ചില രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പതിനൊന്നാമത്തെ പ്രസിഡണ്ടാണ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നിറസാനിധ്യമായ ജിഫ്‌രി കുടുംബത്തിലെ പണ്ഡിത പ്രതിഭ. കര്‍മ ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയ മുഫ്തി. അനേകായിരം പണ്ഡിതന്മാരുടെ ഉസ്താദ്. ശംസുല്‍ ഉലമയില്‍ നിന്ന് ആദ്ധ്യാത്മിക കൈവഴി സ്വീകരിച്ച സയ്യിദ്. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

ചില രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടും

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍/അന്‍വര്‍ സ്വാദിഖ്

കേരളത്തിലെ കേളികേട്ട ജിഫ്‌രി കുടുംബത്തിലാണല്ലോ തങ്ങളുടെ ജനനം. അതേ കുറിച്ചൊന്ന് വിശദീകരിക്കാം
1957 ലാണ് ജനനം. തിരൂരങ്ങാടിക്കടുത്ത ഇരുമ്പു ചോലയില്‍ ഉമ്മയുടെ തറവാട്ടിലാണ് ജനനം. പിതാവ് സയ്യിദ് ഹുസൈന്‍ ജിഫ്‌രി പൂക്കുഞ്ഞിക്കോയ തങ്ങളും മാതാവ് ജമലുല്ലൈലി ഖബീലയില്‍പെട്ട സയ്യിദത്ത് ഫാത്വിമ ചെറിയബീവിയുമാണ്. കൊടിഞ്ഞിയില്‍ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഹുസൈന്‍ ജിഫ്‌രിയിലേക്കാണ് ഞങ്ങളുടെ കുടുംബപരമ്പര എത്തുന്നത്. ഹിജ്‌റ 1222ല്‍ യമനിലെ തരീമില്‍ ജനിച്ച സയ്യിദ് ഹുസൈന്‍ ജിഫ്‌രി ഹിജ്‌റ 1239 ല്‍ ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ നിര്‍ദേശപ്രകാരമാണ് കേരളത്തിലെത്തുന്നത്. പരപ്പനങ്ങാടിയിലാണ് കപ്പലിറങ്ങിയത്. പിന്നീട് മമ്പുറത്തെത്തിയ മഹാന്‍ കൊടിഞ്ഞിയിലെത്തുന്നതും മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹത്തിന്റെ പുത്രന്‍ അഹ്‌മദ് ജിഫ്‌രിയുടെ മകന്‍ ഹുസൈന്‍ മുഹമ്മദ് മുത്തുക്കോയ തങ്ങള്‍ എന്നിവരുടെ മകന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി ചെറുക്കുഞ്ഞിക്കോയ തങ്ങളുടെ മകന്‍ സയ്യിദ് ഹുസൈന്‍ ജിഫ്‌രി പൂക്കുഞ്ഞിക്കോയ തങ്ങള്‍ ആണ് എന്റെ പിതാവ്. പിതാമഹന്‍ സയ്യിദ് ഹസന്‍ ജിഫ്രി ചെറുകുഞ്ഞിക്കോയ തങ്ങള്‍ കൊടുഞ്ഞിയില്‍ നിന്ന് ചെറുമുക്കിലെത്തി.അവിടെയാണ് എന്റെ സ്വദേശം. 

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ ജിഫ്രി സാദാത്തുക്കളുടെ ഇടപെടല്‍ ഒരുകാലത്ത് ശക്തമായിരുന്നല്ലോ,
കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രബോധന പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വന്നവരാണ് മറ്റു സയ്യിദ് കുടുംബങ്ങളെ പോലെ ജിഫ്‌രികളും. അതില്‍ ഏറ്റവും ശ്രദ്ധേയനാണ് കോഴിക്കോട്ട് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ജിഫ്‌രി. കേരളത്തില്‍ അഹ്‌ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. വഹാബിസത്തിനെതിരെ അദ്ദേഹം ശക്തമായി രംഗത്തിറങ്ങിയതിനു നിരവധി രേഖകളുണ്ട്. അക്കാലത്ത് പൊന്നാനി-കൊണ്ടോട്ടിക്കൈ തര്‍ക്കം നടന്നപ്പോള്‍ പൊന്നാനി ഉലമാക്കളെ മുന്നില്‍ നിന്നു നയിച്ചതും കൊണ്ടോട്ടിക്കൈകാര്‍ക്കെതിരെ ആദര്‍ശപരമായ പോരാട്ടം നടത്തിയതും ശൈഖ് ജി ഫ്‌രിയായിരുന്നു. അതൊക്കെ ചരിത്രത്തില്‍ രേഖപ്പെട്ട വസ്തുതകളാണ്. അദ്ദേഹത്തിന്റെ ശേഷമാണ് ശൈഖ് ഹസന്‍ ജിഫ്‌രിയുടെ ആഗമനം. ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ മാതുലനും ഭാര്യ പിതാവുമാണ് ഇദ്ധേഹം. മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരമാണ് എന്റെ പ്രപിതാവ് സയ്യിദ് ഹുസൈന്‍ ജിഫ് രിയും ഇവിടെ എത്തിയത് എന്നു പറഞ്ഞല്ലോ. അദ്ദേഹം പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത ഒരു സൂഫിവര്യനും ഖാദരിയ്യ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു. സമസ്തയുടെ സ്ഥാപക നേതാവായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കൊടിഞ്ഞിയില്‍ അന്ത്യവിശ്രമം കൊളളുന്ന എന്റെ പ്രപിതാവ് സയ്യിദ് ഹുസൈന്‍ ജിഫിരിയെ കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്. അതില്‍ അദ്ധേഹം കേരളത്തില്‍ വരാനുണ്ടായ കാരണങ്ങളെല്ലാം പറയുന്നുണ്ട്. ഒരു പ്രത്യേക പശ്ചാത്തലത്തിലാണ് പാങ്ങില്‍ ഉസ്താദ് ആ മൗലിദ് ഉണ്ടാക്കിയത്. കാലില്‍ നീരുവന്ന് വീര്‍ത്തു നടക്കാനാവാത്ത ഒരവസ്ഥ അദ്ധേഹത്തിനുണ്ടായി. പല ചികിത്സകളും നടത്തിയെങ്കിലും സുഖപ്പെട്ടില്ല. അവസാനം സയ്യിദ് ഹുസൈന്‍ ജിഫ്‌രിയുടെ പേരില്‍ ഒരു മൗലിദ് ഉണ്ടാക്കാന്‍ പാങ്ങില്‍ ഉസ്താദ് നേര്‍ച്ചയാക്കി.അതിന്റെ പിറ്റേദിവസം തന്നെ ആ അസുഖം മാറിയെന്നാണ് പാങ്ങില്‍ ഉസ്താദ് ആ മൗലിദില്‍ പറയുന്നത്. 

തങ്ങളുസ്താദിന്റെ വിദ്യഭ്യാസവും ദര്‍സീ രംഗവും
മദ്‌റസ പഠനം ചെറുമുക്ക് നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അഞ്ചാം ക്ലാസ് വരെ, സ്‌കൂള്‍ പഠനം കുണ്ടൂര്‍ എ.എം.എല്‍.പി സ്‌കൂളിലും ശേഷം തിരൂരങ്ങാടി ഹൈസ്‌കൂളിലും.ദര്‍സ് പഠനം താഴെചിന ജുമാമസ്ജിദില്‍ മൂന്നിയൂര്‍ പി.കുഞ്ഞീന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ആറുവര്‍ഷം. പിന്നീട് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ കൂടെയായിരുന്നു. ബാപ്പു മുസ്‌ലിയാരാണ് എന്നോട് ജാമിഅയില്‍ പോയി 4 വര്‍ഷം പഠിക്കാന്‍ നിര്‍ദേശിച്ചത്. ഉപരിപഠനത്തിന് ജാമിഅനൂരിയ്യയിലെത്തുന്നത് 1973-74 കാലഘട്ടത്തിലാണ്. രണ്ടു വര്‍ഷം അവിടെ പഠിച്ചു. പക്ഷേ പഠനം പൂര്‍ത്തിയാക്കാനായില്ല, പിന്നീട് മദ്രാസിലെ ജമാലിയ്യ അറബിക് കോളേജില്‍ ചേര്‍ന്നെങ്കിലും രോഗം കാരണം അവിടെ തുടരാനായില്ല. അങ്ങെനെയാണ് ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് പോവുന്നത്. മാണിയൂര്‍ അഹ്‌മദ് മുസ്‌ലിയാര്‍,ഒ.കെ സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ മകന്‍ റശീദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ദേവ്ബന്ദിലെ സഹപാഠികളാണ്. 1977 ല്‍ ദയൂബന്ദില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ദര്‍സ് തുടങ്ങി. കോടശ്ശേരി, കൂരിയാട്, പുതുപ്പറമ്പ്, എന്നിവിടങ്ങളില്‍ ഓരോ വര്‍ഷം ദര്‍സ് നടത്തി. പിന്നീട് തുടര്‍ച്ചയായ 12 വര്‍ഷം ബിസിനസ്സുമായി ബന്ധപ്പെട്ടായിരുന്നു ജീവിതം. 90-91 കാലത്ത് കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ ക്ഷണപ്രകാരം കടമേരി റഹ്‌മാനിയ്യയില്‍ സേവനം ചെയ്തു. 1992 ശംസുല്‍ ഉലമയുടെ ക്ഷണമനുസരിച്ച് നന്തി ദാറുസ്സലാമില്‍ മുദരിസ്സും പിന്നീട് പ്രിന്‍സിപ്പാളുമായി. ഇപ്പോള്‍ കുറ്റിക്കാട്ടൂര്‍ യമാനിയ്യ, മുണ്ടക്കുളം ശംസുല്‍ ഉലമ കോംപ്ലക്‌സ്, മടവൂര്‍ സി.എം മഖാം കോളേജ്, ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നു. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 11ാമത്തെ പ്രസിഡണ്ടാണ് തങ്ങള്‍. പ്രസിഡണ്ട് എന്ന നിലയില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു.
1926 ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അടിത്തറപാകിയ പണ്ഡിത പ്രസ്ഥാനമാണ് സമസ്ത. അതിന്റെ കഴിഞ്ഞ കാല നേതാക്കള്‍ നിലകൊണ്ട ആദര്‍ശാനുഷ്ഠാനങ്ങളില്‍ നിന്നു വ്യതിചലിക്കാതെ പുതിയ സാഹചര്യങ്ങളെ നേരിടുകയും അതിനനുസരിച്ച് സംഘടനയെ ചിട്ടപ്പെടുത്തുക.സമുദായത്തിനകത്ത് ഐക്യവും ഒരുമയും സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക.സുന്നി വിശ്വാസാദര്‍ശങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ശക്തിയും ഉണ്ടാക്കുക,മതനവീകരണവാദം, കപട ആത്മീയവാദികള്‍, കള്ളത്വരീഖത്തുകള്‍ എന്നിവയെ പ്രതിരോധിക്കുക. മതസ്ഥാപനങ്ങളെയും അറബിക് കോളേജുകളെയെല്ലാം ഒരു ഏകീകൃത പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക.സാമുദായിക മൈത്രിയും സാഹോദര്യവും ശക്തിപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക. പ്രകോപനപരമായ പ്രസംഗങ്ങളും നടപടികളും ഇല്ലാതിരിക്കാന്‍ സമുദായത്തിനത്തുള്ളവരെയും പുറത്തുള്ളവരെയും സജ്ജമാക്കുക.സാമുദായിക സംഘടനകള്‍ക്കിടയില്‍ പരമാവധി യോജിപ്പിന്റെ ഇടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക, മഹല്ലുകള്‍ക്കിടയില്‍ ശാക്തീകരിക്കുക. മതസംഘടനകള്‍ക്കിടയില്‍ മഹല്ലുതലങ്ങളില്‍ ഉടലെടുക്കുന്ന പളളി, മദ്‌റസ മുതലായവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതികളിലും കേസുകളിലും എത്തിക്കാതെ പരമാവധി പറഞ്ഞുതീര്‍ക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യം.

മതവൈജ്ഞാനിക മേഖലയില്‍ ആഴവും അവഗാഹവും ഉള്ള മുഹഖിഖീങ്ങളായ പണ്ഡിതന്മാര്‍ കുറഞ്ഞുവരുന്നു എന്ന പരാതി ഇപ്പോള്‍ എല്ലായിടത്ത് നിന്നും ശക്തമാണ്. ഈ പ്രശ്‌നത്തെ എങ്ങനെയാണ് നാം സമീപിക്കുക
ഭൗതിക താത്പര്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഇത്തരം പ്രശ്‌നങ്ങളുടെ മര്‍മം.അപ്പോള്‍ ഭൗതിക താത്പര്യങ്ങളില്ലാത്തഒരു ടീമിനെയെങ്കിലും പ്രത്യേകം തിരഞ്ഞെടുത്ത് അവര്‍ക്കു സര്‍വ സംവിധാനങ്ങളുമൊരുക്കി പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി തയ്യാറാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ  പരിഹരിക്കാമെന്നാണ് തോന്നുന്നത്.

പുതിയ മതവിദ്യഭ്യാസ കരിക്കുകലങ്ങളില്‍ ഇടം പിടിച്ച സ്‌പെഷ്യലൈസ് ചെയ്യാനുള്ള സംവിധാനങ്ങളും ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഹദീസ് തുടങ്ങിയ ഫാക്കല്‍റ്റികളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ്. 
ആഴവും പരപ്പുമുള്ള മുഹഖിഖീങ്ങളായ പണ്ഡിതന്മാരുടെ അഭാവം പരിഹരിക്കാന്‍ പുതിയ കരിക്കുലങ്ങളിലെ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിനും ഹദീസ് ഫാക്കല്‍റ്റിക്കുമെന്നും പൂര്‍ണാര്‍ത്ഥത്തില്‍ സാധിക്കുകയില്ല. അവയെല്ലാം ചില താത്കാലിക പരിഹാരങ്ങള്‍ മാത്രമാണ്.എന്ന് വെച്ച് അവയെ നിരുത്സാഹപ്പെടുത്തിക്കൂടാ. സ്വന്തമായ ചില ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അത്തരം സൗകര്യങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്.

ഇപ്പോള്‍ നമ്മുടെ മതാന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ആശയമാണ് അല്‍ ഫിഖ്ഹുല്‍ അഖല്ലിയ്യ. മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ ഇടങ്ങളിലെ പ്രത്യേക ഫിഖ്ഹീ നിയമത്തെ കുറിച്ച് വാചാലമാകുന്ന ഈ ആശയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
ന്യൂനപക്ഷ ഫിഖ്ഹ് എന്ന പേരില്‍ ഇസ്‌ലാമില്‍ ഒരു കര്‍മശാസ്ത്ര ശാഖയില്ല. ഒരു രാജ്യത്ത് മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളാവുമ്പോള്‍ സ്വീകരിക്കേണ്ട മതവിധികളെ കുറിച്ചാണല്ലോ ഈ ഫിഖുഹുല്‍ അഖല്ലിയ്യ എന്ന് പറയുന്നത്.യഥാര്‍ത്ഥത്തില്‍, പൂര്‍വസൂരികളായ നമ്മുടെ കര്‍മശാസ്ത്ര പണ്ഡിതന്മാരും ഇമാമുകളും ഫീഖ്ഹീ ഗ്രന്ഥങ്ങള്‍ രചിച്ചത് ഏതെങ്കിലും ഒരു പ്രത്യേക കാലത്തെയോ സമൂഹത്തെയോ മാത്രം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് പറഞ്ഞുകൂടാ.അവര്‍ എല്ലാ കാലത്തെയും സാഹചര്യങ്ങളെയും പരിഗണിച്ചുകൊണ്ടുതന്നെയാണ് മതവിധികള്‍ ചര്‍ച്ചചെയ്തത്.അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും മതനിയമങ്ങളുടെ ഏതെല്ലാം വശങ്ങളെ ഉപയോഗപ്പെടുത്താമെന്ന് പ്രസ്തുത ഗ്രന്ഥങ്ങളെ ആഴത്തില്‍ വിശകലനം ചെയ്താല്‍ തന്നെ കണ്ടെത്താനാവും. നമ്മുടെ നാടുകളിലൊക്കൊ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ആ ശൈലിയാണല്ലോ സ്വീകരിച്ചു പോന്നത്. ഇതൊന്നും മനസ്സിലാക്കാതെയാണ് പൗരാണിക പണ്ഡിതന്മാരുടെ ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ ഇന്നത്തെ സാഹചര്യത്തിനും സമൂഹത്തിനും യോജിച്ചതല്ലെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നത്.

കര്‍മശാസ്ത്ര വിധികളുമായി ബന്ധപ്പെട്ടു ഇടക്കിടെ ഉയരുന്ന വിവാദങ്ങളിലൊന്നാണല്ലോ സ്ത്രീ സ്ഥാനാര്‍ത്ഥിത്വവും സംവരണവുമെല്ലാം. ഇതിനെ എങ്ങിനെയാണ് പുതിയ സാഹചര്യങ്ങളില്‍ കൈകാര്യംചെയ്യുക.
സ്ത്രീയുടെ ധര്‍മവും പുരുഷന്റെ മേഖലയും തികച്ചും വ്യത്യസ്തമാണ്.പ്രകൃതിയും സാഹചര്യങ്ങളുമെല്ലാം ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.അതുകൊണ്ട് തന്നെ ഇസ്‌ലാം പുരുഷനില്‍ നിന്ന് വ്യത്യസ്തമായ ഇടങ്ങളും ധര്‍മങ്ങളുമാണ് സ്ത്രീയെ ഏല്‍പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീയുടെ സ്ഥാനാര്‍ത്ഥിത്വത്തിനും അധികാര വാഴ്ചക്കും നിരുപാധിക അംഗീകാരം നല്‍കുന്നത് അപകടകരമാണ്. എന്നാല്‍ സംവരണം പോലുള്ള ചില സാഹചര്യങ്ങള്‍ വിശ്വാസികളെ അത്തരം കാര്യങ്ങളിലേക്ക് നിര്‍ബന്ധിക്കുമ്പോള്‍, നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്ത്രീസ്ഥാനാര്‍ത്ഥിത്യവും മറ്റും ആകാവുന്നതാണ്. സ്ത്രീ അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇത്തരം ചര്‍ച്ചകള്‍ നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ തന്നെ കാണാവുന്നതാണ്.

ഈവിഷയത്തിന്റെ മറ്റൊരു ഭാഗമാണ് വനിത സംഘടന. സുന്നി വനിതകള്‍ക്ക് സമസ്തയുടെ നേതൃത്വത്തില്‍ ഇപ്പോഴും  ഒരു വനിത സംഘടന വന്നിട്ടില്ല. കാമ്പസുകളിലും മററും ഇതിന്റെ കെടുതികള്‍ ശരിക്കും അനുഭവിക്കുന്നവരാണ് നമ്മുടെ പെണ്‍കുട്ടികള്‍
സത്രീ പുരുഷന്മാര്‍ക്കിടയിലെ അകലം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയും കാമ്പസുകളിലും മററും നമ്മുടെ പെണ്‍കുട്ടികള്‍ ചില അരക്ഷിതാവസ്ഥ നേരിടുകയും ചെയ്യുന്നു എന്ന വസ്തുതയോടപ്പം തന്നെ, ഒരു വനിത സംഘടനയുടെ മതപരമായ സാധുതകളെ കൂടി നാം വിശകലനം ചെയ്യേണ്ടതുണ്ട്. പരപുരുഷ സത്രീ ബന്ധങ്ങളെ കണിശമായി നേരിട്ട മതമാണിസ്‌ലാം.അരുതായ്മകളുടെ സാധ്യതവാതില്‍ പോലും അത് അടച്ചുകളഞ്ഞിട്ടുണ്ട്. വനിത സംഘടന എന്നൊക്കൊ പറയാന്‍ എളുപ്പമാണ്. പക്ഷെ, സത്രീ സംഘടനകളായി പിറന്ന പലതും പുരുഷന്മാരുടെ ഇടപെടലുകളിലേക്കും തെരുവുകളിലേക്കും ക്രമേണ എത്തുന്ന അനുഭവങ്ങള്‍ എത്രയോ നാം കണ്ടതാണ്. സ്ത്രീയുടെ മര്‍മം തെരുവും സമരപോരാട്ടങ്ങളുമല്ലല്ലോ. അതുകൊണ്ടെല്ലാമാണ് സമസ്ത ആ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മത കാണിക്കുന്നത്.

ഇസ്‌ലാമില്‍ വലിയ സ്ഥാനവും ഉത്തരവാദിത്വവുമുള്ള ഒരു പദവിയാണ് ഖാളി, എന്നാല്‍ നമ്മുടെ നാട്ടില്‍ നികാഹിനു കാര്‍മികത്വം വഹിക്കുകയും മാസമുറപ്പിക്കുകയുമാണ് അവരുടെ പണി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 
ഖാളിമാര്‍ക്ക് സമൂഹത്തില്‍ പലതും ചെയ്യാന്‍ സാധിക്കും.ഞാന്‍ ഖാളിയായ കാഞ്ഞങ്ങാട് സംയുക്ത മഹല്ല് ജമാഅത്ത് ഉദാഹരണം. സമുദായത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ക്കു തീര്‍പ്പുകല്‍പ്പിക്കുന്ന ഒരു കോടതി-യാണ് അതെന്ന് പറയാം. രാജ്യത്തിന്റെ നിയമങ്ങളും ഭരണഘടനമൂല്യങ്ങളും മാനിച്ചുകൊണ്ടുതന്നെ ഒരു പ്രശ്‌നപരിഹാര സൗധമായി അത് നിലകൊള്ളുന്നു. കോടതികള്‍ക്ക് പോലും തീര്‍പ്പാക്കാനാവാത്ത കോസുകള്‍ അവിടെ വെച്ച് നല്ലനിലക്ക്  പരിഹരിച്ച് പിരിയുന്നു. ഇങ്ങനെ പലതും ഖാളിമാര്‍ക്ക് ചെയ്യാനാവും. അതാരും ശ്രദ്ധിക്കുന്നില്ല. വലിയ തിരക്കുള്ളവരെയാണ് നാം ഖാളിമാരാക്കി നിയമിക്കുന്നത്. സമയപരിധി കാരണം അവര്‍ക്ക് പലപ്പോഴും കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല. നാഇഖു ഖാളിമാരെയും പ്രതിനികളെയും നിശ്ചയിച്ചു ഈ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.

കര്‍മശാസ്ത്രവിഷയങ്ങളില്‍ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇസ്‌ലാമിക സമൂഹത്തില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട. അതിനെ മുഴുവന്‍ അംഗീകരിക്കുന്ന രീതിയാണ് നമുക്ക് ഉണ്ടായിരുന്നത്. എന്നാല്‍ സംഘടനകള്‍ വന്നതോടെ, ശാഖപരമായ വിഷയത്തില്‍ പോലും സംഘടന ഒരു അഭിപ്രായം പറഞ്ഞാല്‍ അണികളെല്ലാം അത് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നു, അത് ദൗര്‍ഭാഗ്യകരമായ ഒരു വിഷയമല്ലേ
ശാഖപരമായ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വെറുതെ അഭിപ്രായം പറയാറില്ല. സമൂഹത്തില്‍ അത് സംബന്ധമായി തര്‍ക്കവിതര്‍ക്കങ്ങളും വിവാദങ്ങളും ഉടലെടുക്കുകയോ, സമസ്തയിലേക്ക് മതവിധി തേടിക്കൊണ്ട് ജനങ്ങള്‍ വരികയോ ചെയ്താലാണ് സമസ്ത പൊതുവില്‍ ശാഖാപരമായ കര്‍മശാസ്ത്രവിധികള്‍ പ്രഖ്യാപിക്കുക. ഇമാമുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉള്ളവയാണെങ്കില്‍ അതില്‍ ഏററവും പ്രബലവും പ്രാമാണികവുമായ അഭിപ്രായത്തെയാരിയിരിക്കും സമസ്ത സ്വീകരിക്കുക.അത് ജനങ്ങളോട് പറയുന്നത് അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കാതിരിക്കാനാണ്.അതുകൊണ്ട് തന്നെ ഫിഖ്ഹിലെ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളെ ഉള്‍കൊള്ളാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സമസ്ത ഇടപെട്ടു എന്ന് പറഞ്ഞുകൂടാ.

1989ല്‍ സമസ്തയില്‍ ദൗര്‍ഭാഗ്യകരമായ ഒരു ഭിന്നതയുണ്ടായി, ഒരേ ആദര്‍ധാരയില്‍ നിലകൊള്ളുമ്പോഴും, ഇരു സുന്നീ പ്രസ്ഥാനങ്ങള്‍ക്കിടയിലും ഐക്യം അനിവാര്യമാണെന്ന് ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹം, ഈ വിഷയത്തെ സമസ്ത എങ്ങനെയാണ് കാണുന്നത്.
സമസ്തയില്‍ ഉണ്ടായ ഭിന്നത,രണ്ടു ചേരികളിലേക്കും സംഘടനകളിലേക്കും നയിച്ചു എന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അങ്ങനെ സംഭവിച്ചുപോയെങ്കിലും എക്കാലത്തും ഇങ്ങനെ അകന്നുനില്‍ക്കണമെന്ന വാശി സമസ്തക്കില്ല. ഐക്യത്തിന് സമസ്ത എപ്പോഴും തയ്യാറാണ്. അതിന് ആര് മുന്‍കയ്യെടുത്താലും സ്വാഗതം ചെയ്യും.അതിന് യാതൊരു തടസ്സവുമില്ല. സമുദായത്തിന്റെയും സുന്നത്ത് ജമാഅത്തിന്റെയും യശസ്സ് ഉയര്‍ത്താന്‍ ഏറ്റവും നല്ലത് ഇരുവിഭാഗം സുന്നികളും ഒന്നിക്കുകയും ലയിച്ചു ഒരു സംഘടനയായി പ്രവര്‍ത്തിക്കുകയും തന്നെയാണ്. അതിന് ഇരുവിഭാഗത്തിന്റെ ആളുകള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യണം. അതിനുള്ള വാതിലുകളൊന്നും ഇപ്പോഴും അടക്കപ്പെട്ടിട്ടില്ല. സമസ്ത ഇപ്പോഴും അതിന്റെ അണികളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്, നമ്മുടെ ഭാഗത്ത് നിന്ന് യാതൊരു പ്രശ്‌നവും ഉണ്ടാക്കാന്‍ പാടില്ല. മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൂടാ എന്നൊക്കെയാണ്. അഭിപ്രായ വ്യത്യാസങ്ങളും സംഘടനപരമായ തര്‍ക്കങ്ങളും ഒരിക്കലും വ്യക്തിപരമായ ബന്ധങ്ങളെയും കുടുംബ സൗഹൃദങ്ങളെയുമൊന്നും ഒരിക്കലും ബാധിച്ചുകൂടാ. വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും കാത്ത് സൂക്ഷിക്കാന്‍ ഇരുപക്ഷത്തുമുള്ളവര്‍ക്ക് സാധിക്കണം. അത്തരം ബന്ധങ്ങളെ തകര്‍ക്കുന്ന സംഘടന പ്രവര്‍ത്തനത്തോട് നമുക്ക് യോജിപ്പില്ല. സൗഹൃദങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ നമുക്ക് സാധിക്കണം. 

കാന്തപുരം വിഭാഗത്തെ പോലെതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സുന്നി സംഘടനകളാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമായും. ഇവരോടുള്ള ഐക്യവും സമസ്തയുടെ അജണ്ടയില്‍ വരേണ്ടത് തന്നെയല്ലേ,
തീര്‍ച്ചയായും അഹ്‌ലുസുന്നത്തി വല്‍ജമാഅയുടെ ആദര്‍ശാനുഷ്ഠാനങ്ങളും വിശ്വാസ നടപടികളും അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന നിലപാടുതന്നെയാണ് സമസ്തക്കുള്ളത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഒരു പ്രത്യേക പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ രൂപം കൊണ്ട സംഘടനയാണ്. അതിനു പലപ്പോഴും തബ്‌ലീഗ് ജമാഅത്തിനോട് മൃദുസമീപനമാണ് ഉള്ളതെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നു. സമസ്തയാണെങ്കില്‍ അത് സംബന്ധമായി ശക്തമായ നിലപാടുള്ള പ്രസ്ഥാനവും. തബ്‌ലീഗ്കാരോട് ആദര്‍ശപരമായ വിയോജിപ്പ് സമസ്ത വ്യക്തമാക്കിയതാണല്ലോ. അത്ബ്‌ലീഗിസവുമായി ബന്ധപ്പെട്ട സമസ്തയുടെ ആ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ ദക്ഷിണയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. സമസ്തയില്‍ നിന്ന് ശാഖാപരമായ കര്‍മശാസ്ത്ര വിഷയത്തില്‍ ഭിന്നിച്ചുപോയവരാണ് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ. ജുമുഅ ഖുതുബയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാമോ എന്ന വിഷയത്തിലാണവര്‍ ഭിന്നിച്ചത്. ഇന്ന് എല്ലായിടത്തും അത് ഉപയോഗിക്കുന്നു. അവരുമായും ജോയിപ്പിന്റെ വഴി തന്നെയാണ് കാണുന്നത്.

സുന്നി,മുജാഹിദ്,ജമാഅത്ത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തര്‍ക്കിച്ചു നേരംകളയുന്നതിന് പകരം സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളെ മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കേണ്ട സമയമല്ലേ ഇത്. ഈ ഘട്ടത്തില്‍ സമസ്തയുടെ ആദര്‍ശ പ്രചരണങ്ങളെ എങ്ങനെയാണ് ചിട്ടപ്പെടുത്തേണ്ടത്. 
സമുദായത്തില്‍ ശൈഥില്യം ഉണ്ടാവരുതെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സമസ്ത.ശൈഥില്യത്തെയും അനൈക്യത്തെയും പ്രതിരോധിക്കാനാണ് സംഘടന ഉണ്ടായതു തന്നെ.ഇവിടെ സമുദായത്തില്‍ ഭിന്നത സൃഷ്ടിച്ചത് പുതിയ വാദക്കാരാണ്. അവര്‍ രംഗത്തുവന്നത് മുസ്‌ലിം ബഹുഭൂരിപക്ഷത്തിന് നേരെ മതഭ്രഷ്ടും  ബഹുദൈവവിശ്വാസവും ആരോപിച്ചുകൊണ്ടാണ്. അവരാണ് മുസ്‌ലിം സമുദായത്തിനകത്ത് തീവ്രവാദവും ഭീകരവാദവും ഇറക്കുമതി ചെയ്തത്.അതിന്റെ കെടുതികളാണല്ലോ ഇന്ന് ആഗോളതലത്തില്‍ തന്നെ സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ശിഥിലീകരണ പ്രസ്ഥാനങ്ങളെ ശക്തമായി പ്രതിരോധിച്ചു സമുദായത്തിന്റെ ഏകത വീണ്ടെടുക്കാനുള്ള ശ്രമമാണ് സമസ്ത നടത്തുന്നത്. അതിനുസാധ്യമായ സര്‍വപ്രവര്‍ത്തനങ്ങളും പൂര്‍വകാലത്തേതുപോലെ തന്നെ ഇനിയും തുടരും. ആദര്‍ശ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും സമസ്ത തയ്യാറല്ല. സമാധാനപരമായ മാര്‍ഗത്തിലൂടെ അത് നടത്തും. അതോടപ്പം പൊതുവിഷയങ്ങളില്‍ സമുദായത്തിന്റെ മൊത്തത്തിലുള്ള താത്പര്യത്തെ മുന്നില്‍കണ്ടുപ്രവര്‍ത്തിക്കുകയും സാമുദായിക സ്വരം ഏകീകരിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യും.

സമസ്തക്ക് രാഷ്ട്രീയം ഇല്ല എന്നുപറയുമ്പോഴും മുസ്‌ലിം ലീഗുമായി എപ്പോഴും അടുത്ത്‌നില്‍ക്കുകയും ഒരു ബിടീം പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന വിമര്‍ശം എതിരാളികള്‍ ഉന്നയിക്കാറുണ്ടല്ലോ,
മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ മുഖ്യധാരയാണ് മുസ്‌ലിം ലീഗ്. മതവിഷയങ്ങളില്‍ സമസ്തയും. അതുകൊണ്ട് തന്നെ സമസ്തയിലുള്ളവര്‍ അധികവും മുസ്‌ലിം ലീഗുകാരുമായി. മുസ്‌ലിം ലീഗിലെ ഭൂരിപക്ഷം സമസ്തക്കാരും.ഇത് ഏതൊരു സാമൂഹ്യ സംഘടനയിലും സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. അതു മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ് സമസ്ത മുസ്‌ലിം ലീഗിന്റെ ബി ടിമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം ഉന്നയിക്കുന്നത്. സമസ്ത ആരുടെയും എ ടീമും ബി.ടീമും അല്ല. സാമുദായിക രാഷ്ട്രീയ പാര്‍ട്ടി സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ്. അതുപോലെ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്ന മത സംഘടനയാണ് സമസ്തയും. സമസ്തയെ സംബന്ധിച്ചെടുത്തോളം സംഘടനക്കും സമുദായത്തിനും ഗുണം ചെയ്യുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനത്തോടും ഗുണംചെയ്യുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനത്തോടും സഹകരിക്കുമെന്ന നിലപാടാണുള്ളത്.

ഇടതുപക്ഷം സമസ്തയെ അവഗണിക്കാന്‍ തയ്യാറല്ലെന്ന് സമീപകാലത്തെ അവരുടെ നടപടികള്‍ തെളിയിക്കുന്നു.എന്നാല്‍ സമസ്ത സി.പിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ  പരിഗണിക്കുന്നില്ല,
ഇടതുപക്ഷമുള്‍പ്പടെ ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമസ്തയുടെ ശക്തി തിരിച്ചറിയുന്നുണ്ട്. നിലവിലെ ഏത് ഭരണകൂടത്തോടും സഹരിക്കാമെന്നാണ് സമസ്്തയുടെ നിലപാട്. അവരില്‍ നിന്ന് നീതിയാണ് നാം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താറിനും മറ്റും ക്ഷണിച്ചപ്പോള്‍ സമസ്ത നേതാക്കള്‍ പോയതും സംഘനയുടെ ആവശ്യങ്ങള്‍ നിരത്തിയതും. അടുത്തിടെ പൗരത്വബില്ലിനെതിരെ നടത്തിയ പരിപാടിയിലും സമസ്ത പങ്കെടുത്തിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമസ്തക്ക് വിരോധമില്ല. അവരുടെ ന്യൂനപക്ഷ വിരോധവും ശരീഅത്ത് നിയമങ്ങളോടുള്ള വെറുപ്പുമാണ് വിയോജിപ്പിന്റെ മര്‍മം. അതില്ലാതാവുന്ന ഘട്ടത്തില്‍ അവരോടുള്ള സമീപനത്തിലും അടിസ്ഥാനപരമായ മാറ്റം വരും. 

ഭരണകൂടങ്ങള്‍ സമസ്ത എന്ന സംഘടനയെ കൃത്യമായി അഭിസംബോധന ചെയ്തു തുടങ്ങിയിട്ടുണ്ട്, നല്ലരീതിയില്‍ അതതു കാലത്തെ സര്‍ക്കാറുകളുമായി നേരിട്ടു ആശയവിനിമയം നടത്താനും അതിനനുസരിച്ച് നല്ല പ്രതികരണം ഉണ്ടാക്കിയെടുക്കാനും സമസ്തക്ക് കഴിയുന്നില്ലേ, 
സമസ്തയുടെ സമീപനത്തിന്റെ വിജയമാണിത്. മുസ്‌ലിം വിശ്വാസികളുടെ ആവശ്യങ്ങളെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയത്തോടും സമസ്തക്ക് വിരോധമില്ല. സമസ്തയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യം അവര്‍ ചെയ്തു തരണം. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ സമസ്തക്ക് നല്ല പരിഗണന നല്‍കുന്നുണ്ട്. കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന സംഘടന എന്ന പരിഗണന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമസ്തക്ക് നല്‍കാറുണ്ട്. ഇന്നുവരെയുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് എല്ലാവരും ഈ അംഗീകാരം നല്‍കുന്നത്.

എന്തിനാണ് സമസ്ത രാഷ്ട്രീയ കാര്യങ്ങളിലൊക്കൊ ഇടപെടുന്നത്, അതു രാഷ്ട്രീയക്കാര്‍ നോക്കുമല്ലോ, സമസ്ത മതപരമായ കാര്യങ്ങള്‍ നോക്കിയാല്‍ പോരെ, ഇങ്ങനെ ഒരു ആക്ഷേപത്തോട് എന്താണ് പ്രതികരണം,
സമസ്ത മതപരമായ കാര്യങ്ങളില്‍ തന്നെയാണ് ഇടപെടുന്നത്. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നില്ല. പക്ഷേ മതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങള്‍ വരുമ്പോള്‍ ഇടപെടേണ്ടിവരും. സമസ്ത എന്തിലൊക്കൊ ഇടപെടണം എന്നുള്ളത് സമസ്തയാണ് തീരുമാനിക്കേണ്ടത്. സമസ്ത ഇടപെടാന്‍ പാടില്ല എന്നുപറയാന്‍ ഉപദേശിക്കാനും ആര്‍ക്കും അധികാരമില്ല. അടിസ്ഥാനപരമായി മതത്തിനെ സംരക്ഷിക്കാന്‍ മാത്രമേ ഇടപെടുകയുളളു.

പളളികളിലെ ഉച്ചഭാഷിണി ബാങ്കിനല്ലാതെ പരല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. പള്ളിക്കകത്ത് മാത്രം നടക്കുന്ന മൗലിദുകള്‍,പ്രഭാഷണം ഇതിനൊക്കൊ ഉച്ചഭാഷിണി ദീര്‍ഘനേരം പുറത്തേക്ക് ഉപയോഗിക്കുന്നത് മറ്റുപലര്‍ക്കും പ്രയാസമായി മാറുന്നു, ഇതു നിയന്ത്രിക്കണം എന്നു അഭിപ്രായമുണ്ടോ
ഉച്ചഭാഷിണി ബാങ്കിനു വേണ്ടിമത്രമല്ല, മറ്റു പലകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. പക്ഷെ, പ്രധാനമായും അതു ബാങ്കിനു തന്നെ, പണ്ടുകാലത്ത് ഉച്ചഭാഷിണി ഉപയോഗം ശല്യമായി ജനങ്ങള്‍ കരുതിയിരുന്നില്ല, അത് ഇന്നത്തേക്കാള്‍ നന്മയുടെ കാലഘട്ടമായിരുന്നു.എന്നാല്‍ ഇന്ന് സുന്നികളായ ആളുകള്‍ക്ക് തന്നെ ഇതിനോട് ചിലപ്പോള്‍ നീരസം വന്നേക്കാം, മററുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പൊതുനിയമം. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ഒരു വാക്കും പ്രവര്‍ത്തിയും നമ്മളില്‍ നിന്നുണ്ടാകാന്‍ പാടില്ല. മറ്റുള്ളവര്‍ക്ക് പ്രയാസം നേരിടുന്നുണ്ടെങ്കില്‍ ബാങ്കല്ലാത്തതും നിര്‍ബന്ധമായും കേള്‍പിച്ചിരിക്കേണ്ടതല്ലാത്തതുമായ കാര്യങ്ങള്‍ ശബ്ദം കുറച്ചോ, പള്ളിയുടെ അകത്ത് മാത്രം പരിമിതപ്പെടുത്തിയോ നിയന്ത്രിക്കുന്നതാണ് നല്ലത്. എല്ലാ മഹല്ലുകാരും ഇതു നിയന്ത്രിച്ചാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. 

ശരീഅത്ത് വിവാദകാലത്ത് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ഒരുമിപ്പിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നത് ശംസുല്‍ ഉലമയായിരുന്നു.അത്തരം ഒരു സമയമാണിത്. തങ്ങളുടെ നേതൃത്വത്തില്‍ ഒരു ശ്രമം ഇപ്പോള്‍ നടത്താന്‍ കഴിയുമോ
അന്നത്തെ സാഹചര്യം പോലെയല്ല ഇന്ന്. അന്ന് വലിയ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നു.ഇന്നു നമുക്ക് ചെയ്യാന്‍ കഴിയുന്നത് എല്ലാവരും ഒരുമിച്ച് നിന്ന് മാന്യമായി ഭരണാധികാരികളോട്  നമ്മുടെ ആവശ്യം ഉന്നയിക്കുക എന്നതാണ്. അതിനു എല്ലാ മതസ്ഥരുടെയും വിശിഷ്യ ന്യൂനപക്ഷങ്ങളുടെയും കൂട്ടായ്മ ഉണ്ടാക്കി പ്രവര്‍ത്തികക്കുകയാണ് വേണ്ടത്. പ്രസ്താവനയും പ്രതിഷേധവും നടത്തുന്നതിന് പകരം സൗഹാര്‍ദപരമായി കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാകും നന്നാവുക. ഭരണാധികാരികളൊക്കൊ ഭരണീയരുടെ ആവശ്യങ്ങള്‍ നല്ലനിലയില്‍ പരിഗണിക്കുന്നവരാണല്ലോ, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വവും ഇത് തന്നെയാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അവരില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്ക് മാപ്പ് നല്‍കണമെന്നും നബി(സ) മുസ്‌ലിം ഭരണാധികാരികളോട് കല്‍പ്പിച്ചിട്ടുണ്ട്.

അമുസ്‌ലിം സുഹൃത്തുക്കള്‍ പല കാര്യങ്ങള്‍ക്കും മുസ്‌ലിം സുഹൃത്തുക്കളെ സമീപിക്കാറുണ്ട്. അവരുടെ വീട്ടില്‍ കല്യാണം,മറ്റു പരിപാടികള്‍ ഒക്കെയുണ്ടാകുന്നു.ഇത്തരം പരിപാടികളില്‍ മുസ്‌ലിം  സുഹൃത്തുക്കള്‍ പങ്കെടുക്കരുതെന്ന് മതം പറയുന്നതായി പലരും പ്രചരിപ്പിക്കുന്നുണ്ട്, ഇതു ശരിയാണോ,
ഇന്ത്യാരാജ്യത്ത് എല്ലാവരും പരസ്പരം സഹകരിച്ചാണ് ജീവിക്കുന്നത്. എല്ലാ മതവിഭാഗങ്ങളും അവരുടെ മതത്തില്‍ പൂര്‍ണമായും വിശ്വസിച്ചുകൊണ്ടാണ് പരസ്പരം പരിപാടികളിലൊക്കൊ പങ്കെടുക്കുന്നത്. പണ്ടുകാലങ്ങളിലൊക്കൊ മുസ്‌ലിംകള്‍ ക്ഷണിക്കപ്പെട്ടാല്‍ അവരുടെ മതത്തില്‍ അവര്‍ക്ക് അനുവദിക്കപ്പെടുന്ന ഭക്ഷണമായിരിക്കും നല്‍കാറുള്ളത്.ഹിന്ദുക്കളും മുസ്‌ലിംകളും മറ്റുള്ളവരും പരസ്പരം സഹകരിച്ചുതന്നെയാണ് ജീവിക്കുന്നത്. അറിയാത്ത ആളുകള്‍ പല കാര്യങ്ങളും പ്രചരിപ്പിക്കും. അത് മുഖവിലക്കെടുക്കേണ്ടതില്ല. സമസ്ത ഇത്തരം നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കില്ല. 
 
(കടപ്പാട് :സത്യധാര 2020 ജനുവരി 01-31)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter