തെരുവില്‍ ജീവിക്കുന്ന രാജ കുടുംബം
കൊല്‍കത്താ മഹാനഗരത്തിന്റെ അഴുക്കുഭാണ്ഡം പോലെ കിടക്കുന്ന തെരുവാണ് ഹൌറയിലെ ശിബ്പൂര്‍. ഈ തെരുവിലെ ചെളി നിറഞ്ഞതും ഇടുങ്ങിയതുമായ ഫോര്‍ഷോറ്‍ റോഡിലൂടെ അല്‍പം നടന്നാല്‍ നൂറ്റിമൂന്നാം നമ്പര്‍ വീട് കാണാം. രണ്ടു മുറികള്‍ മാത്രമുള്ള ഈ കൊച്ചു കുടിലിലാണ് സുല്‍ത്താനാ ബീഗവും മക്കളും ജീവിക്കുന്നത്. അവസാന മുഗള്‍ രാജാവായിരുന്ന ബഹദൂര്‍ഷാ സഫറിന്റെ പൌത്രന്‍ മീര്‍സാ ബദര്‍ഭക്ത് രാജകുമാരന്റെ കുടുംബം. ഒരു കാലത്ത് ലോക ജനസംഖ്യയുടെ 25 ശതമാനത്തെ ഭരിച്ചിരുന്ന മുഗള്‍ രജവംശത്തിലെ ജീവിക്കുന്ന ശേഷിപ്പ്.
ഇന്ത്യന്‍ ദേശീയ ചരിത്രത്തിലെ ഉജ്വല പോരാട്ടമായിരുന്നു 1857ലെ ഒന്നാം സ്വാതന്ത്ര സമരം. മുഗള്‍ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന ബഹദൂര്‍ഷാ സഫറിനെ മുന്നില്‍ നിര്‍ത്തിയാണ് സമരം കൊടുമ്പിരി കൊണ്ടത്. 1858-ല്‍ വിപ്ലവം അടിച്ചമര്‍ത്തിയപ്പോള്‍ ബ്രട്ടീഷുകാര്‍ അദ്ദേഹത്തെ ബര്‍മയിലേക്ക് നാടുകടത്തി. ഭാര്യ സീനത്ത് മഹലും അവശേഷിച്ച ചില കുടംബക്കാരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 1862 നവംബര്‍ 7-ന് ബഹദൂര്‍ഷാ സഫര്‍ ബര്‍മയിലെ റങ്കൂണില്‍ വെച്ച് അന്തരിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ദര്‍ഗയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. 1886-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭാര്യ സീനത്ത് മഹലും പേരമകള്‍ റൌനഖ് സമാനിയും അന്ത്യ വിശ്രമം കൊള്ളുന്നത് അദ്ദേഹത്തിന്റെ ചാരത്തു തന്നെയാണ്.
1857-ലെ വിജയം കാണാതെ പോയ ശിപായി ലഹളക്കു ശേഷം ബഹദൂര്‍ഷാ സഫറിന്റെ പിന്മുറക്കാരില്‍ പലരും വധിക്കപ്പെടുകയും ശേഷിച്ചവര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ഇതര പ്രദേശങ്ങളിലുമായി ചിതറുകയും ചെയ്തു. പലരും പഴയ കാല പ്രതാപത്തിന്റെ നിഴല്‍ മാത്രമായി. വന്‍കൊട്ടാരങ്ങളിലും അന്തഃപുരങ്ങളിലും താമസിച്ചിരുന്നവര്‍ തല ചായ്ക്കാന്‍ ഒരിടമില്ലാതെ അലഞ്ഞു. ഗല്ലികളില്‍ അന്തിയുറങ്ങുകയും എച്ചില്‍ തിന്ന് വിശപ്പടക്കുകയും ചെയ്തു. ജീവിതം തേടിയുള്ള ഈ യാത്രയിലാണ് ബദര്‍ഭക്തിന്റെ കുടംബം കൊല്‍കത്തയിലെത്തുന്നത്. ബഹദൂര്‍ഷാ സഫറിന്റെ പൌത്രന്‍ ജംഷിദ് ഭക്തിന്റെ പുത്രനാണ് ബദര്‍ ഭക്ത് രാജകുമാരന്‍.
കത്തി നിര്‍മിച്ചാണ് ബദര്‍ഭക്ത് വീട്ടുചെലവുകള്‍ക്കുള്ള തുക കണ്ടെത്തിയിരുന്നത്. 1980-ല്‍ അദ്ദേഹം മരണപ്പെട്ടതോടെ രാജകുടുംബത്തിന്റെ ജീവിതം പെരുവഴിയിലായി. രണ്ടു മുറികളുള്ള കൊച്ചു കുടില്‍. വീട്ടില്‍ വെള്ളമോ വെളിച്ചമോ ഇല്ല. രാജ കുടുംബത്തിനും അയല്‍വാസികള്‍ക്കും ഒരൊറ്റ അടുക്കളയേ ഉള്ളൂ. പൊതു നിരത്തിലെ ടാപ്പിന് ചുവട്ടിലിരുന്നാണ് വസ്ത്രം അലക്കുന്നതും പാത്രം കഴുകുന്നതും. സൂല്‍ത്താനാ ബീഗത്തിനിപ്പോള്‍ വയസ്സ് അറുപതായി. രാജകീയതയുടെ നിഴല്‍ പോലും തൊട്ടുതീണ്ടാത്ത ജീവിതം. തുടക്കത്തില്‍ ചെറിയൊരു ചായക്കട നടത്തിയാണ് അവര്‍ വയറ്റുപിഴപ്പിനുള്ള വഴി കണ്ടത്തിയത്. ഇപ്പോള്‍ ചെറിയ തോതില്‍ വസ്ത്രങ്ങള്‍ നെയ്ത് വില്‍പന നടത്തുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തമായ ഭരണകൂടമായിരുന്നു മുഗളന്‍മാരുടേത്. ഇന്ത്യയിലും പാകിസ്ഥാനിലും പശ്ചിമ ബംഗാളിലും അഫ്ഗാനിസ്ഥാനിലുമായി പരന്നു കിടന്നിരുന്ന വിശാലമായ രാജ്യത്തിന്റെ അധിപന്മാര്‍. രാജ്യത്തിന്റെ യശസ്സായി തലയുയര്‍ത്തി നില്‍ക്കുന്ന താജ്മഹല്‍ പണിതുയര്‍ത്തിയത് അവരാണ്. ചെങ്കോട്ടയും ഡല്‍ഹി ജുമാ മസ്ജിദും ആഗ്ര കോട്ടയും ഷാലിമാര്‍ പൂന്തോട്ടവുമെല്ലാം മുഗള്‍ രാജവംശം രാജ്യത്തിന് നല്‍കിയ സംഭാവനകളാണ്. യുനസ്കോയുടെ പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചവയാണ് ഇവയില്‍ മിക്കവയും.
കഴിഞ്ഞ നൂറ്റാണ്ടുകളിലെ അതിശക്തരായിരുന്ന രാജകുടുംബത്തിന്റെ പിന്മുറക്കാരെന്ന് നിസ്സംശയം അംഗീകരിക്കപ്പെടുമ്പോള്‍ തന്നെ തുച്ഛമായ പെന്‍ഷന്‍ വാങ്ങിയാണ് സുല്‍ത്താനയും രണ്ടു മക്കളും ജീവിക്കുന്നത്. നിരവധി സന്നദ്ധ സംഘടനകളും പ്രവര്ത്തകരും സുല്‍ത്താനാ ബീഗത്തിന്റെ ദുരവസ്ഥ അധികൃത്യരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പലരും അതിന്ന് ചെവി കൊടുത്തില്ല. ഒടുവില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ നിര്‍ദേശ പ്രകാരം നാനൂറ് രുപയുടെ പെന്‍ഷന്‍ ആറായിരമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. സുല്‍ത്താനയും അഞ്ചു പെണ്‍മക്കളും ഒരു മകനുമടങ്ങുന്ന രാജകുടംത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഏക സഹായമാണിത്. അവിവാഹിതയായ ഒരു മകള്‍ക്കും മകനുമൊപ്പം കഷ്ടിച്ചു കഴിഞ്ഞു കൂടുന്ന ഇവര്‍ പറയുന്നു: എന്നാലും ഞങ്ങള്‍ ജീവിക്കുന്നുണ്ട്. പക്ഷേ, എങ്ങനെ ജീവിക്കുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ.
അവലംബം- മെയില്‍ഓണ്‍ലൈന്‍
തയ്യാറാക്കിയത്- സുഹൈല്‍ ഹുദവി വിളയില്‍ -
Leave A Comment