ബോംബൈയും മലേഗാവും അടങ്ങുന്ന നിശബ്ദ അട്ടിമറികള്‍


അതീവ പ്രധാനമെങ്കിലും  വേണ്ടത്ര വാര്‍ത്താ പ്രാധാന്യമോ ശ്രദ്ധയോ ലഭിക്കാതെ പോയ രണ്ടു വിധിന്യായങ്ങള്‍ക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യം സാക്ഷ്യം വഹിച്ചത്.


2006-ലെ ബോബെ സ്‌ഫോടന പരമ്പരക്കേസിലെ വിധിയാണ് അതിലൊന്നാമത്തേത്. സ്ഫോടന കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രതികള്‍ക്കു മേല്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അവിശ്വസനീയമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. 


മലേഗാവ് സ്‌ഫോടനക്കേസിലെ വിധിന്യായമാണ് രണ്ടാമത്തേത്. 2008 സെപ്റ്റംബര്‍ 29-നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്‌ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിലവില്‍ ബി.ജെ.പി പാര്‍ലമെന്റംഗവും തീവ്രഹിന്ദുത്വ വാദിയുമായ പ്രജ്ഞാസിങ് ഠാക്കൂറും ലെഫ്. കേണല്‍ പുരോഹിതുമായിരുന്നു കേസിലെ പ്രധാനപ്രതികള്‍. സ്‌ഫോടനം നടത്താനായി ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ പ്രജ്ഞാസിങ്ങിന്റെ പേരിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതുമാണ്. എന്നാല്‍ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് കോടതി പ്രതികളെ വെറുതെ വിടുകയാണുണ്ടായത്.


രണ്ട് വിധിന്യായങ്ങളും പരിശോധിക്കുമ്പോള്‍ പ്രത്യക്ഷത്തിൽ ഒരുപാട് സാമ്യതകളുണ്ടെന്ന് തോന്നാം. രണ്ടു ഭീകരാക്രമണങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട നിയമവ്യവഹാരം. ഒടുവില്‍ വെറുതെ വിട്ടുവെന്ന കോടതിവിധി. എന്നാല്‍ കാര്യങ്ങളുടെ കിടപ്പുവശം യഥാവിധം അന്വേഷിച്ചു പോയാല്‍ ഞെട്ടിക്കുന്ന സത്യങ്ങാളാണ് തെളിഞ്ഞു വരിക. 


വളരെ യാദൃശ്ചികമായാണ് ജോസി ജോസഫിന്റെ നിശബ്ദ അട്ടിമറി എന്ന പുസ്തകം വായിക്കാനെടുത്തത്. The silent coup എന്ന പേരില്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ പുസ്തകം അന്ന് തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും വായിക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെയാണ്, അഴിമുഖം പബ്ലിഷേഴ്സ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. മാധ്യമ പ്രവർത്തകനായ ശ്രീജിത്ത് ദിവാകാരനാണ് വിവര്‍ത്തകന്‍. രാജ്യത്തെ ഞെട്ടിച്ച കലാപങ്ങള്‍, തീവ്രവാദ അക്രമണങ്ങള്‍, സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അന്വേഷണാത്മകമായി സമീപിക്കുന്ന പുസ്തകം ജനാധിപത്യത്തിന്റെ നിശബ്ദമായ തകര്‍ച്ചയെ അനാവരണം ചെയ്യുന്നുണ്ട്. അനുദിനം നമ്മള്‍ അനുഭവിക്കുന്ന, സാക്ഷ്യം വഹിക്കുന്ന അനീതികളുടെ ഉറവിടമാണ് 'നിശബ്ദ അട്ടിമറി'യില്‍ അന്വേഷിക്കുന്നത്. 


ലക്ഷക്കണക്കിന് മനുഷ്യരെ ഇരകളാക്കി മാറ്റി, എങ്ങനെയാണ് ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന ഒരു രഹസ്യസംഘം പ്രവര്‍ത്തിച്ച് പോരുന്നത് എന്ന് മനുഷ്യരുടെ അനുഭവങ്ങളിലൂടെ, വാര്‍ത്തകളിലൂടെ, വാര്‍ത്തകള്‍ക്ക് പിന്നിലെ നാമറിയാത്ത കഥകളിലൂടെ, ചരിത്രത്തിലൂടെ, നിയമങ്ങളിലൂടെ, നിയമ നിര്‍മ്മാണങ്ങളിലൂടെ, അതിന്റെ ദുരുപയോഗത്തിന്റെ ചരിത്രത്തിലൂടെ, കശ്മീരും ശ്രീലങ്കയും മണിപ്പൂരും പഞ്ചാബും ഗുജറാത്തും അടങ്ങിയ ദേശങ്ങളില്‍ ഒരോ കാലങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലൂടെ, അനീതി പേമാരി പോലെ പെയ്ത കാലഘട്ടങ്ങളുടെ വിവരണങ്ങളിലൂടെ, ഗ്രന്ഥകര്‍ത്താവ് കൃത്യമായി വരച്ച് കാണിക്കുന്നു.


‘ഈ റിപ്പബ്ലിക്കിനും നമ്മുടെ മഹനീയ ഭരണഘടനയ്ക്കും നേരെയുള്ള ഈ ആക്രമണം ഇപ്പോള്‍ മറച്ച് പിടിക്കാന്‍ പോലും ശ്രമിക്കാതെ നിര്‍ലജ്ജം അരങ്ങേറുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. അധികാരത്തിലേക്കുള്ള യാത്രയില്‍ സര്‍വ്വതും- പ്രത്യേകിച്ചും ജനാധിപത്യ സ്ഥാപനങ്ങളും സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളും- ശല്യമായി കണക്കാക്കുന്ന തരത്തിലേയ്ക്ക് രാഷ്ട്രീയ മേധാവികള്‍ നിര്‍ദ്ദയരായി മാറി. സര്‍വ്വോപരി നമ്മുടെ ഉദ്യോഗസ്ഥ വൃന്ദം, വിശിഷ്യാ, സുരക്ഷാ സംവിധാനത്തിന്റെ സൈനികേതര വിഭാഗമാകമാനം രാഷ്ട്രീയ യജമാനരുടെ ആജ്ഞാനുവര്‍ത്തികളായി പരിണമിച്ചു’. 'നിശബ്ദ അട്ടിമറി'യുടെ മലയാള പതിപ്പിന്റെ ആമുഖത്തില്‍ ജോസി ജോസഫ് എഴുതിയതാണ് ഈ വാക്കുകള്‍.


രണ്ട് പതിറ്റാണ്ടു കാലത്തെ തന്റെ പത്രപ്രവര്‍ത്തന അനുഭവങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങളുടെ അതിനീചമായ മുഖം തുറന്നു കാട്ടുകയാണ് ജോസി ജോസഫ്. ജനാധിപത്യത്തില്‍ നിന്നും വംശീയ ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ പോക്കിനെയും വരച്ചു കാട്ടുന്നുണ്ട് പുസ്തകം. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും മ്യാന്മറും ബംഗ്ലാദേശുമൊക്കെ നിരന്തരം സൈനിക അട്ടിമറികളെ നേരിടുമ്പോള്‍ ഇന്ത്യ അത്തരം അട്ടിമറികളെ ഭയക്കുന്നു പോലുമില്ല. അതിന്റെ യഥാര്‍ത്ഥ കാരണം പുസ്തകം പറഞ്ഞു തരും. ഭരണ കക്ഷിയുടെ റാന്‍ മൂളികളാവുന്ന സൈന്യവും ദേശീയ സുരക്ഷാ ഏജന്‍സികളും നമ്മുടെ ജനാധിപത്യത്തെ നിശബ്ദമായി ആട്ടിമറിക്കുന്നതെങ്ങനെയെന്ന് ആഴത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകം വര്‍ത്തമാന കാലത്ത് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ്. രാഷ്ട്രീയ കക്ഷികളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യ സുരക്ഷയെയും നിരപരാധികളായ പൗരന്മാരെയും ഒറ്റിക്കൊടുക്കാന്‍ ഒരു മടിയും കാണിക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്നും അതിന് മേല്‍നോട്ടം വഹിക്കുന്ന രാഷ്ട്രീയ മേലാളന്മാരില്‍ നിന്നും ജനാധിപത്യത്തെയും ഇന്ത്യയെന്ന മഹത്തായ ദേശത്തെയും മോചിപ്പിച്ചെടുക്കേണ്ട ദൌത്യത്തെ കുറിച്ച് ജോസി ജോസഫ് ഒരു അഭിമുഖത്തില്‍ വാചാലനാകുന്നുണ്ട്. 


നേരത്തെ സൂചിപ്പിച്ച മുംബൈ ഭീകരാക്രമണ കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപെട്ട വാഹിദ് ഷെയ്ഖ് മുതല്‍ നീതി നിഷേധിക്കപ്പെട്ട അനേകം സഹോദരങ്ങള്‍ക്ക് നമ്മള്‍ നന്ദി പറയേണ്ടതുണ്ട്. ഞാൻ അല്ലെങ്കിൽ നിങ്ങള് നേരിടേണ്ടി വന്നേക്കാവുന്നവയെയാണ് അവർ പേറിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തിൽ പങ്കാളികളാവണമെന്നില്ല പ്രതിചേർക്കപ്പെടാനും അനിശ്തിച കാലം ജയിലിലകപ്പെടാനും. നിങ്ങളുടെ പേര്, മതം, പ്രവര്ർത്തനമേഖല എല്ലാം അതിൻറെ മാനദണ്ഡങ്ങളാണ്.

വാഹിദ് ഷെയ്ഖ് മുതല്‍ നിരവധി ഭീകരാക്രമണ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളുടെ കഥ പറയുന്നുണ്ട് പുസ്തകത്തില്‍. മുംബൈയിലെ സ്‌കൂള്‍ ടീച്ചറായിരുന്ന വാഹിദ് ഷെയ്ഖ് സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല താന്‍ ഭീകരക്രമണ കേസില്‍ പ്രതിയാകുമെന്ന്. ചാരന്മാരുടെയും വിവര ദാതാക്കളുടെയും വലിയ ശൃംഖലകള്‍ പടുക്കുന്ന സുരക്ഷാ ഏജന്‍സികള്‍ ഒരു തരത്തിലുമുള്ള അന്വേഷണങ്ങള്‍ക്കും മുതിരാതെ അവർ തരുന്ന വിവരങ്ങള്‍ അപ്പടി സ്വീകരിക്കുന്നു. ഒരിക്കല്‍ പ്രതി ചേര്‍ക്കപെട്ടവര്‍ ആജീവനാന്തം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങളുടെയും പ്രാഥമിക ഉത്തരവാദികളും പ്രതികളുമാകുന്നു. നീണ്ട നിയമ വ്യവഹാരങ്ങളിലൂടെയും കോടതി കേറിയിറങ്ങിയും ഒരുവിധം ജാമ്യം തരപ്പെടുത്തുന്നവരെ തേടി അടുത്ത ഭീകരാക്രമണ കേസിൻറെ അന്വേഷണം വരുന്നു. ചിലപ്പോള്‍ അനന്തമായി നീളുന്ന വിചാരണ തടവുകള്‍. എല്ലാമറിഞ്ഞിട്ടും ഞങ്ങളൊന്നുമറിഞ്ഞില്ലയെന്ന മട്ടിൽ നമ്മളോരോരുത്തരും തുടരുന്ന മൗനം വെടിയേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. 

മലേഗാവ് ഭീകരാക്രമണ കേസിലും പോലീസ് ആദ്യം തേടിയെത്തിയത് മുസ്‍ലിംകളെയാണ്. പിന്നീട് മഹാരാഷ്ട്ര എ ടി എസ് അന്വേഷണ ചുമതല ഏറ്റെടുക്കുന്നതോടെയാണ് ഹിന്ദുത്വ ഭീകരരാണ് പ്രതികളെന്ന സത്യം പുറത്തു വരുന്നത്. പക്ഷെ അതിനൊന്നും ദീര്‍ഘായുസ് ഉണ്ടായില്ല. അന്വേഷണ തലവന്‍ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടു. പിന്നീടിങ്ങോട്ട് അത്യന്തം നാടകീയമായിരുന്നു സംഭവങ്ങള്‍. ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരു സഭകളിലൊന്നില്‍ അംഗമാവുന്ന കാഴ്ച നിര്‍ന്നിമേഷരായി നോക്കി നില്‍ക്കാനേ നമുക്ക് കഴിഞ്ഞുള്ളൂ. ജനാധിപത്യത്തെയും ഇന്ത്യയെന്ന മഹത്തായ ആശയത്തെ തന്നെയും വിഴുങ്ങാൻ തക്ക ശേഷിയുള്ള ഈ കാൻസറിനെ യഥാവിധം ചികിൽസിച്ചില്ലെങ്കിൽ അതിന്റെ ഭീകരമായ പരിണിത ഫലം വൈകാതെ കാണേണ്ടി വരുമെന്നതിൽ യാതൊരു സംശയവുമില്ല. 


അഭംഗുരം നടമാടുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകളും അറസ്റ്റ് നാടകങ്ങളും നമ്മളുടെ പൊതുബോധത്തെ എത്രകാലമാണ് ഇനിയും തൃപ്തിപ്പെടുത്തുക. ദേശീയ ഏജൻസികളുടെ കണ്ടെത്തലുള്ക്ക് ആർപ്പുവിളിക്കുന്ന ജനത ഇനിയെന്നാണ് സത്യങ്ങള് തിരിച്ചറിയുക. വേണ്ടത് നിയമപരമായ സുരക്ഷയാണ്. അന്വേഷണ ഏജന്ർസികള് ഓഡിറ്റ് ചെയ്യപ്പെടട്ടെ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ. അവർ ദീർഘകാലം സേവിച്ച യജമാനന്മാരെ ലോകം കാണട്ടെ. അതിനു പ്രാഥമികമായി വേണ്ടത് ജനം മൗനം വെടിയുകയെന്നതാണ്. ജനാധിപത്യത്തിൻറെ യഥാർഥ ശബ്ദം മുഴങ്ങുകയും അതിൻറെ മാറ്റൊലി അനീതികളെ തുടച്ചുനീക്കുകയും നീതിയെ പുനസ്ഥാപിക്കുകയും ചെയ്യുന്ന കാലത്തിനായി പ്രത്യാശയോടെ കാത്തിരിക്കാം.


ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരെന്നും ഈറ്റില്ലമെന്നും സ്ഥാപിച്ചെടുക്കാന്‍ കഠിന യത്‌നം നടത്തുന്നതിനിടെ ചിലത് സോദ്ദേശപൂര്‍വം കാണാതിരിക്കുകയും കണ്ണുപൊത്തുകയും ചെയ്യേണ്ടതായി വരുമെങ്കിലും ഒരു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്ന പൗരന്മാര്‍ എന്ന നിലക്ക് അത്യന്തം ശ്രദ്ധയോടെ നോക്കിക്കാണുകയും തുടര്‍ ചലനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്യേണ്ട അനിവാര്യമായ ബാധ്യത നമ്മുടെയെല്ലാം തലക്കു മീതെയുണ്ടെന്ന് വസ്തുത മറക്കാവതല്ല. ഇന്നും ഇന്നലെയുമായി പുറത്ത് വന്ന, വോട്ട് മോഷണത്തിന്റെ ഞെട്ടിക്കുന്ന ഈ പശ്ചാത്തലത്തിലെങ്കിലും നാം ഈ അപകടകരമായ മൗനം വെടിഞ്ഞേ തീരൂ.


About the author:
അഹമ്മദ് കെ.കെ : കാലിക്കറ്റ്‌ സർവകലാശാല ബി. എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter