റമദാന്‍-1 – നവൈതു സൌമ ഗദിന്‍...

റമദാന്‍-1 – നവൈതു സൌമ ഗദിന്‍...

അല്ലാഹുമ്മ ലകല്‍ഹംദ്... ബല്ലഗ്തനാ റമദാന്‍...
നാഥാ, റമദാനിലേക്ക് നീ ഞങ്ങളെ എത്തിച്ചതിന് നിനക്കാണ് സ്തുതി... 
റജബ് 1 മുതല്‍ നാം തുടങ്ങിയ തേട്ടമാണ് ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് നേരത്തെ നിസ്കാരശേഷമുളള പ്രാര്‍ത്ഥനകളിലും മറ്റു ദുആകളിലുമെല്ലാം നാം തേടിയതായിരുന്നു, ഈ വിശുദ്ധ മാസത്തിലേക്ക് നമ്മെ എത്തിക്കാന്‍. ആ ദുആ നാഥന്‍ സ്വീകരിച്ചിരിക്കുന്നു. ഒരു റമദാന്‍ കൂടി നമുക്ക് സമ്മാനിച്ചിരിക്കുന്നു. 
ഇനിയുള്ളത് നമ്മുടെ കൈകളിലാണ്. പുണ്യദിനങ്ങളെ നമുക്ക് പരമാവധി ഉപയോഗപ്പെടുത്താം. ജീവിതം തന്നെ ചിട്ടപ്പെടുത്തി എടുക്കാനുള്ള അവസരമായി നമുക്ക് ഈ റമദാനിനെ സമീപിക്കാം. എല്ലാം കൃത്യമായ സമയങ്ങളില്‍ നിര്‍വ്വഹിച്ച്, ജീവിക്കാന്‍ ആവശ്യമായത് മാത്രം കഴിച്ച്, ബാക്കി വരുന്നതെല്ലാം മറ്റുള്ളവര്‍ക്ക് പങ്ക് വെച്ച്, ജീവിതം തന്നെ ആരാധനയാക്കി മാറ്റാന്‍ നമുക്ക് ശ്രമിക്കാം. അതിനുള്ള പരിശീലനമാണ് യഥാര്‍ത്ഥത്തില്‍ റമദാന്‍. മുപ്പത് ദിവസം നീണ്ട് നില്‍ക്കുന്ന ഒരു ട്രെയ്നിംഗ് കോഴ്സ്.
നവൈതു കൊണ്ടാണ് ഓരോ നോമ്പും തുടങ്ങുന്നത്. റമദാന്‍ തന്നെ നവൈതുകളാണ് എന്ന് പറയാം. നവൈതു ഒരു പ്രതിജ്ഞയാണ്. ഫജ്റ് മുതല്‍ മഗ്‍രിബ് വരെ, തന്റെ സ്രഷ്ടാവ് കല്‍പിച്ചത് പോലെ ജീവിക്കുമെന്ന പ്രതിജ്ഞ. അനുവദനീയമായത് പോലും തന്റെ നാഥന്ന് വേണ്ടി ത്യജിക്കുമെന്ന പ്രതിജ്ഞ. വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ചിന്ത കൊണ്ട് പോലുമോ അവനിഷ്ടമില്ലാത്തതൊന്നും ഉണ്ടാവില്ലെന്ന പ്രതിജ്ഞ.
സൌം എന്നാല്‍ പിടിച്ചുനിര്‍ത്തലാണ്. അരുത് എന്ന് പറഞ്ഞതൊന്നും ചെയ്യാതെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുന്നതാണ് സൌം. ഗദ് എന്ന് പദം സൂചിപ്പിക്കുന്നത് വരും ദിനത്തെയും.
ഏതാനും മണിക്കൂറുകള്‍ ആ പ്രതിജ്ഞ പാലിച്ച് സ്വയം പരിശീലനം നേടുകയാണ് നാം റമദാനില്‍ ചെയ്യുന്നത്. അങ്ങനെ ഒരു മാസം നീണ്ട് നില്‍ക്കുന്ന പരിശീലനം. അതോടെ, പാടില്ലാത്തതെല്ലാം വേണ്ടെന്ന് വെക്കാനുള്ള മനസ്സും ഊര്‍ജ്ജവും നാം നേടിയെടുക്കുന്നു. അതാണ് യഥാര്‍ത്ഥ റമദാന്‍.
ശിഷ്ട ജീവിതം അതനുസരിച്ച് നാം ചിട്ടപ്പെടുത്തുന്നു. ഓരോ വര്‍ഷവും ഈ പരിശീലനം പുതുക്കുന്നതോടെ ജീവിതം മുഴുക്കെ അവയെല്ലാം പാലിക്കാന്‍ നമുക്ക് സാധ്യമാവുന്നു. ഈ റമദാനില്‍ നാം ചെയ്യുന്ന നവൈതുകള്‍ മനസ്സറിഞ്ഞുകൊണ്ടായിരിക്കട്ടെ. ഓരോ നാളെകളും അരുതാത്തതൊന്നും ചെയ്യാതെ ചെലവഴിക്കുമെന്ന കരുത്തുകളാവട്ടെ ഈ റമദാന്‍ നമുക്ക് സമ്മാനിക്കുന്നത്. അതിനായി, വരും ദിനങ്ങളില്‍ നമുക്ക് ചില നവൈതുകള്‍ നടത്താം.. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter