അല്‍ബേനിയ
100% ശതമാനം സാക്ഷരത നേടിയ യൂറോപ്പിലെ ഭൂരിപക്ഷ മുസ്ലിം രാഷ്ട്രമാണ് അല്‍ബേനിയ. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് അല്‍ബേനിയ എന്ന ഔദ്യോഗിക നാമത്തിലറിയപ്പെടുന്ന രാജ്യത്തിന്റെ തലസ്ഥാനം ടിറാനയാണ്. വടക്കും കിഴക്കും സെര്‍ബിയ, മോണ്‍ടിനെഗ്രോ എന്നീ രാജ്യങ്ങളും പടിഞ്ഞാറ് ആഡ്രിയാറ്റിക് കടലും തെക്ക് ഗ്രീസുമാണ് അതിര്‍ത്തികള്‍. വ്യവസായികമായി യൂറോപ്പ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പിന്നിലുള്ള അല്‍ബേനിയ കാര്‍ഷിക വൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നത്. രണ്ടാം ലോക മഹാ യുദ്ധത്തോടെ കൂട്ടു കൃഷി സമ്പ്രദായവും നിലവില്‍ വന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മാതൃഭാഷയായ അല്‍ബേനിയന്‍ ഭാഷക്ക് സ്വന്തമായ ലിപിയുണ്ടായത്. അതു വരെ ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ക്കായിരുന്നു പ്രചാരം. ഇരുപതാം ശതകത്തിന്‍റെ ആരംഭത്തോടെ ദേശീയഭാഷയ്ക്ക് ലാറ്റിന്‍ അക്ഷരമാലക്രമം സ്വീകരിച്ചു; എന്നാല്‍ സംസാരഭാഷകളിലുള്ള വൈവിധ്യം ഒഴിവാക്കി ഏകരൂപമായ ദേശീയഭാഷ ആവിഷ്കരിക്കുവാന്‍ അല്‍ബേനിയക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അല്‍ബേനിയയിലേ ജനസംഖ്യ 35,00,000 –ത്തോളം വരുന്നു. 'ലേക്' ആണ് അല്‍ബേനിയയുടെ കറന്‍സി.
ചരിത്രം
പ്രാചീന കാലം മുതല്‍ത്തന്നെ ജനവാസമുള്ള പ്രദേശമായിരുന്നു അല്‍ബേനിയ. ബി. സി ആയിരമാണ്ടില്‍ നാടു ഭരിച്ചിരുന്നതു ഇല്ലീറിയമാരായിരുന്നു. ബി.സി 167-ല്‍ റോമക്കാരുടെ വരവോടെ ഇല്ലീരിയന്‍ കാലം അവസാനിച്ചു. എ.ഡി. 395-ല്‍ റോമാസാമ്രാജ്യം പശ്ചിമ-പൂര്‍വ ഭാഗങ്ങളിലായി വിഭജിതമായപ്പോള്‍ അല്‍ബേനിയ ബൈസന്റൈന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. ഇല്ലീറിയ എന്ന പേരിലറിയപ്പെട്ടിരുന്ന നാടിന് അല്‍ബേനിയ എന്ന നാമകരണം ചെയ്തത് ബൈസന്റൈന്‍ രാജാവായ അലക്സിയസ് കോംനേനസിന്റെ പുത്രി അന്നാ കോംനേനസാണ്. അഞ്ചാം നൂറ്റാണ്ടില്‍ റോമന്‍ ശക്തിയുടെ തകര്‍ച്ചയും അവാറുകള്‍, ഹൂണന്മാര്‍, ഗോത്തുകള്‍ എന്നിവരുടെ കടന്നാക്രമണവും ആറും ഏഴും നൂറ്റാണ്ടുകളിലുണ്ടായ സ്ളാവുകള്‍, ബള്‍ഗേറിയക്കാര്‍, സെര്‍ബുകള്‍ എന്നിവരുടെ വരവും അല്‍ബേനിയയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്. ക്രി:1350 നുശേഷം അല്‍ബേനിയ ചെറിയ ഫ്യൂഡല്‍സ്റ്റേറ്റുകളായി വിഭജിക്കപ്പെട്ടു.
1385-ല്‍ രാജ്യത്തെ പ്രധാന ശക്തികളായിരുന്ന ബല്‍ശാസിനെ പരാജയപ്പെടുത്തി ഉസ്മാനികള്‍ ആധിപത്യം സ്ഥാപിച്ചു. 1912 സെപ്റ്റംബര്‍ 4-ന് അല്‍ബേനിയക്ക് തുര്‍ക്കി ഖിലാഫത്തിനുകീഴില്‍ സ്വയംഭരണാവകാശം ലഭിച്ചു. 1912 നവംബര്‍ 28-ന് അല്‍ബേനിയ സ്വതന്ത്രമായി. ഈ ദിവസമാണ് അല്‍ബേനിയക്കാര്‍ ദേശീയ ദിനമായി ആചരിക്കുന്നത്.
മത രംഗം
പതിനാലാം നൂറ്റാണ്ടില്‍ തന്നെ ഉസ്മാനികള് രാജ്യത്തെത്തിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂരിപക്ഷം അല്‍ബേനിയക്കാരും ഇസ്ലാം മതം സ്വീകരിച്ചു. 1955-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചടക്കിയതോടെ, അവര്‍ അല്‍ബേനിയ നിരീശ്വരരാജ്യമായി പ്രഖ്യാപിക്കുകയും മതാചാരങ്ങളും മതപ്രവര്‍ത്തനങ്ങളും നിരോധിക്കുകയും ചെയ്തു. 1980-കളുടെ അന്ത്യത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ തുടങ്ങിയ കമ്യൂണിസ്റ്റ് വിരുദ്ധ തരംഗം അല്‍ബേനിയയെയും സ്വാധീനിച്ചു. 1992-ല്‍ സ്വാലിഹ് ബദീഷ അധികാരത്തിലെത്തിയതിനുശേഷം ഒ.ഐ.സിയില്‍ അംഗത്വം നേടി. ഇപ്പോള് മുസ്ലിംകള് ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ് അല്‍ബേനിയ. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണ്.
രാഷ്ട്രീയ രംഗം
വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളാണ് അല്‍ബേനിയയില്‍ ഭരണം കൈയ്യാളുന്നത്. 1992- ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും 1997, 2001– കാലങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമാണ് നാട് ഭരിച്ചത്. ഇപ്പോള് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നത്. ബാമീല്‍ ടോപ്പിയാണ് പ്രസിഡന്റ്. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ അല്‍ബേനിയയിലുണ്ടായ സാമ്പത്തികപുരോഗതി ശ്രദ്ധേയമാണ്. ജനങ്ങളുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ ഉല്‍പാദനത്തിലും വിപണനത്തിലും അല്‍ബേനിയ ഇന്ന് ഏറെ മുന്‍പന്തിയിലാണ്.
റശീദ് ഹുദവി വയനാട്
Leave A Comment