അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 104-108) വസ്വിയ്യത്തിലെ തിരിമറി

വിവിധ പശ്ചാത്തലങ്ങളിലും കാരണങ്ങളാലും മക്കാ മുശ്‌രിക്കുകള്‍ ഒട്ടകങ്ങളും മറ്റും വ്യത്യസ്ത നാമങ്ങളിലായി ബിംബങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചിരുന്നുവെന്നും (ബഹീറ, സാഇബ, വസ്വീല, ഹാം)  അതെല്ലാം അല്ലാഹു കല്‍പിച്ചതും നിശ്ചയിച്ചുതന്നതുമാണെന്ന് അവര്‍ വാദിച്ചിരുന്നുവെന്നും കഴിഞ്ഞ പേജില്‍ പറഞ്ഞല്ലോ. അല്ലാഹുവിന്‍റെ പേരിലവര്‍ കെട്ടിച്ചമക്കുന്ന ശുദ്ധ നുണയാണതെന്നും പ്രാമാണികമായി യാതൊരു തെളിവുമതിനില്ലെന്നും പറഞ്ഞ് അതിന് മറുപടി നല്‍കിയതും നമ്മള്‍ കണ്ടു.

ഇത്തരക്കാരെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കുമ്പോള്‍ സാധാരണ പറയാറുള്ളൊരു ന്യായമാണിനി പറുയുന്നത് -  ഞങ്ങളുടെ മുന്‍ഗാമികളെ  ഏതൊരു പന്ഥാവില്‍ കണ്ടുവോ, അതു മതി ഞങ്ങള്‍ക്ക് എന്ന ഒരേയൊരു ന്യായം. ഒഴിഞ്ഞുമാറാന്‍വേണ്ടി മാത്രം പറയുന്നൊരു ന്യായം!

മൂഢന്മാരും ചിന്താവിഹീനരുമായ പൂര്‍വികരെ പിന്‍പറ്റുക മാത്രമാണവര്‍ ചെയ്യുന്നത്. ആ പൂര്‍വികര്‍ വിജ്ഞാനികളും ചിന്താശേഷിയുള്ളവരുമായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു; പക്ഷേ ഇവിടെ ചിത്രം മറിച്ചാണ്.  അജ്ഞരായ, സന്മാര്‍ഗം ലഭിക്കാത്ത അത്തരം പൂര്‍വികരെ അനുകരിക്കാന്‍ പാടില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതല്ലേ?!

وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ (104)

അല്ലാഹു അവതരിപ്പിച്ചതിലേക്കും റസൂലിന്‍റെ അധ്യാപനങ്ങളിലേക്കും വരൂ എന്നു ശാസിക്കപ്പെടുമ്പോള്‍, സ്വപിതാക്കളെ ഏതൊരു പന്ഥാവില്‍ കണ്ടുവോ, അതു മതി ഞങ്ങള്‍ക്ക് എന്നാണവരുടെ പ്രതികരണം! അവരുടെ പിതാക്കള്‍ യാതൊന്നും അറിയാത്തവരും സന്മാര്‍ഗ പ്രാപ്തരാകാത്തവരും ആണെങ്കിലും അതു മതിയോ അവര്‍ക്ക്?! 

ഈ ആയത്തുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിനെ ആക്ഷേപിക്കാന്‍ ബിദഈ കക്ഷികള്‍  പൊക്കിക്കാണിക്കാറുള്ള ആയത്തുകളാണിവ - 103, 104 ആയത്തുകള്‍. മരണപ്പെട്ട മഹാത്മാക്കള്‍ക്കു വേണ്ടി ധര്‍മം ചെയ്യാന്‍ ആട്‌, കോഴി മുതലായവയെ നേര്‍ച്ചയാക്കുന്നത് ആക്ഷേപിക്കാന്‍ 103 എടുത്തുകാണിക്കും. മദ്‌ഹബ്‌ തഖ്‌ലീദ്‌ ചെയ്യാന്‍ പാടില്ല എന്ന് പറയാന്‍ 104 ഉം എടുത്തുകാണിക്കും. 

103 – ആം ആയത്ത് നോക്കാം:

 مَا جَعَلَ اللَّهُ مِنْ بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ (103)

(ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയുള്ള ബിംബസമര്‍പ്പിത മൃഗങ്ങളെ അല്ലാഹു നിശ്ചയിച്ചിട്ടില്ല; പ്രത്യുത, നിഷേധികള്‍ അല്ലാഹുവിന്‍റെ പേരിലത് കെട്ടിച്ചമച്ചു പറയുകയാണ്. അവരില്‍ മിക്കവരും ചിന്തിച്ചു ഗ്രഹിക്കുന്നില്ല.)

സത്യത്തില്‍ എന്താണിവിടെ അല്ലാഹു ആക്ഷേപിക്കുന്നത്? ചില ഉപാധികളോടുകൂടി ചില മൃഗങ്ങളെ ബിംബങ്ങള്‍ക്കായി ഉഴിഞ്ഞുവിടുകയും അതിന്‍റെ മാംസം നിഷിദ്ധമാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹു കല്‍പിച്ചതാണെന്ന്‌ പറയുകയും ചെയ്‌തതിനെയാണ്‌ ആക്ഷേപിച്ചത്‌. ബഹീറ, സാഇബ, വസ്വീല, ഹാം എന്നിവയെക്കുറിച്ചൊക്കെ പറഞ്ഞല്ലോ.

ഇവിടെ നമ്മള്‍ - അഹ്ലുസ്സുന്നയുടെ ആളുകള്‍ - മഹാത്മാക്കളുടെ പേരില്‍ ധര്‍മം ചെയ്യാനുള്ള ഒരു മൃഗം എന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. അവരുടെ പരലോകഗുണത്തിനുവേണ്ടി ആ മൃഗത്തെ അറുത്ത് ധര്‍മം ചെയ്യുക. ഇതല്ലേ നടക്കുന്നുള്ളൂ. അതില്‍ ശിര്‍ക്കോ കുഫ്‌റോ എങ്ങനെയാണ് വരുന്നത്?!

പിന്നെ, 104 -ആം ആയത്ത്. അവിടെ അല്ലാഹു പറഞ്ഞതെന്താണ്? അജ്ഞരും ദുര്‍മാര്‍ഗികളുമായ മുന്‍ഗാമികളെ അനുകരിക്കരുത്. ഇപ്പറഞ്ഞതില്‍നിന്നുതന്നെ മനസ്സിലാക്കാമല്ലോ, വിജ്ഞാനമുള്ളവരും സന്മാര്‍ഗികളുമായ മുന്‍ഗാമികളെ അനുകരിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന്.

മദ്‌ഹബിന്‍റെ ഇമാമുകള്‍ അഗാധജ്ഞാനമുള്ളവാണ്. ശരിയായ മാര്‍ഗം സ്വീകരിച്ചവരാണ്. അവരെ അനുകരിക്കണമെന്നാണ്‌ അല്ലാഹു തന്നെ നമ്മളോട് പറയുന്നത്:  

فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ (43)النحل

(നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ അറിവുള്ളവരോട്‌ ചോദിക്കുക). സൂറത്തുല്‍ അമ്പിയാഅ്‌ 7 ലും ഇതേ പരാമര്‍ശമുണ്ട്.

പിന്നെ, ഈ മഹാന്മാരെല്ലാം മദ്ഹബുകള്‍ ക്രോഡീകരിച്ചത് സ്വന്തം ഇഷ്ടത്തിനനുസരിച്ചല്ലല്ലോ... വിശുദ്ധ ഖുര്‍ആനിന്‍റെയും ഹീദിസിന്‍റെയും അടിസ്ഥാനത്തില്‍ തന്നെയല്ലേ?

അടുത്ത ആയത്ത് 105

അജ്ഞരും സന്മാര്‍ഗം പ്രാപിക്കാത്തവരുമായ പൂര്‍വികരെ അനുകരിക്കാന്‍ പാടില്ലെന്നാണല്ലോ കഴിഞ്ഞ ആയത്തില്‍ പറഞ്ഞത്. ഓരോ സത്യവിശ്വാസിയും സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാകണം എന്നാണിനി പറയുന്നത്. 

സ്വന്തക്കാരും ബന്ധക്കാരും വഴിപിഴച്ചുപോകുന്നത് തനിക്കുകൂടി ഭീഷണിയാകാം. അതുകൊണ്ട് അവര്‍ക്കും സത്യമാര്‍ഗം പ്രബോധനം ചെയ്യണം. അതു നിര്‍വഹിച്ചിട്ടും അവര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നമുക്ക് കുഴപ്പമില്ല; അടിച്ചേല്‍പിക്കാന്‍ നാം കല്‍പിക്കപ്പെട്ടിട്ടില്ല. അവസാനം അല്ലാഹുവിങ്കലേക്കാണ് എല്ലാവരുടെയും മടക്കം; തല്‍സമയം, എല്ലാവരുടെയും പ്രവൃത്തികളെക്കുറിച്ച് അവന്‍ അറിയിച്ചുതരികയും തക്കപ്രതിഫലം നല്‍കുകയും ചെയ്യും. 

يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ ۖ لَا يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ (105)

സത്യവിശ്വാസികളേ, സ്വന്തം കാര്യങ്ങളില്‍ നിങ്ങള്‍ ജാഗ്രതപുലര്‍ത്തിക്കൊള്ളുക. സ്വയം സന്മാര്‍ഗ പ്രാപ്തരായിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് ദുര്‍മാര്‍ഗികള്‍ യാതൊരു വിഷമവും ഉണ്ടാക്കുകയില്ല. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം; തല്‍സമയം, നിങ്ങളുടെ ചെയ്തികളെപ്പറ്റി അവന്‍ നിങ്ങള്‍ക്കറിയിച്ചുതരും. 

മറ്റുള്ളവരുടെ കാര്യം എന്തെങ്കിലുമാകട്ടെ, ഞാന്‍ നന്നായി ജീവിച്ചാല്‍ മതിയല്ലോ എന്നു ചിന്തിക്കുന്ന ചിലരുണ്ട്. ഈ സൂക്തം അത്തരക്കാര്‍ക്ക് പിന്‍ബലമാണോ എന്നു തോന്നിയേക്കാം. പക്ഷേ, അതു ശരിയല്ല. മഹാനായ അബൂബക്ര്‍ സ്വിദ്ദീഖ്(رضي الله عنه) ഒരിക്കല്‍ തന്‍റെയൊരു പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. (അഹ്മദ്)

മറ്റുള്ളവരെ ഉപദേശിക്കരുതെന്നോ വേണ്ടാത്തത് കാണുമ്പോള്‍ തടയരുതെന്നോ ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. നന്മ കല്‍പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും വല്ല വിട്ടുവീഴ്‌ചയുമുണ്ടെന്ന്‌ ഈ ആയത്തുകണ്ട് ആരും തെറ്റിദ്ധരിക്കേണ്ടതില്ല... (തഫ്‌സീര്‍ അബുസ്സൂഊദ്‌ 2:65). അതെല്ലാം എന്തായാലും വേണ്ടതുതന്നെയാണ്. അതോടൊപ്പം സ്വന്തം രക്ഷമാര്‍ഗങ്ങളെക്കുറിച്ചുകൂടി ജാഗരൂകരായിരിക്കണം.

ഞാന്‍ രക്ഷപ്പെട്ടേ മതിയാകൂ എന്ന ദൃഢമായ നിലപാടെടുക്കുന്ന ഒരാളെ വേറെ ആര്‍ക്കും വഴിതെറ്റിക്കാനാവില്ല. ലോകം മുഴുവനും തനിക്കെതിരെ തിരിഞ്ഞാലും അയാളുടെ മനസ്സു മാറ്റാനോ വഴി മാറ്റാനോ അവര്‍ക്ക് കഴിയില്ല, അത് തീര്‍ച്ചയാണ്.

ഇങ്ങനെ സത്യവിശ്വാസത്തിന്‍റെ കാര്യത്തില്‍ ഉറച്ച നിലാപാട് സ്വീകരിച്ച നിരവധി പേരുണ്ട്. കഠിനതരമായ വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും, വിശ്വാസം മുറുകെപിടിച്ചവര്‍.

ഫിര്‍ഔന്‍റെ മുമ്പില്‍ വെച്ച്‌ ഇസ്‌ലാം സ്വീകരിച്ച, അവന്‍റെ സമീപസ്ഥരായിരുന്ന ജാലവിദ്യക്കാരുടെ ചരിത്രം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്‌. പിന്തിരിഞ്ഞില്ലെങ്കില്‍ ക്രൂരമായി ശിക്ഷിക്കുകയും ക്രൂശിക്കുകയും ചെയ്യുമെന്ന്‌ ഫിര്‍ഔന്‍ പ്രഖ്യാപിച്ചു. പക്ഷേ, നിനക്കിഷ്ടമുള്ളത് ചെയ്തോ; പിന്മാറുന്ന പ്രശ്നമേയില്ലെന്ന് പറഞ്ഞ് ആ പ്രഖ്യാപനം പുച്ഛിച്ചു തള്ളുകയാണവര്‍ ചെയ്തത് (സൂറത്തുശ്ശുഅറാഅ്‌ 38-51).

ഒരു സാമ്രാജ്യം ആകെ ഇളകിമറിഞ്ഞിട്ടും ഗുഹാവാസികള്‍ (أصحاب الكهف) സത്യവിശ്വാസത്തില്‍ അടിയുറച്ചുനിന്നു. വിശ്വാസം സംരക്ഷിക്കാനുള്ള വഴി തേടിയാണ് അവര്‍ ഗുഹയിലെത്തിയതും അവിടെ അഭയം തേടിയും (സൂറത്തുല്‍ കഹ്ഫ് 9-27).

ഈ ആയത്തിറങ്ങാനുണ്ടായ പശ്ചാത്തലമിതായിരുന്നു: മുശ്രിക്കുകളുടെ അവസ്ഥയോര്‍ത്ത് മുസ്‍ലിംകള്‍ക്ക് വലിയ സങ്കടം തോന്നി. ഇമാം സമഖ്‌ശരി പറയുന്ന പോലെ, സത്യത്തെക്കുറിച്ച് എത്ര പറഞ്ഞുമനസ്സിലാക്കിക്കൊടുത്തിട്ടും അവര്‍ നിഷേധത്തിലുറച്ചുനില്‍ക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് നല്ല മനഃപ്രയാസമുണ്ടായിരുന്നു. അവരും സത്യം സ്വീകരിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. തത്സമയമാണ് അവരോടിങ്ങനെ പറയപ്പെട്ടത്‌.

തിരുനബി (صلى الله عليه وسلم) യോടും അല്ലാഹു ഇങ്ങനെയാണല്ലോ (സൂറത്തുഫാഥിര്‍ 8) പറഞ്ഞത്‌:

فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ ۚ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ (8) فاطر

(അതുകൊണ്ട്, ആ നിഷേധികളെക്കുറിച്ച തീവ്രദുഃഖം താങ്കള്‍ക്ക് ജീവഹാനി വരുത്താതിരിക്കട്ടെ. അവരുടെ ചെയ്തികളെക്കുറിച്ച് നന്നായി അറിയുന്നവന്‍ തന്നെയാണ് അല്ലാഹു) - തഫ്‌സീര്‍ കശ്ശാഫ്‌ 1:534.

അടുത്ത ആയത്തുകള്‍ 106, 107

ഓരോരുത്തരും സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണല്ലോ

തൊട്ടുമുമ്പ് പറഞ്ഞത്. ഇനി പറയുന്നത് സ്വത്ത് സംരക്ഷണത്തെക്കുറിച്ചാണ്. അതുമായി ബന്ധപ്പെട്ട് വസ്വിയ്യത്ത് ചെയ്യുന്നതിനെക്കുറിച്ചാണ് പറയുന്നത്. ആമുഖമായി പറയട്ടെ, ഇതു സംബന്ധമായ വിശദമായ മസ്അലകള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നാണ് മനസ്സിലാക്കേണ്ടത്. ഇവിടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

സൂറത്തുല്‍ ബഖറ 180 ല്‍ വസ്വിയ്യത്തിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സമ്പത്ത് കൈവശമുള്ളവര്‍ മരണാസന്നനാകുമ്പോള്‍ വസ്വിയ്യത്ത് ചെയ്യണമെന്നാണവിടെ പറഞ്ഞത്. വസ്വിയ്യത്ത് സംബന്ധിച്ച പല കാര്യവും അവിടെ ചര്‍ച്ച ചെയ്തിരുന്നു.

മരണാസന്നനായൊരാള്‍ ധനം വിട്ടേച്ചുപോകുന്നുണ്ടെങ്കില്‍ തന്‍റെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യണമെന്നാണ് അല്‍ബഖറ 180 ലുള്ളത്. അനന്തരാവകാശ നിയമം അവതരിക്കുന്നതിനു മുമ്പ് ഈ വസ്വിയ്യത്ത് നിര്‍ബന്ധമായിരുന്നു. സൂറത്തുന്നിസാഅ് 11 മുതലുള്ള ആയത്തുകളില്‍ അനന്തരാവകാശ നിയമങ്ങള്‍ അവതരിച്ചതോടെ ഈ വിധി (മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യണമെന്ന വിധി) ദുര്‍ബലപ്പെടുത്തപ്പെട്ടു. ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണത്.

തിരുനബി (صلى الله عليه وسلم) അത് വ്യക്തമാക്കിയിട്ടുമുണ്ട്: 'നിശ്ചയം അല്ലാഹു ഓരോ അവകാശിക്കും അവരുടെ അവകാശം കൊടുത്തുകഴിഞ്ഞു. അതിനാല്‍ അവകാശിക്കുവേണ്ടി വസ്വിയ്യത്തില്ല.'

എന്നാല്‍, ഈ ഹദീസിന്‍റെ ഉദ്ദേശ്യം, മറ്റ് അവകാശികളുടെ അനുവാദം കൂടാതെ അവകാശികള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല എന്നാണ് പണ്ഡിതര്‍ പറയുന്നത് (ഇബ്‌നു കസീര്‍). അതായത്, മറ്റു അവകാശികളുടെ അനുവാദത്തോടുകൂടി, അവകാശിക്കുവേണ്ടിയോ, അവകാശികളല്ലാത്ത അടുത്ത ബന്ധുക്കള്‍ക്കു വേണ്ടിയോ വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. അത് സുന്നത്തുമാണ്. പക്ഷേ, സ്വത്തിന്‍റെ മൂന്നിലൊന്നില്‍ മാത്രമേ വസ്വിയ്യത്ത് സാധുവാകയുള്ളൂ.

അതുപോലെത്തന്നെ, അവകാശികളെ തോല്‍പിക്കണം, അവര്‍ക്കൊന്നും കിട്ടരുത് എന്ന ഉദ്ദേശ്യത്തോടുകൂടി വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. ഇന്നിപ്പോള്‍ പലരും വസ്വിയ്യത്തുകള്‍ ചെയ്യുന്നത്, മറ്റുള്ളവര്‍ക്ക് കിട്ടരുതെന്ന് കരുതിയാണ്. അത് പാടില്ല.

വസ്വിയ്യത്ത് ചെയ്താല്‍ പിന്നെയത് മാറ്റാന്‍ പാടില്ലെന്നും സൂറത്തുല്‍ ബഖറ 181 ല്‍ പറഞ്ഞിരുന്നു.

ഇവിടെ ഇനി 106 ല്‍ പറയുന്നത്, വസ്വിയ്യത്ത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളെക്കുറിച്ചാണ്. ആ കാര്യങ്ങള്‍ പറയുന്നതിനു മുമ്പ് ഈ ആയത്തുകളിറങ്ങാനുണ്ടായ കാരണം നോക്കാം. അതിന്‍റെ ചുരുക്കം ഇങ്ങനെയാണ്:

തമീമുദ്ദാരി, അദിയ്യുബ്‌നു ബദ്ദാഅ്‌ എന്നിവരോടൊപ്പം അംറുബ്‌നുല്‍ ആസ്വീ(رضي الله عنه)യുടെ മൗലയായ ബുദൈല്‍ (رضي الله عنه) ശാമിലേക്ക്‌ കച്ചവടത്തിനു പോയി. 

ഒരു വിജന സ്ഥലത്തുവെച്ച് ബുദൈല്‍ മരണാസന്നനായി. തന്‍റെ സാധനങ്ങള്‍ വീട്ടുകാര്‍ക്ക് എത്തിച്ചുകൊടുക്കണമെന്ന് അയാള്‍ സഹയാത്രികരോട് വസ്വിയ്യത്ത് ചെയ്തു. സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി, സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്തു. അദ്ദേഹം മരണപ്പെട്ടു.

തമീമും അദിയ്യും അന്ന് ക്രിസ്‌ത്യാനികളായിരുന്നു. മരണപ്പെട്ട ശേഷം സാധനങ്ങള്‍ പരിശോധിച്ച ഇരുവരും അതില്‍ കണ്ട വിലപിടിപ്പുള്ള ഒരു വെള്ളിപ്പാത്രം പൂഴ്ത്തിവെക്കുകയും ബാക്കിയുള്ളവ കുടുംബത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്തു.

അവകാശികള്‍ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ലിസ്റ്റ്‌ കണ്ടു. അതില്‍ വെള്ളിപ്പാത്രത്തെക്കുറിച്ചും എഴുതിയിരുന്നു. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ തമീമും അദിയ്യും നിഷേധിക്കുകയാണുണ്ടായത്.

വെള്ളിപ്പാത്രം മോഷ്ടിച്ചതാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ തിരുനബി (صلى الله عليه وسلم) യുടെ സവിധത്തില്‍ കേസ് ബോധിപ്പിച്ചു. തത്സമയമാണ് 106-ആം ആയത്ത് അവതരിച്ചത്.

ആയത്തില്‍ നിര്‍ദ്ദേശിച്ച പോലെ അദിയ്യിനെയും തമീമിനെയും തിരുനബി  صلى الله عليه وسلم പള്ളിയില്‍ ഹാജറാക്കി നമസ്‌കാരാനന്തരം വിചാരണ ചെയ്ത് സത്യം ചെയ്യിച്ചു. പക്ഷേ, അവര്‍ കള്ളസത്യം ചെയ്യുകയും കേസ് തള്ളിപ്പോവുകയും ചെയ്തു.

എന്നാല്‍, പിന്നീട്‌ തമീമിന്‍റെയും അദിയ്യിന്‍റെയും  അടുത്ത് ആ വെള്ളിപ്പാത്രം കാണുകയും അവകാശികള്‍ അത്‌ പിടികൂടുകയും ചെയ്തു. ഞങ്ങള്‍ വിലക്കു വാങ്ങിയതാണെന്നായിരുന്നു അവരുടെ ന്യായവാദം. പക്ഷേ, അവകാശികള്‍ വിട്ടില്ല.

വീണ്ടും തിരുനബി (صلى الله عليه وسلم) യുടെ അടുത്തെത്തി കേസുകൊടുത്തു. അപ്പോഴാണ്‌ തുടര്‍ന്നുള്ള വാക്യങ്ങള്‍ അവതരിച്ചത്‌. അതനുസരിച്ച്‌ ബുദൈല്‍(رضي الله عنه)ന്‍റെ അവകാശികളായ രണ്ടാളുകള്‍ സത്യം ചെയ്‌തു. പാത്രം അവര്‍ക്കു വിധിച്ചു കൊടുക്കുകയും ചെയ്തു.

അവര്‍ രണ്ടുപേരും പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയും താനാണ് പാത്രം മോഷ്ടിച്ചിരുന്നത് എന്നു തമീമുദ്ദാരി പരസ്യപ്രസ്താവന നടത്തുകയും പശ്ചാത്ത പിക്കുകയും ചെയ്തു.

يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِنْكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنْتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُمْ مُصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِنْ بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَمِنَ الْآثِمِينَ (106)

സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ മരണാസന്നനായാല്‍, വസ്വിയ്യത്ത് ചെയ്യുമ്പോള്‍ നിങ്ങളിലെ രണ്ടു നീതിമാന്മാര്‍ സാക്ഷി നില്‍ക്കണം; യാത്രാ വേളയിലാണ് മരണ വിപത്ത് പിടികൂടു ന്നതെങ്കില്‍ സ്വന്തക്കാരില്ലാതെ വരുമ്പോള്‍ അന്യരില്‍ നിന്നു രണ്ടുപേരായാലും മതിയാകും.

ഇനി, സംശയം ജനിക്കുകയാണെങ്കില്‍ നമസ്‌കാരാനന്തരം ഇരുവരെയും ഹാജറാക്കി അല്ലാഹുവിന്‍റെ പേരില്‍ അവരിങ്ങനെ ശപഥം ചെയ്യണം: 'ഈ സത്യത്തിന്നു - അടുത്ത ബന്ധുവിന്‍റെ കാര്യത്തിലാണെങ്കില്‍ പോലും - ഞങ്ങള്‍ യാതൊരു വിലയും വാങ്ങുന്നില്ല; അല്ലാഹുവിന്‍റെ പേരില്‍ ഏറ്റെടുത്ത സാക്ഷ്യം മറച്ചു വെക്കുന്നുമില്ല ഞങ്ങള്‍. അങ്ങനെ ചെയ്യുന്നുവെങ്കില്‍ ഞങ്ങള്‍ കുറ്റവാളികളായിപ്പോകും.'

فَإِنْ عُثِرَ عَلَىٰ أَنَّهُمَا اسْتَحَقَّا إِثْمًا فَآخَرَانِ يَقُومَانِ مَقَامَهُمَا مِنَ الَّذِينَ اسْتَحَقَّ عَلَيْهِمُ الْأَوْلَيَانِ فَيُقْسِمَانِ بِاللَّهِ لَشَهَادَتُنَا أَحَقُّ مِنْ شَهَادَتِهِمَا وَمَا اعْتَدَيْنَا إِنَّا إِذًا لَمِنَ الظَّالِمِينَ (107)

ഇനി ഇരു സാക്ഷികള്‍ കുറ്റത്തിനര്‍ഹരായി വെളിപ്പെട്ടാല്‍ (കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍), പരേതന്‍റെ അവകാശികളുമായി ഇവരെക്കാള്‍ സാമീപ്യമുള്ള രണ്ടുപേര്‍ തല്‍സ്ഥാനത്തു സാക്ഷികളാവുകയും അല്ലാഹുവിന്‍റെ പേരില്‍ ഇങ്ങനെ ശപഥം ചെയ്യുകയും വേണം: 'ഞങ്ങളുടെ സാക്ഷ്യം ഇവരുടേതിനെക്കാള്‍ സത്യ നിഷ്ഠം തന്നെയാണ്, ഞങ്ങള്‍ അതിക്രമിച്ചിട്ടില്ല; അങ്ങനെ ചെയ്താല്‍ ഞങ്ങളും അക്രമികളാകുന്നതാണ്.' 

ذَٰلِكَ أَدْنَىٰ أَنْ يَأْتُوا بِالشَّهَادَةِ عَلَىٰ وَجْهِهَا أَوْ يَخَافُوا أَنْ تُرَدَّ أَيْمَانٌ بَعْدَ أَيْمَانِهِمْ ۗ وَاتَّقُوا اللَّهَ وَاسْمَعُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ (108)

അവര്‍ യഥായോഗ്യം സാക്ഷ്യം നിര്‍വഹിക്കുന്നവരാകാനും ഒരിക്കല്‍ ചെയ്യപ്പെട്ട ശപഥത്തിനെതിരെ വീണ്ടും ശപഥങ്ങളുണ്ടാകാമെന്ന ഭയം അവരില്‍ ജനിക്കാനും ഏറ്റം ഉതകുന്നതാണിത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്‍റെ കല്‍പനകള്‍ ശ്രവിക്കുകയും ചെയ്യുക. അധര്‍മകാരികളെ അല്ലാഹു സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നതല്ല. 

ആയത്തുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നോക്കാം:

(1) വസ്വിയ്യത്ത് ചെയ്യുമ്പോള്‍ രണ്ട് നീതിമാന്മാരെ സാക്ഷിനിറുത്തണം. നിങ്ങളില്‍ നിന്നുള്ളവര്‍ (مِّنكُمْ) എന്ന് പറഞ്ഞതുകൊണ്ട്, സാക്ഷികള്‍ മുസ്‌ലിംകളായിരിക്കണമെന്ന് വ്യക്തമാകുന്നു. സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ടാണല്ലോ അല്ലാഹു ഈ വിഷയം അവതരിപ്പിക്കുന്നത്.

(2) യാത്രാവേളയിലാണ് വസ്വിയ്യത്ത് നടക്കുന്നതെങ്കില്‍ - അപ്പോള്‍ മുസ്‌ലിംകളെത്തന്നെ സാക്ഷികളായി കിട്ടാതെ വരാമല്ലോ- മുസ്‌ലിംകളല്ലാത്ത രണ്ടു പേരെ സാക്ഷിയാക്കാവുന്നതാണ്. നിങ്ങളല്ലാത്തവരില്‍ നിന്ന് (مِنْ غَيْرِكُمْ) എന്ന് പറഞ്ഞത് അമുസ്‌ലിംകളെ ഉദ്ദേശിച്ചാണ്. (ഈ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്‌.)

(3) പരേതന്‍റെ അനന്തരാവകാശികള്‍ക്കോ മറ്റോ സാക്ഷികള്‍ പറഞ്ഞതില്‍ സംശയം ജനിച്ചാല്‍ 106-ആം വാക്യത്തില്‍ വ്യക്തമാക്കിയ തുപോലെ അവരെക്കൊണ്ട്‌ സത്യം ചെയ്യിപ്പിക്കണം. ഇങ്ങനെ സത്യം ചെയ്യുന്നത്‌ അല്ലാഹുവിനെക്കുറിച്ച്‌ ഭയവും ഭക്തിയുമുണ്ടാകുന്ന ചുറ്റുപാടിലായിരിക്കണം -ജമാഅത്ത് നമസ്‌കാരം കഴിഞ്ഞ ഉടനെ പൊതുസദസ്സില്‍ വെച്ചായിരിക്കണം. നമസ്‌കാരം കഴിഞ്ഞ ഉടനെയും, പള്ളിയില്‍വെച്ചും, ജനമദ്ധ്യേയുമാകുമ്പോള്‍ കളവ് പറയാന്‍ സത്യവിശ്വാസികള്‍ ധൈര്യപ്പെടില്ലല്ലോ.

(സാക്ഷികളെ സത്യം ചെയ്യിക്കുക എന്ന വിധി മന്‍സൂഖാണ്‌. ഈ പ്രത്യേക പ്രശ്‌നത്തില്‍ മാത്രം അത്‌ നിലവിലുണ്ടെന്നും മറ്റു പ്രശ്‌നങ്ങളില്‍ അതില്ലെന്നുമാണ്‌ മറ്റൊരഭിപ്രായം.)

(4) സത്യം ചെയ്യുമ്പോള്‍ തങ്ങള്‍ പറയുന്നത് ശരിയാണെന്നും, പക്ഷഭേദമോ സ്വാര്‍ത്ഥ താല്‍പര്യമോ ഒന്നും തങ്ങള്‍ക്കില്ലെന്നും, പരമാര്‍ത്ഥം മൂടിവെക്കുകയില്ലെന്നുമൊക്കെ അവര്‍ വ്യക്തമാക്കേണ്ടതാണ്. സാക്ഷികള്‍ ഇങ്ങനെ സത്യം ചെയ്തുപറയുന്നതോടെ അവര്‍ സാക്ഷ്യപ്പെടുത്തിയ പ്രകാരം ആ വസ്വിയ്യത്ത് പ്രാബബല്യത്തില്‍വരുന്നതും, അനന്തരാവകാശികള്‍ അത് നടപ്പില്‍ വരുത്താന്‍ ബാധ്യസ്ഥരുമായിത്തീരുന്നു.

(5) സാക്ഷികള്‍ കളവ് പറയുക, വഞ്ചിക്കുക, പൂഴ്‌ത്തിവെക്കുക മുതലായ വല്ല കുറ്റവും ചെയ്‌തതായി ബോധ്യപ്പെട്ടാല്‍ മരണപ്പെട്ടയാളുടെ അവകാശികളില്‍ നിന്ന്‌ അയാളോട്‌ ഏറ്റവും അടുപ്പമുള്ള വേറെ രണ്ടാള്‍ 107 ആം വാക്യത്തില്‍ പറഞ്ഞപോലെ സത്യം ചെയ്യണം. എന്നാല്‍, അവര്‍ക്കനുകൂലമായ വിധി കിട്ടും. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക്‌ ഇങ്ങനെ ഒരവകാശം വെച്ചുകൊടുത്തത്, സാക്ഷികള്‍ ആദ്യംതന്നെ സത്യം അതിന്‍റെ മുറപ്രകാരം നിര്‍വഹിക്കാനാണ്. തങ്ങള്‍ സത്യം ചെയ്തുതെളിയിച്ചാലും അത് ശരിയല്ലെന്നുകണ്ടാല്‍ തങ്ങളുടെ സാക്ഷ്യം തള്ളപ്പെടുകയും, അങ്ങനെ തങ്ങള്‍ വഷളാകുകയും ചെയ്യുമെന്ന് അവര്‍ക്ക് ഭയം തോന്നുമല്ലോ.

وَاتَّقُوا اللَّهَ وَاسْمَعُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

താക്കീതാണിത് - അല്ലാഹുവിനെ സൂക്ഷിക്കണം, അവന്‍റെ നിര്‍ദേശങ്ങള്‍ യഥാവിധി അനുസരിക്കണം, അങ്ങനെ ചെയ്യാതിരിക്കുന്നത് അധര്‍മമാണ്, അധര്‍മകാരികള്‍ക്ക് സന്മാര്‍ഗം പ്രാപിക്കാന്‍ കഴിയുകയില്ല.

എല്ലാവര്‍ക്കും ബാധകമാണീ താക്കീത് - വസ്വിയ്യത്ത് ചെയ്യുന്നവര്‍ക്കും അത് നടപ്പില്‍ വരുത്തുന്നവര്‍ക്കും സാക്ഷികള്‍ക്കും വസ്വിയ്യത്ത് പ്രകാരം സമ്പത്ത് കിട്ടുന്ന അവകാശികള്‍ക്കും അധികാരസ്ഥന്മാര്‍ക്കുമെല്ലാം ബാധകമാണിത്.

വസ്വിയ്യത്തിനും അത് യഥാവിധി നടപ്പില്‍ വരുത്തുന്നതിനും അല്ലാഹു നല്‍കിയ പ്രാധാന്യമാണിവിടെ മനസ്സിലാകുന്നത്. സാക്ഷികളെ സത്യം ചെയ്യിപ്പിക്കുക, അത് ശരിയല്ലെന്ന് കണ്ടാല്‍ കൂടുതല്‍ നല്ലവരെ കൊണ്ടുവന്ന് അവരുടെ സത്യം കേള്‍ക്കുക, മുസ്‌ലിംകളെ സാക്ഷിയായികിട്ടാന്‍ പ്രയാസം നേരിടുമ്പോള്‍ അമുസ്‌ലിംകളെ സാക്ഷിയായി സ്വീകരിക്കുക... ഇത്തരം വിധികളെല്ലാം വസ്വിയ്യത്തിന്‍റെ വിഷയത്തിലല്ലാതെ മറ്റൊരു വിഷയത്തിലും വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞുകാണുകയില്ല.

ഇതൊക്കെയായിട്ടും വസ്വിയ്യത്തിന്‍റെയും അത് പാലിക്കുന്നതിന്‍റെയും വിഷയത്തില്‍ ഇന്ന് സമുദായം സ്വീകരിച്ചുവരുന്ന നിലപാട് വളരെ പരിതാപകരമാണ്. വസ്വിയ്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, അനന്തരാവകാശികള്‍ക്ക് നിശ്ചിത ഓഹരികള്‍ വീതിച്ചുകൊടുക്കുന്നതിലും സകാത്ത് നിയമങ്ങള്‍ പാലിക്കുന്നതിലും കടമിടപാടുകള്‍ തീര്‍ക്കുന്നതിലുമെല്ലാം തികഞ്ഞ അനാസ്ഥ കാണിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. നാം ഉല്‍ബുദ്ധരാകേണ്ട, സമുദായത്തെ ഉല്‍ബുദ്ധരാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter