സാകിയ ജെഫ്രി: പോരാട്ടം ബാക്കി വെച്ച ജീവിതം
'മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ അന്തരിച്ചു' എന്നായിരുന്നു സാക്കിയ ജഫ്രിയുടെ വിയോഗാനന്തരം, പ്രമുഖ മാധ്യമപ്രവർത്തക ടീസ്റ്റ സെറ്റൽവാദ് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടത്. സമാനമായ പ്രതികരണങ്ങളായിരുന്നു ഒട്ടുമിക്ക നേതാക്കളിൽ നിന്നുമുണ്ടായത്. നീതിക്കുവേണ്ടി അവസാന ശ്വാസം വരെയും നിലയിറപ്പിച്ചവൾ. ഇന്ത്യയുടെ രാഷ്ട്രീയ മുഖത്തെ പിച്ചിച്ചീന്തിയ ഗുജറാത്ത് വംശഹത്യയുടെ പൊടിപ്പും തൊങ്ങലുകളും പൊതുമുദ്ധ്യത്തിലേക്ക് കുടഞ്ഞിട്ടവർ. നീണ്ടകാല പ്രയത്നത്തിനിടയിൽ അധികാരികളുടെ പ്രലോഭനങ്ങൾക്കും, സ്വാധീനങ്ങൾക്കും മുമ്പിൽ മുട്ടുമടക്കാത്തവർ. എതിരാളികളുടെ അധികാര വലിപ്പത്തെയോ അവര്‍ ഇരിക്കുന്ന പദവികളെയോ ഒട്ടും ഭയക്കാതെ, തലമൂത്തവർക്കെതിരെ ചോദ്യശരങ്ങൾ എയ്തവർ. മേൽ പരാമർശിത വിശേഷണങ്ങളിൽ ഒതുക്കാവുന്നതല്ല സാക്കിയയുടെ ജീവിതം.
സാക്കിയയുടെ പോരാട്ടം പരാമർശിക്കുമ്പോൾ ഏറെ പ്രാധാന്യത്തോടെ ചർച്ചക്കെടുക്കേണ്ടതാണ് ഭർത്താവ് ഇഹ്സാൻ ജഫ്രിയുടെ ജീവിതം. ഗോദ്രാ തീവെപ്പിനു പിറ്റേന്നാൾ 2002 ഫെബ്രുവരി 28ന് കലിപൂണ്ട ഹിന്ദുത്വവാദികളുടെ വിളയാട്ടത്തിൽ, ഗുജറാത്ത് ഒട്ടുക്കും ഭയന്ന് വിറച്ചു. മുസ്‍ലിംകളായിരുന്നു അവരുടെ ഉന്നം. തീവെപ്പ് പോലും മുസ്‍ലിം സമുദായത്തിന്റെ ഉന്മൂലനത്തിനു വേണ്ടി കൃത്രിമ നിർമ്മാണം നടത്തിയതാണോ എന്ന് പോലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. കലാപബാധിതരായ ഗുൽബർഗിലെ മുസ്‍ലിംകൾ അഭയത്തിനായി മുട്ടിയത് ഇഹ്സാൻ ജഫ്രിയുടെ വാതിൽ ആയിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് നേതാക്കൾക്ക് അടിതെറ്റിയ സമയത്തും, 50 ശതമാനത്തിലധികം വോട്ട് വിഹിതം നേടി ലോക്സഭയിലേക്ക് വിജയിച്ച് കയറിയ ആളാണ് ഇഹ്സാൻ ജഫ്രി. അത്രമേൽ അടിത്തട്ട് ജനതയുമായി ബന്ധം പുലർത്തിയവർ എന്നർത്ഥം. പദവിയും വ്യക്തിത്വവും പരിഗണിച്ചാണോ വിറളി പിടിച്ചവർ ആക്രമിക്കാറുള്ളത്?. 69 മുസ്‍ലിംകളെ കൊലപ്പെടുത്തിയ ആക്രമണകാരികൾ, പെട്രോൾ ഒഴിച്ച് കരിച്ചു കൊല്ലുകയായിരുന്നു ജെഫ്രിയെ. പ്രാണൻ രക്ഷിക്കാനായി മുഖ്യമന്ത്രി മോദിയെ അടക്കം പലരെയും ബന്ധപ്പെട്ടെങ്കിലും, പ്രതികരണങ്ങൾ ഒന്നുമുണ്ടായില്ല. അന്നുമുതൽ കളത്തിലിറങ്ങിയതാണ് സാക്കിയ.
ഭർത്താവിന്റെ നിഷ്ഠൂര മരണത്തിന് ദൃക്സാക്ഷിയായ ജെഫ്രി, 2006 ലാണ് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള തന്റെ ദീർഘ പോരാട്ടത്തിന് ആദ്യമായി കോടതിയെ സമീപിക്കുന്നത്. മോദിക്കെതിരെയും ഇതര ഉന്നത നേതാക്കൾക്കെതിരെയും ഗൂഢാലോചനുയുടെ പേരിൽ കേസ് നൽകിയായിരുന്നു തുടക്കം. 2008ൽ സമഗ്രാന്വേഷണത്തിനായി സ്പെഷ്യൽ സ്കോഡ് രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുന്നു. അഴിക്കകത്താക്കാൻ മതിയായ തെളിവുകളില്ലെന്ന് ആരോപിച്ച് എസ് ഐ ടി 2012ൽ മോദി അടക്കം 64 പേർക്ക് ക്ലീൻ ചീറ്റ് നൽകുകയുണ്ടായി. വിധിയിൽ അതൃപ്തയായ സാകിയ പിന്നീട് സമീപിച്ചത് മജിസ്ട്രേറ്റ് കോടതിയെ. എസ് ഐ ടി വിധിയെ അനുകൂലിക്കുന്ന മട്ടിലുള്ളതായിരുന്നു 2013ലെ മജിസ്‌ട്രേറ്റിൽ നിന്നുള്ള ഉത്തരവും. ആത്മധൈര്യം ഒട്ടും ചോരാതെ കേസുമായി ഹൈ കോടതിയിലെത്തി സാക്കിയ. 2017ൽ ഹൈ കോടതിയും സാക്കിയെ കൈവിട്ടു എന്ന് വേണം പറയാൻ. നിരന്തരം വന്നുഭവിച്ച പ്രതികൂല സാഹചര്യങ്ങളില്‍ അല്പം പോലും ആടിയുലയാതെ 2018ൽ രാജ്യത്തെ നീതി വിതരണത്തിന്റെ അവസാന തുരുത്തായ സുപ്രീംകോടതിയിലേക്കെത്തി അവര്‍. പരമോന്നത കോടതിയിൽ നിന്നും അല്പം മനുഷ്യത്വം ആശിച്ച സാക്കിയക്ക്, കടുത്ത നിരാശയായിരിക്കും 2022 ജൂൺ 24ന് മോദിക്കും സംഘത്തിനും ക്ലീൻ ഷീറ്റ് നൽകിക്കൊണ്ടുള്ള വിധി സമ്മാനിച്ചിട്ടുണ്ടാവുക. ഈ കേസിൽ തുടർ അന്വേഷണം ആവശ്യമില്ല എന്നും പരമോന്നത കോടതി കൂട്ടിച്ചേർത്തതോടെ അവസാനിക്കുകയായിരുന്നു നീതിക്ക് വേണ്ടിയുള്ള ആ ധീര വനിതയുടെ കാൽവെപ്പുകൾ. നീതി കേന്ദ്രങ്ങൾ പല്ലിളിച്ചപ്പോഴൊക്കെ നെഞ്ചുവിരിച്ച് അതിനെയെല്ലാം നേരിട്ട സാക്കിയ, സ്വാധീനമേതുമില്ലാത്തതിനാൽ നീതിക്കുവേണ്ടി വാ തുറക്കാതെ പിൻവാങ്ങുന്നവർക്ക് പകരുന്ന ഊർജ്ജം ചെറുതൊന്നുമല്ല. ഒറ്റയാൾ പോരാട്ടത്തിനും അധികാരമേനി നടിക്കുന്നവരെ നടുക്കാനാകുമെന്ന അതിധീര സന്ദേശം നൽകുന്നതുമാണ് ജെഫ്രിയുടെ പോരാട്ടങ്ങൾ.
ഇതിനെല്ലാം പുറമേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ കോളിളക്കങ്ങളും പുനർവിചിന്തനങ്ങളും പടച്ചു വിടാനും അവര്‍ക്കായി. ഭർത്താവിനെ കൊന്ന പ്രതികൾക്കുവേണ്ടി ഒരു വനിതയെ ഇമ്മട്ടിൽ ഓടി തളർത്തേണ്ടതുണ്ടോ?, മതേതരത്വത്തിനും ന്യൂനപക്ഷങ്ങൾക്കും വേണ്ടി തൊണ്ട കീറുന്ന പാർട്ടി എന്തേ കണ്ട ഭാവം നടിക്കാതിരുന്നത്?, അധസ്ഥിതരെ ചേർത്ത് പിടിക്കൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമല്ലേ?, എന്നു തുടങ്ങി ഗൗരവമാർന്ന ഒട്ടേറെ ചോദ്യങ്ങളാണ് പൊതുമണ്ഡലത്തിൽ ഇതു ഉയർത്തി വിട്ടത്. അവകാശം നിഷേധിക്കപ്പെട്ടവരുടെ മുഖമാകേണ്ടവരാണ് രാജ്യത്തെ പ്രതിപക്ഷമെന്ന് ഈ കെട്ട കാലത്തെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ബൽഖീസ് ബാനുവിന്റെയും സാകിയ ജെഫ്രിയുടെയും ധീരോദാത്തമായ നീക്കങ്ങൾ. ഭൗതിക കോടതികളില്‍നിന്ന് ഇനിയും നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവോടെയായിരിക്കും അവര്‍ അഭൗതിക ലോകത്തേക്ക് യാത്രയായിരിക്കുക. തന്റെ ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ അവിടെ വെച്ചും അവര്‍ ശബ്ദിക്കാതിരിക്കില്ല.
Leave A Comment