകളെ കറക്കുകയും ഭക്ഷണമുണ്ടാക്കാന്‍ ഭാര്യയെ സഹായിക്കുകയും ചെയ്യുന്നു. സമയമാവുമ്പോള്‍ നിസ്കാരം നിര്‍വ്വഹിക്കുകയും ഒഴിവ് കിട്ടുമ്പോഴൊക്കെ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
കല്യാണം, സല്‍ക്കാരം തുടങ്ങിയ ഒത്തുകൂടലുകള്‍ പരമാവധി ഒഴിവാക്കാറാണ് പതിവ്. കാരണം, പലയിടങ്ങളിലും കൂടിയിരിക്കുമ്പോള്‍ ആവശ്യമില്ലാത്ത സംസാരങ്ങളും മറ്റുള്ളവരെ കുറിച്ച് വേണ്ടാത്തത് പറയലുമെല്ലാം കടന്നുവരുമല്ലോ. മുമ്പ് ഞാനും അങ്ങനെയായിരുന്നു. പലപ്പോഴും രാത്രി ഏറെ വൈകിയേ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ, നിസ്കാരം കൃത്യ സമയത്ത് നിര്‍വ്വഹിക്കാന്‍ പോലും സമയം ലഭിച്ചിരുന്നില്ല. ഫലമോ, സംതൃപ്തിയില്ലാത്ത ജീവിതം, വീട്ടിലെത്തുമ്പോഴേക്കും ശാരീരികമായും അതിലേറെ മാനസികമായും ക്ഷീണിതനാകുമായിരുന്നു, പിന്നെ ഒന്നിനും താല്‍പര്യമില്ലാതെ സമയം കഴിച്ചുകൂട്ടുകയും.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സംതൃപ്തി അല്ലാഹുവിനും എനിക്കും മാത്രമേ അറിയൂ. എന്റെ സ്വന്തം കാര്യങ്ങള്‍ നോക്കാനും കൂടുംബത്തോടൊപ്പം ചെലവഴിക്കാനും വേണ്ടത്ര സമയം ലഭിക്കുന്നു. ആരാധനാകാര്യങ്ങള്‍ ശ്രദ്ധിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും സാധ്യമാവുന്നു. മനസ്സില്‍ ആരോടും വെറുപ്പോ വിദ്വേഷമോ തോന്നുന്നേയില്ല, ഇതല്ലേ യഥാര്‍ത്ഥത്തില്‍ ജീവിതം കൊണ്ടുദ്ദേശിക്കുന്നത്.
പിന്നീട്, ജീവിതവിജയമെന്ന് കേള്‍ക്കുമ്പോഴൊക്കെ, ഈ മനുഷ്യന്റെ മുഖമാണ് എന്റെ മനസ്സിലേക്ക് ഓടിവരാറുള്ളത്. നാമൊക്കെ പലപ്പോഴും സമയം ചെലവഴിക്കുന്നത് അനാവശ്യകാര്യങ്ങളിലാണ്. വേണ്ടാത്തത് ചെയ്തും അതിലേറെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞും പങ്ക് വെച്ചും സമയം കഴിക്കുകയാണ് നാം. അത് കൊണ്ട് തന്നെ, മനസ്സംതൃപ്തിയോടെ കഴിയാനോ സ്വസ്ഥമായി ഉറങ്ങാന്‍ പോലുമോ നമുക്കാവുന്നില്ല, അനാവശ്യമായ ഒട്ടേറെ കാര്യങ്ങളില്‍ വ്യാപൃതരാവുന്നത് കൊണ്ട് തന്നെ, നിര്‍ബന്ധആരാധനകളില്‍ പോലും നാം വീഴ്ചകള്‍ വരുത്തുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സമയം ലഭിക്കുന്നേയില്ല. ഫലമോ, ഈ ജീവിതം അസംതൃപ്തമായിത്തീരുന്നു. പാരത്രികജീവിതവും നഷ്ടമാവുന്നു.
ഇനിയെങ്കിലും നമുക്ക് ശ്രമിക്കാം, ആവശ്യമുള്ളതില്‍ മാത്രം ഇടപെടുക, ആവശ്യമുള്ളത് മാത്രം ചെയ്യുക, അനാവശ്യകാര്യങ്ങളില്‍ ഒരിക്കലും സമയം ചെലവഴിക്കാതിരിക്കുക.
(അവസാനം വിജയരഹസ്യം കണ്ടെത്തി എന്ന വിഖ്യാത പുസ്തകത്തില്‍ നിന്ന്)
Leave A Comment