ഫെമിനിസ്റ്റുകളുടെ ഭ്രാന്തന്‍ യുക്തി നാശം വിതച്ചത് സ്ത്രീകള്‍ക്കുതന്നെ!

സത്യം വിളിച്ചു പറയുന്നവര്‍, ഒരു കാര്യം കാര്യഗൗരവത്തില്‍ പ്രക്ഷേപണം ചെയ്യുന്നവര്‍ പീഡിതരായിത്തീരുന്നു എന്നുള്ളത് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും ക്രൂരമായൊരു അനുഭവമായിത്തീര്‍ന്നിരിക്കുകയാണ്. ജീവിതത്തിന്റെ മഴക്കാറുകളെക്കുറിച്ച്, കൊടുങ്കാറ്റുകളെക്കുറിച്ച് നമുക്ക് വിവരങ്ങള്‍ കൈമാറുന്നവരെ നമ്മള്‍ വെറുംവര്‍ത്തമാനക്കാരാക്കി മാറ്റുമ്പോള്‍, ഒടുവില്‍ സമുദായത്തിന്റെ ആത്മാവ് മോഷണം പോകുമ്പോള്‍ കാവല്‍ നിന്നതിനെ തടയാന്‍ ഒരാള്‍ പോലുമുണ്ടാവില്ലെന്ന് നാം ഓര്‍ക്കുന്നേയില്ല.

ലിംഗസമത്വം എന്ന പദത്തിലൊതുക്കി വാസ്തവത്തില്‍ സ്ത്രീ ഉടല്‍ വീണ്ടും വീണ്ടും പൊതുവിപണി വസ്തുവാക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീപക്ഷമഭിനയിക്കുന്നവര്‍ വിജയിക്കുന്നു. ഫെമിനിസമെന്ന കൊടിയും പിടിച്ച് പൊതു നിരത്തില്‍ വാദിക്കാനിറങ്ങുന്നവര്‍ ഒന്നറിയേണ്ടതുണ്ട്. എന്താണ് ഫെമിനിസം?

സ്ത്രീയെ ശാക്തീകരിക്കാനും അവള്‍ വെറുമൊരു രണ്ടാം ലിംഗമല്ലെന്നും പൂര്‍ണമായൊരു മനുഷ്യസ്വത്വമാണെന്നും കരുതപ്പെടാനുള്ള സ്ത്രീകളുടേതു തന്നെനിലപാടാണ് ഫെമിനിസം. എന്നു വെച്ചാല്‍ തനിക്കെതിരെ അനാവശ്യമായി വരുന്ന അക്രമങ്ങളെയും അനീതികളെയും ഇല്ലാതാക്കുക. അല്ലാതെ, സ്വന്തത്തെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടലല്ല. ശരീരം തുറന്നു കാട്ടിയും തന്റെ പരിധി ക്കപ്പുറത്തെ കാര്യം ചെയ്യുമെന്നു പറഞ്ഞും വീമ്പു കാട്ടുന്നവര്‍ ഒരു തരം സെലിബ്രിറ്റി ആഗ്രഹിക്കുന്ന മനോരോഗികളാണെന്നു പറയാം.

ചുരുക്കി പറഞ്ഞാല്‍ പലതും തുറക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്ക് 'അതിനുള്ള ഒരു കാരണം കിട്ടി അത്ര മാത്രം..'

കഥയറിയാതെ ആട്ടം കാണുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ ഈ വാദങ്ങളില്‍ പെട്ട് സ്ത്രീ സ്വാതന്ത്ര്യ വാദമെന്നും പറഞ്ഞു തന്റെ മൂല്യങ്ങളെയും പൈതൃകങ്ങളെയും നടു റോഡില്‍ വലിച്ചെറിയപ്പെടുന്ന ഭയാനകരമായ അവസ്ഥയാണിത്.

ഫെമിനിസ്റ്റുകളുടെ ഭ്രാന്തന്‍ യുക്തി സ്ത്രീകള്‍ക്ക് തന്നെയാണ് നാശം വിതച്ചത്. അടങ്ങി ഒതുങ്ങി കഴിയുക എന്നാല്‍ അടിമത്വമല്ല. മറിച്ചു തന്റെ വിശുദ്ധിയെ കാത്തു സൂക്ഷിക്കുകയാണവിടെ.

നിഷ്‌കളങ്കതയില്‍ നിന്നാണ് പെണ്ണിനെ പടച്ചവന്‍ സൃഷ്ടിച്ചത്. അതിന്റെയൊരു നൈര്‍മ്മല്യം അവളുടെ ജീവിതത്തിലുണ്ടാവണം. വളരെ പരിതാപകരമായ കാര്യങ്ങളാണ് ഫെമിനിസ്റ്റ് വിപ്ലവകാരികള്‍ ഇന്നിവിടെ ചെയ്യുന്നത്. വിചാരവും വിവേകവും അലങ്കരിച്ച വിജ്ഞാന വിശ്ശേഷണങ്ങള്‍ പങ്കുവെക്കപ്പെടേണ്ടതിന് പകരം വികാരക്കുതിരകളായാണ് അവര്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നത്. സാംസ്‌കാരിക ജീര്‍ണ്ണത അവരുടെ ഓരോ അടക്കങ്ങളിലും അനക്കങ്ങളിലും കണ്ടെത്താനാവും. 

സാംസ്‌കാരികത എന്നത് ട്രേഡ് യൂണിയന്‍ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയം മാത്രമായി ചുരുങ്ങിയ കാലത്ത് മലയാളി അവന്റെ ജീവിത പരിസരങ്ങളിലേക്ക് അതൊരു ചര്‍ച്ചയായി കൊണ്ടു വരേണ്ടതുണ്ട്. 

സംസ്‌കാരത്തിന്റെ പ്രാഥമികമായ അര്‍ത്ഥം തന്നെ പെരുമാറ്റ മര്യാദയാണ്. തോന്നിയത് പറയാതിരിക്കുകയും തോന്നാത്തത് പറയുകയും ചെയ്യുക എന്നും സംസ്‌കാരത്തിന് വിവക്ഷ കൊടുക്കാം. അങ്ങനെ വരുമ്പോള്‍ ഉടുപ്പുരിഞ്ഞ് ഉളുപ്പില്ലായ്മ കാട്ടുകയും, മറുപുറം നോക്കാതെ ചാടിപ്പുറപ്പെടുന്ന ആലോചനകളെ അങ്ങാടിയിലേക്ക് ഇറക്കുകയും ചെയ്യുന്ന ഫെമിനിസ്റ്റ് വാദികളെ അദബിന്റെ ബാലപാഠം പറയുന്ന ക്ലാസ് മുറികളിലേക്ക് പറഞ്ഞയക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിലും സമുദായം നന്നാവട്ടെ.

ആവിഷ്‌കാര സ്വതന്ത്രത്തെ മുതലെടുത്തു എന്തിനും ഏതിനും അഭിപ്രായങ്ങളും സമരങ്ങളുമായി തെരുവിലിറങ്ങുന്ന സ്വത്വബോധം നഷ്ടപ്പെട്ട ജനതയായി മാറിക്കൊണ്ടിരിക്കുന്നു കേരളീയര്‍.

നന്മയെയും തിന്മയെയും വേറിട്ട് കാണാനുള്ള സാമാന്യ ബുദ്ധി പോലും നമ്മില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നുവെന്നുപറയാം..

സ്ത്രീ വിഷയത്തില്‍ ഫെമിനിസ്റ്റുകളാണെന്നു സ്വയം പറഞ്ഞു നടക്കുന്ന ഒരു കൂട്ടര്‍ കാണിക്കുന്ന ആകുലതകളും വേവലാതികളും യഥാര്‍ത്ഥത്തില്‍ സ്ത്രീയെ തന്നെ കുഴിയില്‍ ചാടിക്കാനുള്ള ഏര്‍പ്പാടാണെന്നു പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter