ഹിജ്‌റ വര്‍ഷത്തിന്റെ കണക്കും കാര്യവും
''മനുഷ്യനു കാലവും വര്‍ഷവും ഗണിക്കാനായി പ്രത്യേക ഭ്രഹ്മണപഥങ്ങള്‍ നിശ്ചയിച്ച് സൂര്യചന്ദ്രന്‍മാരെ അല്ലാഹു പ്രകാശിപ്പിക്കുന്നു'' (സൂറത്തു യൂനുസ്) സൂര്യനു ചുറ്റും ഭൂമി കറങ്ങുന്നതിനു വേണ്ട കാലമാണ് ഒരു വര്‍ഷമായി ഗണിക്കുന്നത്. ഇത് 360 ദിവസമാണ്. 12 മാസത്തിനു തുല്യമായി ഇതിനെ ഭാഗിക്കാന്‍ കഴിയില്ല. 12 ഃ 30 =360 ആണ്. സൂര്യവര്‍ഷത്തെ അവലംബിക്കുമ്പോള്‍ കാലഗണനയ്ക്ക് വരുന്ന ഈ കുഴപ്പം പരിഹരിച്ചത് ചില ദിവസങ്ങള്‍ക്ക് കൂടുതല്‍ കൊടുത്തും കുറച്ചുമൊക്കെയാണ്. അതിന്റെ പിന്നിലെ കാരണമാവട്ടെ ഗ്രീക്ക് പുരാണത്തിലെ ദേവന്റെ പേരും പെരുമയും പരിഗണിച്ചുമാണ്. സൂര്യ കാലഗണനയ്ക്ക് ഉണ്ടാകുന്ന കുഴപ്പമാണിത്. ചന്ദ്രനാവട്ടെ ഭൂമിയെ വലയംവയ്ക്കുന്നതും കറങ്ങുന്നതുമാണ്. ഒരു മാസം കൊണ്ട് ഭൂമിയെ വലയംവക്കുകയും ഒരു ദിവസം സ്വയം ഒരാവര്‍ത്തി കറങ്ങുകയും ചെയ്യുന്നു. രാവും പകലും (ഒരു ദിവസം) മാസവും ഗണിക്കാന്‍ കണ്‍മുമ്പില്‍തന്നെ സമീപസ്ഥനായി ഇതുണ്ട്. എന്നാല്‍, സൂര്യനെ ഭൂമിയും ചന്ദ്രനും വലയംവയ്ക്കുന്നുമുണ്ട്. അപ്പോള്‍, ചന്ദ്രന്‍തന്നെയാണ് ദിവസവും മാസവും ഗണിക്കാന്‍ നമ്മുടെ മുമ്പില്‍ കൂടുതല്‍ പ്രാമാണികതയോടെയുള്ള ഗ്രഹം. മാസം 29 ആകുന്നതും 30 പൂര്‍ത്തിയാകുന്നതും രാഷ്ട്രമോ പാര്‍ട്ടിയോ പരിഗണിച്ചല്ല, മറിച്ച്, പ്രകൃതിപരമാണ്; അല്ലാഹു കണക്കാക്കുന്നതാണ്. ജൂലിയസ് സീസര്‍, അഗസ്റ്റസുമൊക്കെ 31 ദിവസമാക്കാന്‍ പോന്നവരാണ് എന്ന അബദ്ധം എത്രനൂറ്റാണ്ട് ഈ കാലം പേറേണ്ടിവരും. മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെയുള്ള അറബിമാസം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പേരിന് ആധാരമെന്ന് മനസ്സിലാകുന്നു. കാലവും സമയവും പരിഗണിച്ച് ഭക്ഷണത്തിലും ജീവിതരീതിയിലും പ്രാകൃതരായ അറബികള്‍ പോലും പരിഗണ നല്‍കിയിരുന്നു. മുഹര്‍റം-ഹറാമുള്ളത്, സംഘട്ടനമില്ലാത്ത കാലം. സ്വഫര്‍-ശൂന്യം(വീടൊഴിഞ്ഞ് പുറത്തുപോവുക), റബീഅ്-വസന്തം, ജമാദ്-തണുത്തുറഞ്ഞ് പോകുന്ന ഘട്ടം, റജബ്-മൗനം, ഗാംഭീര്യം, മഹത്തരം, ശഅ്ബാന്‍-സംഘം ചേരുന്നകാലം, റമളാന്‍-കരിഞ്ഞുണങ്ങുന്നു, ശവ്വാല്‍-വാലിട്ട് ആട്ടിക്കളിക്കുന്നത്(കുതിരയ്ക്ക് ജോലിയില്ലാതെ അടങ്ങിയിരിക്കും), ദുല്‍ഖഅ്ദ്-വിശ്രമസമയം (അടങ്ങിയിരിക്കുക), ദുല്‍ഹജ്ജ്-ഹജ്ജുള്ളത്. ആവാസവ്യവസ്ഥിതിയെയും സാമൂഹിക ജീവിതത്തെയും ഈ പേരുകള്‍ സ്വാധീനിക്കുന്നുണ്ടെന്നു മനസ്സിലാകുന്നു. സമയനിര്‍ണയത്തിന് ചന്ദ്രന്‍ തന്നെ ''ചന്ദ്രനെക്കുറിച്ചവര്‍ ചോദിക്കുന്നു, പറയുക, മനുഷ്യര്‍ക്കത് സമയ നിര്‍ണത്തിനാണ്'' (ഖുര്‍ആന്‍). ഇടപാടുകള്‍, കരാറുകള്‍, ആരാധനകള്‍ ഇവയ്‌ക്കെല്ലാം സമയം നിര്‍ണയിക്കുന്നല്ലോ മനുഷ്യന്‍. പകല്‍വേളകളില്‍ നിസ്‌കാരത്തിന് സൂര്യനെ അവലംബമാക്കി സമയം നിര്‍ണയിക്കുന്ന നാം വ്യക്തതയുള്ള കാര്യത്തില്‍ ഉറച്ച് നില്‍ക്കുമല്ലോ. മാസവും വര്‍ഷവും അളക്കാനുള്ള അളവുകോലായി സൂര്യനില്‍ പ്രത്യക്ഷത്തിലടയാളങ്ങളില്ലാത്തതു കൊണ്ടാണ് ഭൂമിയുടെ അടുത്ത് അതിന്റെ ഉപഗ്രഹം വ്യക്തമായി സമയം നിര്‍ണയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ പരിഗണിക്കുന്നത്. 'മനുഷ്യര്‍ക്ക് ചന്ദ്രന്‍ സമയനിര്‍ണയത്തിനാണ്' എന്ന ഖുര്‍ആന്റെ വാക്യം പ്രത്യേകം ആലോചിപ്പിക്കേണ്ടതുണ്ട്. ഒന്നാം പിറവി കണ്ടില്ലെങ്കിലും പൗര്‍ണമി അത് ശരിപ്പെടുത്തുകയും തിരുത്തുകയും ചെയ്യുമല്ലോ. ചാന്ദ്രികമാസത്തിന്റെ അനുഗ്രഹം സൗരവര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് നോമ്പെങ്കില്‍ പകല്‍ ദൈര്‍ഘ്യവും അത്യുഷ്ണവുമുള്ളൊരു സ്ഥലത്ത് താമസിക്കുന്നവന്റെ നോമ്പ് ആലോചിച്ചുനോക്കൂ. ഇക്കാലങ്ങളിലെ ഹജ്ജ് വരുന്നത് ഓര്‍ത്തുനോക്കൂ. എന്നാല്‍, ഋതുഭേദങ്ങളുടെ രുചി അനുഭവിക്കാന്‍ പോന്നവണ്ണം ചന്ദ്രമാസം മാറിമറിഞ്ഞെത്തുന്നത് എത്ര സുന്ദരമാണ്. 33 സൗരവര്‍ഷം കൊണ്ട് ഒരാള്‍ക്ക് അതിന്റെ ഭേദങ്ങള്‍ അത്രയും ലഭിക്കുന്നു-354, 355. ചന്ദ്രവര്‍ഷത്തെയാണ് സകാത്തുകാരന്‍ കൊല്ലം തികയാനും ഇദ്ദയുടെ കാലത്തിനും കാലവും വര്‍ഷവും കണക്കാക്കുന്ന മറ്റു കാര്യങ്ങള്‍ക്കുമൊക്കെ ഇസ്‌ലാം പരിഗണിക്കുന്നത്. ദ്രുവപ്രദേശങ്ങളിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും മരുഭൂമിയിലും താമസിക്കുന്നവര്‍ക്ക് ഇത് അനുഗ്രഹമായി അനുഭവപ്പെടുക തന്നെ ചെയ്യും. രണ്ടുമാസം നോമ്പ് നോല്‍ക്കേണ്ടിവരുന്ന കഫ്ഫാറത്തുകാരന്‍ 62 ദിവസത്തിനു പകരം 58 ദിവസം നോമ്പ് നോറ്റാല്‍ മതിയാകും. ഹിജ്‌റ വര്‍ഷവും ക്രിസ്താബ്ദവും വിവാഹ വാര്‍ഷികം, പ്രണയ ദിനം, ന്യൂഇയര്‍ ആഘോഷം, ബര്‍ത്ത്‌ഡേ തുടങ്ങി ഒട്ടേറെ ആഘോഷങ്ങളും അതിന്റെ മറവില്‍ നടക്കുന്ന അധാര്‍മികതകളും മനുഷ്യനു നിരക്കാത്തതാകുന്നുണ്ട്. ക്രിസ്തു ഡിസംബറില്‍ ജനിക്കുന്നു. വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്നു. ക്രിസ്തുവിന്റെ വര്‍ഷം എന്ന് പേരിടുകയും ചെയ്തിരിക്കുന്നു. ഇതിലെ വിരോധാഭാസം ഇവിടെ ആലോചിക്കണം. 3651/4 എന്ന് കൃത്യമായി കണക്കാക്കുമ്പോള്‍ വര്‍ഷങ്ങളായി നഷ്ടമാകുന്ന കാലുകള്‍ എത്ര ദിവസങ്ങളെ കളഞ്ഞുകാണും. എല്ലാം മറന്നല്ലേ ഈ കലണ്ടര്‍ കണക്ക് നിരത്തുന്നത്. തമാശയൊന്നുമല്ലത്. വ്യക്തവും യുക്തവുമായി കാലഗണന ഉണ്ടായിരിക്കെ ഇതിനെ അവഗണിക്കപ്പെട്ടു. ഹിജ്‌റ വര്‍ഷത്തെ കേവലം മുസ്‌ലിം വര്‍ഷമായി അവഗണിച്ചു കളഞ്ഞത് എന്തിനായിരുന്നു. ഉമര്‍(റ)യുടെ ഭരണകാലത്ത് കിട്ടാനുള്ള പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശഅ്ബാനിലാണ് എന്ന് വാദമുണ്ടായപ്പോള്‍ ഏത് ശഅ്ബാന്‍, കഴിഞ്ഞതോ വരാനുള്ളതോ എന്ന ചോദ്യമാണ് കലണ്ടറിനെ കുറിച്ചുള്ള ചിന്തയിലെത്തിച്ചത്. കലണ്ടറിന്റെ തുടക്കം പുണ്യനബി(സ്വ)യുടെ ജന്മം ആസ്പദമാക്കുക എന്ന ചര്‍ച്ച വന്നപ്പോള്‍ തിരുപ്പിറവി അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം തന്നെ. പക്ഷേ, അതില്‍ മനുഷ്യരുടെ പങ്ക് എന്താണ് എന്ന ചോദ്യമുണ്ടായി. കലണ്ടര്‍ മനുഷ്യരുടെ നാളും നാഴികയും അടയാളപ്പെടുത്താനുള്ള ഒന്നാണ്. ഓരോരുത്തരും അവരവരുടെ കര്‍മധര്‍മങ്ങള്‍ പാലിച്ച് വിജയിച്ച വിപ്ലവമാണ് ഹിജ്‌റ. പുരോഗതിയുടെ വഴി ഇസ്‌ലാമിനു തുറന്നു കൊടുത്തത് അതായിരുന്നു. അതുകൊണ്ട് മാനവചരിത്രത്തില്‍ ഇത്രയും സ്വാധീനിച്ച മഹത്തായ സംഭവംതന്നെ കലണ്ടറിനു നാമകരണം ചെയ്യാന്‍ ഹേതുകമായത്. ചുറ്റുപാടുകളുടെ അടിമത്വത്തില്‍ നിന്ന് നൈതികതയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയായിരുന്നു അത്. ചരിത്രം നിറഞ്ഞ വിസ്മയത്തിന്റെ തുടക്കവും.
Leave A Comment