തടവില്‍ പാര്‍ത്ത ഒരു ഇമാമിന്റെ ഓര്‍മകള്‍

പ്രവാചക ജീവിതം കൊണ്ട് അനുഗൃഹീതവും ധന്യവുമായ ഒന്നാം നൂറ്റാണ്ടിനുശേഷം ഹി:164 റബീഉല്‍ അവ്വലില്‍ ബഗ്ദാദിലാണ് ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) ജനിക്കുന്നത്. ഒന്നാം നൂറ്റാണ്ടിനുശേഷം വ്യാപകമായ അനിഷ്ട സംഭവങ്ങള്‍ ഒന്നിനുപിറകെ ഒന്നായി അധികരിക്കുന്നു. പരിശുദ്ധ ദീനിന്റെ വിശുദ്ധമുഖം വികൃതമാക്കാന്‍ അല്‍പ ബുദ്ധികളും പുത്തന്‍വാദികളും കിണഞ്ഞു പരിശ്രമിക്കുന്നു. മുഅ്തസിലുകളും മറ്റു അവാന്തര വിഭാഗങ്ങളും യഥാര്‍ത്ഥ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ ആശയങ്ങളെയും ആദര്‍ശങ്ങളെയും കാറ്റില്‍പ്പറത്തുന്നു. ഇസ്‌ലാമിന്റെ ഭാവി തന്നെ അപകടത്തിലും അവതാളത്തിലുമാക്കുന്ന തരത്തിലുള്ള കുപ്രചരണങ്ങളും, ഖുര്‍ആനിക സൂക്തങ്ങളെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുന്ന ദുരവസ്ഥയും ഇമാമവര്‍കളുടെ പ്രബോധന വീഥിയില്‍ വൈതരണികള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു.

മുള്‍പരവതാനി വിരിച്ച ദുര്‍ഘടപാതകളിലൂടെ ത്യാഗപൂര്‍ണ ജീവിതം നയിച്ച് സ്വര്‍ഗീയ സോപാനങ്ങളിലേക്ക് നടന്നുകയറിയ വ്യക്തിത്വമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ). ബഗ്ദാദിലെ പ്രശസ്തമായ ശൈബാനി കുടുംബത്തില്‍ പിറന്ന ഇമാമവര്‍കളുടെ പിതാവ് ചെറുപ്പത്തില്‍തന്നെ ഈ ലോകത്തോട് വിടപറഞ്ഞു. ബാക്കി കാലം മാതാവിന്റെ ശിക്ഷണത്തിലായിരുന്നു. അബൂഅബ്ദില്ലാഹ് എന്ന വിളിപ്പേരിലൂടെ പ്രശസ്തരായ മഹാനവര്‍കള്‍ വളരെ ചെറുപ്പത്തില്‍തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും വിജ്ഞാനവീഥിയില്‍ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്തിരുന്നു. ക്ഷമ, ബുദ്ധിവൈഭവം തുടങ്ങിയ എല്ലാവിധ സ്വഭാവ വിശേഷണങ്ങളും സ്വായത്തമാക്കിയ മഹാനവര്‍കളുടെ പേരില്‍ തന്റെ ഗുരുനാഥന്മാര്‍പോലും അഭിമാനിക്കാറുണ്ടായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. ശൈഖ് അബൂയൂസുഫി(റ)ന്റെ ശിഷ്യനായി ഹദീസില്‍ അവഗാഹം നേടിയ മഹാന്‍ ഹി: 179 മുതല്‍ 186 വരെ ബഗ്ദാദില്‍ കഴിച്ചുകൂട്ടി.

ഹി: 186ല്‍ ബസ്വറ, ഹിജാസ്, യമന്‍, കൂഫ, റയ്യ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഇമാം ഹി: 187ല്‍ ഹിജാസിലേക്കുള്ള യാത്രയില്‍ വച്ചാണ് ഇമാം ശാഫിഈ(റ)വുമായി ബന്ധം പുലര്‍ത്തുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. ശാഫിഈ ഇമാം ഫിഖ്ഹിലും ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) ഹദീസിലും ബഗ്ദാദിലെ വൈജ്ഞാനിക മേഖലയ്ക്ക് ശോഭ പകര്‍ന്നു. 40ാം വയസ്സില്‍ തുടക്കംകുറിച്ച മഹാനവര്‍കളുടെ സംഭവബഹുലമായ വൈജ്ഞാനിക സദസ്സുകളില്‍ അയ്യായിരത്തിലധികം ജനങ്ങള്‍ ഒരുമിച്ചുകൂടുമായിരുന്നുവെന്നതും മഹാനവര്‍കളുടെ മഹത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇഹലോകം ത്യജിച്ച് വളരെ ലളിതമായ ജീവിതം നയിച്ചവരായിരുന്നു മഹാന്‍. എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ഇമാം സലഫുസ്സ്വാലിഹീങ്ങള്‍ കാണിച്ചു തന്ന പാതയിലൂടെ മുന്നേറി. തന്റെ പിതാവ് ഉപേക്ഷിച്ചു പോയ നൂല്‍നൂല്‍പ്പ് കേന്ദ്രത്തില്‍നിന്നുള്ള വരുമാനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമാര്‍ഗം. ചില ദിനങ്ങളില്‍ ജീവിതോപാധി കണ്ടെത്താന്‍ ചുമട്ടുതൊഴിലിനുപോവുകയും ചെയ്തിരുന്നു അദ്ദേഹം.

ജീവിതകാലത്ത് ഭരണവര്‍ഗത്തില്‍നിന്ന് ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ക്ലേശങ്ങളും അഭിമുഖീകരിച്ചും സഹിച്ചും വളര്‍ന്ന മഹാന്‍ പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് അതില്‍നിന്ന് അടിപതറാതെ പ്രതിസന്ധികള്‍ക്കു മുന്നില്‍ പാറപോലെ ഉറച്ചുനിന്നു. അല്ലാഹുവും അവന്റെ തിരുദൂതരും പഠിപ്പിക്കുകയും, സച്ചരിതരായ പ്രവാചകാനുയായികളും പിന്‍തലമുറക്കാരും ജീവനുതുല്യം പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്ത ഒരു മതത്തില്‍നിന്നു വ്യതിചലിക്കലും, അതിന്റെ ആശയാദര്‍ശങ്ങള്‍ക്ക് മാറ്റം വരുത്തലും മഹാനവര്‍കള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അത്തരം പ്രയാസങ്ങളെ എന്തു വിലകൊടുത്തും സഹിക്കാനും തട്ടിമാറ്റാനും താന്‍ സന്നദ്ധമായിരുന്നു എന്നതിലേക്കാണ് മഹാനുഭാവന്റെ തടവറജീവിതം വാതില്‍ തുറക്കുന്നത്. അബ്ബാസീ ഖലീഫ മഅ്മൂന്‍ രാജ്യം ഭരിക്കുന്ന കാലം.  അവാന്തരവിഭാഗങ്ങള്‍ ഇസ്‌ലാമിനെതിരേ ഉറഞ്ഞുതുള്ളുന്ന അഭിശപ്ത സാഹചര്യം ഭരണാധികാരികള്‍ അവരുടെ താളങ്ങള്‍ക്കൊത്തു ചുവടുവയ്ക്കുന്നു, പരിശുദ്ധ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കി ആര്‍ത്തട്ടഹസിക്കുന്ന പൈശാചിക പരകോടികള്‍, അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅയുടെ ആശയാദര്‍ശങ്ങള്‍ തിരിയിട്ട് െതരഞ്ഞാല്‍ പോലും കാണാനാവാത്ത പരിതാപകരമായ രാപ്പകലുകള്‍, പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതര്‍ എന്ന തിരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന, പ്രബോധനവീഥിയില്‍ നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതര്‍ക്ക് വെല്ലുവിളി നിറഞ്ഞ പരീക്ഷണകാലഘട്ടം. ഇവിടെ ക്ഷമയോടെയും സഹനത്തോടെയും ഇസ്‌ലാമിക ദൗത്യത്തിനു  രക്ഷകനായി ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) നിലകൊണ്ടു.

ഹി: 218 ല്‍ മഅ്മൂന്‍ ബഗ്ദാദ് ഗവര്‍ണറായ ഇസ്ഹാഖുബ്‌നു ഇബ്‌റാഹീമിന് ഖുര്‍ആന്‍ സൃഷ്ടിവാദത്തെ അംഗീകരിക്കാത്തവരെ കണ്ടെത്താന്‍ കത്ത് മുഖേന ആവശ്യപ്പെട്ടു. ധാരാളം പേര്‍ അംഗീകരിക്കാത്തവരായി മറുപടി ലഭിച്ചപ്പോള്‍ മഅ്മൂന്‍ കോപം കൊണ്ട് ജ്വലിക്കുകയും അവരെ വീണ്ടും ചോദ്യം ചെയ്യാനും അംഗീകരിക്കാത്തവരെ വകവരുത്താനും ഉത്തരവിറക്കി. ഖലീഫയുടെ ഉത്തരവ് മാനിച്ചു കൊണ്ട് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ എല്ലാവരും അംഗീകരിക്കുകയും നാലു പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഖുര്‍ആന്‍ സൃഷ്ടിവാദത്തെ അംഗീകരിക്കാത്തവരില്‍ പ്രധാനിയായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ). മറ്റു മൂന്നുപേര്‍ ഇമാമിനൊപ്പമുണ്ടായിരുന്നു വെങ്കിലും മര്‍ദ്ദനമുറകള്‍ പയറ്റിത്തുടങ്ങിയപ്പോള്‍ സജ്ജാദയും  ഖവാരീരിയും മറുപക്ഷം ചേരുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തു. ബന്ധനാവസ്ഥയിലും സത്യം മുറുകെ പിടിച്ച ഇമാമിനും മുഹമ്മദുബ്‌നു നൂഹി(റ)നും മുമ്പില്‍ പ്രതികാരത്തിന്റെ പുതിയ വഴികള്‍ രൂപംകൊണ്ടു. ഇവരെ രണ്ടുപേരെയും മഅ്മൂനിന്റെ സന്നിധിയിലേക്കയയ്ക്കുകയും രിഖ്ഖയിലെത്തിയപ്പോള്‍ മഅ്മൂനും ബഗ്ദാദിലേക്കുള്ള യാത്രയില്‍ മുഹമ്മദുബ്‌നു നൂഹും(റ) ഈ ലോകത്തോട് വിടപറഞ്ഞു. മഅ്മൂനിന്റെ മരണ വിവരമറിഞ്ഞ് ബന്ധനസ്ഥനാക്കപ്പെട്ട നിലയില്‍ തന്നെ ഇമാമിനെ ബഗ്ദാദിലേക്ക് കൊണ്ടുവരികയും ദാറുഅമ്മാറയില്‍ തടവില്‍ പാര്‍പ്പിക്കുകയും, പിന്നീട് അവിടെ നിന്ന് പൊതുജയിലിലേക്ക് മാറ്റുകയും ചെയ്തു.

30 മാസത്തോളം തടവറയില്‍ കഴിഞ്ഞ വേദനാജനകമായ അവസ്ഥകള്‍ മഹാനവര്‍കള്‍ തന്നെ വിവരിക്കുന്നുണ്ട്. മഅ്മൂനിന്റെ കാലശേഷം ഭരണമേറ്റെടുത്ത  മുഅ്തസിമിന്റെ പ്രതിനിധി അബൂ ഇസ്ഹാഖ് 14ാം ദിവസം ജയിലില്‍ വരികയും ഭീഷണികള്‍ മുഴക്കുകയും ചെയ്തു. പക്ഷേ, ഇതിലൊന്നും മനം മാറ്റം സംഭവിക്കാത്ത ഇമാമിനെ ബാബുല്‍ ബുസ്താന്‍ വഴി മുഅ്തസിമിന്റെ വീട്ടിലെ ഇരുട്ടറയില്‍ പ്രവേശിപ്പിച്ചു. ഭാരമേറിയ ചങ്ങലക്കെട്ടുകളുമായി പിറ്റേന്ന് ഇബ്‌നുഅബീദാഊദും മറ്റു പലരും സന്നിഹിതരായിരിക്കുന്ന മുഅ്തസിമിന്റെ സദസ്സില്‍ ഇമാം ഹാജറാക്കപ്പെടുകയും വിചാരണചെയ്യപ്പെടുകയും ചെയ്തു. പക്ഷേ, ഒരുപാടു സംവാദങ്ങളും തര്‍ക്കങ്ങളും നടന്നുവെന്നല്ലാതെ ഇമാം തന്റെ വാദത്തില്‍ നിന്നു പിന്മാറാനോ മുഅ്തസിമിന്റെ വാദഗതികളെ അംഗീകരിക്കാനോ തയ്യാറായിരുന്നില്ല. ഓരോ ദിവസവും രാപ്പകല്‍ ഭേദമന്യേ മഹാനവര്‍കളെ ഈ ഉദ്യമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. വാളുകളും ചാട്ടവാറുകളുമായി റോന്ത് ചുറ്റുന്ന സൈനികരും മഹാനവര്‍കള്‍ക്ക് ഭീഷണിയായിരുന്നില്ല. വലിച്ചിഴച്ച് ജയിലിലേക്കും രാജസദസ്സിലേക്കും പലതവണ കൊണ്ടുപോയെങ്കിലും സത്യത്തിനു മുന്നില്‍ ധീരമൃത്യു പ്രാപിക്കാന്‍ തന്നെയായിരുന്നു മഹാനവര്‍കളുടെ ഉദ്ദേശ്യം. അനുദിനം വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ ഇമാമവര്‍കളുടെ മനോവീര്യം തകര്‍ക്കുന്നതായിരുന്നില്ല. ഇരുകരങ്ങളും ബന്ധിക്കപ്പെട്ട് രണ്ടുഭാഗത്തു നിന്നും ചാട്ടവാറടികള്‍ തുടരെ തുടരെ ദിനേന ശരീരത്തില്‍ പതിച്ചിട്ടും പരിശുദ്ധ ദീനിനു വേണ്ടി എല്ലാം അദ്ദേഹം സഹിച്ചു. വാളുകൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ച് അതില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കണ്ട് ആര്‍ത്തുവിളിക്കുന്ന ജനങ്ങള്‍ അദ്ദേഹത്തോട് മുഅ്തസിമിന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് എനിക്കു വേണ്ടതെന്നാണ് മഹാന്‍ പ്രഖ്യാപിച്ചത്. പീഡനമുറകള്‍ അധികരിച്ചപ്പോള്‍ ബോധം നഷ്ടപ്പെടുകയും എന്നിട്ടും നിറുത്താതെ അക്രമം അധികരിക്കുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോള്‍ മഹാനവര്‍കള്‍ ബന്ധനത്തില്‍നിന്നു മോചിതനായിരുന്നു.

അവിടെ കൂടിയ ആളുകള്‍ ആ സന്ദര്‍ഭം വിവരിച്ച് പറയുന്നു: '' ഞങ്ങള്‍ അദ്ദേഹത്തെ മുഖം കുത്തി വലിച്ചിഴക്കുകയും ചവിട്ടിമെതിക്കുകയും ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹം ഇതൊന്നുമറിഞ്ഞിരുന്നില്ല. ഇത്ര കഠിനമായ സന്ദര്‍ഭങ്ങളിലും അദ്ദഹം നോമ്പുകാരനായിരുന്നു എന്ന വസ്തുത ആരെയും അമ്പരപ്പിക്കുന്നതാണ്. കഠിനമായ ശിക്ഷാമുറകള്‍ കഴിഞ്ഞ് ബോധം തിരിച്ചുകിട്ടിയ സന്ദര്‍ഭത്തില്‍ കൊണ്ടുവന്ന ഭക്ഷണം ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞ് നിരാകരിക്കുകയാണ് മഹാനവര്‍കള്‍ ചെയ്തത്. അദ്ദേഹത്തോട് കൂടെ ജയിലില്‍ കഴിഞ്ഞിരുന്നവര്‍ അദ്ദേഹത്തിന്റെ മകനോട് പറഞ്ഞു: ''പിതാവ് ജീവിക്കുന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് മാത്രമാണ്. അന്നവും വെള്ളവുമില്ലാതെ കഴിഞ്ഞുകൂടിയ ദിനരാത്രങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ധൈര്യവും ഹൃദയസ്ഥിരതയുമുള്ള ഒരാളെയും ഞങ്ങള്‍ കണ്ടിട്ടേയില്ല'' എന്നാണ്. വിശ്വാസ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഈമാനികാവേശത്തിന്റെയും അത്ഭുതകരമായ ഉദാഹരണമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ). മഹാനവര്‍കളുടെ അനിതരസാധാരണമായ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഖുര്‍ആന്‍ സൃഷ്ടിവാദവും, മുഅ്തസിലീ ആശയങ്ങളും നിഷ്പ്രഭമായി മാറി.

ഇമാമവര്‍കളെ സ്‌നേഹിക്കുന്നവരും പിന്‍പറ്റുന്നവരും കറകളഞ്ഞ അഹ്‌ലുസ്സുന്നത്തി വല്‍ജമായുടെ അനുയായികളാണെന്നുവരെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുയര്‍ന്നു വന്നു. ഇമാം ബുഖാരിയുടെ ഉസ്താദുമാരില്‍പ്പെട്ട അലിയ്യുബ്‌നു മദ്‌യനീ (റ) പറയുന്നു: ''രിദ്ധത്തിന്റെ കാലഘട്ടത്തില്‍ അബൂബക്ര്‍(റ) വിനെ കൊണ്ടും, മിഹ്‌നത്തിന്റെ കാലഘട്ടത്തില്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) വിനെ കൊണ്ടും പരിശുദ്ധ ദീനിനെ അല്ലാഹു ശക്തിപ്പെടുത്തി.''  ഖുര്‍ആന്‍ സൃഷ്ടിവാദകാലത്തെ മിഹ്‌ന(പരീക്ഷണ)ത്തിന്റെ കാലഘട്ടം എന്നായിരുന്നു പണ്ഡിതര്‍ വിശേഷിപ്പിച്ചിരുന്നത്. തീയില്‍ ഉരുക്കി ശുദ്ധീകരിച്ചെടുത്ത തനിതങ്കം പോലെ, 30 മാസത്തെ തടവറജീവിതത്തില്‍നിന്നും അതികഠിന മര്‍ദ്ദനമുറകളില്‍നിന്നും മുക്തനായ ഇമാമവര്‍കളുടെ സ്വീകാര്യത സമൂഹമധ്യേ വര്‍ധിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആദരവും ബഹുമാനവും ഏറിവരികയും ചെയ്തു. മുഅ്തസിമിന്റെ കാലത്ത് കൊടിയ മര്‍ദ്ദനങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ട ഇമാമവര്‍കള്‍ മുതവക്കിലിന്റെ ഭരണകാലത്ത് രാജകൊട്ടാരത്തിലെ ഹദ്‌യകള്‍ കൊണ്ടും, പാരിതോഷികങ്ങള്‍ കൊണ്ടും പരീക്ഷിക്കപ്പെട്ടു. എന്നാല്‍, പരീക്ഷണങ്ങളിലെല്ലാം വിജയശ്രീലാളിതനായി ഇമാം ജ്വലിച്ചുനിന്നു. ഖലീഫമാര്‍ അയക്കുന്ന പാരിതോഷികങ്ങള്‍ തിരിച്ചയക്കുകയോ അല്ലെങ്കില്‍ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയോ ആയിരുന്നു പതിവ്. ഹി: 241 റബീഉല്‍ അവ്വല്‍ 2ന് ബുധനാഴ്ച രോഗശയ്യയിലായ മഹാനവര്‍കള്‍ 9 ദിവസം രോഗാവസ്ഥയില്‍ തുടര്‍ന്നു. മഹാനവര്‍കളുടെ അവസ്ഥയറിഞ്ഞ് ജനങ്ങള്‍ അണമുറിയാതെ വന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ സുല്‍ത്താന്‍ കാവല്‍ക്കാരെ നിറുത്തി നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍, നിയന്ത്രണത്തിനായി കവാടങ്ങള്‍ അടയ്ക്കപ്പെട്ടപ്പോള്‍ റോഡിലും പാതയോരങ്ങളിലും ജനങ്ങള്‍ തിങ്ങിനിറയുകയും കച്ചവടങ്ങളും മറ്റും തടസ്സപ്പെടുകയും ചെയ്തു. രോഗശയ്യയില്‍ ഇരുന്നും കിടന്നും നിസ്‌കാരം നിര്‍വഹിച്ച മഹാന്‍ ആരാധനാകര്‍മങ്ങളില്‍ യാതൊരു വീഴ്ചയും വരുത്തിയില്ല. വ്യാഴാഴ്ച രോഗം മൂര്‍ഛിക്കുകയും വെള്ളിയാഴ്ച പകലില്‍ മഹാന്‍ പരലോക യാത്രയാവുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter