നമ്മുടെ ജീവിതത്തെ മറ്റാരോ നിയന്ത്രിക്കുന്നത് നിങ്ങളിഷ്ടപ്പെടുമോ?
billsനമ്മുടെ സംസ്‌കാരവും പാരമ്പര്യവും ചിന്തയും ബോധവുമെല്ലാം മാറിക്കൊണ്ടിരിക്കുന്നുവെന്നത് വാര്‍ത്തമാനകാലയാഥാര്‍ത്ഥ്യമാണ്. കമ്പോളവും അതിന്റെ സാമ്പത്തിക ക്രമവും ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുമ്പോള്‍ ആ ദൗത്യം പ്രധാനമായും നിര്‍വഹിക്കുന്നത് പരസ്യങ്ങളാണ്. വര്‍ത്തമാനകാല ജീവിതരീതിയെ നിയന്ത്രിക്കുന്നതില്‍ പരസ്യങ്ങള്‍ പ്രധാനറോള്‍ വഹിക്കുന്നുണ്ട്. കുടുംബ-സാമൂഹിക ബന്ധങ്ങളെ പുനര്‍നിര്‍മിക്കാന്‍ ഉപഭോഗപരതയുടെ പരസ്യപ്പലകകള്‍ സൃഷ്ടിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന മായാവലയത്തിന് സാധിച്ചിരിക്കുന്നു. പരസ്യങ്ങള്‍ ഇന്ന് വിസ്മയം നിറഞ്ഞ വിപണിയിലേക്കുള്ള കവാടം മാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്നുപോയ ജീവിത ശൈലിയുടെ സ്വപ്നനൊമ്പരങ്ങള്‍ കൂടിയാണ്. പരസ്യങ്ങളുടെ കമ്പോളപ്രാധാന്യത്തേക്കാള്‍ ഇവിടെ നാം അന്വേഷിക്കുന്നത് അവ നമ്മളില്‍ ചെലുത്തുന്ന അപ്രായോഗികതയും അസ്വാഭാവികതയും നിറഞ്ഞ ജീവിത രീതിയാണ്. വിശാലമായ വയലുകളെ മറച്ചുകൊണ്ട് കൂറ്റന്‍ പരസ്യപ്പലകകള്‍ നമ്മെ നോക്കി ചിരിച്ചുനില്‍ക്കുകയാണ്. വീടുകള്‍ക്കിടയില്‍ മതിലുകള്‍ വരുന്നതും മതിലുകളില്‍നിന്ന് പൂപ്പലും ചുവരെഴുത്തും ഒഴിവാക്കപ്പെടുന്നതും അവിടെ ഒരു കമ്പനിയുടെ ഉല്‍പന്നത്തിന്റെ പരസ്യം ഇടം കണ്ടെത്തുന്നതും ഒരു സമൂഹത്തിന്റെ അന്യവല്‍കരണപ്രക്രിയയുടെ തുടക്കമാണ്. പരസ്യങ്ങള്‍ നമ്മോടു സംവദിക്കുന്ന രീതികളാണ് പലപ്പോഴും അതിനെ പോപ്പുലറാക്കുന്നത്. നമ്മള്‍ അറിയാതെ അതില്‍ വഴുതിവീഴുന്നു. പരസ്യങ്ങള്‍ ബോധപൂര്‍വം ലക്ഷ്യമിടുന്നത് കൗമാരപ്രായക്കാരെയാണ്. അവരുടെ സ്വാഭാവികമായ ആകാംക്ഷയെയും കാല്‍പനിക ചിന്തകളെയും ലോലവികാരങ്ങളെയും ചൂഷണം ചെയ്യാന്‍ മനഃശാസ്ത്രപരമായാണ് അവ ചിട്ടപ്പെടുത്തുന്നത്. ഒരു പ്രത്യേക ബ്രാന്റ് സോപ്പുപയോഗിച്ചു കുളിക്കാത്ത ദിവസം കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം പോകുന്നു. വീണ്ടും ഇത് ഉപയോഗിക്കുമ്പോള്‍ കാമുകന്‍ തിരിച്ചുവരുന്നു. ഇത്തരം പരസ്യങ്ങള്‍ കൗമാരക്കാരെ മാത്രമല്ല, സമൂഹത്തെ മൊത്തത്തില്‍ വഴിതെറ്റിക്കുന്നുണ്ട്. ജീവിതത്തില്‍ സൗന്ദര്യം ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവാണ്. പലപ്പോഴും സൗന്ദര്യത്തെ ആസ്വദിക്കുമ്പോഴാണ് സൗന്ദര്യത്തിന്റെ പൂര്‍ണത സാധ്യമാവുന്നത്. നമ്മില്‍ അന്യമായ പലതും സ്വപ്നത്തിലെന്നപോലെ നമ്മിലേക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ നാം അറിയാതെ അതിലേക്കു വഴുതി വീഴുന്നു. പരസ്യങ്ങള്‍ ചെയ്യുന്നതും ഇതുതന്നെയാണ്. പ്രത്യേകിച്ചും യുവതലമുറയെ സ്വാധീന വലയത്തിലൊതുക്കി കമ്പോളത്തെ വിശാലമാക്കാന്‍ ശ്രമിക്കുകയാണ്. കൗമാരക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന രംഗങ്ങള്‍ പരസ്യങ്ങളിലൂടെ അവരുടെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ എളുപ്പത്തില്‍ അവര്‍ ആ ഉല്‍പന്നത്തിന്റെ ഉപഭോക്താവായി മാറുന്നു. മനുഷ്യമനസ്സുകളെ കീഴടക്കാന്‍ ബാഹ്യസൗന്ദര്യത്തിന്റെ വ്യത്യസ്തതലങ്ങള്‍ ബുദ്ധിപൂര്‍വം വളരെ മനോഹരമായി അവര്‍ ഉപയോഗിക്കുന്നു. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ചര്‍മം നിറം വെച്ചില്ലെങ്കില്‍ കമ്പനി നിങ്ങള്‍ മുടക്കുന്ന പണം തിരിച്ചുനല്‍കുന്നതാണ്. ഇവിടെ സംഭവിക്കുന്നത് മനുഷ്യസൗന്ദര്യാസക്തിയെ ചൂഷണം ചെയ്യുക മാത്രമല്ല, ഉപഭോക്താവിനെ മനഃപൂര്‍വം വഞ്ചിക്കുക കൂടിയാണ്. ഏതു പരസ്യത്തിന്റെയും അടിസ്ഥാന ഘടകം സെക്‌സും സൗന്ദര്യവുമാണ്. ഇവ രണ്ടിലുപരി മനുഷ്യനെ,പ്രത്യേകിച്ചും യുവതയെ ആകര്‍ഷിക്കാന്‍ മറ്റ് ഒന്നിനും കഴിയുകയില്ല എന്ന സാമാന്യബോധമാണ് ഇതിനുപിന്നില്‍. നാം ഉപയോഗിക്കുന്ന സോപ്പായാലും, ഷാമ്പുവായാലും, ചെരിപ്പായാലും, വസ്ത്രമായാലും അതിന്റെയൊക്കെ പിന്നില്‍ നമ്മെ മയക്കുന്ന സെക്‌സിന്റെയോ, സൗന്ദര്യത്തിന്റെയോ റൊമാന്‍സിന്റെ ഘടകങ്ങള്‍ കാണാം. തിരിച്ചറിവുകള്‍ നഷ്ടമായ സമൂഹം എളുപ്പത്തില്‍ ഇതില്‍ വീണുപോവുന്നു. ഇവിടെ പരസ്യങ്ങള്‍ പലപ്പോഴും സൗന്ദര്യത്തിന്റെ നിറഭേദങ്ങളാണ്. സെക്‌സിന്റെ മിഴിയടഞ്ഞ മഞ്ഞവര്‍ണനകളായും, പ്രണയത്തിന്റെ കുളിരു കോരിയിടുന്ന ചിത്രങ്ങളായും ഇവ നമ്മോടു സംവദിക്കുന്നു. ഇവിടെ സദാചാരം ബലികഴിക്കപ്പെടുന്നു. ധാര്‍മിക മൂല്യങ്ങള്‍ പലപ്പോഴും കുഴിച്ചുമൂടപ്പെടുന്നു. ബന്ധങ്ങള്‍ക്കിടയിലെ ആത്മശുദ്ധിയുടെ നേരിയ കിനിവുപോലും കാത്തുസൂക്ഷിക്കാന്‍ പരസ്യങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. കമ്പോളം സൗഹൃദപരമായ മാനസികാവസ്ഥ സൃഷ്ടിക്കുവാനും, ഉപഭോക്താക്കളെ കയ്യിലെടുക്കാനും ഏറ്റവും പ്രയോജനപ്പെടുത്തുന്നത് ലൈംഗികതയെയാണ്. സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ കമ്പോളത്തില്‍ പരീക്ഷിക്‌പ്പെടുന്നത് സ്ത്രീ ശരീരത്തെയും ലൈംഗികതയെയും ഏച്ചുകെട്ടിയാണ്. വസ്ത്രങ്ങളുടെ രതിപരത (ഉൃലശൈിഴ ഋൃശശtuാെ) ഇന്ന് ഏറ്റവും സമര്‍ത്ഥമായി പരസ്യ കലയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഓരോ ഉല്‍പന്നവും ഓരോ ലൈംഗികാനുഭവമായി മാറുകയാണിവിടെ. പരസ്യങ്ങളുടെ ആധുനിക ട്രെന്റില്‍ സെക്‌സിന്റെ അമിതമായ പ്രാധാന്യം ഭയപ്പെടുത്തുന്ന ചോദ്യമാണ്. മിക്ക മാധ്യമങ്ങളുടെയും നിലനില്‍പിന്റെ ഭാഗമായി പരസ്യങ്ങള്‍ മാറിയിരിക്കുന്നു. ഇവിടെ പരസ്യങ്ങള്‍ പ്രചാരണത്തിന്റെ ലാഭവിഹിതം കൂടിയാണ്. ഇവിടെ സംഭവിക്കുന്നത് യുഗാന്തരങ്ങളായി നമ്മില്‍ നിലനില്‍ക്കുന്ന ചില സദാചാരമൂല്യങ്ങളുടെ നഷ്ടപ്പെടലാണ്. കുടുംബവുമൊത്ത് വാര്‍ത്ത കാണാനിരിക്കുമ്പോഴും പരസ്യപ്രളയത്തിലെ 'സെകഷ്വല്‍ പെര്‍ഫോമെന്‍സ്' നാം കാണേണ്ടി വരുന്നു. ഇവിടെ പരസ്യങ്ങള്‍ നിര്‍മിക്കുന്ന കൃത്രിമ സദാചാരത്തിന്റെ വേലിയേറ്റത്തില്‍ ബന്ധങ്ങളുടെ ഊഷ്മളതയും ആര്‍ദ്രതയും നഷ്ടപ്പെടുകയാണ്. ഇവിടെ പരസ്യങ്ങള്‍ക്കൊത്ത് ആധുനികന്റെ ജീവിതവും മാറുകയാണ്. ഭര്‍താവിന് ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് മൊബൈല്‍ ഫോണ്‍ വാങ്ങിയാണ് എന്ന് കമ്പോളം പറയുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ 'മൊബൈല്‍ ഫോണ്‍' എന്ന മറ്റൊരു ചിഹ്നം കൂടി കടന്നുവരുന്നു. കുറച്ചുനാള്‍ മുമ്പുവരെ ഉപഭോക്താവ് വിപണിയിലുള്ളത് സ്വീകരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഉപഭോക്താവിന്റെ അഭിരുചികള്‍ക്കനുസൃതമായി ഉല്‍പന്നങ്ങള്‍ വ്യത്യസ്ത 'ബ്രാന്റു'കളായി നിര്‍മിക്കപ്പെടുകയാണ്. മാറുന്ന ട്രെന്റുകള്‍ക്കനുസരിച്ച് പുത്തന്‍ ബ്രാന്റുകളില്‍ ഉല്‍പന്നങ്ങള്‍ നമുക്കു മുമ്പിലെത്തുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പരസ്യങ്ങള്‍ ബോധപൂര്‍വം നഷ്ടപ്പെടുത്തുകയും, നമ്മെ ചില ബ്രാന്റുകളുടെ അടിമകളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇത് മനുഷ്യന്റെ സാമാന്യബോധത്തെ തകര്‍ക്കുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ പുതിയ 'കൊളോണിയല്‍' തന്ത്രമാണ്. ഇതിനെ നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ജീവിതം കൈപിടിയില്‍ നിന്നു പതുക്കെ വഴുതിപ്പോവുകയാണെന്ന സത്യം ഉള്‍കൊണ്ട് നാം തിരിഞ്ഞു നടക്കേണ്ടതുണ്ട്. അരി വാങ്ങാന്‍ റേഷന്‍ കടക്കുമുന്നില്‍ ക്യൂ നിന്ന പഴയ കാലത്തിന്റെ ചിതലരിക്കാത്ത ഓര്‍മകള്‍ അയവിറക്കുമ്പോഴും 'സിം' കാര്‍ഡിനു വേണ്ടി ക്യൂ നില്‍ക്കുന്ന പുത്തന്‍ 'സ്റ്റാറ്റസ്' കള്‍ച്ചറിലേക്ക് നടന്നുനീങ്ങുന്ന മലയാളിയുടെ കടുത്ത ചിന്തകളിലൂടെയാണ് മനസ്സ് കടന്നുപോവുന്നത്. വിപണിയുടെ മാറിക്കൊണ്ടിരിക്കുന്ന സൂക്തങ്ങളില്‍ വിശ്വസിച്ച് ജീവിതത്തെ ക്രമീകരിച്ചതിന്റെ ദുരന്തങ്ങളുടെ ഇരുണ്ട ചിത്രങ്ങളാണ് ചുറ്റുപാടുകളില്‍നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തഴച്ചുവളരുന്ന 'ബ്ലേഡു' സംസ്‌കാരത്തിന്റെ ബലിയാടുകളായി റെയില്‍ പാളങ്ങളിലും ഒരു തുണ്ടം കയറിലും അഭയം തേടുന്നവരില്‍ നല്ലൊരു ശതമാനവും നിത്യജീവിതത്തിന്റെ ആവശ്യങ്ങളേക്കാള്‍ സുഖഭോഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയവരായിരുന്നുവെന്ന പുതിയ കണ്ടെത്തല്‍ ഇതിനോടു ചേര്‍ത്തുവായിക്കാം. കേരളീയന്റെ മനസ്സില്‍ 'Stick no bills' എന്നെഴുതിവെക്കാന്‍ ഇനിയുമെത്ര നാള്‍ കാത്തുനില്‍ക്കേണ്ടി വരും?!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter