മേവാത്ത് സംഭവം: ഭൂരിപക്ഷ വര്‍ഗീയത നീതി ഭയക്കുന്നു
mevathബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ മേവാത്തില്‍ രണ്ടു പേരെ കൊലപ്പെടുത്തുകയും രണ്ടു സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത അതിഭീകരമായ സംഭവം അരങ്ങേറിയിട്ട് ഒരു മാസം കഴിഞ്ഞു. ഇപ്പോഴും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനോ ഇരകള്‍ക്ക് അര്‍മായ നഷ്ടപരിഹാരം നല്‍കാനോ മുസ്‌ലിംകള്‍ക്ക് നാട്ടില്‍ നിര്‍ഭയമായ ജീവിതം ഉറപ്പ് നല്‍കാനോ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. ഭരണകൂടംതന്നെ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 24 നായിരുന്നു മേവാത്തില്‍ ഗോരക്ഷകരുടെ മറവില്‍ ഇത്രയും ദാരുണമായ സംഭവങ്ങള്‍ നടന്നത്. ബീഫ് കഴിച്ചു എന്നാരോപിച്ച് പാവപ്പെട്ട ഒരു മുസ്‌ലിം വീട്ടില്‍ ഇരച്ചുകയറി അക്രമകാരികള്‍ അവിടെയുള്ളവരെ ക്രൂരമായി മര്‍ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുകയായിരുന്നു. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍. വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളെ മര്‍ദിക്കുകയും അവശരാക്കുകയും ചെയ്തിരുന്നു. ഡിംഗര്‍ ഹെഡിലെ കെ.എം.പി എക്‌സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലൊന്നില്‍ കഴിഞ്ഞുവന്നിരുന്ന പാവപ്പെട്ട കുടുംബമായിരുന്നു ഇത്. കുടുംബ നാഥനായ സഹ്‌റുദ്ദീന്റെ മകന്‍ ഇബ്‌റാഹീം (45), ഭാര്യ റഷീദ (36) എന്നിവരാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നത്. തൊട്ടടുത്ത ഗ്രാമത്തില്‍നിന്നും കയറിവന്ന ഗോരക്ഷകരായിരുന്നു ഈ ക്രൂരകൃത്യത്തിനു പിന്നില്‍. ബീഫ് കഴിച്ചോ എന്ന് അക്രമികള്‍ ചോദിച്ചുവെന്നും ഇല്ലെന്ന് മറുപടി പറഞ്ഞിട്ടും അവര്‍ തങ്ങളെ അക്രമിച്ചെന്നും അക്രമത്തിനിരയായ യുവതികള്‍ വ്യക്തമാക്കിയിരുന്നു. ഇത് പോലീസിനോടും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഹരിയാന പോലീസിന്റെ എഫ്.ഐ.ആര്‍ ഇത് മറച്ചുവെക്കുകയാണുണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് ചിലരെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒരാള്‍ ഏരിയയിലെ ആര്‍.എസ്.എസ് നേതാവും മറ്റൊരാള്‍ വലിയ മോദി ഭക്തനുമാണെന്ന് അവരുടെ ഫേസ്ബുക് പോസ്റ്റുകളില്‍നിന്നും വ്യക്തമായിട്ടുണ്ട്. മേവാത് മേഖലയിലെ മുസ്‌ലിം സമുദായങ്ങളെ ഭീതിപ്പെടുത്താനുള്ള ശത്രുക്കളുടെ സംഘടിതമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത് അരങ്ങേറിയതെന്ന് ഇത്തരം സൂചനകള്‍ വ്യക്തമാക്കുന്നു. സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും കുറ്റവാളികള്‍ക്കെതിരെ ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് പ്രതികളുടെ ആര്‍.എസ്.എസ് ആഭിമുഖ്യമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍പോലും ആരോപിക്കുന്നത്. ഇതിനകം പ്രാദേശിക ബാര്‍ കൗണ്‍സില്‍ ഏകകണ്ഠമായി ഇരകള്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങിയതോടെയാണ് സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, മേവാത് കൊലയും മാനഭംഗവും വലിയ സംഭവങ്ങളായി താന്‍ കാണുന്നില്ലെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ അഭിപ്രായ പ്രകടനം വര്‍ഗീയ മുന്‍വിധികളോടെയാണ് സര്‍ക്കാര്‍ കേസിനെ സമീപ്പിക്കുന്നത് എന്ന് വെളിപ്പെടുത്തുന്നതാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി, മാനഭംഗ ഇരകള്‍ക്ക് നഷ്ടപരിഹാരം, വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷ തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. ന്യനപക്ഷ ദരിദ്ര വിഭാഗങ്ങള്‍ക്കെതിരെ നടന്ന ഈ വര്‍ഗീയ അതിക്രമംഎല്ലാവിധ മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. അക്രമികളെ പിന്തുണച്ച് നടത്തിയ ഒരു യോഗത്തില്‍ ബി.ജെ.പി എംഎല്‍.എ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ ഒരു സമഗ്രമായ സിബിഐ അന്വേഷണമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ, വേലി തന്നെ വിള തിന്നുന്നുവെന്ന പോലെ സര്‍ക്കാര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പെടാപാട് നടത്തുമ്പോള്‍ ഇശ്‌റത്ത് ജഹാന്‍ കേസ് പോലെ ഇതും അട്ടിമറിക്കപ്പെടുമോ എന്ന ഭീതിയിലാണ് നാട്ടിലെ മതവിശ്വാസികള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter