മാസ്കിനുളളിൽ ഒളിക്കാനാവുമോ?
ഇബ്നു ഉമർ (റ) വും കൂട്ടുകാരും യാത്രചെയ്യുകയായിരുന്നു. വഴിയിൽ ഒരു ആട്ടിടയനെ കണ്ടു. അവർ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. അയാൾ പറഞ്ഞു : ഞാൻ നോമ്പുകാരനാണു!
“ഈ കൊടും ചൂടിൽ ഈ ആടുകളോടൊപ്പം നിന്ന് താങ്കളെങ്ങനെ നോമ്പ് നോൽക്കുന്നു?”
" ഞാൻ ജീവിതത്തിലെ ബാക്കിയുള്ള ദിവസങ്ങളെ ഉപയോഗപ്പെടുത്തുകയാണു"
"ഈ ആടുകളിൽ നിന്ന് ഒന്നിനെ ഞങ്ങൾക്ക് തരുമോ? അതിന്റെ മാംസം ഞങ്ങൾക്ക് ഭക്ഷിക്കാമല്ലോ, ഒരു വിഹിതം താങ്കൾക്കും തരാം, അതിനുള്ള വിലയും തരാം…”
" ഇവ എന്റേതല്ല, യജമാനന്റേതാണു”
"യജമാനനോട് ചെന്നായ പിടിച്ചതാണെന്ന് പറഞ്ഞാൽ പോരെ?”
ഇടയൻ കൈകൾ ആകാശത്തിലേക്ക് ഉയർത്തിക്കൊണ്ട് പറഞ്ഞു:
"ഞാൻ അല്ലാഹുവോടെന്ത് പറയും?”
ഇടയന്റെ ഈ വാക്ക് ഇബ്നു ഉമർ (റ)വിനെ അദ്ഭുതപ്പെടുത്തി, ആ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് ഇബ്നു ഉമർ (റ) ആ ഇടയന്റെ യജമാനനെ അന്വേഷിച്ചു പോവുകയും അടിമയായിരുന്ന ആ ഇടയനെയും ആടുകളെയും പണം കൊടുത്ത് വാങ്ങുകയും ചെയ്തു. ശേഷം ഇടയനെ മോചിപ്പിക്കുകയും ആ ആടുകളെ ഇടയനു സൗജന്യമായി നൽകുകയും ചെയ്തു.
അല്ലാഹുവിൽ വിശ്വാസമുണ്ടെങ്കിൽ അത് നമ്മുടെ കർമ്മങ്ങളെ സംസ്കരിക്കും. മുസ്ലിമാണെന്ന് അവകാശപ്പെടുകയും എന്നാൽ അത് നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നില്ലെങ്കിൽ നമ്മുടെ വിശ്വാസം ദുർബലമാണെന്ന് തിരിച്ചറിയണം. വിശ്വാസം കേവലം അലങ്കാരമോ അഹങ്കാരമോ ആവരുത്. മനസ്സിൽ വേരുറച്ചതും ജീവിതത്തെ വിമലീകരിക്കുന്നതുമാകണം.
Also Read:വിൽപന അല്ലാഹുവിനാകുമ്പോൾ
അവിശ്വാസിയിൽ നിന്ന് വിശ്വാസിയെ അവൻ്റെ ഇടപെടലുകൾ വേർതിരിക്കുന്നില്ലെങ്കിൽ വിശ്വാസം പിന്നെ വെറും ഒരു കാറ്റല്ലേ. അതുകൊണ്ടെന്ത് പ്രയോജനം. വ്യത്യസ്ത മതാനുയായികൾ ഇടകലർന്ന് ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിൽ പൊതുവായി താരതമ്യം ചെയ്യപ്പെടുമ്പോൾ ഒരു മുസ്ലിം സംസ്കാരശൂന്യനായി വിലയിരുത്തപ്പെടുന്നത് എത്ര ഖേദകരമാണ്.
മുസ്ലിം ജീവിതം അല്ലാഹുവിന് സമർപ്പിച്ചവനാണ്. അഞ്ചുനേരം നാഥന്റെ മുമ്പിൽ അവൻ ആ പ്രതിജ്ഞ പുതുക്കുന്നുണ്ട്. എന്നിട്ടവൻ തരം കിട്ടുമ്പോൾ നാഥനെ കബളിപ്പിക്കുന്നെങ്കിൽ, സ്വാർത്ഥത അവനെ ഭരിക്കുന്നുവെങ്കിൽ അവിടെ വിശ്വാസം നാമമാത്രമാണ്. കബളിപ്പിക്കുന്നത് അവൻ അവനെത്തന്നെയാണ്. ആളുകൾക്കിടയിലാകുമ്പോൾ ചെയ്യാൻ മടിക്കുന്നത് തനിച്ചാകുമ്പോൾ ചെയ്യാൻ ധൈര്യപ്പെടുന്നെങ്കിൽ അല്ലാഹുവിന് നമ്മുടെ ഉള്ളിൽ സ്ഥാനമില്ലെന്ന് പേടിക്കണം. ഒളിഞ്ഞും മറഞ്ഞും എന്തും ചെയ്യാൻ മടിക്കാത്തവൻ ആളുകളെ പേടിക്കുന്നുണ്ടാവും. അല്ലാഹുവിനെ ഭയക്കുന്നില്ല.
ഇഹ്സാൻ എന്തെന്ന് നബി സ്വ. പരിചയപ്പെടുത്തിയതിങ്ങനെ: "അല്ലാഹുവിനെ കാണുന്നുവെന്നവിധം ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്' (മുസ്ലിം)
Leave A Comment