സമസ്ത: കേരള മുസ്‍ലിംകളുടെ വിശ്വാസത്തിന് കാവലിരുന്ന പ്രസ്ഥാനം

പ്രവാചകന്‍ നബി (സ്വ)യുടെ ഉത്തമ യുഗത്തില്‍ തന്നെ ഇസ്‍ലാമിക നൗക തീരത്തണഞ്ഞ പ്രദേശമാണ് കേരളം. യമന്‍, അറേബ്യ എന്നീ മുസ്‍ലിം പ്രദേശങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ പ്രബോധനാവശ്യാര്‍ഥം ഈ ശാദ്വല തീരത്തെത്തിയിരുന്നു. പില്‍കാലത്ത് കേരളക്കരയില്‍ വൈജ്ഞാനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അവര്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. ജനങ്ങളുടെ വൈജ്ഞാനിക ഉന്നമനത്തിനായി അവര്‍ അശ്രാന്ത പരിശ്രമം നടത്തി. ദര്‍സുകള്‍, ഓത്തുപള്ളികള്‍ എന്നിങ്ങനെ ബഹുമുഖമായ വിജ്ഞാന സ്രോതസ്സുകള്‍ പണികഴിപ്പിച്ച് ശ്രദ്ധ ആകര്‍ശിച്ചു. മഖ്ദൂമുമാര്‍, മമ്പുറം തങ്ങള്‍, ഉമര്‍ ഖാളി തുടങ്ങി അനേകം പണ്ഡിതപ്രമുഖരിലൂടെ ഇത് കൈമാറി പോന്നു. 

വൈദേശികാധിപത്യം ഇന്ത്യയെ വരിഞ്ഞുമുറുക്കിയത് പതിനെട്ടാം നൂറ്റാണ്ടോടെയാണ്. അതോടെ എല്ലാവരുടെയുമെന്ന പോലെ ഇന്ത്യന്‍ മുസ്‍ലിംകളുടെയും ശ്രദ്ധ അവര്‍ക്കെതിരെയുള്ള സമരങ്ങളിലും ഏറ്റ് മുട്ടലുകളിലുമായി. അപ്പോഴും, കൈമാറിക്കിട്ടിയ വിശ്വാസവും കര്‍മ്മങ്ങളും കൈവിടാതെ സൂക്ഷിക്കാനും ഏകസ്വരത്തോടെ ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോവാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. 

ഐക്യ സംഘം

മലബാര്‍ കലാപത്തില്‍ പങ്കുണ്ടെന്ന പേരിലുണ്ടായ അറസ്റ്റ് വാറന്റുണ്ട് ഭയന്ന് കൊടുങ്ങല്ലൂരിലെത്തിയ കെ.എം മൗലവി, അവിടത്തെ ചില കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായി, ഏതാനും പ്രധാനികളെ ചേര്‍ത്ത് ഒരു സംഘമുണ്ടാക്കി. വക്കം മൗലവി, എം.സി.സി മൗലവി, ടി.കെ മുഹമ്മദ് മൗലവി, വക്കം മൗലവി തുടങ്ങിയവരായിരുന്നു അതിലെ പ്രമുഖര്‍. റശീദ് റിളായുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന അല്‍ മനാറിന്‍റെ സ്ഥിര വായനക്കാരനായിരുന്ന വക്കം മൗലവി ആ ആയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ഈ സംഘത്തെ ഉപയോഗപ്പെടുത്തി. 1923ല്‍ ഐക്യസംഘം നടത്തിയ പ്രഥമ സമ്മേളനത്തില്‍ ഇത് മറനീക്കി പുറത്ത് വന്നു. അതോടെ പണ്ഡിതരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നു. 1924 ല്‍ പൊതുജനങ്ങളുടെ പിന്തുണ നേടിയെടുക്കാനും പണ്ഡിതരുടെ എതിര്‍പ്പുകള്‍ ഒഴിവാക്കാനും കേരളത്തിലെ പണ്ഡിതരില്‍ പലരുടെയും ഗുരുവര്യനും വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പലുമായ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ആലുവയില്‍ വെച്ച് രണ്ടാം വാര്‍ഷികം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഹസ്രത്തിന്‍റെ സാന്നിധ്യം ചൂണ്ടിക്കാണിച്ച് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ വലിയ പ്രചാരണം നടത്തുകയും ചെയ്തു. ഇതോടെയാണ്, പരമ്പരാഗത പണ്ഡിതര്‍ അപകടം മണക്കുകയും ഇവര്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്തത്.

1925 ല്‍ ഐക്യസംഘത്തിന്‍റെ മൂന്നാം വാര്‍ഷികം കോഴിക്കോട്ട് ഹിമായതില്‍ വെച്ച് നടത്താനായിരുന്നു പദ്ധതി. ഇതോടെ പണ്ഡിതര്‍ ഐക്യസംഘത്തിനെതിരെ ശക്തമായി രംഗത്തിറങ്ങി. അഹ്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതന്മാരായിരുന്നു ഇതിനായി മുന്നിട്ടിറങ്ങിയത്. ഇവര്‍ കോഴിക്കോട്ടെ പരിപാടിയുടെ സ്വാഗത സംഘം നേതാക്കളെയും ഹിമായതിന്‍റെ ഭാരവാഹികളെയും ചെന്ന് കണ്ട് ഐക്യക്കാരുടെ തനിരൂപത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ജനങ്ങളെയും ഇത് സംബന്ധമായി ബോധവത്കരിച്ചു.

അതേ സമയം ഐക്യക്കാരെ പ്രതിരോധിക്കാനുള്ള അജണ്ടകള്‍ക്ക് രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പണ്ഡിതര്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയില്‍ ഒരുമിച്ച് കൂടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതിന്റെ ഭാഗമായി കോഴിക്കോട് ജുമുഅത് പള്ളിയില്‍ ഒരു പണ്ഡിത സംഗമം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സംഗമത്തില്‍ കെ.പി മുഹമ്മദ് മീറാന്‍ മൗലവി പ്രസിഡന്‍റായും പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയായുമുള്ള ഒരു പണ്ഡിത സംഘത്തിന് രൂപം നല്‍കി. ഐക്യ സംഘത്തിന്‍റെ വികല ആശയങ്ങളെ തുറന്ന് കാണിക്കാനും സുന്നത്ത് ജമാഅതിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്താന്‍ സംഘം തീരുമാനിക്കുകയും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ പണ്ഡിതന്മാരുടെ ഒരു മഹാ സംഗമം നടത്താനും തീരുമാനിച്ചു. 

പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു ഇതിന്‍റെ മുന്‍നിരയിലുണ്ടായിരുന്നത്. ആദ്യമായി അദ്ദേഹം സന്ദര്‍ശിച്ചത് തന്റെ ശൈഖായ വാളക്കുളം കോയാമുട്ടി മുസ്ലിയാരെയായിരുന്നു. സംഘടന രൂപീകരണത്തിന് പൂര്‍ണ്ണമായ ആശീര്‍വാദം നല്‍കിയ മഹാനവര്‍കള്‍ പ്രായാധിക്യം മൂലം വരാനാവില്ലെന്നും പകരം മകന്‍ അബ്ദുല്‍ ബാരി മുസ്ലിയാരെ കൂടെക്കൂട്ടിക്കോളൂ എന്നും അറിയിച്ചു. അതോടെ അബ്ദുല്‍ ബാരി മുസ്ലിയാര്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ക്കൊപ്പം പൂര്‍ണ്ണമായും പ്രവര്‍ത്തന മണ്ഡലത്തിലേക്കിറങ്ങി. കേരളത്തിലെ പ്രതാപമുള്ള ദര്‍സുകളിലെല്ലാം സന്ദര്‍ശനം നടത്തി അവരെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചു. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. പല പണ്ഡിതരും പൊതു ഇടങ്ങളിലേക്ക് ഇറങ്ങി വരാന്‍ മടിക്കുന്നവരായിരുന്നു. അവരെയെല്ലാം സാഹചര്യത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ ശക്തമായ ശ്രമങ്ങള്‍ തന്നെ നടത്തേണ്ടി വന്നു.

സമസ്ത രൂപീകരണം

1926 ജൂണ്‍ 26 ന് (ഹി. 1344 ദുല്‍ഹിജ്ജ 15) ചരിത്ര സംഗമത്തിന് അരങ്ങൊരുങ്ങി. സാദാത്തുക്കളും ഉലമാക്കളും വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും കോഴിക്കോട്ടെത്തി. മഹാപണ്ഡിതരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ സദസ്സോടെ പരിപാടിക്ക് ആരംഭം കുറിക്കപ്പെട്ടു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മാതുലനായ സയ്യിദ് ഹാശിം ചെറുകുഞ്ഞി കോയ തങ്ങളായിരുന്നു പ്രസ്തുത പരിപാടിക്ക് അധ്യക്ഷത വഹിച്ചിരുന്നത്. കേരളത്തില്‍ വിഷലിപ്തമായ പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ എന്ന മഹത്തായ സംഘടന അവിടെ വെച്ചായിരുന്നു രൂപീകരിക്കപ്പെട്ടത്. സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്‍റും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍, കെ.പി മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ തിരുവാലി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെട്ടു. പള്ളി വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ സെക്രട്ടറിയും വി.കെ മുഹമ്മദ് മൗലവി, ജര്‍മന്‍ അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ജോയന്‍റ് സെക്രട്ടറിമാരുമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 40 മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. സര്‍വ്വാദരണീയരായ പണ്ഡിത പ്രതിഭകള്‍ നേതൃത്വം നല്‍കിയതു കൊണ്ട് തന്നെ മുസ്‌ലിം കേരളം സമസ്തയെ നെഞ്ചേറ്റി. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ആമുഖങ്ങളില്ലാതെ മലയാളികള്‍ക്കെല്ലാം അറിയുന്ന മഹാപ്രസ്ഥാനമായി അതു മാറി.

1926 ല്‍  രൂപീകരിക്കപ്പെട്ട സംഘടന 1934 ല്‍ ഭരണഘടന രൂപീകരിച്ചു. പരിശുദ്ധ ഇസ്ലാം മതത്തിന്‍റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹ്ലുസ്സുന്നത്തിവല്‍ജമാഅത്തിന്‍റെ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക' എന്നതാണ് ഭരണഘടനയില്‍ സംഘടനയുടെ 'ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്ന എ വകുപ്പില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. രൂപീകരണം മുതല്‍ പിന്നീടങ്ങോട്ട് ഈ ലക്ഷ്യത്തിലേക്കുള്ള ശക്തവും സമയോചിതവുമായ ബഹുമുഖ പദ്ധതികളാണ് സമസ്ത മുസ്‍ലിം കൈരളിക്ക് മുമ്പില്‍ കാഴ്ച വെച്ചത്. ഒരു നൂറ്റാണ്ട് പിന്നിടുന്ന ആ ശ്രമങ്ങളെ നമുക്ക് നാലായി തരം തിരിക്കാം.

ഒന്നാം ഘട്ടം (ആദര്‍ശ ദൃഢീകരണം)

മലയാളക്കരയിലെ മുസ്‌ലിം മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ബിദ്അതിന്റെ വക്താക്കള്‍ ഇസ്‌ലാമിക സംസ്‌കാരത്തിനു മേല്‍ പത്തി വിടര്‍ത്തി ആടിയ ഘട്ടങ്ങളിലെല്ലാം അതിനെ പ്രതിരോധിക്കാന്‍ മുഖ്യധാരാ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഉമ്മത്തിന് മുന്നില്‍ മുഅ്തസിലിയ്യത്ത് വാപിളര്‍ത്തി നില്‍ക്കുമ്പോഴാണല്ലോ അഹ്‌ലുസുന്നയുടെ തേരുതെളിയിച്ചുകൊണ്ട് ഇമാം അശ്അരി(റ) മുന്നോട്ടുവന്നത്. അഹ്‌ലേഹദീസും ദയൂബന്ദിയ്യത്തും ഉത്തരേന്ത്യയില്‍ കാലുഷ്യം പരത്താല്‍ ഒരുമ്പെട്ടപ്പോഴാണ് അഅ്‌ലാ ഹസ്‌റത്ത് പൊതുസമൂഹത്തെ സംഘടിപ്പിച്ചു സുന്നീ സരണിയെ ശക്തിപ്പെടുത്തിയത്. ഇപ്രകാരം ഐക്യസംഘക്കാര്‍ ബിദ്അത്തിന്റെ വിഷബീജങ്ങള്‍ ജനമനസ്സുകളില്‍ കുത്തിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ സംഘടിക്കുന്നതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു രൂപം നല്‍കുന്നതും. അത് കൊണ്ട് തന്നെ സംഘടനയുടെ ആദ്യഘട്ടം ആദര്‍ശ ദൃഢീകരണത്തിനും വിരുദ്ധ ശബ്ദങ്ങളെ പ്രതിരോധിക്കാനുമായിരുന്നു പ്രധാനമായും ശ്രദ്ധ പുലര്‍ത്തിയത്.

ആദ്യ കാലങ്ങളില്‍ സമ്മേളനങ്ങളിലൂടെയായിരുന്നു ഈ ലക്ഷ്യം നേടിയത്. 1927 ഫെബ്രുവരി 27-ന് താനൂരില്‍ ഒന്നാം സമ്മേളനവും ഡിസംബര്‍ 31ന് മോളൂരില്‍ രണ്ടാം സമ്മേളനവും 1929 ജനുവരി 7ന് വല്ലപ്പുഴ ചെമ്മന്‍കുഴിയില്‍ മൂന്നാം സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തില്‍ വെച്ചാണ് സംഘടനക്ക് മുഖപത്രം തുടങ്ങാന്‍ തീരുമാനിച്ചത്. 1929 ഡിസംബര്‍ മാസത്തില്‍ അല്‍ബയാന്‍ മാസികയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. 1930 മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട് നാലാം സമ്മേളനവും 1931 മാര്‍ച്ച് 11ന് വെളിയഞ്ചേരിയില്‍ അഞ്ചാം സമ്മേളനവും നടന്നു. 

സമസ്തയുടെ ചരിത്രത്തില്‍ പലതുകൊണ്ടും ശ്രദ്ധേയമായ സമ്മേളനമായിരുന്നു 1933 മാര്‍ച്ച് 5-നു ഫറോക്കില്‍ ചേര്‍ന്ന ആറാം വാര്‍ഷിക സമ്മേളനം. മൗലാനാ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയായിരുന്നു അധ്യക്ഷന്‍. പ്രസ്തുത സമ്മേളനം മുടക്കാന്‍ വഹാബികള്‍ സര്‍വ്വ തന്ത്രങ്ങളും ആവിഷ്‌കരിച്ചിരുന്നു. അവര്‍ 1933-ല്‍ രൂപീകരിച്ച കേരള ജംഇയ്യത്തുല്‍ ഉലമ റജിസ്റ്റര്‍ ചെയ്തിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ആ പേരില്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഫറോക്കില്‍ യോഗം ചേരുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് അവര്‍ നിയമ നോട്ടീസയച്ചു. തുടക്കത്തിലുണ്ടായിരുന്ന 'സമസ്ത' എന്ന പദം ഗൗനിക്കാതെയായിരുന്നു നോട്ടീസയച്ചത്. അതുകൊണ്ടുതന്നെ ഫറോക്കിലെ സമ്മേളനം 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'യുടെതാണെന്നും അതിനു 'കേരള ജംഇയ്യത്തുല്‍ ഉലമ'യുമായി യാതൊരു ബന്ധവുമില്ലെന്നും കാണിച്ചു സുന്നികള്‍ മറുപടി നല്‍കിയതോടെ വഹാബികള്‍ക്ക് പിന്തിരിയേണ്ടിവന്നു.

പ്രസക്തമായ ഏറെ പ്രമേയങ്ങളാല്‍ ശ്രദ്ധേയമായിരുന്നു ഈ സമ്മളനം. സമ്മേളനം തടസ്സപ്പെടുത്താനുള്ള വഹാബികളുടെ ശ്രമത്തെ അപലപിക്കുന്നതായിരുന്നു സമ്മേളനത്തിലെ ഒന്നാം പ്രമേയം. 'ഹീലത്തുരിബാ'യിലൂടെ പരിശ ഹലാലാക്കാനുള്ള ഐക്യസംഘത്തിന്റെ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു മൂന്നാം പ്രമേയം. ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്നു വ്യക്തമാക്കുന്നതും അവര്‍ക്ക് പെണ്ണു കൊടുക്കാനോ അവരെ മുസ്‌ലിംകളുടെ ശ്മശാനങ്ങളില്‍ മറവു ചെയ്യാനോ പാടില്ലെന്ന് അറിയിക്കുന്നതായിരുന്നു നാലാം പ്രമേയം. ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് 1969-ലാണ് സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗ് പ്രഖ്യാപിച്ചത്. അതേ വര്‍ഷം തന്നെയാണ് പാകിസ്ഥാനിലെ ജംഷാബാദ് ഫാമിലി സിവില്‍ കോടതി അവര്‍ മുസ്‌ലിംകളല്ലെന്നു വിധിച്ചതും. 1933-ല്‍ തന്നെ ഖാദിയാനിസം ഇസ്‌ലാമിനു പുറത്താണെന്നു പ്രഖ്യാപിച്ച 'സമസ്ത'യുടെ നിലപാട്, മുസ്‌ലിം ലോകത്ത് മറ്റുള്ളവരേക്കാള്‍ മുന്നില്‍ നടന്ന പ്രസ്ഥാനമാണതെന്ന് വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നു. മദ്‌റസകളില്‍ പുത്തനാശയക്കാര്‍ കടന്നുകൂടുന്നതിനെതിരെ മദ്‌റസാ ഭാരവാഹികളെ ഉണര്‍ത്തുന്നതായിരുന്നു അഞ്ചാം പ്രമേയം. ഇബ്‌നു ഹസം, ഇബ്‌നു തീമിയ്യ, ഇബ്‌നു ഖയ്യിം, ഇബ്‌നു അബ്ദില്‍ വഹാബ്, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിദാ തുടങ്ങിയവരെ കുറിച്ചുള്ള പൂര്‍വ്വീക പണ്ഡിതന്മാരുടെ ഫത്‌വകളും തീരുമാനങ്ങളും വ്യക്തമാക്കുന്നതായിരുന്നു ആറാം പ്രമേയം. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന മണ്ണാര്‍ക്കാട് കല്ലടി മൊയ്തുട്ടി സാഹിബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതാണ് ഏഴാം പ്രമേയം. സമ്മേളനാധ്യക്ഷനായിരുന്ന ശാലിയാത്തി തന്നെ അവതരിപ്പിച്ച എട്ടാം പ്രമേയം സുന്നികളെയും അസുന്നികളെയും വേര്‍തിരിച്ചു കാണിക്കുന്നു. അതിങ്ങനെ വായിക്കാം: ''കേരളത്തിലെ മുസ്‌ലിംകളില്‍ അനേകം കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും ഇപ്പോഴും നടത്തുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസരണങ്ങളാണെന്നു സ്ഥിരപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്തീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും യോഗ്യതരല്ലെന്നും ഈ യോഗം തീരുമാനിക്കുന്നു. സംഗതികള്‍
1. മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ ഇവരുടെ ദാത്തുകൊണ്ടും ജാഹ്, ഹഖ്, ബറകത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിനപേക്ഷിക്കലും അവരുടെ ആസാറുകളെ കൊണ്ട് ബറക്കത്ത് മതിക്കലും. 
2. മരിച്ചുപോയ അമ്പിയാ, ഔലിയാ മുതലായവര്‍ക്കും മറ്റു മുസ്‌ലിംകള്‍ക്കും കൂലി കിട്ടുന്നതിനുവേണ്ടി ധര്‍മ്മം ചെയ്യലും കോഴി, ആട് മുതലായവ ധര്‍മ്മം ചെയ്യാന്‍ വേണ്ടി നേര്‍ച്ചയാക്കലും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവു ചെയ്തതിനു ശേഷം ഖബ്‌റിങ്കല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കലും മറ്റു സ്ഥലങ്ങളില്‍ വെച്ചും ഖുര്‍ആന്‍ഓതലും ഓതിക്കലും.
3. ഖബ്ര്‍ സിയാറത്ത് ചെയ്യലും ഖബ്‌റാളികള്‍ക്ക് സലാം പറയലും അവര്‍ക്കു വേണ്ടി ദുആ ഇരക്കലും ഖബ്ര്‍ സിയാറത്തിനു യാത്ര ചെയ്യലും.
4. ആയത്ത്, ഹദീസ്, മറ്റു മുഅള്ളമായ അസ്മാഅ് ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി കൊടുക്കലും വെള്ളം, നൂല്‍ മുതലായവ മന്ത്രിച്ചു കൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും.
5. ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖുമാരുടെ കൈതുടര്‍ച്ചയും ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തീബും ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബാവി, അസ്മാഉന്നബി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹ്ര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്ബീഹ് മാല ഉപയോഗിക്കലും.
6. മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യത്തു ബൈത്ത്, ബദര്‍മാല, മുഹ്‌യദ്ദീന്‍ മാല, രിഫാഈ മാല മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുക.

ഇതു കൂടാതെ മറ്റു പല പ്രമേയങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു ഫറോക്ക് സമ്മേളനം. ഓരോ കാലത്തും പുതിയ വാദങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ദീനിന്റെ യഥാര്‍ത്ഥ വീക്ഷണം സമൂഹത്തിനു പറഞ്ഞുകൊടുക്കുന്നതായിരുന്നു ഓരോ സമ്മേളനവും പ്രമേയങ്ങളും. 7-ാം സമ്മേളനത്തില്‍ ശാലിയാത്തി അവതരിപ്പിച്ച 8-ാം പ്രമേയത്തില്‍ അതാണ് പ്രതിഫലിക്കുന്നത്. ഇങ്ങനെ ഓരോ ഘട്ടത്തിലും പ്രമേയങ്ങളിലൂടെയും മറ്റും സമസ്ത അതിന്റെ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ, ഓരോ പ്രമേയത്തെയും അന്നത്തെ പൊതുജനം, സച്ചരിതരായ പണ്ഡിതരുടെ ഏകാഭിപ്രായമായി സര്‍വ്വാത്മനാ നെഞ്ചേറ്റുകയും ചെയ്തു.

സമസ്തയുടെ ചരിത്രത്തില്‍ അവിസ്മരണീയമായതാണ് അറുപതാം വാര്‍ഷിക മഹാ സമ്മേളനം. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട സമ്മേളന നഗരിയില്‍ 1985 ഫെബ്രുവരി 1,2,3, തിയതികളില്‍ വിപുലമായ സമ്മേളനം നടത്തപ്പെട്ടു. ഇരുപത് ലക്ഷത്തിനടുത്ത് ആളുകള്‍ അണിനിരന്ന് പുതിയങ്ങാടിയില്‍ പാല്‍കടല്‍ തീര്‍ത്തു. ഉലമാക്കളിലെ അതികായനായിരുന്ന സൂര്യതുല്യനെന്നു വിളിക്കപ്പെട്ട ശംസുല്‍ ഉലമയുടെ(നമഃ) പ്രസംഗം ജനസഞ്ചയങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതിലെ ഒരു ഭാഗം ഇവിടെ നല്‍കുന്നു:

‘മുഹമ്മദ് നബി (സ്വ) ക്ക് ശേഷം വേറെ നബി വരുകയാണെങ്കില്‍ ശരീഅത്തോടുകൂടി വരണം. ശരീഅത്തില്ലാതെ എന്ത് മണ്ണാങ്കട്ടയുമായിട്ടാണ് നബി വരുക? നബിയുണ്ട്, ശരീഅത്തില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ്? അത് കൊണ്ട് പുതിയ നുബുവ്വത്ത് വാദം ഞങ്ങള്‍ എതിര്‍ക്കുന്നു. എതിര്‍ക്കുക മാത്രമാല്ല, ഈ സമ്മേളനത്തോടുകൂടി ഖാദിയാനിസത്തേയും അത് പോലുള്ള നുബുവ്വത്ത് വാദത്തേയും ഞങ്ങള്‍ അറബിക്കടലില്‍ വലിച്ചെറിയുന്നു' 

ബിദഈ സാരശക്തികള്‍ക്കെതിരെ സമൂഹത്തില്‍ ചെറുത്ത്നില്‍പ്പ് ആവശ്യമായി വരുന്ന ഘട്ടങ്ങളിലെല്ലാം സാവേശം സമസ്ത സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി, 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന 90-ാം വാര്‍ഷികം അടക്കം  ഇത്തരത്തില്‍ അതിവിപുലമായ 28 സമ്മേളനങ്ങള്‍ സമസ്ത സംഘടിപ്പിച്ചിട്ടുണ്ട്.

ആദര്‍ശദൃഢീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട് മറ്റു പുരോഗമനാത്മക പദ്ധിതകളിലേക്ക് നീങ്ങിയപ്പോഴും ഇക്കാര്യത്തില്‍ ആവശ്യമായ ശ്രദ്ധ ഓരോ സമയത്തും സമസ്ത നല്കിക്കൊണ്ടേയിരുന്നു. കാലാന്തരങ്ങളിലായി കടന്നുവന്ന വിവിധ പ്രസ്ഥാനങ്ങളെയും ത്വരീഖതുകളെയും വിലയിരുത്താനും പൊതുജനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാനും എന്നും സമസ്ത ശ്രദ്ധിച്ചുപോന്നു. 

കോരൂര്‍, ചോറ്റൂര്‍, ശംസിയ്യ എന്നിവയുടെ തനിനിറം പുറത്ത് കാണിച്ചതും 1974 ഡിസംബര്‍ 16നു ചേര്‍ന്ന മുശാവറ, ഹൈദരാബാദില്‍ നിന്നും വന്ന നൂരിഷാ ത്വരീഖത്തിന്റെ ആത്മീയ ചൂഷണങ്ങള്‍ കണ്ടെത്തി സമൂഹത്തോട് പറഞ്ഞതും ഇതിന്റെ ഭാഗമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ നിന്ന് യൂസുഫ് സുല്‍ത്താന്‍ എന്ന പേരില്‍ ഒരാള്‍ ആത്മീയ വാണിഭവുമായി രംഗത്തിറങ്ങിയപ്പോള്‍, അവരുടെ വൈകല്യങ്ങള്‍ കണ്ടെത്തി, 2006 മാര്‍ച്ച് 29-ന് ആലുവാ ത്വരീഖത്ത് വ്യാജമാണെന്ന് മുസ്‍ലിം കൈരളിയോട് വിളിച്ചുപറഞ്ഞു. ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള മുസ്‌ലിം പിന്നോക്കാവസ്ഥയും അധഃസ്ഥിതിയും തുടച്ചുനീക്കാന്‍ 1964-ല്‍ എം.ഇ.എസ് (മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി) രൂപം കൊണ്ടപ്പോള്‍ സമസ്ത അതിനെ പിന്തുണച്ചു. പക്ഷേ, മതബോധമില്ലാത്ത ചിലര്‍ അതിന്റെ നേതൃത്വത്തില്‍ കയറിപറ്റി ശരീഅത്തിനെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. ഇത്തരമൊരു ഘട്ടത്തില്‍ മതത്തിന്റെ കാവലാളുകളായ ഈ പണ്ഡിതസഭക്ക് അതിനെ എതിര്‍ക്കേണ്ടിവന്നു. 27-10-1970നു ചേര്‍ന്ന സമസ്ത മുശാവറ എം.ഇ.എസ്സിന്റെ ശരീഅത്തു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍കരിച്ചു. 

ഭീകരവാദവും തീവ്രവാദവും സമുദായത്തെ പിന്നാക്കം നയിക്കുമെന്ന ചരിത്രസത്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യാനും സമസ്ത രംഗത്ത് വന്നു. 1992 ഡിസംബര്‍ 6-ലെ ബാബരി ദുരന്തത്തെ തുടര്‍ന്നുണ്ടായ കലുഷിതാന്തരീക്ഷം മുതലെടുത്തു സമൂഹത്തില്‍ തീവ്രചിന്ത കുത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സമസ്തയും പോഷക ഘടകങ്ങളും അതിനെ പ്രതിരോധിക്കാനിറങ്ങി. ഇത്തരം ചില തീരുമാനങ്ങള്‍ സംഘടനാപരമായി ചില നഷ്ടങ്ങള്‍ സമസ്തക്കുണ്ടാക്കിയെങ്കിലും ഉമ്മത്തിന്റെ പൊതുവിലുള്ള സുരക്ഷയും കെട്ടുറപ്പും മാനിച്ച് അതെല്ലാം അവഗണിച്ച് മുന്നേറുകയായിരുന്നു. വൈകാതെ, അത് തന്നെയായിരുന്നു ശരിയെന്ന് പൊതുനന്മയും സമുദായത്തിന്റെയും ഗുണയും കാംക്ഷിക്കുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

സംവാദങ്ങള്‍

ആദര്‍ശദൃഢീകരണത്തിന്റെ മറ്റൊരു രീതി സംവാദങ്ങളായിരുന്നു. രൂപീകരണാനന്തരമുള്ള ആദ്യകാലങ്ങളില്‍ വിശേഷിച്ചും ഇത്തരം അനേകം സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്.

കോഴിക്കോട് സംവാദം 

സമസ്തയുടെ കുടക്കീഴില്‍ നടന്ന പ്രഥമ സംവാദമാണ് കോഴിക്കോട് നടന്നത്. കേരളത്തിലെ വഹാബി പതാകവാഹകരായ ഐക്യ സംഘത്തിന്റെ സത്യാവസ്ഥ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാനായിരുന്നു സമസ്ത ഇതിന് മുതിര്‍ന്നത്. മണപ്പാട് കുഞ്ഞഹ്മദ് ഹാജി, കെഎം സീതി സാഹിബ്, ഇ.കെ മൗലവി എന്നവര്‍ ചേര്‍ന്ന ഐക്യസംഘം ചേരിക്കെതിരെ, അഹ്മദ് കോയ ശാലിയാതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംവാദത്തില്‍ അണിനിരന്നത്.

നാദാപുരം സംവാദം

മുജാഹിദ്-സമസ്ത സംവാദങ്ങളില്‍ ഏറ്റവും സ്മരണീയമായ ഒന്നാണ് ഈ സംവാദം. 1921-ലെ മലബാര്‍ കലാപാനന്തരം മുജാഹിദ് ആചാര്യനായിരുന്ന അബ്ദുള്ളക്കുട്ടി മൗലവി കുറ്റ്യാടിയിലേക്ക് വരുകയും അവിടെ ബിദ്അത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ആ പ്രദേശത്തെ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാവുകയും അങ്ങനെ അതിനെതിരെ രംഗത്ത് വരുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഒരു വേദിയിലെ ശ്രോതാവായിരുന്ന മരുതോങ്ങര ഖാളി ചില ചോദ്യങ്ങളുന്നയിച്ചു. ഇതിന് ഉത്തരം പറയുന്നതിന് പകരം പ്രസ്തുത പ്രസംഗം നിറുത്തിപ്പോവുകയായിരുന്നു. ഇതേതുടര്‍ന്ന് നടന്ന സംവാദമായിരുന്നു ഇത്. ഇസ്തിഗാസ, തവസ്സുല്‍ എന്നിവയായിരുന്നു ഈ ചര്‍ച്ചയുടെ പ്രതിപാദ്യ വിഷയം. ആ സംവാദത്തോടെ പ്രദേശത്തുകാര്‍ക്കെല്ലാം സത്യം ബോധ്യപ്പെടുകയായിരുന്നു.

കൊടിയത്തൂര്‍ സംവാദം

തറാവീഹ് നിസ്കാരത്തിന്‍റെ റക്അത്തുകളുടെ എണ്ണം സംബന്ധിച്ച് സംഘടിക്കപ്പെട്ട ഒരു സംവാദമാണിത്. മുജാഹിദ് അമരക്കാരനായിരുന്ന പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി, പരമ്പരാഗതമായി മുസ്‍ലിം സമുദായം നിരാക്ഷേപം കൈമാറിപോന്ന ഇരുപത് റക്അത്ത് തറാവീഹ് നിസ്കാരത്തെ സമൂഹത്തില്‍ വികലമായി ചിത്രീകരിക്കാന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് ഇതിന് കളമൊരുങ്ങിയത്. വഹാബീ പണ്ഡിതസഭയായിരുന്ന കേരള ജംഈയത്തുല്‍ ഉലമയുടെ നേതാവായിരുന്ന ഇകെ മൗലവിയും എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയും ചേര്‍ന്ന് രചിച്ച പല പാഠപുസ്തകങ്ങളിലും ഈ നയം അവതരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അഗ്രേസരായ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരും (ന.മ) പറവണ്ണ മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാരും (ന.മ) സുന്നീ പക്ഷത്ത് അണിനിരന്നപ്പോള്‍ മുജാഹിദ് ചേരിയില്‍ എംസിസി അബ്ദുറഹ്മാന്‍ മൗലവിയും പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവിയും അണിനിരക്കുകയായിരുന്നു. എട്ട് റക്അത്ത് നിസ്ക്കാരം വേണമെന്ന് പറഞ്ഞ് തുടങ്ങിയ സംവാദത്തില്‍, തറാവീഹിന്റെ റക്അത്തുകള്‍ എത്രയുമാകാം എന്ന് എതിര്‍പക്ഷത്തിന് തന്നെ സമ്മതിക്കേണ്ടിവന്നു.

കാര്യവട്ടം മീഞ്ചന്ത സംവാദശ്രമങ്ങള്‍ 

കാര്യവട്ടത്ത് വെച്ച് നടത്തപ്പെട്ട സമസ്തയുടെ പതിനാറാം വാര്‍ഷിക സമ്മേളനത്തിന് മറുപടിയെന്നോണം, അവിടെ വെച്ച് ഒരു സംവാദം നടത്താന്‍ വഹാബികള്‍ തീരുമാനിച്ചിരുന്നു. സംവാദങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‍ലിയാര്‍ രോഗബാധിതനായിരുന്നതിനാല്‍ പ്രതിപക്ഷം ദുര്‍ബലമാണെന്നും അനായാസം വിജയിക്കാമെന്നുമായിരുന്നു അവരുടെ കണക്ക് കൂട്ടല്‍. ഇതിനിടെയാണ്, വഹാബി വക്താവ് വികലാശയങ്ങള്‍ കുത്തിനിറച്ച് രചിച്ച അത്തൗഹീദ് എന്ന കൃതിക്കെതിരെ സമസ്ത നേതാവായിരുന്ന മൂസ മുസ്ലിയാര്‍ അല്‍ഖൗലുസ്സദീദ് ഫീ റദ്ദിത്തൗഹീദ് എന്ന കൃതി രചിച്ചത്. ഇതോടെ സംവാദത്തില്‍ തങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയം അത്ര എളുപ്പമാവില്ലെന്ന് തിരിച്ചറിഞ്ഞ വഹാബികള്‍ പതുക്കെ പിന്‍വലിയുകയായിരുന്നു. ശേഷം 17-ാം വാര്‍ഷിക വേദി തന്നെ സംവാദത്തിന് തെരഞ്ഞെടുക്കാമെന്ന് പറഞ്ഞ സമസ്ത അവര്‍ക്ക് കത്തയച്ചെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. 

പൂനൂര്‍ സംവാദം

സുന്നീ ആശയ പ്രചാരണ രംഗത്തെ അതികായനായിരുന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നടത്തിയ സംവാദമാണിത്. പരസഹസ്രം ആളുകള്‍ സാക്ഷിയായ ഈ സംവാദത്തില്‍, തവസ്സുല്‍, ഇസ്തിഗാസ എന്നിവ സംബന്ധിയായി വാദപ്രതിവാദങ്ങള്‍ നടക്കുകയും ഇത് മുജാഹിദ് പക്ഷത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോലും ഹേതുവാവുകയും ചെയ്തു.

ഇതിനുപുറമെ സ്ഥാപിത ലക്ഷ്യത്തോട് പ്രതിലോമകരമായി വരുന്ന എല്ലാ  നിന്ദ്യമായ ആശയങ്ങള്‍ക്കുമെതിരെ അസംഖ്യം വാദപ്രതിവാദങ്ങള്‍ക്കായി സമസ്ത ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടുണ്ട്. നന്മണ്ട സംവാദം, വാഴക്കാട് സംവാദം, നടക്കാവ് സംവാദം, രണ്ടത്താണി സംവാദം, താനാളൂര്‍ സംവാദം, കൊട്ടപ്പുറം സംവാദം, ചേകന്നൂര്‍ മൗലവിക്കെതിരെ നടന്ന സംവാദങ്ങള്‍ ഇവയെല്ലാം അവയില്‍ സുപ്രധാനമാണ്.

വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‍ലിയാര്‍, ഇ.കെ ഹസന്‍ മുസ്‍ലിയാര്‍, കെ.വി മുഹമ്മദ് മുസ്‍ലിയാര്‍ കൂറ്റനാട്, എം.എം ബശീര്‍ മുസ്‍ലിയാര്‍, നാട്ടിക വി മൂസ മുസ്‍ലിയാര്‍ തുടങ്ങി ഒട്ടേറെ പേര്‍ ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ചവരാണ്.  പില്‍കാലത്ത് ആശയപഠനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമായി എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ ഇസ്തിഖാമ എന്ന പേരില്‍ പ്രത്യേക സമിതി തന്നെ രൂപീകരിച്ചു. ഇസ്തിഖാമ നിലവിലും ഇത്തരം പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്.

സമസ്ത: കേരള മുസ്‍ലിംകളുടെ വിശ്വാസത്തിന് കാവലിരുന്ന പ്രസ്ഥാനം- ഭാഗം 02

https://islamonweb.net/ml/Samasta-The-Movement-That-Guarded-the-Faith-of-Kerala-Muslims---Part-02

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter