അധ്യായം 2. സൂറ ബഖറ - (Ayath 203-210) ദുരഭിമാനം

ഹജ്ജിനെക്കുറിച്ചും ഹജ്ജിനും ഉംറക്കുമിടയില്‍ അല്ലാഹുവിനെ നന്നായി ഓര്‍ക്കേണ്ടതിനെക്കുറിച്ചും, ദുആ ചെയ്യുമ്പോള്‍ ദുന്യാവിലെയും ആഖിറത്തിലെയും നന്മകള്‍ ചോദിക്കുന്നതിനെക്കുറിച്ചുമൊക്കെയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി ചര്‍ച്ച ചെയ്തിരുന്നത്.

 

ഹജ്ജുമായിബന്ധപ്പെട്ടു തന്നെ ചില കാര്യങ്ങളും കൂടി പറയുകയാണിനി. ഹജ്ജിന്‍റെ അവസാനം മിനയില്‍ താമസിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് പറയുന്നത്. അവിടെയും നിങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ അല്ലാഹുവിനെ നന്നായി സ്മരിക്കുകയും ദുആ ചെയ്യുകയും വേണം.

 

ദുല്‍ഹിജ്ജ 11,12,13 എന്നീ ദിവസങ്ങളിലാണ് ഹാജിമാര്‍ അവിടെ താമസിക്കുക. അവിടെ നിന്നാണ് ജംറയിലേക്ക് കല്ലെറിയാന്‍ പോകുക. മൂന്നാം നാള്‍ അവിടെ തങ്ങാനുദ്ദേശിക്കാത്തവര്‍ക്കു 12 ന്‍റെ സന്ധ്യക്കു മുമ്പ് തിരിച്ചു പോകാവുന്നതാണ്.

 

وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ ۚ فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ (203)

നിശ്ചിത ദിനങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിനെ അനുസ്മരിക്കുക. ഇനി രണ്ടു ദിവസം കൊണ്ടു മതിയാക്കി ഒരാള്‍ വേഗം പോന്നാല്‍ കുറ്റമൊന്നുമില്ല; വഴിയെ പോരുന്നവന്നും തെറ്റില്ല.  ഭക്തന്മാര്‍ക്കാണിത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവങ്കലേക്കാണ് ഒരുമിച്ചുകൂട്ടപ്പെടുകയെന്നറിഞ്ഞിരിക്കുകയും ചെയ്യുക.

 

ഏതാനും ദിവസങ്ങള്‍ എന്നു പറഞ്ഞത് ദുല്‍ഹിജ്ജ 11,12,13 എന്നീ മൂന്ന് ദിവസങ്ങളാണ്. ഈ ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്‌രീഖ് എന്ന് പറയുന്നത്. അതായത്, വലിയ പെരുന്നാളിനു ശേഷമുള്ള 3 ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ പ്രത്യേകം അല്ലാഹുവിനെ സ്മരിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ്.

 

ഈ ദിവസങ്ങളില്‍ മിനായില്‍ ഉള്ള മൂന്ന് ജംറകളില്‍ കല്ലെറിയണം. ഉച്ചതിരിഞ്ഞ ശേഷമാണ് എറിയേണ്ടത്. എറിയുമ്പോഴും എല്ലാ നമസ്‌കാരശേഷവും ബലിമൃഗങ്ങളെ അറുക്കുമ്പോഴും മറ്റും തക്ബീര്‍  ചൊല്ലുന്നത് പ്രത്യേകം സുന്നത്തായത് ഈ സ്മരണയുടെ ഭാഗമായാണ്.

 

فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ

ഇനി, രണ്ട് ദിവസം ഏറ് നടത്തി, അന്നുതന്നെ സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് മിന വിടുകയുമാവാം. അങ്ങനെയാണെങ്കില്‍ മൂന്നാം ദിവസം എറിയേണ്ടതില്ല. രാത്രി അവിടെ താമസിക്കുകയും വേണ്ട. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് പോന്നില്ലെങ്കില്‍പിന്നെ, അന്ന് അവിടെ രാപ്പാര്‍ക്കലും പിറ്റേന്ന് എറിയലും നിര്‍ബന്ധമാണ്.

 

മൂന്നാം ദിവസത്തെ കല്ലേറും കഴിഞ്ഞ് പോരുന്നതാണ് നല്ലതെങ്കിലും രണ്ടും ആകാവുന്നതാണ്. ഏതായാലും, രണ്ടോ മൂന്നോ ദിവസമെന്നുള്ളതിനെക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് ഭയഭക്തിക്കും സൂക്ഷ്മതക്കുമാണ്, സ്വന്തം താല്‍പര്യങ്ങള്‍  മുന്‍നിറുത്തിയാകരുത് എന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്യുന്നു.

 

لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ 

 

എല്ലാ സല്‍ക്കര്‍മങ്ങളിലുമെന്നപോലെ, അല്ലാഹുവിനെ ഓര്‍ക്കലും ഭക്തിയുമാണ് ഹജ്ജിലും പ്രധാനം. അതുകൊണ്ട് അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം, എല്ലാവരും അവന്‍റെയടുക്കലേക്ക് തിരിച്ചുചെല്ലേണ്ടിവരും. അന്നവന്‍ അര്‍ഹമായ പ്രതിഫലവും നല്‍കും.

 

ചെയ്ത ഹജ്ജും ഉംറയും ബാഥിലാക്കരുത്. എല്ലാ കൂലിയും മൊത്തം നാട്ടുകാര്‍ക്ക് വീതിച്ചുകൊടുക്കുന്ന ആളുകളുണ്ട്. കൊല്ലങ്ങള്‍ക്കു ശേഷവും, ഞാന്‍ ഹജ്ജിനു പോയ അന്ന്... അങ്ങനെ ഇങ്ങനെ എന്നെല്ലാം വിശദീകരിച്ച് താന്‍പോരിമ കാണിക്കുന്നവരുണ്ട്.

 

ഹജ്ജ് ചെയ്യുമ്പോള്‍ ഫസാദാക്കാന്‍ ഇബ്ലീസ് ശ്രമിക്കുമെന്നത് ശരിയാണ്. പക്ഷേ, അവനും നമ്മളെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ട്: ഇവ്വിഷയത്തില്‍ കൂലി ഇല്ലാണ്ടാക്കാന്‍ ഞാനിപ്പോള്‍ വല്ലാതെ മെനക്കേടേണ്ട കാര്യമില്ല, അതൊക്കെ അവന്‍ തന്നെ ഇല്ലാതെയാക്കിക്കൊള്ളും, ആളുകള്‍ക്കും മറ്റും വീതിച്ചുകൊടുത്തുകൊള്ളും.

 

അടുത്ത ആയത്ത് 204

 

അല്ലാഹുവിനെ ആരാധിക്കുക എന്ന് പറഞ്ഞാല്‍, അത് കേവലം ബാഹ്യമായ ചില ചടങ്ങുകള്‍ നിര്‍വഹിക്കുക മാത്രമല്ല, അല്ലാഹു എന്ന ഓര്‍മ എപ്പോഴും കൊണ്ടുനടക്കലാണ് എന്നാണ്, ഹജ്ജ് സംബന്ധമായി ഇതുവരെ പഠിച്ച ആയത്തുകളില്‍ നിന്ന് നമുക്ക് പ്രധാനമായി മനസ്സിലായത്.

 

ഇത്തരത്തിലുള്ള സ്മരണ കൊണ്ട് ഹൃദയവും മനസ്സും സംശുദ്ധമാകും. പ്രകാശം ലഭിക്കുകയും ചെയ്യും. പക്ഷേ, അതിനൊരു കണ്ടീഷനുണ്ട്. ആത്മാര്‍ഥതയും നിഷ്‌കളങ്കതയും വേണം.

 

ഇങ്ങനെ അല്ലാഹുവിനെ സ്മരിക്കുന്ന കാര്യത്തിലും ആത്മാര്‍ത്ഥതയുടെ കാര്യത്തിലും, ആളുകള്‍ 3 തരക്കാരാണ്. 2 വിഭാഗക്കാരെക്കുറിച്ച് 200-202 ആയത്തുകളില്‍ പറഞ്ഞു.

 

ഒന്ന്: ഭൗതികകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവര്‍. എല്ലാം വെറും കാട്ടിക്കൂട്ടലുകളാണവര്‍ക്ക്. പരലോകജീവിതത്തെക്കുറിച്ചോ അവിടത്തെ ജീവിതം സുഖകരമാക്കുന്നതിനെക്കുറിച്ചോ അവര്‍ തീരെ ചിന്തിക്കില്ല. 200-ആം ആയത്തില്‍ അവരെപ്പറ്റിയാണ് പറഞ്ഞത്.

 

രണ്ടാം വിഭാഗത്തെക്കുറിച്ച് 201, 202 സൂക്തങ്ങളില്‍ പരാമര്‍ശിച്ചു. അതായത് രണ്ടുലോകത്തെ ജീവിതവും രക്ഷപ്പെടണമെന്നും രണ്ടിലെയും വിജയവും നന്മയും സൗഭാഗ്യവും നേടണമെന്നും ആഗ്രഹിക്കുന്നവര്‍; നരകശിക്ഷയില്‍ നിന്ന് കാവല്‍ തേടുന്നവര്‍. ആത്മാര്‍ത്ഥമായി എപ്പോഴും റബ്ബിനെ സ്മരിക്കുന്നവര്‍.

 

മൂത്താമത്തെ ടീം: കപടന്മാര്‍. തികഞ്ഞ സ്വാര്‍ഥതാല്യപര്യക്കാരും കപടഭക്തരുമാണവര്‍. തിരുനബി صلى الله عليه وسلم യുടെയും മുസ്‌ലിംകളുടെയും അടുത്തുവന്ന് അവര്‍ നല്ലപിള്ള ചമയും, പുറത്തുപോയാല്‍ ഫിത്‌നയും ഫസാദുമുണ്ടാക്കും. അത്തരക്കാരെക്കുറിച്ചാണിനി 204 ല്‍ പറയുന്നത്.

 

ആകര്‍ഷകമായ സംസാരമാണവരുടേത്. കേള്‍ക്കുന്നവര്‍ക്ക് കൗതുകം തോന്നും. തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കാന്‍, ഇടക്കിടെ അവര്‍ അല്ലാഹുവിന്‍റെ നാമം ഉപയോഗപ്പെടുത്തും. അവരുടെ ചെയ്തികള്‍ക്കവനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സത്യത്തോടും മുഅ്മിനുകളോടും കടുത്ത ശത്രുതയാണവരുടെ ഉള്ളില്‍. തര്‍ക്കിക്കാനും വഴക്കുണ്ടാക്കാനും മുന്‍പന്തിയിലുണ്ടാകും.

 

 وَمِنَ النَّاسِ مَنْ يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ (204)

 

ചിലയാളുകള്‍ ഇങ്ങനെയുണ്ട്: ഇഹലോക ജീവിതത്തെപ്പറ്റിയുള്ള അവന്‍റെ സംസാരം താങ്കളില്‍ കൗതുകം ജനിപ്പിക്കും; ഉദ്ദേശ്യശുദ്ധി ദ്യോതിപ്പിക്കാന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തും. എന്നാല്‍ വസ്തുതയോ, അവന്‍ ബദ്ധവൈരിയാണ്; (കുതര്‍ക്കം നടത്തുന്ന മഹാവഴക്കുകാരന്‍ (കടുത്ത വൈരാഗ്യമുള്ളവന്‍)ആണ്).

 

ബനൂസഖീഫ് ഗോത്രക്കാരനായ അഖ്‌നസുബ്‌നു ശുറൈഖ് الأخنس بن شريق الثقفي എന്നയാളുടെ കാര്യത്തിലാണ് ഈ സൂക്തം അവതരിച്ചത്. അയാള്‍ തിരുനബി صلى الله عليه وسلم യുടെ സന്നിധിയില്‍ വന്നു. താന്‍ മുസ്‌ലിമാണെന്നും അവിടത്തെ നന്നായി സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞു. അല്ലാഹുവിനെപ്പിടിച്ച് സത്യം ചെയ്യുകവരെ ചെയ്തു. വിശുദ്ധ ദീനിനെപ്പറ്റി വളരെ വാചാലമായും ആകര്‍ഷകമായും സംസാരിച്ചു.

സത്യത്തില്‍ അയാള്‍ തിരുനബി صلى الله عليه وسلم യുടെയും ഇസ്‌ലാമിന്‍റെയും ബദ്ധവൈരിയായിരുന്നു.

 

ഇത്തരമാളുകളെ അന്നും ഇന്നും കാണാം. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്ന ഇവരെ തിരിച്ചറിയണം, അവരെക്കുറിച്ച് ജാഗരൂകരാകണം.

 

അടുത്ത ആയത്ത് 205

 

ഇത്തരം കപടന്മാരുടെ ചില ചെയ്തികളെക്കുറിച്ചാണിനി പറയുന്നത്.

 

നേരത്തെ പറഞ്ഞ അഖ്‌നസ്, തിരുനബി صلى الله عليه وسلم യുടെ സന്നിധിയില്‍ നിന്ന് പോകുമ്പോള്‍, മുസ്‌ലിംകളില്‍ ചിലരുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലങ്ങളും കഴുതകളെയും കാണാനിടയായി. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കടുത്ത പക കൊണ്ടുനടക്കുന്ന അയാള്‍, ആ കൃഷിയെല്ലാം തീവെച്ച് നശിപ്പിച്ചു; കഴുതകളെയെല്ലാം വെട്ടിക്കൊല്ലുകയും ചെയ്തു.

 

 وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ (205)

പിരിഞ്ഞുപോയാല്‍, നാട്ടില്‍ കുഴപ്പമുണ്ടാക്കാനും കൃഷി നശിപ്പിക്കാനും ജീവഹത്യക്കും തീവ്രയത്‌നം നടത്തും-നാശമുണ്ടാക്കുന്നത് അല്ലാഹു തൃപ്തിപ്പെടില്ല.

 

حَرْث വിള, കൃഷി.

 نَسْل സന്തതി, വംശം. (ജീവാപായം നടത്തുമെന്ന് ഉദ്ദേശ്യം).

 

سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا

ഇന്നത് എന്നൊന്നുമില്ല, ഭൂമിയിലുള്ള സകലതും നശിപ്പിക്കും ഇവര്‍. മനുഷ്യന്‍റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ കാര്‍ഷികോല്‍പന്നങ്ങള്‍, നാല്‍ക്കാലിമൃഗങ്ങള്‍ വരെ അവര്‍ നശിപ്പിക്കാതെ വിടില്ല.

 

നാശം ഇഷ്ടപ്പെടാത്തവനാണ് അല്ലാഹു. സമാധാനമാണവന്‍ ആഗ്രഹിക്കുന്നത്.

 

ഈ സ്വഭാവം കൊണ്ടുനടക്കുന്ന എല്ലാവര്‍ക്കും ബാധകമാണീ ആയത്ത്.

 

അടുത്ത ആയത്ത് 206

ഇങ്ങനെ പുറമെ ചിരിയും ഉള്ളില്‍ ശത്രുതയും വെച്ചുപുലര്‍ത്തുന്ന കടപന്മാരുടെ മറ്റൊരു സ്വഭാവവും അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയുമാണിനി പറയുന്നത്.

 

അവരുടെ ഇത്തരം നശീകരണപ്രവൃത്തികളുടെ ഭവിഷ്യത്തുകളെക്കുറിച്ച് ആരെങ്കിലും ഗുണദോഷിക്കുകയോ താക്കീത് നല്‍കുകയോ ചെയ്താല്‍, അതനുസരിക്കുകയല്ല അവര്‍ ചെയ്യുക, മറിച്ച്, അഹങ്കാരവും രോഷവും പ്രകടിപ്പിക്കും, ദുരഭിമാനം കാണിക്കും. അങ്ങനെ കൂടുതല്‍ അക്രമങ്ങള്‍ ചെയ്യാന്‍ മുതിരുകയും ചെയ്യും. ഇത്തരക്കാരെ ഗുണദോഷിച്ചിട്ടെന്തു ഫലം! നരകമാണവര്‍ക്ക് പ്രതിഫലമായി നല്‍കപ്പെടുക. അതുമതി അവര്‍ക്ക്! അവിടെ എത്തുമ്പോള്‍  ഈ ഊക്കും ധിക്കാരവുമൊന്നും ഉണ്ടാകില്ല.

 

 وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِ ۚ فَحَسْبُهُ جَهَنَّمُ ۚ وَلَبِئْسَ الْمِهَادُ (206)

അല്ലാഹുവിനെ സൂക്ഷിക്കുക എന്നു നിര്‍ദേശിക്കപ്പെടുമ്പോള്‍ ദുരഭിമാനം അവനെ പിടികൂടുകയാണു ചെയ്യുക. അവന്നു നരകം തന്നെ മതി! എത്ര ദുഷിച്ച സങ്കേതമാണത്.

 

وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِ ۚ

ഈ ഭാഗം നമ്മളും നന്നായി ശ്രദ്ധിക്കണം. നമുക്കുമില്ലേ ഈയൊരു സ്വഭാവം. നമ്മളോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഒരു ദുരഭിമാനം- അവനാരാ എന്നോട് പറയാന്‍..!

 

നമ്മളോട് ആരും നിയമം പറയാന്‍ പാടില്ല, പറഞ്ഞാല്‍ നമുക്ക് ചൂടാകും. ഒരു നിര്‍ദ്ദേശവും ഇങ്ങോട്ട് തരാന്‍ പാടില്ല. നമ്മുടെ അടുത്താണ് തെറ്റെങ്കില്‍ പോലും ഇങ്ങനെ ഒരു ഈഗോ ഉള്ളില്‍ നിന്ന് നുരഞ്ഞുപൊങ്ങും. ഇനി അഥവാ തെറ്റാണെന്ന് സമ്മതിച്ചാല്‍ തന്നെ, അത് അവന്‍ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ, പിന്നെ ഞാനിപ്പോ ഇങ്ങനെയല്ലാതെ എങ്ങനെയാ ചെയ്യുക.... കണ്ടില്ലേ, ഈഗോ പിടിമുറുക്കുകയാണ് ചെയ്യുന്നത്. അത് പാടില്ല, ആര് നമ്മളോട് നല്ലത് പറഞ്ഞാലും അനുസരിക്കണം.

നമ്മള്‍ അഭിമാനമുള്ളവരാണെങ്കില്‍ മറ്റുള്ളവരെയും അവരുടെ വാക്കുകളും മാനിക്കും; അഹങ്കാരമുള്ളവരാണെങ്കിലോ അവരെ അപമാനിക്കുകയാണ് ചെയ്യുക.  ഈ രൂപത്തില്‍ പ്രതികരിക്കുകയും ചെയ്യും. ഞാനെന്ന ഇഗോ പുറത്തുചാടും.

ഏത് കാര്യത്തെ തൊടുമ്പോഴാണോ ഒരാള്‍ക്കു മുറിയുന്നത്, അതാണ് അയാളുടെ ഈഗോ. അവിടം മരുന്നുവച്ചു കെട്ടാനും സുഖപ്പെടുത്താനും തയാറായാല്‍ അഹംഭാവം/അഹങ്കാരം എന്ന ഭാവം ആത്മപരിശോധനയ്‌ക്കും ആത്മാഭിമാനത്തിനും വഴിമാറും.

ഈ സ്വഭാവം ഗുരുതരമാണെന്നാണിവിടെ അല്ലാഹു പറയുന്നത്. പടപ്പുകളാരും എന്നോട് കല്പിക്കണ്ട എന്ന മനസ്ഥിതിയുമായി നടക്കുന്ന നമ്മള്‍, പോയിപ്പോയി ഇപ്പോള്‍ പടച്ചോനും എന്നോട് ഒന്നും പറയണ്ട അവസ്ഥയിലെത്തി നില്‍ക്കുകയാണ്. അതല്ലേ പടച്ചോന്‍ പറഞ്ഞത് അനുസരിക്കാതെ പലരും മുന്നോട്ടുപോകുന്നത്. പലിശയും കള്ളും വ്യഭിചാരവും പറ്റിക്കല്‍സും വഞ്ചനയും പരിഹാസവുമായി നടക്കുന്നത്!

ഇതെല്ലാം അല്ലാഹു ചെയ്യരുതെന്ന് പറഞ്ഞതാണ്. ഏയ് ഞങ്ങളോടിതൊന്നും പറയണ്ടാ, ഞങ്ങള്‍ ഇനിയും ട്രോളുകളിറക്കി പരിഹാസങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കും, ഇനിയും ലോണുകള്‍ മുടങ്ങാതെ എടുത്തുകൊണ്ടിരിക്കും... മറ്റുള്ളവരെ പറ്റിച്ചുകൊണ്ടിരിക്കും... ഞങ്ങള്‍ക്കിഷ്ടമുള്ളതുപോലെ ജീവിക്കും, യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കും... ഞങ്ങള്‍ ലിബറലുകളാണ്.. സ്വതന്ത്രചിന്താഗതിക്കാരാണ്.

സത്യത്തില്‍ ശരിയായൊരു മുസ്ലിമിന് അല്ലാഹുവിന്‍റെ കല്‍പനകളൊക്കെ അനുസരിക്കുക എന്നത് വളരെ എളുപ്പമല്ലേ. സ്വഹാബത്തിന്‍റെ കാര്യം ആലോചിച്ചുനോക്കൂ. അവര്‍ക്കന്ന് ഇസ്ലാമിന്‍റെ ഓരോ നിയമങ്ങളും പുതുമയുള്ളതാണ്. മദ്യം, ചൂതാട്ടം, വ്യഭിചാരം ഇതൊക്കെ സര്‍വസാധാരണമായിരുന്ന കാലത്താണ് അവരോടാണ് അതൊന്നും ചെയ്യരുതെന്ന് കല്പിച്ചത്. എന്നിട്ടോ, അവരത് സന്തോഷത്തോടെ സ്വീകരിക്കുകയല്ലേ ചെയ്തത്.

ഞങ്ങള്‍ക്കതൊന്നും ഒഴിവാക്കാന്‍ വയ്യ, എല്ലാം ശീലമായിപ്പോയി എന്ന് പറഞ്ഞോ.. ഇല്ല. കേട്ടു അനുസരിച്ചു എന്നാണ് പറഞ്ഞത്. എന്നാല്‍ മുസ്ലിമായി ജനിച്ചുവളര്‍ന്ന, എല്ലാ നിയമങ്ങളും മനസ്സിലാക്കിയ നമ്മളോ, പലതും അംഗീകരിക്കാറില്ല. നമ്മള്‍ മാറാന്‍ ശ്രമിക്കുക. പിഴവുകള്‍ മനസ്സിലാക്കി തിരുത്തുക. അല്ലാഹു സഹായിക്കട്ടെ-ആമീന്‍.

അടുത്ത ആയത്ത് 207

 

ഭൗതികതാല്‍പര്യങ്ങള്‍ക്കുവേണ്ടി എന്ത് നെറികേടും ചെയ്യാന്‍ ധാര്‍ഷ്ട്യം കാണിക്കുന്ന കപടന്മാരെയും സത്യനിഷേധികളെയും കുറിച്ചാണല്ലോ ഇതുവരെ പറഞ്ഞത്. ഇനി, പാരത്രികജീവിതം രക്ഷപ്പെടാനും അല്ലാഹുവിന്‍റെ പ്രീതിക്കും വേണ്ടി അത്മാര്‍പ്പണം വരെ ചെയ്യാന്‍ സന്നദ്ധതയുള്ളവരെക്കുറിച്ച് പറയുകയാണ്.

 وَمِنَ النَّاسِ مَنْ يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ (207)

ഇനി മറ്റു ചിലയാളുകളുണ്ട്: അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട് സ്വന്തത്തെത്തന്നെ അദ്ദേഹം വില്‍ക്കും. തന്‍റെ അടിമകളോട് അല്ലാഹു അങ്ങേയറ്റം ദയാവായ്പുള്ളവനത്രേ.

 

ബഹുമാന്യരായ സ്വുഹൈബുബ്‌നു സിനാന്‍ റൂമി, അമ്മാറുബ്‌നുയാസിര്‍, തന്‍റെ മാതാവ് സുമയ്യ, പിതാവ് യാസിര്‍, ബിലാല്‍, ഖബ്ബാബുബ്‌നുല്‍ അറത്ത്, ആബിസ്(رضي الله عنهم) എന്നിവരെ സംബന്ധിച്ചാണ് ഈ സൂക്തം അവതരിച്ചതെന്ന് ഇബ്‌നുഅബ്ബാസ് (رضي الله عنهما) പറഞ്ഞിട്ടുണ്ട്.

 

വിശുദ്ധ ദീന്‍ സ്വീകരിച്ചതിന്‍റെ പേരില്‍ മക്കയിലെ മുശ്‌രിക്കുകള്‍ ഇവരെ മൃഗീയമായി മര്‍ദിച്ചവശരാക്കിയിരുന്നു. മര്‍ദ്ദനത്തിനിടയില്‍ സ്വുഹൈബ്(رضي الله عنه) പറഞ്ഞു: 'ഞാനൊരു വയോവൃദ്ധനാണ്. എനിക്ക് സമ്പത്തുണ്ട്. (റോമക്കാരനായ ഇദ്ദേഹം അബ്ദുല്ലാഹിബ്‌നു ജദ്ആന്‍റെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയ വ്യക്തിയാണ്.) ഞാന്‍ നിങ്ങളുടെ പക്ഷത്തോ പ്രതിപക്ഷത്തോ എവിടെ നിന്നാലും നിങ്ങള്‍ക്കെന്താ കുഴപ്പം? ഞാനംഗീകരിച്ചുകഴിഞ്ഞ ഇസ്‌ലാം കൈവെടിയാന്‍ ഞാന്‍ തയ്യാറല്ല.  വേണമെങ്കില്‍ സമ്പാദ്യമെല്ലാം നിങ്ങള്‍ക്കു വിട്ടുതന്ന്, എന്‍റെ മതം നിങ്ങളില്‍ നിന്ന് വിലക്ക് വാങ്ങാനും ഞാനൊരുക്കമാണ്.'

 

ആ ക്രൂരന്മാര്‍ അത് സമ്മതിച്ച് അദ്ദേഹത്തിന്‍റെ സ്വത്തുക്കളെല്ലാം കൈയേറി. ആ മഹാമനസ്‌കനാകട്ടെ പിന്നെ മദീനയിലേക്ക് പോവുകയും ചെയ്തു. ഈ  വിവരം അറിഞ്ഞപ്പോള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു

ത്രേ: ‘സ്വുഹൈബ് ലാഭം നേടി! സ്വുഹൈിന്‍റെ കച്ചവടം ലാഭകരമായി!’

 

മഹാന്മാരായ യാസിറിനെയും സുമയ്യ ബീവി(رضي الله عنهما)യെയും മൃഗീയമായി കൊലപ്പെടുത്തുകയാണവര്‍ ചെയ്തത്. ഖബ്ബാബുബ്‌നുല്‍ അറത്ത്(رضي الله عنه) വിന് മദീനയിലേക്ക് പോകേണ്ടിവന്നു.

 

മറ്റു പലരില്‍ നിന്നും മുശ്‌രിക്കുകള്‍ ആവുന്നതൊക്കെ പിടിച്ചടക്കി. ഇത്രയൊക്കെ ത്യാഗങ്ങള്‍ സഹിച്ച ഈ പുണ്യവാന്മാരെ വേറെയും പല സൂക്തങ്ങളിലും അല്ലാഹു പുകഴ്‍ത്തിയിട്ടുണ്ട്.

 

അടുത്ത ആയത്ത് 208

 

ചില മതവിധികള്‍ അംഗീകരിക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്ന ഏര്‍പ്പാട് ജൂതന്മാര്‍ക്കുണ്ടായിരുന്നു. അവരെപ്പോല നിങ്ങള്‍ ആകരുതെന്നും ദീനിന്‍റെ മുഴുവന്‍ വിധിവിലക്കുകളും അനുസരിക്കുകയാണ് വേണ്ടതെന്നും മുസ്‍ലിംകളോട് കല്‍പിക്കുകയാണിനി അല്ലാഹു.

 

നിങ്ങള്‍ പരിപൂര്‍ണ മുസ്‌ലിംകളായി ജീവിക്കണം.  അതിന് തടസ്സമായി വരുന്നതെല്ലാം പൈശാചികമാണ്. മുസ്‌ലിംകള്‍ പിശാചിന്‍റെ പിന്നാലെ സഞ്ചരിക്കരുത്. അവന്‍റെ ദുര്‍ബോധനങ്ങള്‍ക്ക് വശംവദരാകരുത്.

 

 يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ (208)

 

ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക; പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുതന്നെയാകുന്നു.

 

سِلْم  - ‘കീഴൊതുക്കം, സമാധാനം, അനുസരണം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഏത് അര്‍ത്ഥപ്രകാരവും, അതിന്‍റെ വ്യാഖ്യാനം ചെന്നെത്തുന്നത് ഇസ്‌ലാം എന്നതില്‍ തന്നെയായിരിക്കും. കാരണം, ഇസ്‍ലാം എന്നു പറഞ്ഞാല്‍ അല്ലാഹുവിന്നുള്ള പരിപൂര്‍ണമായ കീഴൊതുക്കവും അനുസരണവുമാണല്ലോ ഉദ്ദേശ്യം. അതുകൊണ്ടാണ് പലരും ഈ വാക്കിന് ഇസ്‌ലാം എന്നര്‍ത്ഥം കൊടുത്തത്.

 

വേദക്കാരില്‍പെട്ട ചിലര്‍ മുസ്‍ലിംകളായി മാറിയിട്ടും, പഴയ ചില ആചാരങ്ങള്‍ ഒഴിവാക്കാന്‍ മടിച്ചത്രേ. അപ്പോഴാണ് ഈ കല്‍പനയുണ്ടായതെന്ന് പറയപ്പെടുന്നു.

 

വേദക്കാരുടെ കാര്യത്തിലവതരിച്ചതാണെങ്കിലും ഈ സ്വഭാവമുള്ള എല്ലാവര്‍ക്കും ബാധകമാണിത്. ഇസ്‌ലാമിക നിയമങ്ങള്‍ ചിലയിടത്ത് സ്വീകരിക്കുകയും, മറ്റുപലപ്പോഴും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി അത് തള്ളിക്കളയുകയും ചെയ്യുന്നവര്‍ എക്കാലത്തുമുണ്ടല്ലോ.

 

ഇന്ന് മുസ്‍ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍,  ഇസ്‌ലാമിക നിയമങ്ങള്‍ പൂര്‍ണതോതില്‍ ജീവിതത്തില്‍ പകര്‍ത്താത്തതുകൊണ്ടാണെന്നത് പരമാര്‍ഥമാണ്. കുടുംബം, വിദ്യാഭ്യാസം, സാമ്പത്തികമേഖല, സാംസ്‌കാരികം തുടങ്ങി വിവിധ രംഗങ്ങളിലെ ഇസ്‌ലാമിക നിയമങ്ങള്‍ അപ്രായോഗികമാണെന്നുവരെ പറയുന്ന മുസ്‍ലിം നാമധാരികള്‍ തന്നെയുണ്ട്. ഇസ്‌ലാമിക കുടുംബജീവിതം, ഇസ്‌ലാമിക വസ്ത്രധാരണം എന്നൊക്കെപ്പറയുന്നത് പഴഞ്ചന്‍ വീക്ഷണമാണെന്നാണവര്‍ കരുതുന്നത്. അവരെല്ലാം വിശുദ്ധ ശരീഅത്ത് നിഷ്പക്ഷമായി പഠിക്കാന്‍ സന്നദ്ധരാകണം.

 

وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ 

 

ജനങ്ങളെ സന്മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കുന്ന പിശാചുക്കള്‍ മനുഷ്യരിലും ജിന്നുകളിലുമുണ്ട്. ആ രണ്ട് വിഭാഗവും ജനങ്ങളുടെ ശത്രുക്കള്‍ തന്നെയാണ്.

രണ്ട് കൂട്ടരിലും പിശാചുക്കളുണ്ട് (സൂറത്തുന്നാസ് 6).

നമ്മുടെ കൂടെ നടന്ന് വേണ്ടാത്തരങ്ങളിലേക്ക് നയിക്കുന്നവര്‍, മനുഷ്യരിലെ പിശാചുക്കളാണ്. ഏറ്റവും കൂടുതല്‍ അപകടകാരികള്‍ മനുഷ്യരിലെ ശൈഥാനാനാണ്. കൂടെ നടന്ന് പിഴപ്പിക്കും, വഴിതെറ്റിക്കും, നല്ല കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കും. ചിലപ്പോഴത് ഭാര്യയോ മക്കളോ ആകാം, മാതാപിതാക്കളാകാം, അടുത്ത കൂട്ടുകാരാകാം, ബന്ധുക്കളാകാം, കൂടെ പഠിക്കുന്നവരാകാം, പ്രത്യേക ടീമുകളാകാം.

ഇപ്പോ പുതിയ രൂപത്തിലും ഭാവത്തിലുമാണ് മനുഷ്യപ്പിശാചുക്കളുടെ വരവ്. മതനിരാസം. ദീനേ വേണ്ട. പാരമ്പര്യനിഷേധം, യുക്തിവാദം - നല്ല നല്ല പേരുകളിട്ടാണ് വരിക. നവ ലിബറലിസം, ജെന്‍റര്‍ ന്യൂട്രാലിറ്റി, തുല്യതാവാദം. എല്ലാം തോന്നിവാസം എന്ന് ചുരുക്കിപ്പറയാം. നമ്മുടെ മക്കളെ നന്നായി ശ്രദ്ധിക്കുക. കൂട്ടുകെട്ടുകള്‍ പരിശോധിക്കുക.

ജിന്നുകളിലെ പിശാചില്‍ നിന്ന് അല്ലാഹുവിനോട് കാവല്‍ തേടിയാല്‍ രക്ഷപ്പെടാം. പക്ഷേ, മനുഷ്യപ്പിശാചില്‍ നിന്ന് രക്ഷപ്പെടാന്‍ വലിയ പ്രയാസം തന്നെയാണ്. കൂടെ നിന്ന് പരസ്യമായി വേണ്ടാത്തരങ്ങളിലേക്ക് വലിച്ചിടും, കുഴിയില്‍ ചാടിക്കും.

കൂടെ നടന്ന് പല കാര്യങ്ങളിലും സംശയങ്ങളുണ്ടാക്കുന്ന ആളുകളെ കാണാറില്ലേ. അതൊക്കെ ഇത്തരക്കാരാണ്. ക്ലിപ്പുകള്‍ മുറിച്ചുണ്ടാക്കിയും തോന്നിയത് എഴുതിവിട്ടും മറ്റും ഫിത്നകളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍. ജാഗ്രതയോടെ ഇരിക്കണം.

 

അടുത്ത ആയത്ത് 209

 

മനുഷ്യരുടെ ജീവിതവിജയം സാക്ഷാല്‍കൃതമാകണമെങ്കില്‍, വിശുദ്ധ ദീനിന്‍റെ നിര്‍ദേശങ്ങള്‍ പരിപൂര്‍ണമായി ജീവിതത്തിലേക്ക് പകര്‍ത്തണമെന്ന് പറഞ്ഞല്ലോ. ഇങ്ങനെ, വിശുദ്ധ ദീന്‍ സത്യമാണെന്നതിന് സ്പഷ്ടമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞിട്ടും, അതൊന്നും അംഗീകരിക്കാതെ മാറിനടക്കുകയാണെങ്കില്‍ അല്ലാഹു കഠിനമായി ശിക്ഷിക്കുമെന്ന് താക്കീത് ചെയ്യുകയാണനി. രക്ഷപ്പെടാനോ, രക്ഷപ്പെടുത്താനോ ആര്‍ക്കും സാധ്യമല്ല.

 

 فَإِنْ زَلَلْتُمْ مِنْ بَعْدِ مَا جَاءَتْكُمُ الْبَيِّنَاتُ فَاعْلَمُوا أَنَّ اللَّهَ عَزِيزٌ حَكِيمٌ (209)

സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ വന്നു കഴിഞ്ഞതിന്നു ശേഷവും വഴിതെറ്റുന്നുവെങ്കില്‍, നിങ്ങള്‍ അറിഞ്ഞിരിക്കുക, അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. 

 

അടുത്ത ആയത്ത് 210

 

അവര്‍ അനുഭവിക്കേണ്ടിവരുന്ന ആ ശിക്ഷയുടെ കാഠന്യം സൂചിപ്പിക്കുകയാണിനി.

هَلْ يَنْظُرُونَ إِلَّا أَنْ يَأْتِيَهُمُ اللَّهُ فِي ظُلَلٍ مِنَ الْغَمَامِ وَالْمَلَائِكَةُ وَقُضِيَ الْأَمْرُ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ (210)

അല്ലാഹുവും മലക്കുകളും മേഘക്കുടകളിലായി തങ്ങളുടെയടുത്തു വരികയും കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര്‍ പ്രതീക്ഷിക്കുന്നത്? എന്നാല്‍ സകലകാര്യങ്ങളും മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാകുന്നു.

 

هَلْ يَنْظُرُونَ إِلَّا أَنْ يَأْتِيَهُمُ اللَّهُ

'അല്ലാഹു വരിക' എന്നതിന്‍റെ ഉദ്ദേശ്യം, അവന്‍റെ കല്‍പനയനുസരിച്ചുള്ള ശിക്ഷ വരിക എന്നതാണ്. അല്ലാഹുവിന്‍റെ കല്‍പനകള്‍ നടപ്പാക്കുന്നത് മലക്കുകളാണല്ലോ.

 

فِي ظُلَلٍ مِنَ الْغَمَامِ

മേഘക്കുടകളില്‍ ശിക്ഷവരിക എന്ന് പറഞ്ഞത് കാഠിന്യം സൂചിപ്പിക്കാനാണ്. മേഘങ്ങളില്‍ സാധാരണ വരിക മഴയാണല്ലോ. അത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്. അനുഗ്രഹത്തിന്‍റെ പ്രഭവസ്ഥലമായ മേഘങ്ങളില്‍ ഇവര്‍ക്ക് വന്നെത്തുക ശിക്ഷയായിരിക്കുമെന്നര്‍ത്ഥം.

 

ശിക്ഷയുടെ മുന്നോടിയായി ചില മുന്‍സമുദായങ്ങള്‍ ആദ്യം കണ്ടത് മേഘങ്ങളായിരുന്നു. മഴ പെയ്യുമെന്ന പ്രതീക്ഷയോടെ അവര്‍ സന്തോഷിച്ചിരിക്കുമ്പോഴാണ്, മലക്കുകള്‍ അവരില്‍ മഹാ ശിക്ഷ വര്‍ഷിപ്പിച്ചത്. അതുപോലെയുള്ള വന്‍ശിക്ഷ ഇവര്‍ക്കും സംഭവിക്കുവാന്‍ കാത്തിരിക്കുകയാണോ ഇവര്‍ ചെയ്യുന്നത് എന്നാണ് അല്ലാഹു ചോദിക്കുന്നത്.

 

وَإِلَى اللَّهِ تُرْجَعُ الْأُمُورُ 

മനുഷ്യന്‍ എത്ര ധിക്കാരിയായി മാറിയാലും അല്ലാഹുവിന്‍റെ പിടിയില്‍ നിന്ന് കുതറിമാറാന്‍ കഴിയില്ല. മുഴുവന്‍ കാര്യങ്ങളിലും അവന്‍റെ ഇംഗിതം മാത്രമേ നടക്കൂ.

 

-------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter