സമസ്ത: കേരള മുസ്‍ലിംകളുടെ വിശ്വാസത്തിന് കാവലിരുന്ന പ്രസ്ഥാനം- ഭാഗം 02
രണ്ടാം ഘട്ടം (പ്രാഥമിക വിദ്യാഭ്യാസം)
ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ, വിദ്യാഭ്യാസ രംഗത്തേക്കായി സമസ്തയുടെ ശ്രദ്ധ. കേരളത്തിലെ ഒരു മുസ്‍ലിമും ഇസ്‍ലാമിന്റെ ബാലപാഠങ്ങളറിയാത്തവരായി ഉണ്ടാവരുതെന്നതായിരുന്നു അതിന്റെ ആദ്യലക്ഷ്യം. അതിനായി, 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനത്തോടെ ആരംഭിച്ച 'സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' ലോകത്ത് തുല്യതയില്ലാത്ത മതവിദ്യാഭ്യാസ വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. 17-9-1951ന് വാളക്കുളം പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ വെച്ച് ഈ പണ്ഡിതമഹത്തുക്കള്‍ തുടക്കം കുറിച്ച വൈജ്ഞാനിക സംരംഭത്തിനു തുല്യമായ മറ്റൊന്ന് ലോകത്തെവിടെയെങ്കിലും ഇന്നുള്ളതായി അറിവില്ല. സമസ്തയുടെ മദ്‌റസകള്‍ നാട്ടിലുടനീളം വേരുപിടിച്ചതിനു ശേഷമാണ് മറ്റു പലരും മദ്‌റസാ പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും.
1952-കളില്‍ 42 അംഗീകൃത മദ്രസകള്‍ മാത്രമായിരുന്നെങ്കില്‍ 2023 പൂര്‍ത്തിയാവുമ്പോള്‍ അത് 10759 ആയി ഉയര്‍ന്നു എന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഫോടനാത്മകമായ വിപ്ലവങ്ങളുടെ രേഖാചിത്രം. കേരളത്തിന് പുറത്ത് ലക്ഷദ്വീപ്, അന്തമാന്‍ തുടങ്ങിയ ദീപസമൂഹങ്ങളിലേക്കും, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കടല്‍ കടന്ന് മലേഷ്യ, യുഎഈ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കും അത് വ്യാപിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഇന്ന് പതിനൊന്നായിരത്തോളം മദ്റസകളും പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുമായി, ചേളാരിയിലെ റിമോര്‍ട്ട് കണ്‍ട്രോളിനനുസരിച്ച് ചലിക്കുകയും നിശ്ചലമാവുകയും ചെയ്യുന്ന ഒരു മഹാസംരംഭമായി അത് മാറിയിരിക്കുന്നു. അതിരാവിലെ ഏറ്റവും ഫലപ്രദമായ 2 മണിക്കൂര്‍ സമയം, മതപഠനത്തിനായി ചെലവഴിക്കുന്നവരാണ് ഇന്ന് കേരളത്തിലെ മുഴുവന്‍ മുസ്‍ലിം കുട്ടികളും. രാവിലെ സൂറതുല്‍ഫാതിഹ ഓതി തുടങ്ങുന്ന ആ നിഷ്കളങ്ക ബാല്യങ്ങള്‍ പിരിയുന്ന സമയത്ത് 3 സ്വലാത് കൂടി ചൊല്ലി പിരിയുമ്പോള്‍, കേരളം എന്ന കൊച്ചു പ്രദേശത്ത് നിന്നും മദീനയിലെ റൗളയിലേക്ക് ദിവസവും രാവിലെ പ്രവഹിക്കുന്നത് മുപ്പത് ലക്ഷത്തിലേറെ സ്വലാതുകളാണെന്ന് പറയാം. അതോടൊപ്പം, അത്തരം രാജ്യങ്ങളിലെ പൗപന്മാരേക്കാളെല്ലാം ഒരു പടി മേലെയാണ് ഇന്നത്തെ ഏതൊരു സാധാരണ മുസ്‍ലിമിന്റെയും മതബോധവും വിവരവും. ഇസ്‍ലാമികരാജ്യങ്ങള്‍ക്ക് പോലും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇത്.
മൂന്നാം ഘട്ടം (സാമൂഹ്യശാക്തീകരണം)
പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ ആവശ്യമായതെല്ലാം ചെയ്തതോടെ, സമസ്തയുടെ ശ്രദ്ധ സാമൂഹ്യശാക്തീകരണത്തിലേക്കായിരുന്നു. പൊതുജനങ്ങള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹല്ലുകള്‍ തുടങ്ങി സമൂഹത്തിന്റെ നിഖില മേഖലകളെയും മതപരമായി ശാക്തീകരിക്കുന്നതിന്റെയും ഉത്തമ സമൂഹമാക്കി മാറ്റുന്നതിന്റെയും ഭാഗമായിട്ടായിരുന്നു, സമസ്ത വിവിധ ഉപസംഘടനകള്‍ക്ക് രൂപം നല്കിയത്.
1954-ല്‍ താനൂരില്‍ നടന്ന സമസ്തയുടെ ഇരുപതാം വാര്‍ഷികത്തോടെയാണ് എസ്.വൈ.എസിനു തുടക്കം കുറിക്കപ്പെട്ടത്. പാണക്കാട് പൂക്കോയ തങ്ങളും സ്വൂഫി വര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമെല്ലാം ഇതിന് നേതൃത്വം നല്കിയവരാണ്. 1964 മുതല്‍ മുഖപത്രമായി സുന്നീ ടൈംസും 1977 മുതല്‍ സുന്നീ വോയ്‌സും പ്രസിദ്ധീകരിച്ചിരുന്നു. സുന്നീ അഫ്കാര്‍ വാരികയാണ് നിലവില്‍ സംഘടനയുടെ മുഖപത്രം.
സുന്നീ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയെന്നോണം സുന്നീ സ്റ്റുഡന്സ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) രൂപീകരിക്കപ്പെട്ടത് 1973ലായിരുന്നു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സെക്രട്ടറിയുമായിട്ടായിരുന്നു ആദ്യകമ്മിറ്റി നിലവില്‍ വന്നത്. ശേഷം, കാന്തപുരം എ.പി അബൂബക്റ് മുസ്‍ലിയാരെയും ഏതാനും പേരെയും അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി സമസ്തയില്‍നിന്ന് പുറത്താക്കിയപ്പോള്‍, സംഘടനാ നേതൃത്വം അവര്‍ക്കൊപ്പം നിലകൊണ്ടതിനെ തുടര്‍ന്ന്, സമസ്ത കേരള സുന്നീ സ്റ്റുഡന്സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) എന്ന പേരില്‍ ഇത് പുനസംഘടിപ്പിച്ചു. 1989 ഫെബ്രുവരി 19നായിരുന്നു ഇത്. ഇന്നും സമസ്തയുടെ ഏറ്റവും സജീവമായ കീഴ്ഘടകമാണ് ഇത്. സംഘടനക്കു കീഴില്‍ നിരവധി ഉപഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രബോധന രംഗത്ത് ഇബാദ്, വിദ്യാഭ്യാസ രംഗത്ത് ട്രെന്റ്, സന്നദ്ധ സേവന രംഗത്ത് വിഖയായ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സഹചാരി തുടങ്ങി പതിനാല് ഘടകങ്ങള്‍ ഇന്ന് സംഘടനക്ക് കീഴിലുണ്ട്. ഏറെ ശ്രദ്ധേയവും ജനകീയവുമായ പല സമ്മേളനങ്ങളും സംഘടന നടത്തിയിട്ടുണ്ട്. 'സത്യധാര' ദ്വൈവാരികയാണ് മുഖപത്രം.
മഹല്ലുകള്‍ ശക്തിപ്പെടുത്താനും ഉമറാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുമായി രൂപീകരിക്കപ്പെട്ട സുന്നീ മഹല്ല് ഫെഡറേഷനെ (എസ്.എം.എഫ്), സമസ്ത ഔദ്യോഗിക കീഴ്ഘടകമായി അംഗീകരിച്ചത് 1989ലായിരുന്നു. കേരള മുസ്‍ലികംളുടെ ഏറ്റവും ചെറിയ ഏകകമായ, അങ്ങോളമിങ്ങോളമുള്ള മഹല്ലുകളില്‍ മാറ്റത്തിന്റെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിനായി. സി.എച്ച് ഹൈദ്രോസ് മുസ്‍ലിയാര്‍, എം.എം. ബശീര്‍ മുസ്‍ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി എന്നിവര്‍ക്ക് കീഴില്‍ എസ്.എം.എഫ് ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച 1975-85 കാലയളവിലാണ് കേരളത്തിലെ അധിക പള്ളികളുടെയും പുനര്‍നിര്‍മ്മാണം നടന്നത് എന്നതാണ് ചരിത്രം. ഓരോ നാട്ടിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളെത്തി ജനങ്ങളെ ബോധവല്‍ക്കരിച്ചതിനാല്‍ പള്ളിയിലേക്കുള്ള ജനങ്ങളുടെ വരവ് കൂടുകയും സ്ഥലം തികയാതെ വരികയും ചെയ്തതായിരുന്നു കാരണം. ദര്‍സുകളെ കാലോചിതമായി പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃകാദര്‍സ്, സ്വദേശീ ദര്‍സ് എന്നീ പദ്ധതികള്‍ തുടങ്ങിയതും ഇതേ സംഘടനക്ക് കീഴിലായിരുന്നു. മാതൃകാ ദര്‍സ് എന്ന ആശയമാണ് പിന്നീട്, ദാറുല്‍ ഹുദാ ഇസ്‍ലാമിക് അക്കാദമി ആയും ശേഷം യൂണിവേഴ്സിറ്റി ആയും വളര്‍ന്നത്.
സുന്നീബാലവേദി (കുരുന്നുകള്‍ മാസിക), ജംഇയതുല്‍ മുഅല്ലിമീന്‍ (അല്‍മുഅല്ലിം), ജംഇയതുല്‍ ഖുത്വബാ, മാനേജ്മെന്റ് അസോസിയേഷന്‍ തുടങ്ങി, യഥാസമയങ്ങളില്‍ ആവശ്യമായതെല്ലാം രൂപീകരിച്ചും സംവിധാനിച്ചും സാമൂഹ്യശാക്തീകരണം ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
നാലാം ഘട്ടം (ഉന്നത വിദ്യാഭ്യാസവും വികാസവും)
മദ്റസാ പ്രസ്ഥാനത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കിയതോടെ, ആ രംഗത്തെ കൂടുതല്‍ മുന്നേറ്റങ്ങള്‍ക്കും അവസരങ്ങള്‍ ആവശ്യമായി വന്നു. ഉന്നത പഠനത്തിനായി വെല്ലൂര്‍ ബാഖിയാതിനെയായിരുന്നു കേരളത്തിലെ വിജ്ഞാന ദാഹികള്‍ ആശ്രയിച്ചിരുന്നത്. ഇതിനൊരു പരിഹാരമായി 1923ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‍ലിയാര്‍ മുന്‍കൈയ്യെടുത്ത് താനൂര്‍ ഇസ്‍ലാഹുല്‍ ഉലൂം അറബിക് കോളേജിന് തുടക്കം കുറിച്ചിരുന്നെങ്കിലും അത് വേണ്ടപോലെ ലക്ഷ്യപ്രാപ്തിയിലെത്തിയിരുന്നില്ല. ദര്‍സ് പഠനത്തിന് ശേഷമുള്ള ഉന്നത പഠനവും ബിരുദവും കേരളത്തില്‍ തന്നെ സാധ്യമാക്കുക എന്നത് സാക്ഷാല്‍കരിക്കപ്പെടുക എന്നത് സമസ്ത അതിന്റെ ഒരു സുപ്രധാന പദ്ധതിയായി തന്നെ ഏറ്റെടുത്തു. 1963ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിച്ചുകൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്.
സമുദായ സ്നേഹിയായിരുന്ന കൊടുവായില്‍ ബാപ്പു ഹാജി(നമഃ) നല്‍കിയ സ്ഥലത്ത്, 1963 ഫെബ്രുവരിയിലാണ് സ്ഥാപനത്തിന് ശിലപാകിയത്. അതേ വർഷം മാര്‍ച്ചില്‍ തന്നെ പ്രമുഖ പണ്ഡിതനും അക്കാലത്തെ പണ്ഡിതരുടെയുമെല്ലാം ഉസ്താദും സമസ്തയുടെ ഉന്നത നേതാവുമായിരുന്ന ഖുത്ബീ മുഹമ്മദ് മുസ്ലിയാര്‍ (നമ:) ക്ലാസ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. താഴേക്കാട് കുഞ്ഞലവി മൗലവി, ശംസുല്‍ ഉലമാ ഇകെ അബൂബക്കര്‍ മുസ്ലിയാര്‍, കെകെ അബൂബക്കര്‍ ഹസ്റത്, അസ്ഹരി തങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രമുഖ പണ്ഡിതരുടെ സേവനത്തിലൂടെ ഈ സ്ഥാപനം അതിവേഗം ലക്ഷ്യത്തിലേക്ക് നടന്നടുത്തു. ഇന്ന് സമൂഹത്തിന്‍റെ മത-വൈജ്ഞാനിക രംഗത്ത് ഏറ്റവും വലിയ സാന്നിധ്യവും സംഭാവനകളും ഈ സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങിയ പണ്ഡിതരുടേത് തന്നെയാണ്.
വളരെ സജീവമായി നടന്നിരുന്ന ദര്‍സ് സംവിധാനങ്ങളിലൂടെ പഠിച്ചെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിനായി ഈ സ്ഥാപനത്തെ ആശ്രയിച്ചത്. ഗള്‍ഫ് പണം കേരളത്തിലെത്തി തുടങ്ങിയതോടെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാവുകയും വിവിധ മേഖലകള്‍ തുറക്കപ്പെടുകയും ചെയ്തതോടെ ദര്‍സ് സംവിധാനത്തിലെത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞ് തുടങ്ങി. അതോടെ, പുതിയ പരിഷ്കരണ പ്രക്രിയകളുടെ ഭാഗമായി, ഭൗതിക വിദ്യാഭ്യാസവും ഭാഷകളും പഠിപ്പിക്കപ്പെടുന്ന മാതൃകാ ദര്‍സുകള്‍ തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാല്‍ അത് വേണ്ടത്ര വിജയിച്ചില്ല. അതോടെ കോളേജുകള്‍ വളര്‍ന്നുവന്നു. മര്‍കസുസ്സഖാഫതിസ്സുന്നിയ്യ (ശേഷം എ.പി വിഭാഗത്തിന്റേതായി മാറി), നന്തി ദാറുസ്സലാം, കടമേരി റഹ്മാനിയ്യ, അന്‍വരിയ്യ കോളേജ് പൊട്ടച്ചിറ, മര്‍കസുത്തര്‍ബിയതില്‍ ഇസ്‍ലാമിയ്യ വളാഞ്ചേരി, മര്‍കസുസ്സഖാഫതില്‍ ഇസ്‍ലാമിയ്യ കുണ്ടൂര്‍ തുടങ്ങി അനേകം സ്ഥാപനങ്ങള്‍ ഇക്കാലയളവില്‍ കേരളത്തില്‍ ജന്മമെടുത്തു.
സമുദായ നേതൃത്വത്തിന്റെ ചിന്തകള്‍ അല്പം കൂടി മുന്നോട്ട് പോയതോടെ, ആനുകാലിക സമൂഹത്തോട് സംവദിക്കാനും കേരളേതര ഇടങ്ങളിലേക്കും ദീനീ സേവനങ്ങള്‍ വ്യാപിപ്പിക്കാനും പക്വതയുള്ള പണ്ഡിതരെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. 1986ല്‍ എസ്.എം.എഫിന് കീഴില്‍ തുടക്കം കുറിച്ച ദാറുല്‍ഹുദ ആയിരുന്നു ഈ രംഗത്തെ വ്യവസ്ഥാപിതവും വിജയകരവുമായ ആദ്യചുവട്. മദ്റസ അഞ്ചാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളെ പന്ത്രണ്ട് വര്‍ഷത്തെ ശിക്ഷണത്തിലൂടെ എല്ലാ കഴിവുകളുമുള്ള പ്രബോധകരാക്കി മാറ്റുന്ന ഈ പുതിയ സംരംഭം എന്തായിത്തീരുമെന്ന് ആദ്യം പലരും സംശയിച്ചുനിന്നെങ്കിലും, വൈകാതെ അത് വിജയം കൈവരിക്കുന്ന കേരളക്കര നോക്കിക്കാണുകയും അതോടെ, അതേ പാഠ്യപദ്ധതി സ്വീകരിക്കാന്‍ കേരളത്തിനത്തും പുറത്തുമുള്ള പല സ്ഥാപനങ്ങളും മുന്നോട്ട് വരികയും ചെയ്തു. പാരമ്പര്യ പാഠ്യ പദ്ധതി പിന്തുടര്‍ന്നിരുന്ന മറ്റു സ്ഥാപനങ്ങളെല്ലാം വൈകാതെ ഭൗതിക വിദ്യാഭ്യാസവും ഭാഷകളും നല്കുന്നിടത്തേക്ക് വികസിക്കുകയും ചെയ്തു.
വളാഞ്ചേരി മര്‍കസിന് കീഴില്‍ തുടക്കം കുറിച്ച വാഫി സംവിധാനമാണ് ഈ രംഗത്തെ മറ്റൊരു ശ്രദ്ധേയമായ ചുവടുവെപ്പ്. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കി, സര്‍ക്കാര്‍ രീതി പ്രകാരം തന്നെയുള്ള ഭൗതിക വിദ്യാഭ്യാസം നല്കുന്ന ഈ സംരംഭവും വളരെ വേഗം സ്വീകാര്യത നേടകയുണ്ടായി. നൂറോളം സ്ഥാപനങ്ങള്‍ വരെ ഇതിന് കീഴിലായി പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് ഇത് ഉയര്‍ന്നുവന്നു.
സ്ത്രീ വിദ്യാഭ്യാസ രംഗത്തും ഏറെ ശ്രദ്ധേയമായ മുന്നേറ്റമാണ് വിവിധ സ്ഥാപനങ്ങളിലൂടെ സമസ്ത നടത്തിയത്. മദ്റസകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ വരെ അനേകം പെണ്‍കുട്ടികള്‍ പഠിക്കുന്നതിന് പുറമെ, അവര്‍ക്ക് മാത്രമായി ഉന്നത പഠനത്തിന് ഫാതിമാ സഹ്റാ വിമന്സ് കോളേജും അതി വിപുലമായ വഫിയ്യ സംരംഭവും നിലവില്‍ വന്നു. അവക്ക് പുറമെ, ഇന്ന് മഹ്ദിയ എന്ന പേരില്‍ അനേകം സ്ഥാപനങ്ങളില്‍ ഭൗതിക പഠനത്തോടൊപ്പം പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ ദേശീയ മുന്നേറ്റം ലക്ഷ്യമാക്കി ഇയ്യിടെ തുടക്കം കുറിച്ച എസ്.എന്‍.ഇ.സിയിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികളുണ്ട്.
അതോടൊപ്പം അനേകം ബോഡിംഗ് സ്കൂളുകളും പല കോളേജുകള്‍ക്ക് കീഴിലും സ്കൂളുകളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സമസ്തയുടെ കീഴില്‍ നേരിട്ട് ഒരു എന്‍ജിനീയറിംഗ് കോളേജും ഭംഗിയായി നടന്നുവരുന്നു.
കാലോചിത വിദ്യാഭ്യാസവും ഭാഷകളും നല്കി പരിഷ്കരിക്കപ്പെട്ട പാഠ്യപദ്ധതിയിലൂടെ പഠിച്ചിറങ്ങിയവര്‍, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതാണ്, 2010 മുതല്‍ കണ്ടത്. ദാറുല്‍ഹുദായുടെ ഉല്‍പന്നങ്ങളായ ഹുദവികളും അവരുടെ കൂട്ടായ്മയായ ഹാദിയയുമാണ് ഈ രംഗത്ത് ഏറെ ശ്രദ്ധേയവും ശ്ലാഘനീയവുമായ നീക്കങ്ങള്‍ നടത്തിയത്. കേരളത്തിന് പുറത്ത് കാശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തി പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നത്. ദാറുല്‍ഹുദായുടെ അതേ പാഠ്യപദ്ധതി പ്രകാരം അഞ്ച് സംസ്ഥാനങ്ങളിലായി ആറ് സ്ഥാപനങ്ങളും സമാന ലക്ഷ്യത്തോടെ ബീഹാറില്‍ ഖുര്‍തുബാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ അതിവിപുലമായ വിപുലമായ വിദ്യാഭ്യാസ സമുച്ചയവും അതിന് കീഴില്‍ വിവിധ സമൂഹ ശാക്തീകരണ പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു. ഇവയുടെ ചുവട് പിടിച്ച് മറ്റു പല സ്ഥാപനപൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇന്ന് ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇവക്കെല്ലാം സാധ്യമായ പിന്തുണ സമസ്ത നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹാദിയയുടെ പല മദ്റസകള്‍ക്കും സമസ്ത അംഗീകാരം നല്കിയതും പുസ്തക പ്രസാധനമടക്കമുള്ള ചെലവുകളില്‍ ഒരു ഭാഗം ഏറ്റെടുത്തതുമെല്ലാം ഇതിന്റെ ഉദാഹരണമാണ്. ഇതോടെ, സമസ്ത തുടങ്ങി വെച്ച വിദ്യാഭ്യാസ നവോത്ഥാനം ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ് ചെയ്തത്.
സംഘടനാ പ്രശ്നങ്ങള്‍
ഒരു വലിയ സംഘടന എന്ന നിലക്ക് സമസ്തയില്‍ ചിലപ്പോഴെങ്കിലും അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണ വൈജാത്യങ്ങളും ഉണ്ടായിട്ടുണ്ട്. ആദര്‍ശത്തേക്കാളുപരി അതു പലപ്പോഴും സംഘടനാപരം മാത്രമായിരുന്നു. 16-10-1965ന് കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്നു കണ്ടെത്തി. ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ചില പണ്ഡിതന്മാര്‍ 'അഖില കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന ഒരു സംഘടനക്കു രൂപം നല്‍കി. ശൈഖ് ഹസന്‍ ഹസ്‌റത്ത്, ഒ.കെ ഏന്തീന്‍കുട്ടി മുസ്‍ലിയാര്‍, അബ്ദുര്‍റഹ്മാനുല്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. അവര്‍ സമാന്തര മുശാവറയും 'ജംഇയ്യത്ത്' എന്ന പേരില്‍ പത്രവുമെല്ലാം ആരംഭിച്ചിരുന്നു. സമസ്തക്കെതിരെ കൊടുങ്കാറ്റായി വരുമെന്നു പ്രതീക്ഷപ്പെട്ട അഖില, അകലെയാവുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. തബ്‌ലീഗിനെ കുറിച്ച് അവര്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയും സമസ്ത കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെക്കുകയായിരുന്നു. അതോടെ അതിന്റെ പതനമാരംഭിച്ചു. പിരിച്ചുവിടാന്‍ പോലും ആളില്ലാത്തവിധം നാമാവശേഷമായി.
1967 ഏപ്രില്‍ 8ന് കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ, ബാങ്കിലും ഖുത്തുബയിലും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. എന്നാല്‍ പ്രസ്തുത തീരുമാനത്തിനു വിരുദ്ധമായി സമസ്തയുടെ പ്രസിഡണ്ട് സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ പേരില്‍ ബാങ്കിലും ഖുതുബയിലും ലൗഡ് സ്പീക്കര്‍ പാടില്ലെന്ന പത്രപരസ്യം വന്നു. അതോടെ വിഷയം വിവാദമായി. 6-5-1967ന് അദ്ദേഹം സമസ്തയുടെ പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെച്ചുകൊണ്ട് മുശാവറക്കു കത്തയച്ചു. 1967 മെയ് 25നു ചേര്‍ന്ന മുശാവറ അത് അംഗീകരിക്കുകയും കണ്ണിയത്ത് ഉസ്താദിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും ചെയ്തു.
കര്‍മശാസ്ത്രപരമായ ഒരു മസ്അലയുടെ പേരില്‍ സമസ്തയില്‍ നിന്നും മാറിനിന്ന സ്വദഖത്തുല്ല മുസ്‌ലിയാര്‍, പിന്നീട് തന്റെ ചില ശിഷ്യന്മാരുടെയും കൂട്ടുകാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മറ്റൊരു സംഘടന രൂപീകരിച്ചു. അങ്ങനെ 1967 നവംബര്‍ 24ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ' രൂപീകൃതമായി. അംഗുലീപരിമിതമായ അനുയായികള്‍ മാത്രമാണ് സംസ്ഥാനക്ക് ഇന്നുമുള്ളത്.
1985 മുതല്‍ കത്തിനിന്ന ശരീഅത്ത് പ്രശ്‌നമാണ് സമസ്തയില്‍ പ്രകമ്പനം സൃഷ്ടിച്ച മറ്റൊരു വിഷയം. ശരീഅത്ത് വിവാദ കാലത്ത് എല്ലാ മുസ്‌ലിം സംഘടനകളെയും സംഘടിപ്പിച്ചു കോഴിക്കോട് ശരീഅത്ത് സംരക്ഷണ സമ്മേളനം നടന്നപ്പോള്‍, ഇതര പ്രസ്ഥാന നേതാക്കളോടൊപ്പം സമസ്തയുടെ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ വേദി പങ്കിട്ടു എന്ന് ചിലര്‍ വലിയ പ്രശ്നമായി ഉയര്‍ത്തിക്കാണിച്ചു. അത് ചൂണ്ടിക്കാട്ടി അവര്‍ സംഘടനയില്‍ കലാപം സൃഷ്ടിച്ചു. സുന്നീ യുവജന സംഘത്തിന്റെയും സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും നേതൃത്വത്തിലുള്ളവരായിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്. പല മസ്വ്‌ലഹത്ത് ശ്രമങ്ങളും നടന്നെങ്കിലും വിജയിച്ചില്ല.
1989 ജനുവരി 19 ന് എസ്.വൈ.എസ് നേതൃത്വം സമസ്ത മുശാവറയുടെ തീരുമാനം ധിക്കരിച്ചുകൊണ്ട് എറണാകുളത്ത് സമ്മേളനം നടത്തിയതോടെ സംഘടനാ രംഗം കലുഷിതമായി. അതിനുവേണ്ടി ചരടുവലികള്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളും ഉള്‍പ്പെടെ ആറുപേര്‍ സമസ്ത മുശാവറയില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടുകയും ശേഷം അവര്‍ സമസ്ത എന്ന പേരില്‍തന്നെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും പുതിയ മുശാവറയും കീഴ് ഘടകങ്ങളും രൂപീകരിക്കുകയും ചെയ്തു.
ഇത് വരെ നേതൃത്വം നല്കിയവര്‍
ജീവിതത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പാലിച്ച സ്വാതികരമായ പണ്ഡിതന്മാരാണ് സമസ്തയെ ഇത് വരെയും നയിച്ചിട്ടുള്ളത്. സൂക്ഷ്മത, ഭയഭക്തി, ആത്മാര്‍ത്ഥ തുടങ്ങിയ സദ്ഗുണങ്ങളുടെ ചലിക്കുന്ന ഉദാഹരണങ്ങളായിരുന്നു അവര്‍. ആദര്‍ശപരമായും സംഘടനാപരമായും സമസ്തയോടു വിയോജിച്ചവരും എതിര്‍ത്തവരും ആ പണ്ഡിത പ്രതിഭകളുടെ ജീവിത വിശുദ്ധിയെ അംഗീകരിച്ചവരായിരുന്നു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (1926-1932), പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (1932-1946), വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (1946-1965), കെ.കെ. സ്വദഖത്തുള്ള മുസ്‌ലിയാര്‍ (1965-1967), റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (1967-1993), കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത് (1933-1995), സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയക്കോയ തങ്ങള്‍ അല്‍ അസ്ഹരി (1995-2004), എ.പി മുഹമ്മദ് മുസ്‍ലിയാര്‍ കുമരംപുത്തൂര്‍, കാളമ്പാടി മുഹമ്മദ് മുസ്‍ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‍ലിയാര്‍ എന്നിവരാണ് ഇത് വരെ സമസ്തയുടെ പ്രസിഡണ്ട് പഥം അലങ്കരിച്ചവര്‍. പി.വി. മുഹമ്മദ് മൗലവി കോഴിക്കോട് (1926-1950), പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ (1950-1957), ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ (1957-1996), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ എന്നിവരാണ് കാര്യദര്‍ശികളായി ചുക്കാന്‍ പിടിച്ചവര്‍. നിലവില്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രസിഡണ്ടും ആലിക്കുട്ടി മുസ്‍ലിയാര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സമസ്തക്ക് നേതൃത്വം നല്കുന്നത്.
ഈ നേതൃത്വത്തിന്റെ സൂക്ഷ്മതയും ഭയഭക്തിയും നിസ്വാര്‍ത്ഥതയുമെല്ലാം നേരില്‍ ബോധ്യപ്പെട്ടത് കൊണ്ട് തന്നെ, കേരള മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും ഇപ്പോഴും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായോടൊപ്പം തന്നെയാണ്. മറ്റു സംഘടനകള്‍ പണം ചെലവഴിച്ച് പള്ളികളും സ്ഥാപനങ്ങളുമെല്ലാം ഉണ്ടാക്കിയെടുത്തെങ്കിലും സമുദായത്തിന്റെ അടിസ്ഥാന യൂണിറ്റായ മഹല്ലുകളില്‍ മഹാഭൂരിഭാഗവും സമസ്തക്കൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. കേരളത്തിലെ ആധികാരിക പരമോന്നത പണ്ഡിത പ്രസ്ഥാനമായി കേരള മുസ്‍ലിംകള്‍ ഇപ്പോഴും നോക്കിക്കാണുന്നത് സമസ്തയെ തന്നെയാണ്. മതരംഗത്ത് എന്തെങ്കിലും പ്രശ്നങ്ങളോ കാതലായ സംശയങ്ങളോ ഉടലെടുക്കുന്ന സമയത്ത് സമസ്തയുടെ നിലപാട് എന്ത് എന്ന് തന്നെയാണ് ഇന്നും അവര്‍ കാത്തിരിക്കുന്നത്.
അതേസമയം, ഒരു നൂറ്റാണ്ട് കാലം കേരളത്തില്‍ മുസ്‍ലിംകളുടെ ഏറ്റവും വലിയ സംഘശക്തിയായി പ്രവര്‍ത്തിച്ചിട്ടും പല ഘട്ടങ്ങളിലും പല വിഷയങ്ങളിലും സമുദായ നന്മക്ക് വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും തീവ്രവാദത്തിന് വേണ്ടി ശബ്ദിക്കുന്നവരെന്നോ ഭരണകൂടത്തിനെതിരെ നീങ്ങുന്നവരെന്നോ ഉള്ള ആരോപണം പോലും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നീതിയും ന്യായത്തിനും വേണ്ടി നിലകൊള്ളുന്ന നിസ്വാര്‍ത്ഥരായ നേതാക്കളാണ് ഇതിന് നേതൃത്വം നല്കുന്നതെന്ന് ഭരിക്കുന്നവര്‍ പോലും സമ്മതിച്ചുകൊടുത്തു എന്നതിന്റെ തെളിവാണ് ഇത്. അതോടൊപ്പം, ജീവിക്കുന്ന ചുറ്റുപാടുകളോട് സാധ്യമാവുന്നിടത്തോളം യോജിച്ച് പോവാനും ഇതര മതസ്ഥരടങ്ങുന്ന അന്യവിഭാഗങ്ങളോടെല്ലാം ഏറെ സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും പെരുമാറാനും സ്വയം തയ്യാറാവുകയും അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് സമസ്ത ഇത് വരെ സ്വീകരിച്ചു പോന്ന രീതി.
കേരളക്കരക്ക് ലഭിച്ച അനുഗ്രഹമാണ്, കഴിഞ്ഞ നൂറ് വര്‍ഷമായി ഈമാനിന് കാവല്‍ നില്‍ക്കുന്ന ഈ പണ്ഡിതസഭ. ശതാബ്ദിയിലെത്തി നില്‍ക്കുന്ന ഈ വേളയില്‍, കൂടുതല്‍ ഫലപ്രദവും കാലോചിതവും പുരോയാനചാലകവുമായ ഭാവി പദ്ധതികള്‍ക്കായി കാത്തിരിക്കുകയാണ് പൊതുജനം. കേരളത്തിലെ ഒരു കുഗ്രാമത്തില്‍നിന്ന് തുടക്കം കുറിച്ച് ഇന്ന് ഇന്ത്യയിലുടനീളമുള്ള മുസ്‍ലിംകള്‍ക്കും ലോകത്താകമാനമുള്ള കേരളീയ മുസ്‍ലിംകള്‍ക്കും സേവനങ്ങള്‍ ലഭിക്കുന്ന തരത്തിലേക്ക് വളര്‍ന്ന സമസ്ത, വരും ദിനങ്ങളില്‍ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ വളര്‍ന്നുപന്തലിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്ന പണ്ഡിത സഭകളുമായി സംവദിക്കാനും മുസ്‍ലിം ലോകത്തിന് തന്നെ പ്രതീക്ഷ നല്കുന്ന ഇടപെടലുകളുമായി ആഗോള സാന്നിധ്യമായി മാറാനും സമസ്തക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, സാധ്യമായ എല്ലാ പിന്തുണയുമായി കൂടെ നില്‍ക്കാം.
ഈ സംഘ ശക്തിയെ അന്ത്യനാള്‍ വരെ അല്ലാഹു നിലനിര്‍ത്തുമാറാകട്ടെ, ആമീന്‍.
അവലംബം:
• സമസ്ത:ചരിത്രത്തിന്‍റെ നാള്‍വഴികള്‍, പി എ സ്വാദിഖ് ഫൈസി താനൂര്‍
• സുന്നി അഫ്കാര്‍, മെയ് രണ്ടാം വാരം, 2023
• അല്‍ ബയാന്‍ മാസിക, 1960
• ഐക്യസംഘവും കേരള മുസ്‍ലിംകളും, എന്‍ കെ മൗലവി
• ഹിദായത്തുല്‍ മുഅ്മിനീന്‍ മാസിക
• സമസ്ത എഴുപതാം വാര്‍ഷിക സമ്മേളന സുവനീര്‍
• സത്യധാര സമസ്ത തൊണ്ണൂറാം വാര്‍ഷികപതിപ്പ്, ഫെബ്രുവരി 2016
• മുഖ്യധാരയും വിഘടിത ചേരികളും: പി.എ. അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്)
1 Comments
-
-
Web Administrator
12 months ago
It is a feature by web team..
-
Leave A Comment