ദക്ഷിണാഫ്രിക്കൻ മുസ്‌ലിംകൾ (ഭാഗം 1)
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊളോണിയൽ അധിനിവേശം ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്ക. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഡച്ച് കൊളോണിയലിസ്റ്റുകൾ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയത്. ബ്രിട്ടീഷ് ആധിപത്യം ഈ മേഖലയിൽ ആരംഭിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടീഷ് അധിനിവേശം ദക്ഷിണാഫ്രിക്ക സ്വാതന്ത്ര്യം നേടുന്നതുവരെ (1931) തുടർന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം യഥാർത്ഥ സ്വാതന്ത്ര്യമായിരുന്നില്ല അത്. മനുഷ്യ വംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ വർണ്ണവിവേചനമാണ് പിന്നീട് അവിടെ നടമാടിയിരുന്നത്. വർണ്ണവിവേചന ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഫലമായി, 1994 -ൽ രാജ്യത്ത് ഒരു ഭരണമാറ്റം സംഭവിച്ചു. അതേ വർഷം മുഴുവൻ സമൂഹത്തിനും സ്വതന്ത്രമായി വോട്ടുചെയ്യാൻ കഴിയുന്ന തിരഞ്ഞെടുപ്പ് നടന്നു. അനന്തരം നെൽസൺ മണ്ടേല ആദ്യത്തേ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
60 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയിൽ വിവിധ വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ ജീവിക്കുന്നുണ്ട്. ജനസംഖ്യയുടെ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകൾ ജനസംഖ്യയുടെ 3% വരും. ദക്ഷിണാഫ്രിക്കൻ മുസ്‌ലിംകളിൽ ഭൂരിഭാഗവും മലായ്, ഇന്ത്യൻ വംശജരാണെങ്കിലും, കറുത്ത വർഗ്ഗക്കാരായ മുസ്‌ലിംകളുമുണ്ട്.
ഇന്ന്, ദക്ഷിണാഫ്രിക്കയിൽ മുസ്‌ലിം ഗ്രൂപ്പുകൾ, നിരവധി സ്കൂളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സംഘടനകൾ എന്നിവയിലൂടെ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. വെള്ളക്കാരുടെ വംശീയ ഭരണകൂടത്തിന്റെ വർണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെ രാജ്യത്തെ പ്രധാന സാമൂഹിക-രാഷ്ട്രീയ ഘടകങ്ങളിൽ പ്രധാനികളാണ് മുസ്‌ലിംകൾ.
മുസ്‌ലിം കുടിയേറ്റവും ചരിത്രവും
ദക്ഷിണാഫ്രിക്കയിലെ മുസ്‌ലിംകളുടെ വരവ് നാല് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് നടന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (1652) മലേഷ്യൻ രാജ്യങ്ങളിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് നാടുകടത്തപ്പെട്ട മുസ്‌ലിംകളാണ് ആദ്യ വിഭാഗം. ഇന്തോനേഷ്യൻ ദ്വീപ്സമൂഹം, ജാവ, ബാലി, സുന്ദ ദ്വീപുകൾ, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്ന്, അടിമകൾ, സേവകർ, അഭയാർഥികൾ രാഷ്ട്രീയ തടവുകാർ എന്നിങ്ങനെ ഡച്ച് കോളനിക്കാർ മുസ്‌ലിം മലയന്മാരെ ഈ പ്രദേശത്തേക്ക് കൊണ്ടുവന്നിരുന്നു. ഈ കാലയളവിൽ, നിരവധി ഭരണാധികാരികളെയും ഉലമാക്കളെയും ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവന്ന് റോബൻ ദ്വീപിൽ തടവിലാക്കുകയും ചെയ്തിരുന്നു. അതിൽപെട്ടവരാണ് ഷെയ്ഖ് യൂസഫ്. ദക്ഷിണാഫ്രിക്കൻ മുസ്‌ലിംകൾ അദ്ദേഹത്തെ ഇസ്‌ലാമിന്റെ സ്ഥാപകനും ആത്മീയ നേതാവുമായി കണക്കാക്കുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ മുസ്‌ലിം കുടിയേറ്റം നടക്കുന്നത് 1807-ലാണ്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അടിമകളായി ഒത്തുകൂടിയ നൂറുകണക്കിന് മുസ്‌ലിംകളെ ഇന്ന് ഡർബൻ നഗരം പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് കൊണ്ടുവന്നു. കുറച്ചുകാലത്തിനുശേഷം ഈ ആളുകൾ അവരുടെ സ്വാതന്ത്ര്യം നേടി മേഖലയിലെ ആദ്യത്തെ തദ്ദേശീയ മുസ്‌ലിം കൂട്ടായ്‌മ രൂപീകരിച്ചു.
19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ സംഭവിച്ചതാണ് മുസ്‌ലിം കുടിയേറ്റത്തിന്റെ മൂന്നാമത്തെ പ്രധാന തരംഗം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് കേപ് ടൗണിലേക്കുള്ള വരവാണത്. രണ്ട് ഘട്ടങ്ങളിലായി വന്ന ഇന്ത്യൻ മുസ്‌ലിംകളെ നടാലിലെ പഞ്ചസാര തോട്ടങ്ങളിൽ ജോലി ചെയ്യാൻ കരാർ തൊഴിലാളികളായി ബ്രിട്ടീഷുകാർ കൊണ്ടുവരികയായിരുന്നു. രണ്ടാം ഘട്ടത്തിലെത്തിയ മുസ്‌ലിംകൾ പിന്നോക്ക ഗ്രാമീണ പട്ടണങ്ങൾ, ഖനന പട്ടണങ്ങൾ, ആഫ്രിക്കൻ ആദിവാസി മേഖലകൾ, നടാലിലെ വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപാരം ആരംഭിച്ചു. ഈ സംഘം പിന്നീട് ദക്ഷിണാഫ്രിക്കയിലെ വികസ്വര മുസ്‌ലിം സമൂഹത്തിന്റെ കാതലായും രൂപപ്പെട്ടു.
Also Read:കെനിയയിലെ മുസ്‌ലിം ന്യൂനപക്ഷം
1863 ൽ ഓട്ടോമൻ സ്റ്റേറ്റ് ഈ പ്രദേശത്തേക്ക് അയച്ച ശൈഖ് എബുബെക്കിർ എഫെൻഡിയാണ് മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചത്. എബുബെക്കിർ എഫെണ്ടിയുടെ പ്രവർത്തനം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങിയില്ല. 1876 -ൽ ഓട്ടോമൻ സാമ്രാജ്യം ഈ പ്രദേശത്തെ മുസ്‌ലിംകൾക്കായി നിരവധി ഇസ്‌ലാമിക പുസ്തകങ്ങൾ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ സുലു സൈനികർക്ക് പരിശീലനവും സാമ്പത്തിക സഹായവും നൽകി. ബന്ധങ്ങൾ വികസിച്ചതിന്റെ ഫലമായി, മേഖലയിലെ നൂറുകണക്കിന് മുസ്‌ലിം സന്നദ്ധപ്രവർത്തകർ ഓട്ടോമൻ റാങ്കുകളിൽ പോരാടാൻ ട്രിപ്പോളിയിലേക്ക് പോയി.
രാജ്യത്തെ നാലാമത്തെ വലിയ കുടിയേറ്റ തരംഗം നടന്നത് 1994 -ലെ വർണ്ണവിവേചന ഭരണത്തിന്റെ പതനത്തിനുശേഷമാണ്. മലാവി, സാൻസിബാർ, സൊമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് മുസ്‌ലിംകൾ ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കുകയും നിക്ഷേപം നടത്തിയും ജോലി കണ്ടെത്തിയും അവിടെ ഒരു പുതിയ ജീവിതം സ്ഥാപിക്കുകയും ചെയ്തു.
ജനസംഖ്യാ ഘടന
ദക്ഷിണാഫ്രിക്കയിലെ സാധാരണമായ മതം ക്രിസ്തുമതമാണ്. രാജ്യത്തെ ജനസംഖ്യയുടെ 86% ക്രിസ്ത്യാനികളാണ്. ഏകദേശം 5% പ്രാദേശിക ആഫ്രിക്കൻ മതങ്ങളിൽ പെട്ടവരുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ 60 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 3% ആണ് മുസ്ലീങ്ങൾ എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നതെങ്കിലും, ഫീൽഡ് പഠനങ്ങളുടെ ഫലങ്ങളും മുസ്‌ലിം സംഘടനകൾ പറയുന്ന കണക്കുകളും വ്യത്യസ്തമാണ്. ഇത് അനുസരിച്ച്, ഉപ-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, പാകിസ്ഥാൻ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരുടെ വരവ് കാരണം റിപ്പബ്ലിക്ക് ഓഫ് ദക്ഷിണാഫ്രിക്കയിലെ മുസ്‌ലിം ജനസംഖ്യ 4 ദശലക്ഷം (7 ശതമാനത്തോളം) വരുമെന്ന് കണക്കാക്കുന്നു.
മലാവി, സൊമാലിയ, നൈജീരിയ, അറബ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നതിനാലാണ്, ഔദ്യോഗിക കണക്കുകളില്‍ എണ്ണം കുറയുന്നതിന്റെ കാരണമായി പറയപ്പെടുന്നത്.
ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകൾ, പടിഞ്ഞാറൻ കേപ്പ് (7.3%), ക്വാസുലു-നതാൽ (2.6%), ഗൗട്ടെങ് (1.5%) എന്നിവിടങ്ങളിൽ താമസിക്കുന്നു. മുസ്‌ലിംകളുടെ വംശപരമ്പര പരിശോധിക്കുമ്പോൾ, അവർ 46% മലായ് വംശജരും 38% ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ളവരും 10% കറുത്തവരും 6% മറ്റ് വംശീയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
ഇന്തോനേഷ്യൻ വംശജരായ മലായ് മുസ്‌ലിംകൾ കേപ് പ്രവിശ്യയിലാണ് താമസിക്കുന്നത്. ഇന്ത്യൻ മുസ്‌ലിംകൾ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് നടാലിലും ട്രാൻസ്വാളിലുമാണ്. ജോഹന്നാസ്ബർഗ്, ഡർബൻ, പീറ്റർമാരിറ്റ്സ്ബർഗ് മേഖലയിലെ വിറ്റ്സ്വാട്ടർസ്റാൻഡിന്റെ മഹാനഗരം എന്നിവിടങ്ങളിലും ഇന്ത്യൻ വംശജരായ മുസ്‌ലിംകൾ താമസിക്കുന്നു.
മുസ്‌ലിം സമൂഹത്തിന്റെ മറ്റൊരു പ്രധാന ഭാഗം കറുത്ത മുസ്‌ലിംകളാണ്. ഡർബനിൽ സാൻസിബേറിയൻ, മലാവിയൻ കുടിയേറ്റത്തോടെ ആദ്യമായി വളരാൻ തുടങ്ങിയ ഈ സംഘം 1970 കളിലും 1980 കളിലും വംശീയതയ്ക്കും വർണ്ണവിവേചനത്തിനുമെതിരെ നടത്തിയ ഇസ്‌ലാമിക പോരാട്ടത്തിന്റെ കരുത്തിൽ കൂടുതൽ വികസിച്ചു. ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച് ആഫ്രിക്കൻ യുവാക്കൾക്കിടയിൽ ഇസ്‌ലാം പ്രചരിച്ചതോടെ രാജ്യത്ത് കറുത്ത മുസ്‌ലിംകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഈ ആളുകൾ സാധാരണയായി വലിയ നഗരങ്ങളിലെ ചേരികളിലും ഗെട്ടോകളിലും താമസിക്കുന്നു.
വെസ്റ്റേൺ കേപ് മുസ്‌ലിംകളും നേറ്റൽ, ട്രാൻസ്വാൾ മുസ്‌ലിംകളും തമ്മിലുള്ള വ്യത്യാസങ്ങൾ വംശീയവും സാംസ്കാരികവും മാത്രമല്ല. ഈ ഗ്രൂപ്പുകളെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ഇസ്‌ലാം മതത്തിന്റെ വ്യാഖ്യാനത്തിലും ജീവിതത്തിലും വലിയ വ്യത്യാസങ്ങളുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. നേറ്റലിലും ട്രാൻസ്വാളിലുമുള്ള ഇസ്‌ലാം ഇന്ത്യൻ, ഇന്തോ-പാകിസ്ഥാൻ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നു. അതേസമയം പടിഞ്ഞാറൻ മുനമ്പിലെ ഇസ്‌ലാം തെക്കുകിഴക്കൻ ഏഷ്യൻ ഇസ്‌ലാമിന്റെ ഘടകങ്ങളും തദ്ദേശീയ ആഫ്രിക്കൻ സംസ്കാരവും കൂടിച്ചേരുന്ന ഒരു സമന്വയമാണ്. പടിഞ്ഞാറൻ മുനമ്പിലെ മുസ്‌ലിം സമുദായങ്ങൾ കൂടുതൽ സാംസ്കാരികമായി പ്രതിരോധശേഷിയുള്ളവരാണ്. കാരണം അവർ ഏകദേശം 300 വർഷത്തോളം ദക്ഷിണാഫ്രിക്കയിലെ വിവിധ മതങ്ങളോടും സംസ്കാരങ്ങളോടും ഒപ്പം ജീവിച്ചവരാണ്.
Leave A Comment