അധ്യായം 2. സൂറ ബഖറ- (Ayath 177-181) നന്മയും പകരം വീട്ടലും
സൂറത്തുല്‍ ബഖറയുടെ ഏകദേശം മധ്യഭാഗത്തെത്തിയിരിക്കുകയാണ് നമ്മള്. വേദഗ്രന്ഥം നല്കപ്പെട്ട ജൂത-ക്രിസ്ത്യാനികളെക്കുറിച്ച് വിവിധ കാര്യങ്ങളാണിതുവരെ പറഞ്ഞത്. അവരെക്കുറിച്ച നീണ്ട വിവരണം 176 ആം ആയത്തില്‍ അല്ലാഹു അവസാനിപ്പിച്ചത് വളരെ ശ്രദ്ധേയമായിരുന്നു:
ذَٰلِكَ بِأَنَّ اللَّهَ نَزَّلَ الْكِتَابَ بِالْحَقِّ ۗ وَإِنَّ الَّذِينَ اخْتَلَفُوا فِي الْكِتَابِ لَفِي شِقَاقٍ بَعِيدٍ (176)
('വേദത്തില്‍ ഭിന്നാഭിപ്രായക്കാരായ ആളുകള്‍ വലിയ ശത്രുതയിലാണ്').
ഈ ശത്രുതക്കും അഭിപ്രായവ്യത്യാസങ്ങള്ക്കുമെല്ലാം വഴിതെളിച്ച പ്രധാനപ്പെട്ടൊരു വിഷയമായിരുന്നു ഖിബ്ല മാറ്റം. അതുമായി ബന്ധപ്പെട്ട് അവര്‍ കുറെയേറെ വാഗ്വാദങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കിയത് നമ്മള് മുമ്പ് പഠിച്ചിരുന്നല്ലോ.
ആ പ്രശ്നത്തിലേക്ക് സൂചന നല്‍കിയും അതിനോട് ബന്ധപ്പെടുത്തിയുമാണ്, ഇനി പുതിയ വിഷയത്തിലേക്ക് കടക്കുന്നത്. അതായത്, മുഖം എങ്ങോട്ട് തിരിക്കുന്നു എന്നതല്ല പ്രധാന പ്രശ്നം. ഏറ്റവും പ്രധാനം സത്യവിശ്വാസവും തഖ്വയുമാണ്. അതൊന്നുമില്ലാതെ ഒരു പ്രത്യേക ഭാഗത്തേക്ക് തിരിഞ്ഞതുകൊണ്ടുമാത്രം നേട്ടമൊന്നുമില്ല.
ബൈത്തുല്മുഖദ്ദസിലേക്കുതന്നെ തിരിയണമെന്നാണല്ലോ ജൂതന്മാര് പറയുന്നത്. പക്ഷേ, അവര്‍ക്ക് വിശ്വാസമോ ഭയഭക്തിയോ ഇല്ല. തിരുനബി صلى الله عليه وسلم യെയും ഖുര്‍ആനെയും നിഷേധിക്കുന്നത് അതുകൊണ്ടാണ്. അവരിപ്പോ ബൈത്തുല്‍മുഖദ്ദസിലേക്ക് തിരിയുന്നു എന്ന കാരണം കൊണ്ടു മാത്രം പുണ്യവാന്മാരായി മാറുന്നില്ല. പിന്നെ എന്തുകൊണ്ടാണ് പുണ്യവാന്മാരാവുക? അതാണിനി പറയുന്നത്.
വിശുദ്ധ ദീന് മൊത്തത്തില്‍ എന്താണെന്ന് ഇനി നമ്മള് പഠിക്കാന്‍ പോകുന്ന ആയത്തിലുണ്ടെന്ന് ഉലമാഅ് പറയുന്നുണ്ട് (آية لَخَصَتْ الدِّينَ كُلَّهُ). എല്ലാ നന്മകളും സൂചിപ്പിക്കപ്പെട്ട വിശിഷ്ടമായൊരു ആയത്താണിത്.
لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ
കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നിങ്ങള്‍ കേവലം മുഖം തിരിക്കലല്ല പുണ്യം. പ്രത്യുത അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും,
وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ
ധനത്തോടു പ്രതിപത്തിയുണ്ടായിരിക്കെ തന്നെ ബന്ധുക്കള്‍, അനാഥകള്‍, ദരിദ്രര്‍, യാത്രക്കാര്‍, യാചകന്മാര് എന്നിവര്‍ക്കും അടമിവിമോചനത്തിന്നും അത് നല്‍കുകയും,
وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ
നമസ്കാരം യഥാവിധി നിര്‍വഹിക്കുകയും, സക്കാത്ത് കൊടുക്കുകയും, ഏര്‍പ്പെട്ട കരാറുകള്‍ പൂര്‍ത്തീകരിക്കുകയും,
وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ (177)
വിഷമതകളും കഷ്ടപ്പാടുകളും വന്നെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നവര്‍ ആരോ അവരാണ് പുണ്യവാന്മാര്. സത്യസന്ധത പാലിച്ചവരും ജീവിതത്തില്‍ സുക്ഷ്മത പുലര്‍ത്തിയവരും അവര്‍ തന്നെ.
بِرّ - പുണ്യം, നല്ലകാര്യം, പുണ്യവാന്, നന്മ ചെയ്യുന്നവന് എന്ന അര്‍ത്ഥത്തിലെല്ലാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ഈ വചനത്തിലും താഴെ 189-ആം ആയത്തിലും ഈ രണ്ടര്‍ത്ഥത്തിലും അത് ഉപയോഗിച്ചിട്ടുണ്ട്. عَدْل (അദ്ല്) എന്ന പദം, നീതി എന്നും നീതിമാന് എന്നുമുള്ള അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാറുള്ളതുപോലെയാണ് ഈ بِرّ എന്ന പദവും.
ഒരാള്‍ പുണ്യവാനാകണമെങ്കില്, വിശ്വസിക്കേണ്ട കാര്യങ്ങളെല്ലാം വിശ്വസിക്കുകയും, അനുഷ്ഠിക്കേണ്ട കാര്യങ്ങളെല്ലാം യഥാവിധി അനുഷ്ഠിക്കുകയും വേണം.
വിശ്വസിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്:
(1) അല്ലാഹുവില്‍ വിശ്വസിക്കുക: അല്ലാഹു ഉണ്ട്. അവന് ഏകനാണ്, അവന്റെ അധികാരാവകാശങ്ങള്‍, സ്വിഫാത്തുകള്‍ എന്നിവയെക്കുറിച്ചൊക്കെയുള്ള വിശ്വാസം.
(2) അന്ത്യനാളില്‍ വിശ്വസിക്കുക: ഇഹലോക ജീവിതത്തിന് ശേഷം മറ്റൊരു ജീവിതമുണ്ട്. സകല കര്‍മങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുന്ന, അനുയോജ്യമായ പ്രതിഫലം നല്കപ്പെടുന്ന ലോകം.
(3) മലക്കുകളില്‍ വിശ്വസിക്കുക: മലക്കുകള്‍ എന്ന പ്രത്യേകതരം സൃഷ്ടികളുണ്ട്. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന, എപ്പോഴുവമന് സ്തുതികീര്‍ത്തനങ്ങള്‍ അരപ്പിച്ചുകൊണ്ടരിക്കുന്ന, പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രത്യേക തരം സൃഷ്ടികളാണവര്‍. ഇഹലോകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവര്‍ മുഖേന അല്ലാഹു നടത്താറുണ്ട്. അല്ലാഹുവിന്റെയും മുര്‍സലുകളുടെയും ഇടയിലുള്ള ദൗത്യവാഹകന്മാര് മലക്കുകളാണ്.
(4) വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക: വേദഗ്രന്ഥങ്ങളില്‍ പൊതുവായി വിശ്വസിക്കുക, വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേകം വിശദമായി വിശ്വസിക്കുകയും ചെയ്യുക.
(5) നബിമാരില്‍ വിശ്വസിക്കുക: പേരറിഞ്ഞവരും അല്ലാത്തവരുമായ എല്ലാ പ്രവാചകന്മാരിലും പൊതുവെയും അന്ത്യപ്രവാചകരായ മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ പ്രത്യേകമായും വിശ്വസിക്കുക.
ആറാമതായി നമ്മളെണ്ണുന്നത് ഇവിടെ പറഞ്ഞിട്ടില്ല അല്ലേ. അതായത്, അല്ലാഹുവിന്റെ വിധിവ്യവസ്ഥകളിലുള്ള വിശ്വാസം (القضاء والقدر) . അതിന് കാരണം, ഈ വിഷയം, ഒന്നാമത്തെയും രണ്ടാമത്തെയും വിഷയങ്ങളുടെ വിശദാംശങ്ങളില്‍ ഉള്‍പെട്ടിട്ടുണ്ട് എന്നതാണ് (അല്ലാഹു, അന്ത്യനാളിലുള്ള വിശ്വാസം എന്നിവയില്‍).
ഇനി പറയുന്നത് പ്രധാനപ്പെട്ട അനുഷ്ഠാന കാര്യങ്ങളാണ്. ഒന്നാമതായി, സമ്പത്ത് ചെലവഴിക്കുന്ന കാര്യം. മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര സമ്പാദിച്ചാലും മതിവരാത്തതാണ് സമ്പത്ത്. വല്ലാത്തൊരു പ്രതിപത്തിയാണതിനോട്. സമ്പത്തിനോട് ഈ താല്പര്യവും ഇഷ്ടവും ഉണ്ടായിരിക്കെ ചെലവഴിക്കാന്‍ കഴിയണം. അതുമായി വല്ലാത്ത ഇഴുകിച്ചേരാത്തവര്ക്ക് ചെലഴിക്കാനും മടിയുണ്ടാകില്ല. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസം തന്നെയാണ്.
ഏറ്റവും ശ്രേഷ്ഠമായ ദാനധര്‍മം, ധനം മോഹിച്ചും ദാരിദ്ര്യം ഭയന്നും കൊണ്ടിരിക്കെ, ആരോഗ്യവാനും ചെലവഴിക്കാന്‍ മടിയുമുണ്ടായിരിക്കെ ചെയ്യുന്ന ദാനധര്മമാണെന്നാണല്ലോ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത്.
സമ്പത്ത് ചെലവാക്കേണ്ട മാര്‍ഗങ്ങള്‍ കൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുകയാണ്. ചെലവഴിക്കുമ്പോഴുള്ള ഉദ്ദേശ്യംപോലെത്തന്നെ പ്രധാനമാണ്, ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യവും.
(1) കുടുംബന്ധമുള്ളവര്‍: തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: സാധുക്കള്‍ക്ക് ധര്‍മം കൊടുക്കുന്നത് ഒരു ധര്‍മമാണ്. കുടുംബ ബന്ധമുളളവര്‍ക്ക് കൊടുക്കുന്നത് രണ്ടു കാര്യങ്ങളാണ്: ധര്‍മവും കുടുംബ ബന്ധം പാലിക്കലും.
(2) അനാഥകള്‍: പിതാക്കള്‍ മരണപ്പെട്ടവരും, ഉപജീവനത്തിന് വകയില്ലാത്തവരുമായ കുട്ടികള്‍. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു : യത്തീമിനെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും. ഇത് പറയുമ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചു കാണിക്കുകയും ചെയ്തിരുന്നു (മുസ്ലിം).
(3) അഗതികള്‍: ഫഖീറുകളും മിസ്കീനുകളും.
(4) യാത്രക്കാരന്: സ്വദേശത്തേക്ക് തിരിച്ചു പോകാന്‍ വകയില്ലാതെ ബുദ്ധിമുട്ടുന്ന യാത്രക്കാരന്, വേണ്ടപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി യാത്രക്കൊരുങ്ങിയവന്‍, നിരാശ്രയരായ വിദേശികള്‍.
(5) ചോദിച്ചുവരുന്നവര്: വിശുദ്ധ ദീന് വെറുക്കുന്ന, തീരെ പ്രോത്സാഹിപ്പിക്കാത്ത കാര്യമാണ് യാചന. അതേസമയം, എന്തെങ്കിലും ചോദിച്ചുവരുന്നവരെ അപമാനിച്ച് വിടരുതെന്ന നിര്‍ദേശവുമുണ്ട്. ഒന്നും കൊടുക്കാതെ, നല്ലവാക്കെങ്കിലും പറയാതെ തിരിച്ചയക്കരുത്. അപമാനിക്കുകയോ സോഷ്യല്‍മീഡിയയിലും മറ്റും ഫോട്ടോയോ വീഡിയോയോ മറ്റോ പ്രചരിപ്പിച്ച് മാനം കെടുത്തുകയും ചെയ്യരുത്. വ്യാജക്കേസുകളാണെങ്കില് നിയമത്തിന്റെ വഴിക്ക് നീങ്ങി മാന്യമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ, കൈയ്യൂക്ക് കാണിക്കുകയോ അപമാനിതരാക്കുകയോ അല്ല.
(6) അടിമ വിമോചനം: അടിമകളെ മോചിപ്പിക്കുക, അവരുടെ മോചനത്തിന് സഹായകമാകുന്ന സംരംഭങ്ങളില്‍ ചെലവഴിക്കുക.
അനുഷ്ഠാന കാര്യങ്ങളില്‍ പിന്നെ പറയുന്നത് നിസ്കാരത്തെക്കുറിച്ചും സകാത്തിനെക്കുറിച്ചുമാണ്.
وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ
സുപ്രധാനമായ കര്‍മമാണല്ലോ നിസ്കാരം. അത് കൃത്യമായി നിലനിറുത്തണം. നമസ്കാരത്തെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ച പല സ്ഥലങ്ങളിലും നിലനിറുത്തുക (ഇഖാമത്ത്) എന്നാണ് പ്രയോഗിച്ചത്. അങ്ങനെ മുറപ്രകാരം നിസ്കാരം കൊണ്ടുടന്നാല്, ശരീരവും മനസ്സവും ശുദ്ധമാകും. സകാത്ത് എന്ന നിര്‍ബന്ധദാനം നല്‍കുന്നതിലൂടെ സാമ്പത്തികമായ ശുദ്ധിയും കൈവരും.
പിന്നെ പറയുന്നത് കരാര്‍ പാലനത്തെക്കുറിച്ചാണ്. (وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ). കരാറുകള്‍ പാലിക്കുക എന്നത് മാന്യതയുടെ ലക്ഷണമാണ്. പാലിക്കാതിരിക്കുക എന്നത് കപടവിശ്വാസിയുടെ ലക്ഷണവും. കളവുപറയലും വാഗ്ദത്തം ലംഘിക്കലും വിശ്വാസവഞ്ചനയും മുനാഫിഖുകളുടെ ലക്ഷണമാണെന്ന ഹദീസ് പ്രസിദ്ധമാണല്ലോ.
അടുത്ത കാര്യം ക്ഷമയാണ്.
وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ
ക്ഷമയും സഹനവും ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. ഏത് വിഷമാവസ്ഥയിലും ക്ഷമിക്കാന്‍ കഴിയുന്നവന് ഭാഗ്യവാനാണ്. അത്തരക്കാര്‍ക്ക് വലിയ പ്രതിഫലവും ലഭിക്കും. യുദ്ധസമയത്ത് പ്രത്യേകം ക്ഷമ വേണം. അതാണത് പ്രത്യേകം എടുത്തുപറഞ്ഞത്.
ഇങ്ങനെ വളരെ പുണ്യമുള്ള വിശ്വാസാനുഷ്ഠാന കാര്യങ്ങള്‍ യഥാവിധി കൊണ്ടുനടക്കുന്നവര്‍ക്ക്, അവസാനമായി രണ്ട് സാക്ഷ്യപത്രങ്ങളും അല്ലാഹു നല്കിയിരിക്കുന്നു.
أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ
അവരാണ് സത്യസന്ധര്‍, അവര്‍ തന്നെയാണ് മുത്തഖികളും. അതായത്, വിശ്വാസം സാക്ഷാല്‍ക്കരിച്ചവരും, വിശ്വാസികളാണെന്ന വാദം പ്രവൃത്തിയില്‍ കൊണ്ടുവരുന്നവരും, വിധിവിലക്കുകള്‍ അനുസരിച്ച് സൂക്ഷ്മതപാലിച്ചവരും അവരാണ്.
അടുത്ത ആയത്ത് 178
അടുത്ത ആയത്ത് മുതല്‍, വിശുദ്ധ ശരീഅത്തിന്റെ പല നിയമങ്ങളും വ്യവസ്ഥകളുമാണ് പറയുന്നത്: ഖിസാസ്വ് (പ്രതിക്രിയ ചെയ്യുക), വസ്വിയ്യത്ത്, നോമ്പ്, ഹജ്ജ്, ഉംറ, ജിഹാദ്, വിവാഹം, ഥലാഖ്, ആര്‍ത്തവം, മദ്യം തുടങ്ങി പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം നിയമങ്ങളെല്ലാം പൂര്‍ണമായും അനുസരിച്ച്, നല്ലവരായി ജീവിക്കുന്നതാണ് പുണ്യം എന്നാണ് അല്ലാഹു സൂചിപ്പിക്കുന്നത്.
ആദ്യമായി പറയുന്നത് ഖിസാസ്വിനെക്കുറിച്ചാണ് (പ്രതിക്രിയ). ആയത്ത് പഠിച്ചതിനുശേഷം വിശദീകരിക്കാം- إن شاء الله
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنْثَىٰ بِالْأُنْثَىٰ ۚ
സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവരുടെ കാര്യത്തില്‍ സ്വതന്ത്രനു പകരം സ്വതന്ത്രന്, അടിമക്കു അടിമ, വനിതക്കു വനിത എന്നിങ്ങനെ നിങ്ങള്‍ക്കു പ്രതിക്രിയ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ
ഇനി ഘാതകന്ന് തന്റെ സഹോദരന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിട്ടുവീഴ്ച ലഭിക്കുന്നുവെങ്കില്‍ മര്യാദപാലിക്കുകയും മാന്യമായി നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യണം.
ذَٰلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ (178)
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ഒരു ലഘൂകരണവും ദയാവായ്പുമാണിത്. തദനന്തരവും ഒരാള്‍ അതിക്രമം കാട്ടിയാല്‍ വേദനയുറ്റ ശിക്ഷ അവന്നുണ്ടാകും.
كَتَبَ യുടെ കര്മണിപ്രയോഗ (مَجْهُول) രൂപമാണ് كُتِبَ. ഒന്നിനോടൊന്ന് കൂട്ടിച്ചേര്‍ക്കുക എന്നാണ് ഭാഷാര്‍ത്ഥം. അക്ഷരങ്ങളും പദങ്ങളും തമ്മതമ്മില്‍ കൂട്ടിച്ചേര്ക്കുകയാണല്ലോ എഴുത്തില്‍ നടക്കുന്നത്. അതുകൊണ്ടാണ് ‘എഴുതുക’ എന്ന അര്ത്ഥത്തിനിത് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഇങ്ങനെയാണ് ഗ്രന്ഥം എന്ന് كِتَاب എന്ന പദത്തിന് അര്‍ത്ഥം വരുന്നതും.
നിയമിക്കുക, രേഖപ്പെടുത്തുക, വിധിക്കുക, നിശ്ചയിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളിലും ഈപദം ഉപയോഗിക്കാറുണ്ട്. നിയമമാക്കപ്പെട്ടു എന്ന അര്‍ത്ഥത്തിലാണ് ഇവിടെയും. 180, 183 ആയത്തുകളിലും ഉപയോഗിച്ചിരിക്കുന്നത്.
فَاتِّبَاعٌ بِالْمَعْرُوفِ
مَعْرُوفِ എന്ന പദം ഖുര്‍ആനില്‍ പലയിടത്തുമുണ്ട്. അറിയപ്പെട്ടത്, പരിചയപ്പെട്ടത് എന്നൊക്കെയാണ് വാക്കര്‍ത്ഥം. നല്ല കീഴ്വഴക്കമായി അറിയപ്പെട്ട കാര്യം എന്ന് പൊതുവെ പറയാം, അതായത്, സദാചാരം, ആചാരം, മര്യാദ എന്നൊക്കെ പറയാം. ഓപ്പോസിറ്റാണ് مُنْكَر – ദുരാചാരം, അപരിചിതം, വെറുക്കപ്പെട്ടത് എന്നെല്ലാം സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥം പറയാം.
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى
ലോകത്ത് നടമാടിയിരുന്ന അനേകം അനീതികളും അക്രമങ്ങളും നിര്‍ത്തലാക്കുകയാണ് അല്ലാഹു. ഒരുത്തമ സമുദായത്തിന്റെ നിലനില്പിന്, പല നീതിന്യായ നടപടികളും വ്യവസ്ഥകളും അത്യാവശ്യമാണല്ലോ.
പ്രതിക്രിയ (കൊലക്ക് പകരം കൊല), അറബികള്‍ക്കിടയിലും വേദക്കാര്‍ക്കിടയിലും മുമ്പേ പതിവുണ്ടായിരുന്നുവത്രേ. പക്ഷേ, അതിനൊരു വ്യവസ്ഥയുണ്ടായിരുന്നില്ല. എല്ലാം തോന്നിയപോലെയായിരുന്നു.
സ്വതന്ത്രരും അടിമകളും ഉണ്ടായിരുന്ന ആ സമൂഹത്തില്‍, മേലേക്കിടയിലുള്ളവര്‍, താഴേക്കിടയിലുള്ളവര്‍ എന്നിങ്ങനെ വിവിധ തട്ടുകളുണ്ടായിരുന്നു. മേലേക്കിടയിലുള്ളവരെ താഴേക്കിടയിലുള്ളവര്‍ കൊന്നാല്‍ ഒന്നിലധികം പേരെ പകരം കൊല്ലും. ഒരാളെ കൊന്നാല്‍ അതിനു പകരമായി കൊന്നവനെ മാത്രമല്ല, അവന്റെ കുടുംബത്തില്‍ പെട്ട ഒന്നോ രണ്ടോ അതിലും കൂടുതലോ ആളുകളെ പകരം കൊല്ലും.
താഴ്ന്ന കുടുംബത്തില്‍ പെട്ട ഒരാളുടെ അടിമ, ഉയര്‍ന്ന തറവാട്ടുകാരന്റെ അടിമയെ കൊന്നാല്‍, അതിനു പകരമായി കൊന്നവന്റെ യജമാനനെത്തന്നെ കൊല്ലും.
കൊന്ന ആള് സ്ത്രീയാണെങ്കില്‍, അവളുടെ കുടുംബത്തിലെ പുരുഷനെയാണ് പകരം കൊല്ലുക. ഭര്‍ത്താവിനെയോ ബന്ധത്തില്‍പെട്ട ഏതെങ്കിലും പുരുഷനെയോ കൊല്ലും.
നേരെമറിച്ച് താഴെക്കിടയിലുള്ളവരെ, ഉയര്‍ന്നവര്‍ കൊന്നാലോ? എന്തെങ്കിലും ഉപായം കണ്ടെത്തി, ഘാതകനെ പകരം കൊല്ലാതെ ഒഴിവാക്കും.
ഇത്തരം ചില അനീതികള്‍ ഇന്നും നിലവിലുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. ഏതായാലും, ഇത്തരം അസമത്വങ്ങളെല്ലാം ഇല്ലാതെയാക്കുകയാണ് അല്ലാഹു. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യുമ്പോള്‍ സമത്വം പാലിച്ചേ തീരൂ. കുടുംബമഹിമയോ മറ്റോ ഒന്നും അവിടെ പരിഗണിക്കരുത്. കൊലക്ക് കൊല എന്നതാണ് സാമാന്യനിയമം.
كُتِبَ عَلَيْكُمُ الْقِصَاصُ- എന്നു പറഞ്ഞതിന്റെ താല്പര്യം കൊന്നവനെ കൊല്ലല്‍ നിര്‍ബന്ധമാണെന്നല്ല. പ്രതിക്കൊല ചെയ്യുമ്പോള്‍, സമത്വവും നീതിയും പാലിക്കണമെന്നാണ്. അതാണല്ലോ, പകരം കൊല്ലാതെ, Blood Money മതി എന്ന് മറുകക്ഷി പറഞ്ഞാല്‍, ആയ്ക്കോട്ടെ അങ്ങനെ മതി എന്ന് ശേഷം പറഞ്ഞത് فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ മാത്രവുമല്ല, അതിന് പ്രോത്സാഹനം നല്കുന്ന ശൈലി കൂടിയാണ് ആയത്തിലുള്ളത്.
അതായത്, കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍, കൊന്നവന് മാപ്പ് ചെയ്തുകൊടുക്കുകയും, തിരിച്ചു കൊല്ലുന്നതിന് പകരം പിഴ വാങ്ങി തൃപ്തിപ്പെടുകയുമാണ് ചെയ്യുന്നതെങ്കില്‍, ആയിക്കോട്ടെ എന്ന്.
فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ
ഇങ്ങനെ പിഴ വാങ്ങി തൃപ്തിപ്പെടുകയാണെങ്കില്‍, കൊന്നവന്റെ ബന്ധുക്കള്‍ പിഴ കൊടുക്കാന്‍ നിര്‍ബന്ധിതരാണ്. പിഴ കൊടുക്കാന്‍ തീരുമാനിച്ചാല്‍, നിശ്ചിതതുക കൃത്യമായി കൊടുത്തുതീര്‍ക്കാതെ കൊന്നവന്റെ ബന്ധുക്കള്‍ മറുകക്ഷിയെ ബുദ്ധിമുട്ടിക്കരുത്. അതാണ് 'നല്ല നിലയില്‍ കൊടുത്തുവീട്ടണം' എന്ന് പറഞ്ഞതിന്റെ സാരം. وَأَدَاءٌ إِلَيْهِ بِإِحْسَانٍ
അതുപോലെത്തന്നെ, പിഴ വാങ്ങാന്‍ തീരുമാനിച്ചാല്‍, നല്ല നിലക്കത് വാങ്ങുകയല്ലാതെ പിന്നെയും പ്രതികാരത്തിന് മുതിരരുത്. അതാണ് 'മര്യാദ പാലിച്ച് അത് പിന്‍പറ്റണം' എന്ന് പറഞ്ഞത്. فَاتِّبَاعٌ بِالْمَعْرُوفِ
فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ - ഈ വാക്യത്തില്‍ രണ്ടു കക്ഷികളെയും ബാധിക്കുന്ന പല കാര്യങ്ങളുമുണ്ട്:
- ഒരു കൊലപാതകം നടന്നതുകാരണം, രണ്ടുകൂട്ടരും തമ്മിലുള്ള ഇസ്ലാമികമായ സഹോദര്യ ബന്ധം മുറിയാന്‍ പാടില്ല. ‘അവന്റെ സഹോദരനില്‍ നിന്ന്’ എന്ന വാക്ക് സൂചിപ്പിക്കുന്നത് അതാണ്. മാത്രവുമല്ല, പരസ്പരം സഹോദരന്മാരാണെന്നതുകൊണ്ടുതന്നെ, പ്രതിക്രിയയില്‍ വിട്ടുവീഴ്ച ചെയ്തുകൊടുക്കണമെന്നും സൂചനയുണ്ട്.
- പ്രതിക്രിയയില്‍ ഇളവ് നല്കിയാല്, പിന്നെ ഘാതകനെ കൊല്ലരുത്. അതാണ് ‘എന്തെങ്കിലും മാപ്പ് ചെയ്യപ്പെട്ടാല്‍,’ എന്ന് പറഞ്ഞത്.
- പ്രതിക്രിയ ഒഴിവായിക്കിട്ടിയാല്, പിന്നെ നിശ്ചയിച്ച നഷ്ടപരിഹാരം മര്യാദയനുസരിച്ച് കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് കൊടുത്തുതീര്‍ക്കണം. അതില്‍ വീഴ്ചയോ, തര്‍ക്കമോ നടത്തരുത്. നല്ല മട്ടത്തില്‍ അത് കൊടുത്തുതീര്‍ക്കണം.
ഇങ്ങനെ തിരിച്ചുകൊല്ലേണ്ടതില്ല, പിഴ വാങ്ങി മാപ്പ് ചെയ്തുകൊടുക്കാം എന്ന നിയമം അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള ലഘൂകരണവും കാരുണ്യവുമാണ്. തൗറാത്തുകാര്ക്ക് അങ്ങനെ ഒരാനുകൂല്യമുണ്ടായിരുന്നില്ല. അതായത്, ذَٰلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ എന്ന് പറഞ്ഞത്.
ഇനി, വിട്ടുവീഴ്ച ചെയ്യാമെന്ന് സമ്മതിച്ച ശേഷം ആരെങ്കിലും അതിക്രമം കാണിക്കുകയാണെങ്കില്‍ അല്ലാഹു കഠിനമായി ശിക്ഷിക്കും. പിഴ വാങ്ങുകയും പിന്നീടവനെ വിഷമിപ്പിക്കുകയും ചെയ്യുക എന്ന ദുരവസ്ഥ ഉണ്ടാകരുത്. അതാണ് فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ എന്നു പറഞ്ഞത്.
മാപ്പ് നല്‍കിയിട്ട് പിന്നെയും കൊന്നവനെ തിരിച്ചുകൊല്ലുക, ചില അവകാശികള്‍ മാപ്പ് നല്കിയ ശേഷം മറ്റു അവകാശികള്‍ പറ്റില്ലാന്ന് പറഞ്ഞ് പകരം കൊല്ലുക, പ്രായശ്ചിത്തം വാങ്ങിയിട്ട് പിന്നെയും കൊല്ലുക, യഥാര്‍ത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലും കൊല്ലുക, പ്രായശ്ചിത്ത സംഖ്യയില്‍ സാധാരണ നാട്ടുനടപ്പില്‍ കവിഞ്ഞ് ആവശ്യപ്പെടുക, പ്രായശ്ചിത്തം നല്കാന് സമ്മതിച്ചിട്ട്, അത് ശരിക്ക് കൊടുത്തു തീര്‍ക്കാതിരിക്കുക തുടങ്ങിയ അനീതികളെക്കുറിച്ച് താക്കീത് ചെയ്തതാണ് فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ എന്ന വാക്യം.
കൊലയുടെ പ്രായശ്ചിത്തം സംബന്ധിച്ച മസ്അലകളെല്ലാം ഫിഖ്ഹിന്റെ (കര്‍മശാസ്ത്രം) കിതാബുകളില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
അടുത്ത ആയത്ത് 179
എന്തിനാണ് ഖിസ്വാസ് നിയമം നടപ്പാക്കിയതെന്നാണ് ഇനി പറയുന്നത്. പ്രതിക്രിയ കൊണ്ട് പ്രത്യക്ഷത്തില്‍, ഒരു ജീവന് കൂടി നഷ്ടപ്പെടുകയാണെങ്കിലും ബുദ്ധികൊടുത്ത് ചിന്തിച്ചാല്‍, അതുകാരണം മനുഷ്യരുടെ ജീവന് രക്ഷപ്പെടുകയാണ് യഥാര്ത്ഥത്തിലുണ്ടാകുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. അങ്ങനെയാണത്, സമൂഹത്തിന്റെ ജീവന് സുരക്ഷിതത്വമുണ്ടാക്കുന്ന അനിവാര്യമായൊരു ശിക്ഷാമുറയായിത്തീരുന്നത്.
وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ (179)
ഈ പ്രതിക്രിയാനടപടിയിലാണ്, ബുദ്ധിമാന്മാരേ, നിങ്ങളുടെ ജീവിതത്തിന്റെ നിലനില്പ്. ഈ നിയമം നിങ്ങള്‍ സൂക്ഷ്മാലുക്കളാകാന്‍ വേണ്ടിയത്രേ.
يَا أُولِي الْأَلْبَابِ എന്ന് വിളിച്ചാണ്, കൊലക്കുപകരം കൊല എന്ന നിയമത്തിലടങ്ങിയ തത്വം അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്. ബുദ്ധിമാന്മാര്ക്കേ അത് ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ-അല്ലാത്തവര്‍ക്ക് വേഗം മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
ഈ നിയമം ശരിക്ക് നടപ്പിലാക്കുകയാണെങ്കില്‍, സമൂഹത്തില്‍ കൊലക്കുറ്റം കുറഞ്ഞുപോകുമെന്ന് തീര്‍ച്ചയാണ്. ഒരാളെ കൊന്നാല്‍, എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കരുതുന്ന ഒരാള്‍, നിസ്സാര കാരണങ്ങള്‍ക്കുപോലും മറ്റുള്ളവരെ കൊല്ലാന്‍ മടിക്കില്ല. അത് വലിയ കുഴപ്പമുണ്ടാക്കുകയല്ലേ ചെയ്യുക!
അതേസമയം, കൊന്നവന് കൊല്ലപ്പെടുന്ന രീതി വന്നാല്‍, ജീവനില്‍ കൊതിയുള്ള ആരും കൊല്ലാന്‍ ധൈര്യപ്പെടുകയില്ല. നാട്ടില്‍ കുഴപ്പമുണ്ടാവുകയുമില്ല; സമധാനത്തോടെ ജീവിക്കുകയും ചെയ്യാം.
അതിക്രമം ചെയ്യാനുള്ള പ്രേരണകളെ തടുക്കാനുള്ള മാര്‍ഗം, കുറ്റത്തിനനുസരിച്ച് ശിക്ഷ നല്‍കുകയാണെന്നത് അടിസ്ഥാന തത്വമാണല്ലോ. ഈ അടിസ്ഥാന തത്വമനുസരിച്ച് പ്രായോഗികമായ, യുക്തമായ ശിക്ഷാനിയമങ്ങളാണ് അല്ലാഹു പഠിപ്പിക്കുന്നത്.
ഇന്നിപ്പോ ആധുനികലോകത്ത് പല രാഷ്ട്രങ്ങളും വധശിക്ഷ ക്രൂരമാണെന്നും, കിരാതനിയമമാണെന്നും അതൊഴിവാക്കണമെന്നുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പകരം വേറെ നിയമങ്ങള്‍ കൊണ്ടുവരികയാണവര് ചെയ്യുന്നത്. ആശങ്കാജനകമാണിത്. കാരണം, കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കൂടാന്‍ മാത്രമേ ഇത് വഴിവെക്കൂ. കുറ്റകൃത്യങ്ങളുടെ നിലവിലെ കണക്ക് പരിശോധിച്ചാലിത് ബോധ്യമാകും.
വധശിക്ഷ വേണ്ടെന്ന് തീരുമാനിച്ച ശേഷം വീണ്ടും പുനസ്ഥാപിച്ച രാഷ്ട്രങ്ങളും ഉണ്ടത്രേ. പുനസ്ഥാപിക്കാന്‍ നിര്‍ബന്ധിതരാവുകയാണവര്‍ ചെയ്തത്.
അടുത്ത ആയത്ത് 180
വസ്വിയ്യത്ത്/അനന്തരാവകാശം – ഇതിനെക്കുറിച്ചാണിനി പറയുന്നത്.
ഇസ്ലാമിനു മുമ്പ് ദായക്രമം/അനന്തരാവകാശം ഉണ്ടായിരുന്നു, പക്ഷേ, ഒരു വ്യവസ്ഥയുമില്ലായിരുന്നു. ഈ വിഷയത്തിലും സാമൂഹികജീവിതത്തിന്റെ ഭദ്രതക്ക് അനുയോജ്യമായ രൂപത്തില്‍, പ്രായോഗികമായ മാര്‍ഗമാണ് വിശുദ്ധ ദീന് നിര്‍ദേശിക്കുന്നത്.
മരണാസന്നനായ ഒരാള്‍ സമ്പത്ത് വിട്ടേച്ചുപോകുന്നുണ്ടെങ്കില്, തന്റെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യണമെന്നാണ് ഈ ആയത്തില്‍ കല്പിക്കുന്നത്. പിന്തുടര്ച്ചാവകാശത്തിന്റെ കല്പന വരുന്നതിനു മുമ്പ് ഈ വസ്വിയ്യത്ത് നിര്‍ബന്ധമായിരുന്നു. പിന്നീട് ഈ വിധി നസ്ഖ് ചെയ്തിട്ടുണ്ട് (ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്).
അതായത്, സൂറത്തുന്നിസാഇല്‍, അനന്തരാവകാശ നിയമങ്ങള്‍ വിശദമായി വിവരിക്കുന്ന ആയത്തുകള്‍ക്കു മുമ്പ് ആദ്യഘട്ടത്തില്‍ അവതരിച്ചതാണ് ഈ ആയത്തുകള്‍. അനന്തരാവകാശ നിയമം അവതരിക്കുകയും അവകാശികളെയും അവകാശങ്ങളെയും നിര്‍ണയിക്കപ്പെടുകയും ചെയ്തപ്പോള്‍ ഈ വാക്യത്തിന്റെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടു; അത് മന്‍സൂഖ് ആയി. ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണത്.
തിരുനബി صلى الله عليه وسلم പറയുന്നു: 'നിശ്ചയം അല്ലാഹു ഓരോ അവകാശിക്കും അവരുടെ അവകാശം കൊടുത്തുകഴിഞ്ഞു. അതുകൊണ്ടിനി അവകാശിക്കുവേണ്ടി വസ്വിയ്യത്ത് പാടില്ല.'
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِنْ تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ (180)
നിങ്ങളിലൊരാള്‍ ആസന്ന മരണനായാല്, സമ്പത്ത് വിട്ടുപോകുന്നുവെങ്കില്‍, മാതാപിതാക്കള്‍ക്കും അടുത്ത കുടുംബക്കാര്‍ക്കും ന്യായപ്രകാരമുള്ള വസ്വിയ്യത്ത് നിര്‍ബന്ധമാണ്; സൂക്ഷ്മാലുക്കള്‍ക്ക് ഇത് കടമയത്രേ.
خَيْر - ഇവിടെ ഉദ്ദേശ്യം സമ്പത്താണ്. കാരണം, അറബികള്‍ക്കിടയില്‍ അങ്ങനെ ഉപയോഗിക്കപ്പെടാറുണ്ട്.
അനന്തരാവകാശികളല്ലാത്ത അടുത്ത ബന്ധുക്കള്‍ക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യാം. അത് സുന്നത്താണ്. പക്ഷേ, സ്വത്തിന്റെ മൂന്നിലൊന്നില്‍ മാത്രമേ വസ്വിയ്യത്ത് പാടുള്ളൂ, അതേ ശരിയാവുകയുള്ളൂ.
സഅ്ദുബ്നു അബീവഖാസ് (رضي الله عنه) രോഗ ശയ്യയിലാണ്, നല്ല പൈസക്കാരനാണ്. അവകാശിയായി ഒരു മകള്‍ മാത്രമേ ഉള്ളു. മൂന്നില്‍ രണ്ടു ഭാഗം വസ്വിയ്യത്ത് ചെയ്യട്ടെ എന്നദ്ദേഹം തരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചു. പാടില്ലെന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു. പകുതി ആകാമോ? അതും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവദിച്ചില്ല. മൂന്നിലൊന്നാകാമോ? തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറഞ്ഞു: ‘എന്നാല്‍ മൂന്നിലൊന്ന്. മൂന്നിലൊന്ന് തന്നെ ധാരാളമാണ്. അനന്തരാവകാശികളെ ജനങ്ങളോട് കൈകാട്ടുന്നവരായി വിട്ടുപോകുന്നതിനെക്കാള്‍ തനിക്ക് ഉത്തമം, അവരെ ധനികരായി വിട്ടുപോകുന്നതാണ്.’ ഈ സംഭവം ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ചിട്ടുണ്ട്.
അടുത്ത ആയത്ത് 181
ഇങ്ങനെ വസ്വിയ്യത്ത് ചെയ്താല്‍ പിന്നെയത് മാറ്റാന്‍ പാടില്ലെന്നാണിനി പറയുന്നത്.
فَمَنْ بَدَّلَهُ بَعْدَمَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ (181)
എന്നാല്‍ കേട്ടുകഴിഞ്ഞ ശേഷം ആരെങ്കിലുമത് ഭേദപ്പെടുത്തിയാല്‍ അതിന്Jz കുറ്റം ഭേദഗതി ചെയ്തവര്‍ക്കാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയാകുന്നു.
വസ്വിയ്യത്ത് ചെയ്യുന്ന ആള് അത് നിറവേറ്റാന്‍ ചുമതലപ്പെടുത്തുന്നവരോ, വസ്വിയ്യത്തിന് സാക്ഷികളാകുന്നവരോ, ആ വസ്വിയ്യത്തില്‍ കൃത്രിമം കാണിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍, ആ ചെയ്തവരാണ് കുറ്റക്കാര്‍. വസ്വിയ്യത്ത് ചെയ്തവനല്ല, അവന്റെ കൂലി ഒട്ടും കുറയുകയുമില്ല.
വസ്വിയ്യത്ത് ചെയ്യുന്നയാള്‍ മനഃപൂര്‍വമോ, അബദ്ധത്തിലോ, വിവരമില്ലായ്മകൊണ്ടോ അവകാശികള്‍ക്ക് ദോഷം വരത്തക്കവിധം സ്വത്തിന്റെ മൂന്നിലൊന്നില്‍ കൂടുതലായോ മറ്റോ വസ്വിയ്യത്ത് ചെയ്യാന്‍ ഇടയുണ്ടെന്ന് ഭയപ്പെട്ടാല്‍, അത് മനസ്സിലാക്കിക്കൊടുത്ത് ന്യായാനുസൃതമായ ഭേദഗതി വരുത്തുകയാണെങ്കില്‍, അതിന് പ്രശ്രനമില്ല, കുറ്റമില്ല. മറ്റൊരു തരത്തിലുള്ള ഭേദഗതിയും പാടില്ല.
-------------------------------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment