ഇസ്തിഹാളത്ത്: സംശയനിവാരണം
ചോദ്യം: രക്തസ്രാവത്തിന്റെ ഇനങ്ങളും അവയുടെ വിധികളും ചുരുക്കി വിവരിക്കാമോ?
ഉത്തരം: വിവരിക്കാം. പക്ഷേ, ഒരു ഒഴുക്കന്‍ മട്ടില്‍ വായിച്ചുപോവരുത്. കാര്യങ്ങള്‍ വിസ്തു നിഷ്ഠമായി വിലയിരുത്തണം. ആര്‍ത്തവത്തിന്റെ പരമാവധി ദിവസമായ പതിനഞ്ചില്‍ കവിയലോടെ ജീവിതത്തില്‍ ആദ്യമായി രക്തം കാണുന്നവള്‍ രണ്ട് വിഭാഗം. 1) രക്തത്തിന്റെ വര്‍ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും, കുറഞ്ഞതും വിവേചിച്ചറിയുന്നവള്‍. 2) രക്തം ഒരേ രൂപത്തിലായതിനാല്‍ വിവേചിച്ചറിയാത്തവള്‍. മുമ്പ് ആര്‍ത്തവവും ശുദ്ധിയും പതിവുള്ളവളും പിന്നീട് ആര്‍ത്തവം പരിധി കഴിഞ്ഞ് രക്തം സ്രവിക്കുകയും ചെയ്തവള്‍ അഞ്ചു വിഭാഗം.
1) രക്തം പല രൂപത്തിലായതിനാല്‍ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവള്‍.
2) ശക്തമായ രക്തവും അശക്തമായ രക്തവും വേര്‍തിരിച്ചറിയാന്‍ സാധിക്കാതിരിക്കലോടുകൂടെ മുന്‍ ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുള്ളവള്‍.
3) കണക്കും സമയവും മറന്നവള്‍.
4) സമയം അറിയാമെങ്കിലും കണക്ക് മറന്നവള്‍.
5) കണക്ക് ഓര്‍മയുണ്ടെങ്കിലും സമയം മറന്നവള്‍.
ഇങ്ങനെ രണ്ടു വിഭാഗവും കൂടി രക്തസ്രാവമുള്ള സ്ത്രീകള്‍ ഏഴു വിധത്തിലാണ്. ഇവരില്‍നിന്ന് ഒന്നാം വിഭാഗത്തില്‍പ്പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും, ശക്തി കുറഞ്ഞു കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ മാസത്തിലൊരു ദിവസം ആര്‍ത്തവമായും ബാക്കിയുള്ള ഇരുപത്തൊമ്പത് ദിവസം ഇസ്തിഹാളത്തായും പരിഗണിക്കണം. രണ്ടാം വിഭാഗത്തില്‍ പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ പതിവനുസരിച്ച് ആര്‍ത്തവമുണ്ടാവാറുള്ള അത്രയും ദിവസം ആര്‍ത്തവമായും ബാക്കി രോഗ രക്തമായും പിരഗണിക്കണം. മൂന്നാമത്തവള്‍ ഓരോ ഫര്‍ള് നിസ്‌കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്. നാലാമത്തെയും അഞ്ചാമത്തെയും വിഭാഗത്തില്‍ പെട്ടവള്‍ ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നല്‍കുകയും രണ്ടിനും ഹിതമുള്ളതിന് ഉഹ്തിയാഥ് (സൂക്ഷ്മത) പാലിക്കുകയും വേണം.
ചോദ്യം: ഹൈള്, നിഫാസ്, ജനാബത്ത് തുടങ്ങിയ അശുദ്ധിയുള്ളതോടു കൂടെ മാലമൗലിദുകളും റാത്തീബുകളും മറ്റും ഓതാമോ?
ഉത്തരം: വലിയ അശുദ്ധിയുള്ളപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നിഷിദ്ധമാണ്. ഖുര്‍ആന്‍ അല്ലാത്ത മാല, മൗലിദ്, റാത്തീബ് മുതലായവ ഓതുന്നതിന് വിരോധമില്ല. ഖൂര്‍ആനിലെ സൂക്തങ്ങള്‍ തന്നെ ദിക്‌റ് എന്ന ഉദ്ദേശ്യത്തോടെ ഉരുവിടുന്നതിന് വിരോധമില്ല. ബാങ്കിന് ഉത്തരം ചെയ്യുക, നല്ല കാര്യം ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുക തുടങ്ങിയവ അശുദ്ധിയുള്ളവര്‍ക്കും സുന്നത്താണ്. (തുഹ്ഫ 1 : 271)
ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുക, അതില്‍നിന്ന് വിരമിക്കുക, വിപത്തുണ്ടാവുക, യാത്ര തുടങ്ങുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി ചൊല്ലാറുള്ള ദുക്‌റുകള്‍ ഉതില്‍പെടുന്നു. (ശര്‍വാനി 1 : 271)
വലിയ അശുദ്ധിയുടെ വേളയില്‍ ആത്മീയ ചിന്ത പൂര്‍ണമായി വെടിയുന്ന ചിലരുണ്ട്. അത് അഭിലഷണീയമല്ല.
യോനീസ്രാവം (വെള്ളപോക്ക്)
ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് വെള്ളപോക്ക്. എളുപ്പത്തില്‍ പകരുന്ന രോഗമാണിത്. പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളിലേക്കും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരിലേക്കും ഈ രോഗം പകരുന്നു. ചില പ്രത്യേക തരം രോഗാണുക്കള്‍ യോനീ നാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്. സ്ത്രീകള്‍ ഔഷധം സേവിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്കും ചില ഔഷധങ്ങള്‍ ആവശ്യമായി വരും. കാരണം, മരുന്നുകള്‍ വഴി സ്ത്രീ രോഗ മുക്തി പ്രാപിച്ചാലും സംയോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവ് വീണ്ടും ഭാര്യക്ക് രോഗം സമ്മാനിക്കും.
ആര്‍ത്തവത്തിന്റെ ക്രമക്കേടുകള്‍, അണുബാധ, വിരശല്യം, എരുവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ തുടങ്ങിയ പല കാരണങ്ങള്‍ നിമിത്തം സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നുണ്ടാവുന്ന വെളുപ്പ്, ഇളംചുവപ്പ്, ഇളംപച്ച എന്നീ നിറങ്ങളിലുള്ള നേര്‍ത്തോ കുറുകിയോ നൂലു പോലെയോ ഉണ്ടാവുന്ന സ്രാവത്തിനാണ് വെള്ളപോക്ക് എന്ന് പറയുന്നത്. തുടക്കത്തില്‍ കഞ്ഞിത്തെളി പോലെ വെളുത്ത നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലുമായിരിക്കും. ഈ രോഗത്തിന് അസ്ഥിസ്രാവം എന്നു പറഞ്ഞു വരുന്നതുകൊണ്ട് അസ്ഥി ഉരുകിപ്പോവുകയാണെ ന്നും അതുകൊണ്ടുതന്നെ പേടിക്കേണ്ട രോഗമാണെന്നുമുള്ള തെറ്റായ ധാരണ പലയിടങ്ങളിലുമുണ്ട്. പേരിലല്ലാതെ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല.
ഇത് വന്നുപെട്ടവരില്‍ പനി, ചുമ, തലകറക്കം, വയറെരിച്ചില്‍, നടുവേദന, വിളര്‍ച്ച, കവിള്‍ഒട്ടല്‍, കണ്ണുകുഴിയല്‍, ശരീരം മെലിയല്‍ തുടങ്ങിയവ കണ്ടുവരുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
മുസലി ഖദിരാദി കഷായം, ശതാവരി ഗുളം, വര്യാഹ്യാദി ഘൃതം, ധാത്യാദിഘൃതം, ചന്ദ്രപ്രഭാ ഗുളിക, കദള്യാദിഘൃതം, ശ്രംഗഭസ്മം, വലിയ മര്‍മ ഗുളിക, കന്‍മദ ഭസ്മം മുതലായ ആയുര്‍വേദ ഔഷധങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കുക. Sulphur, Thuja, Pulsatila, Sepia, Calcarcarb, Borat മുതലായ ഹോമിയോ ഔഷധങ്ങളില്‍നിന്ന് ഉചിതമായത് ഡേക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
തണുത്ത ചോറ്, പഴങ്ങള്‍, ചെറുപയര്‍, കൂവ്വപ്പൊടി, ഉളനീര്‍, നെയ്യ് എന്നിങ്ങനെ തണുത്തതും പോഷക മൂല്യമുള്ളതുമാണ് വെള്ളപോക്കു രോഗികള്‍ പതിവാക്കേണ്ടത്.
യൂനാനി ഔഷധങ്ങളായ മാഉല്‍ ഹയാത്ത്, ദവായെ കടായി, സുപാരി പാക്, സര്‍ബത്ത് ബസൂരി തുടങ്ങിയ ഔഷധങ്ങള്‍ വെള്ളപ്പോക്ക് രോഗത്തെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്. ഒരു ഹക്കീമിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നു മാത്രം.
മതവീക്ഷണത്തില്‍ വെള്ളപോക്ക് നജസാണ്. അകത്ത് നിന്നു വരുന്ന എല്ലാ ദ്രാവകങ്ങളും (ഇന്ദ്രിയമൊഴികെ) നജസാണെന്നാണ് വിധി.
Leave A Comment