ഫാ. സ്റ്റാൻ സ്വാമി: നിയമഭീകരതയുടെ ഇരകൾ അവസാനിക്കുന്നില്ല.

പൗരന് ഹിതകരമല്ലാത്ത നിയമം കുറ്റകൃത്യത്തേക്കാൾ ഉപദ്രവകരമാണെന്നാണ് പഴമൊഴി. ഈ മൊഴി എത്രമേൽ ശരിയാണെന്ന് ബോധ്യപ്പെടാൻ യു.എ.പി.എ പ്രധാന നിയമമായി കൊണ്ടാടുന്ന ഇന്ത്യയോളം പോന്ന വേറെ ഉദാഹരണമുണ്ടോ എന്ന് സംശയമാണ്. രാജ്യദ്രോഹത്തിനെതിരെയുള്ള സമരത്തിൽ രാജ്യം കയ്യാളുന്ന ഏറ്റവും വലിയ ആയുധമാണ് ഈ നിയമമെന്നാണ് ഭരണകൂട നയം. കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്ത് ഒരു ഭീകരാക്രമണം പോലും നടക്കാതിരുന്നത് ഈ നിയമത്തെ ശരി വക്കുന്നു പോൽ. ആ 'ശരി'യെ താത്ക്കാലത്തേക്ക് വിടാം. എന്നാൽ, യു.എ.പി.എ ചാർത്തി രാജ്യത്തെ വിവിധ ജയിലുകളിൽ തടവുകാരായി കഴിയുന്ന രണ്ട് ഡസനിലധികം വരുന്ന 'രാജ്യദ്രോഹികളുടെ' ഒരിക്കലും അവസാനിക്കാത്ത വിചാരണയിലെ ശരികേടിലേക്കാണ് ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മെ ഒരിക്കൽ കൂടി ചിന്തിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാ അവകാശത്തേക്കാൾ വലിയ രാജ്യദ്രോഹമൊന്നും തെളിയിക്കപ്പെടാത്ത മുറക്ക് ജീവിതാന്ത്യം വരെ വിചാരണയുടെ പേരിൽ കിരാത മർദ്ദനമുറകളുമായി അവരെ ജയിലിൽ പാർപ്പിക്കുന്നതാണ് ഈ നിയമത്തിന്റെ 'ശരി'യെന്നതാണ് ഫാദറിന്റെ മരണം നമ്മെ ഒരിക്കൽ കൂടി ബോധിപ്പിച്ചത്. ഫാദർ അവസാനത്തെയാളല്ലെന്നും വരവര റാവു, അഡ്വ. സുധ ഭരദ്വാജ് തുടങ്ങി അനേകം പേർ ഇതിന്റെ ജീവിക്കുന്ന സാക്ഷികളാണെന്നുമുള്ളതാണ് ഇക്കാര്യത്തിലെ ഒട്ടും അത്ഭുതകരമല്ലാത്ത സത്യം.

കിരാത മർദ്ദന മുറകൾക്കൊടുവിൽ മരണത്തിലേക്ക് വലിച്ചെറിയാൻ മാത്രം ജെസ്യൂട്ട് സഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി ചെയ്ത പാതകമെന്തെന്നതാണ് ബഹുകേമം. 2017 ഡിസംബർ 31 ന് മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് 1818 ൽ പേഷ്വാ ഭരണകൂടത്തിനെതിരേ ദലിത് സൈനികർ നേടിയ ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ആഘോഷിക്കാൻ ചേർന്ന എൽഗാർ പരിഷത്തിൽ പങ്കെടുത്തതാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ആ പാതകം. ഫാദറിന് പുറമെ ബി. ജി. കോൽസെ പാട്ടീൽ, സുപ്രീം കോടതി ജഡ്ജിയായിരുന്ന പി. ബി. സാവന്ത്, അംബേദ്കറുടെ ചെറുമകനും ദലിത് ആക്ടിവിസ്റ്റുമായ പ്രകാശ് അംബേദ്കർ, ജെഎൻയു വിദ്യാർത്ഥിയും ആക്റ്റിവിസ്റ്റുമായ ഉമർ ഖാലിദ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ആക്ടിവിസ്റ്റ് സോണി സൂരി തുടങ്ങിയവരായിരുന്നു പരിഷത്തിൽ പങ്കെടുത്ത പ്രമുഖർ. മുസ്ലിം-പിന്നോക്ക ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചുവെന്ന തീർത്തും ഭരണഘടനപരമായ സ്വാതന്ത്ര്യം ഭരണകൂടത്തെ അട്ടിമറിക്കാൻ സംഘടിച്ചു എന്ന രാജ്യദ്രോഹക്കുറ്റമായി മാറാൻ ഒരു നിയമത്തിന്റെ റിക്കാർഡിങ് സമയമേ വേണ്ടി വന്നുള്ളൂ. ദേശവിരുദ്ധ പ്രസംഗങ്ങൾ, മാവോയിസ്റ്റ് ബന്ധം, തൊട്ടടുത്ത ദിവസം നടന്ന  കോറഗോവ് ഭീമാ കലാപത്തിനുള്ള പ്രേരണ തുടങ്ങിയ മസാല ചേർത്ത ചൂടൻ രാജ്യ ദ്രോഹ വിഭവങ്ങൾ പോലീസും ഏതാനും മീഡിയകളും കൂടി വിളമ്പിയതോടെ ഫാദറും സംഘവും എൻ.ഐ.എയുടെ പിടിയിലായി. കഥാന്ത്യം വിവരിക്കേണ്ടതില്ലല്ലോ. യു.എ.പി.എയുടെ പേരിൽ ജയിലിൽ അനുഭവിച്ച വന്യമായ വിചാരണയുടെ ഫലമാണ് ഈ മരണമെന്ന് സാമാന്യേന മനസ്സിലാകുന്നതായിട്ടും രാജ്യത്തെ എല്ലാ മനുഷ്യാവകാശ പ്രവർത്തകരും അമേരിക്കന്‍ സര്‍ക്കാരിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ വരെയും ശക്തമായി പ്രതിഷേധിച്ചിട്ടും ഒരു വാർത്തക്കപ്പുറം വളരാൻ അതിനൊന്നുമായില്ലെന്നതാണ് ചിത്രം.

Also Read:ക്രൗഡ് ഫണ്ടിംഗ്: ഒരു സമാന്തര ഗവൺമെന്റിനുമപ്പുറത്തേക്ക് വളരുന്ന വിധം


നാൾക്കുനാൾ യു.എ.പി.എക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുമ്പോഴും അതെ അളവിൽ ഇരകൾ ഉണ്ടാവുന്നു എന്നതാണ് ഭരണകൂടം ഇതെത്രമേൽ ഔദ്യോഗികവത്കരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവ്. ഏറ്റവുമൊടുവിൽ മറ്റൊരു ഇരയായിരുന്ന സിദ്ധീഖ് കാപ്പന്റെ കാര്യത്തിലുണ്ടായത് നോക്കുക. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. തുടർന്ന്, കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്ക് എതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ലഖ്നൗവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി മുൻപാകെ സമർപ്പിച്ച കുറ്റപത്രം, രാജ്യദ്രോഹ പ്രവർത്തനത്തിന് പ്രതികൾ അനധികൃത പണസമാഹരണം നടത്തിയെന്ന് ആരോപിക്കുന്നിടത്തേക്ക് വരെയെത്തി കാര്യങ്ങൾ. ജയിലിൽ അദ്ദേഹം അനുഭവിച്ച തീർത്തും മനുഷ്യത്വ വിരുദ്ധമായ പീഡനങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം പ്രതിഷേധിച്ചിട്ടും ഭരണകൂടത്തെ അത് അശേഷം ഏശിയില്ലെന്ന് വ്യക്തമാവാൻ പോന്ന ഉദാഹരണമാണ് ഫാ.സ്റ്റാന്‍ സ്വാമി. ഇനിയുമിതവർത്തിക്കില്ലെന്ന് ആശ്വസിക്കാതിരിക്കാൻ യു.എ.പി.എയുടെ നിയമ സാധുതയും 2014 മുതൽ ഇതിന്റെ പേരിൽ ജയിലുകളിൽ കഴിയുന്ന നാലായിരത്തോളം 'രാജ്യദ്രോഹികളും' എത്രയോ ധാരാളം. 

ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന, കുറ്റം ചുമത്തപ്പെട്ടാൽ 180 ദിവസം വരെ പ്രാഥമിക തടങ്കലിൽ വെക്കാൻ അധികാരം നൽകുന്ന, അതിന് ശേഷം കുറ്റാരോപിതർ തന്നെ താൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ടി വരുന്ന, പബ്ലിക് പ്രോസിക്യൂട്ടർ അനുവദിക്കാത്തിടത്തോളം കുറ്റാരോപിതന് ജാമ്യം അനുവദിക്കാൻ വകുപ്പില്ലാത്ത എല്ലാത്തിനുമപ്പുറം എത്ര നാൾ വരെ വേണമെങ്കിലും വിചാരണ നീട്ടിക്കൊണ്ട് പോവാൻ സാധുതയുള്ള ഈ നിയമം നിലനിൽക്കുന്നിടത്തോളം ഫാ.സ്റ്റാന്‍ സ്വാമി അവസാനത്തെയാൾ ആണെന്ന് കരുതാനാവില്ല. ഫാദറിന്റെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തുന്ന അതേ ശ്രമം, അത് കൊണ്ട് തന്നെ, ഈ നിയമം ഇല്ലാതാക്കാനും വേണം. അല്ലാത്തപക്ഷം, രാജ്യദ്രോഹം പൗരധർമ്മത്തിന്റെ പര്യായമായി മാറും, തീർച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter