സുഡാന്‍ ദുരിതം: ആഗോള ഇടപെടലുകളും മൗനവും
ഏതാണ്ട് രണ്ട് വർഷമായി സുഡാനിൽ ഇരുസൈന്യങ്ങളും അധികാര വടം വലിയിലാണ്. കൃത്യമായി പറഞ്ഞാൽ 2023 ഏപ്രില്‍ മുതൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങളില്‍, ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 40,000 പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ ഒക്ടോബർ അവസാനവാരത്തിൽ മാത്രം 1500ലേറെ പേരാണ് കൊല്ലപ്പെട്ടത്. 12ദശലക്ഷം മനുഷ്യർ കുടിയിറക്കപ്പെട്ടു. 24മില്യൺ ആളുകൾ പട്ടിണിയിലാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യവകാശ പ്രശ്നമായാണ് നിലവില്‍ സുഡാന്‍ മാറിയിരിക്കുന്നത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് സുഡാൻ. അഞ്ച് കോടിയിലധികം ജനങ്ങൾ വസിക്കുന്നതിൽ, 90 ശതമാനം അറബ് വംശജരും, 5 ശതമാനം പ്രാദേശികരും, 5 ശതമാനം ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. 1956ൽ സ്വതന്ത്രമായെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ ഭാഗ്യം ലഭിക്കാത്ത ചരിത്രമാണ് സുഡാനിനുള്ളത്. സുലഭമായ പ്രകൃതിവിഭവങ്ങൾ (Natural Resources) തന്നെയാണ് അതിന്റെ പ്രധാന ഹേതു. സ്വർണമടക്കമുള്ള ധാതുലവണങ്ങളിൽ കണ്ണുവെച്ച് വിദേശ രാജ്യങ്ങൾ അവരുടെ താൽപര്യങ്ങൾക്കായി നോട്ടമിടുമ്പോള്‍, സുഡാൻ എന്ന രാജ്യവും ആ നാട്ടുകാരും തീരാദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.

1989ൽ സൈനിക അട്ടിമറിയിലൂടെ ഉമർ അൽബശീർ സുഡാനിന്റെ അധികാരത്തിലേറി. ശേഷം, നീണ്ട മുപ്പത് വർഷം ഏകാധിപത്യ ഭരണമായിരുന്നു സുഡാനിൽ നടന്നത്. ന്യൂനപക്ഷ വിഭാഗങ്ങളായ പ്രാദേശിക വാസികളും ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ ഭരണത്തെ എതിർത്തു. ഇതിനെതിരെ ഔദ്യോഗിക സൈന്യത്തിനപ്പുറം, അസംഘടിതമായ അറബ് ഗോത്ര വംശജരെ ഉപയോഗിച്ചു കൊണ്ട് തനിക്ക് നേരെ വരുന്ന ആക്രമണങ്ങളെ ശക്തമായ രീതിയിൽ തടയാന്‍ പ്രത്യേക സേന അദ്ദേഹം രൂപീകരിച്ചു. ജൻ ജാവീദ് മിലീഷ്യകളെ (Jan Javeed Militia) ആർ. എസ്. എഫ് (Rapid Support Force) എന്ന പേര് ചാർത്തി കൊണ്ട് ഔദ്യോഗിക പാരാ- മിലിറ്ററി ഫോഴ്സ് രൂപം കൊള്ളുന്നത് അങ്ങനെയാണ്. തീവ്ര വംശീയ വെറിയിലൂന്നി മനുഷ്യവകാശ മൂല്യങ്ങളെ വകവെക്കാതെ പടിഞ്ഞാറെ ദാർഫൂറിലെ രണ്ട് ലക്ഷത്തോളം വരുന്ന നോൺ അറബ് കമ്മ്യൂണിറ്റിയുടെ വംശഹത്യയ്ക്ക് സമാനമായ സംഭവങ്ങളാണ് അന്നവിടെ അരങ്ങേറിയത്.
2019ൽ സുഡാൻ ജനങ്ങളും ഇരു സൈനിക വിഭാഗങ്ങളും (RSF, Sudanees Armed Force) ചേർന്ന് അല്‍ബശീറിനെ പുറത്താക്കി. സുഡാൻ സായുധ സേനയുടെ തലവന്‍ അബ്ദുൽഫതാഹ് അൽബുർഹാനും ഹമീദ്തി എന്നറിയപ്പെടുന്ന RSFന്റെ ഹംദാൻ ദെഗാലോയും സുഡാനിന്റെ അധികാര പദവിയിലെത്തി. ഇരു വിഭാഗത്തിന്റെയും സുപ്രധാന അജണ്ട ഒന്നായിരുന്നെങ്കിലും, അധികാര മോഹങ്ങള്‍ സുഡാന്റെ സുഗമമായ പ്രയാണത്തിന് തടസ്സം നിന്നു. അവര്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം, 10 വർഷം RSF ഭരണം ചോദിച്ചെങ്കിലും, SAF നൽകിയത് രണ്ട് വർഷം മാത്രം. ഇതിനെ തുടർന്ന് 2023 April 15 ന് ആഭ്യന്തര കലഹങ്ങൾ തുടങ്ങി. ഏത് വിഭാഗത്തിന്റെ പക്കലാണോ കൂടുതൽ ഭൂമിയുള്ളത് അവർക്ക് പ്രകൃതി വിഭവങ്ങൾ സ്വന്തമാക്കാമെന്നും അതിലൂടെ ധാരാളം നേട്ടം കൊയ്യാമെന്നുമുള്ള വ്യാമോഹം പരസ്പര യുദ്ധങ്ങളിലേക്കും വംശഹത്യയിലേക്കും കൊണ്ടെത്തിച്ചു.
അറബ് ഗോത്ര വിഭാഗമെന്ന് വിശേഷിപ്പിച്ച, പിൽക്കാലത്തെ ഔദ്യോഗിക പാരാ- മിലിറ്ററി ഫോഴ്സായി മാറിയ ആർ. എസ്. എഫിന് പടിഞ്ഞാറെ ദാർഫൂർ മേഖലയിൽ കൂടുതൽ സ്വാധീനമുണ്ട്. പ്രസ്തുത മേഖലയിൽ താമസിക്കുന്ന നോൺ അറബ് വംശജരെ കൂട്ടക്കൊലയ്ക്കിരയാക്കിയത് ഈ ബലത്തിലായിരുന്നു. ഒടുവിൽ 2025 ഒക്ടോബറിൽ നോർത്ത് ദാർഫൂർ അഥവാ അൽഫാഷിർ എന്ന പ്രദേശമടക്കം ആർ. എസ്. എഫ് പിടിച്ചെടുത്തു. അവിടെ താമസിക്കുന്ന അറബിതര വിഭാഗങ്ങളെ വംശീയ ഉന്മൂലനം (Ethnic cleansing) നടത്തുന്നതായാണ് ഇപ്പോള്‍ പറയപ്പെടുന്നത്. എയിൽ (Yale) യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസ് പറയുന്നത്, "റുവാണ്ടൻ വംശഹത്യക്ക് സമാനമായ സംഭവ വികാസങ്ങളാണ് ആദ്യ 24 മണിക്കൂറിൽ സുഡാനിൽ നടമാടിക്കൊണ്ടിരിക്കുന്നത്" എന്നാണ്. സുഡാൻ സായുധ സേനയും അവരുടെ അധികാരപരിധിയിലുള്ള സ്ഥലങ്ങളില്‍ ഇത്തരം ചെയ്തികൾ നടത്തുന്നുണ്ട് എന്നും പറയപ്പെടുന്നു.

അതേ സമയം, യു.എ.ഇക്ക് ഈ പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ്, സുഡാന്‍ സായുധസേന അന്താരാഷ്ട്ര കോടതിയെ സമീപിച്ച് പരാതി നൽകിയിരിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഛാഡ്, ഉഗാണ്ട എന്നീ രാജ്യങ്ങൾ മുഖേന റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന് ആയുധങ്ങൾ നൽകുന്നുണ്ടെന്നും തിരിച്ച് RSF യു.എ.ഇക്ക് സ്വർണ്ണം കൈമാറുന്നുവെന്നുമുള്ള ഈ വാദത്തെ, ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് തള്ളിക്കളയുന്നുണ്ട്. ഇതിനെതിരെ ശക്തമായി തന്നെ യുഎഇ രംഗത്ത് വന്നിട്ടുമുണ്ട്.
റഷ്യ-ഉക്രൈൻ, ഇസ്രായേൽ-ഫലസ്തീൻ പ്രശ്നങ്ങൾ ആഗോളതലം മുതൽ പ്രാദേശിക തലങ്ങളിൽ വരെ സംസാര വിഷയമാകുമ്പോൾ, സുഡാന്‍ വേണ്ടവിധം മാധ്യമശ്രദ്ധ നേടുകയോ സമാധാന ശ്രമങ്ങള്‍ക്ക് വേദിയാവുകയോ ചെയ്യുന്നില്ലെന്നതാണ് സങ്കടകരം. ആഗോള സമൂഹം ഇത്തരത്തിൽ മൗനം പാലിക്കുന്നതിന്റെ കാരണങ്ങൾ നോക്കാം.
ഒന്നാമതായി, മാധ്യമങ്ങള്‍ക്കുള്ള ശക്തമായ വിലക്കും നിയന്ത്രണവും കാരണം, അവിടെ നടക്കുന്ന ദൃശ്യങ്ങളോ സംഭവ വികാസങ്ങളോ ഒന്നും തന്നെ പുറംലോകം വേണ്ടവിധം അറിയുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ ചിലര്‍ പങ്കുവെക്കുന്ന വീഡിയോ ദൃശ്യങ്ങളിലൂടെയാണ് പലപ്പോഴും വിവരങ്ങള്‍ പുറത്തെത്തുന്നത്. അതോടൊപ്പം, രണ്ട് രാജ്യങ്ങൾ തമ്മിൽ നടക്കുന്നതുപോലെയല്ല സുഡാനിലെ കാര്യങ്ങള്‍. മറിച്ച്, ആഭ്യന്തര യുദ്ധമാണ് (Civil War) അവിടെ നടക്കുന്നത്. അത് കൊണ്ട് ബാഹ്യശക്തികളുടെ ഇടപെടലുകളെ, തങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാനും അവയെ തള്ളിക്കളയാനും നിഷ്പ്രയാസം സാധിക്കും. യുഎന്നിൽ സുഡാനെ പ്രതിനിധീകരിക്കുന്ന സുഡാൻ സായുധസേന, ഒരു അന്താരാഷ്ട്ര സേനയെ അവിടെ വിന്യസിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ഇതികനം വ്യക്തമാക്കിയിട്ടുമുണ്ട്.

പരമാധികാരത്തെ നിയമപരമായി മറികടക്കാൻ, അടിസ്ഥാന അവകാശമായ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം (Responsibility to Protect – R2P) ഉറപ്പാക്കുക എന്നതാണ്. യുദ്ധങ്ങൾ, വംശീയ ഉന്മൂലനങ്ങൾ തുടങ്ങിയ അതിക്രമങ്ങളിൽനിന്ന് ഒരു രാജ്യത്തിന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ സാധിക്കാതെ വരികയോ മറ്റു വിദേശരാജ്യങ്ങളുടെ സഹായങ്ങൾ നിലക്കുകയോ ചെയ്താൽ അന്താരാഷ്ട്ര സമിതിക്ക് ഇടപെടാം എന്നതാണ് R2Pകൊണ്ട് അർത്ഥമാക്കുന്നത്. ഇതിനകം തന്നെ RSF നോർത്ത് ദാർഫൂറില്‍ വംശഹത്യ നടത്തിയെന്ന് യു.എസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യു.എന്നിലെ രാഷ്ട്രീയ ഭിന്നതകൾ കാരണം, അതില്‍ ഇടപെടാന്‍ ആയിട്ടില്ല. അസ്ഥിരമായ ഗവൺമെന്റാതിനാൽ, പ്രകൃതി വിഭവങ്ങൾ തുച്ഛമായ വിലയിൽ തങ്ങളുടെ രാജ്യതെത്തിക്കാമെന്നതിനാലും പല രാജ്യങ്ങളും ഈ യുദ്ധത്തിൽ മൗനം പാലിക്കുന്നു എന്നതും വസ്തുതയാണ്.
ചുരുക്കത്തിൽ, 1956ലെ സ്വാതന്ത്ര്യ സ്വപ്‌നങ്ങൾ തകർത്തുകൊണ്ട്, സുഡാൻ ഇന്ന് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആഭ്യന്തര കലഹത്തിലൂടെയാണ് കടന്നുപോകുന്നത്. ഉമർ അൽബശീറിന്റെ പതനത്തിനു ശേഷവും യഥാർഥ ജനാധിപത്യം അകലെയായി തുടരുകയാണ്. ഏറ്റവും ദുഃഖകരമായ വസ്തുത, ഈ കൊടുംക്രൂരതകൾക്ക് അർഹിക്കുന്ന മാധ്യമശ്രദ്ധയോ ഫലപ്രദമായ സമാധാന ശ്രമങ്ങളോ ഉണ്ടാകുന്നില്ല എന്നതാണ്. അതിലുപരി, തങ്ങളുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി വിദേശ രാജ്യങ്ങളുടെ കൈവിട്ട ഇടപെടലുകളുണ്ടെന്നതും സങ്കടകരമാണ്. ഈ ആഗോള നിശബ്ദതയും വിദേശ ഇടപെടലുകളും അവസാനിക്കാതെ സുഡാൻ എന്ന രാഷ്ട്രത്തിന്റെ ഭാവി ഇരുളടഞ്ഞുതന്നെ തുടരും.



Leave A Comment