സ്ത്രീ മോചനത്തിന് മുതലക്കണ്ണീരൊഴുക്കുന്ന മോദി സര്‍ക്കാറിന് പരിചയമുണ്ടോ ഈ മുഖങ്ങള്‍?
ബഹുഭാര്യത്വത്തെയും മുത്വലാഖിനെയും നിയന്ത്രിക്കുക എന്ന പേരില്‍ മുസ്‌ലിം വ്യക്തിനിയമത്തെ തകര്‍ത്തെറിയാന്‍ രംഗത്തെത്തിയ ഇന്ത്യന്‍ ഭരണകൂടം മുസ്‌ലിം സ്ത്രീക്ക് ഭരണഘടന നിശ്ചയിച്ച അവകാശങ്ങള്‍ പോലും കഴിഞ്ഞ കാലം വകവെച്ചുനകാതെയാണ് ഇപ്പോള്‍ പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം സ്ത്രീയെ നീതി നിഷേധത്തില്‍നിന്നും കരകയറ്റുകയാണത്രെ അവരുടെ ഇപ്പോഴത്തെ ലക്ഷ്യം!
ഭരണഘടന ഓരോ ഇന്ത്യന്‍ പൗരനും ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം 2002 ല്‍ യാതൊരു ദയാദിക്ഷിണ്യവുമില്ലാതെ അശേഷം നിഷേധിക്കപ്പെട്ടത് ബി.ജെ.പി ഭരണം കൈയാളിയ ഗുജറാത്തിലായിരുന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് മാനഭംഗപ്പെടുത്തപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിരുന്നത്. ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. പോലീസ് ഉദ്ധ്യോഗസ്ഥന്മാര്‍ പോലും ഹിന്ദു ആക്രമണ അജണ്ട നടപ്പാക്കാന്‍ ഒപ്പം നിന്നുകൊടുക്കുകയായിരുന്നു അന്ന്.
ഖേദകരമെന്നു പറയട്ടെ, മുസ്‌ലിം സ്ത്രീത്വത്തിനു നേരെ ധിക്കാരപരമായി രംഗത്തുവന്ന ഈ കിരാതന്മാര്‍ക്കെതിരെ ഇന്ത്യയില്‍ ഇതുവരെ ഒരു നിയമവും നടപടിയെടുക്കാന്‍ തയ്യാറായില്ലായെന്നതാണ് സത്യം.
സാകിയ ജഫ്രിയാണ് ഇവിടെ ഏറെ വേദനിപ്പിക്കുന്ന ഒരു മുഖം. 2002 ല്‍ ഗുല്‍ബര്‍ഗയില്‍ നടന്ന കലാപത്തില്‍ ആര്‍.എസ്.എസ് അക്രമകാരികളാണ് അവരുടെ ഭര്‍ത്താവ് ഇഹ്‌സാന്‍ ജാഫ്രിയെ അതിദാരുണമായി കൊല നടത്തിയിരുന്നത്. സംഭവം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിനുള്ള നീതി അവര്‍ക്ക് ഇതുവരെ കൈവന്നിട്ടില്ല. കൊലയാളികള്‍ ശിക്ഷിക്കപ്പെട്ടതുമില്ല. പകരം അവര്‍ മഹത്വവല്‍കരിക്കപ്പെടുകയായിരുന്നു.
ബില്‍ഖീസ് ബാനു എന്ന പാവപ്പെട്ട ഒരു പെണ്‍കുട്ടിയാണ് അതിദയനീയമായ മറ്റൊരു മുഖം. 2002 ല്‍ ഗുജറാത്ത് കലാപ ഘട്ടം. പ്രാണരക്ഷാര്‍ത്ഥം ഒരു ട്രക്കില്‍ കുടുംബ സമേതം രക്ഷപ്പെടുകയായിരുന്നു. അപ്പോഴാണ് 35 അംഗസംഘം വരുന്ന കൊലയാളികള്‍ കടന്നാക്രമിക്കുന്നത്. ഇതില്‍ തന്റെ കുടുംബത്തിലെ ഏഴു പേരും അതിദാരുണമായി വധിക്കപ്പെടുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരെ സി.ബി.ഐ മരണശിക്ഷ വിധിച്ചിട്ടും 'കലാപത്തിന്റെ അണിയറാശില്‍പികള്‍' ആ വിധി മുഖവിലക്കെടുക്കാതെ മാറ്റിനിര്‍ത്തുകയായിരുന്നു.
ഇശ്‌റത്ത് ജഹാന്‍ എന്ന 19 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരിയായ പെണ്‍കുട്ടിയാണ് മറ്റൊരു മുഖം. 2004 ല്‍ ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണ് അവര്‍ വധിക്കപ്പെട്ടിരുന്നത്. ഇശ്‌റത്ത് എല്‍.ഇ.ടി തീവ്രവാദിയല്ലെന്നും ഇത് പോലീസ് മെനഞ്ഞുണ്ടാക്കിയ വ്യാജ ഏറ്റുമുട്ടല്‍ മാത്രമാണെന്നും തെളിവു സഹിതം പുറത്തുവന്നിട്ടും നീതി അവിടെയും കണ്ണടക്കുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഈ കേസിലെ മുഖ്യ ആരോപിതന്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി. വന്‍സറ 2015 ഫെബ്രുവരിയില്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കയാണ്. ഈയിടെ അയാള്‍ ഗന്ധിനഗറിലേക്കു തന്നെ തിരിച്ചുപോകുന്നതായും നമ്മള്‍ അറിഞ്ഞു.
ഏറ്റവും ഒടുവില്‍ ബീഫ് ആരോപണത്തിന്റെ പേരില്‍ ദാദ്രിയില്‍ നടന്ന അഖ്‌ലാഖിന്റെ കൊലപാതകം. ഇതിലൂടെ പെരുവഴിയിലായിരിക്കുന്നത് മൂന്ന് സ്ത്രീകളുടെ ജീവിതങ്ങളാണ്. അഖ്‌ലാഖിന്റെ ഉമ്മ, ഭാര്യ, മകള്‍ എന്നിവരാണവര്‍. കേവലം ഒരു കിംവദന്തിയുടെ പേരില്‍ മാത്രമായിരുന്നു ഈ കൊലപാതകം. ആര്‍.എസ്.എസ് നേതാക്കളടങ്ങുന്ന ടീമായിരുന്നു ഈ കൊലക്കുപിന്നിലെന്ന് വ്യക്തമായി തെളിഞ്ഞതുമാണ്. എന്നിട്ടും നീതി ആ കുടുംബത്തിന് എതിര് തന്നെയായിരുന്നു.
മേവാത്തിലെ ഇരട്ടക്കൊലയും കൂട്ട മാനഭംഗവുമാണ് ഈയിടെ നടന്ന മറ്റൊരു സംഭവം. ഒരു കുടുംബത്തിലെ പാവം പെണ്‍കുട്ടികളെയാണ് ഗോരക്ഷകര്‍ എന്ന പേരില്‍ രംഗത്തുവന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ദാരുണമായി മാനഭംഗത്തിനിരയാക്കിയത്. സംഗതി മാധ്യമ ശ്രദ്ധ നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി നിസ്സാര കാര്യം എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്. അതോടെ നീതി അവിടെയും വഴി മാറി നീങ്ങുകയായിരുന്നു.
ഇവിടെയാണ് സുപ്രധാനമായൊരു ചോദ്യം ഉയരുന്നത്; ഇന്ത്യയില്‍ വിവാഹ മോചനം, ബഹുഭാര്യത്വം എന്നിവയെക്കാള്‍ വളരെ നിസ്സാരമാണോ ഇത്തരം ദാരുണമായ കൊലപാതകങ്ങള്‍? കണക്കുകള്‍ പറയുന്നത് ഇത്തരം കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ ക്രൂരതകള്‍ക്കും ഇരയായ സ്ത്രീകളുടെ എണ്ണമാണ് ഇന്ത്യയില്‍ മറ്റേതിനെക്കാള്‍ ഏറ്റവും കൂടുതല്‍ എന്നാണ്.
ഇന്ത്യയിലെ സ്ത്രീകളുടെ അവകാശ നിഷേധങ്ങളെയും അവര്‍ക്കുനേരെയുള്ള അനീതിയെയും പഠനവിധേയമാക്കുന്നവര്‍ ഗുജറാത്ത്, നില്ലി, മുസാഫര്‍ നഗര്‍ പോലെയുള്ള കലാപങ്ങളില്‍ വധിക്കപ്പെട്ടവരുടെ ഭാര്യ, സഹോദരി, മാതാവ് എന്നിവരില്‍നിന്നാണ് തങ്ങളുടെ പഠനം തുടങ്ങേണ്ടത്. നീതിനിഷേധത്തിന്റെ മഹാ കഥകള്‍ തന്നെ ഇതില്‍നിന്നും വായിച്ചെടുക്കാന്‍ കഴിയും. ഒരു ഭാഗത്ത് മുസ്‌ലിം ഉദ്യോഗാര്‍ത്ഥിനികളെ പരീക്ഷക്കിരിക്കുമ്പോള്‍ ഹിജാബ് വിലക്കുന്ന സര്‍ക്കാര്‍ തന്നെയാണ് മറുഭാഗത്ത് മുസ്‌ലിം സ്ത്രീക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത് എന്നതാണ് വലിയ വിരോധാഭാസം.
വിവി. ഇര്‍ശാന അയ്യനാരി



Leave A Comment