അധ്യായം 2. സൂറ ബഖറ- (Ayath 282) കടം - ആയത്തുദ്ദൈൻ, ഏറ്റവും വലിയ സൂക്തം
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ ആയത്താണിനി പഠിക്കാനുള്ളത്. ഒരു പേജ് മുഴുവനുമുള്ള 282 ആം ആയത്ത് -ആയത്തു ദൈൻ (കടത്തെ കറിച്ചുള്ള ആയത്ത്) എന്ന പേരിലാണിത് അറിയപ്പെടുന്നത്.
ദാനധര്‍മങ്ങളെക്കുറിച്ചും പലിശയെക്കുറിച്ചുമാണല്ലോ ഇതുവരെ പറഞ്ഞിരുന്നത്. ഇനി, കടത്തെക്കറിച്ചും അതുപോലെയുള്ള മറ്റു ഇടപാടുകളെക്കുറിച്ചുമാണ് പറയുന്നത്. ജീവിതത്തില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്തവര്‍ വിരളമായിരിക്കുമല്ലോ.
കച്ചവടങ്ങളും യാത്രകളുമായി കഴിഞ്ഞിരുന്ന അറബികളിലേക്കാണല്ലോ ആദ്യമായി ഖുര്‍ആനിറങ്ങിയത്. ഈ ആയത്തിറങ്ങുന്ന സമയത്ത് കടവും, ചില പ്രത്യേക നിബന്ധനകളോടെ കാശ് നേരത്തെ കൊടുത്ത് അവധി പറഞ്ഞ്, ചരക്ക് പിന്നീട് കൈപറ്റുന്ന ഇടപാടുകളുമൊക്കെ അവര്‍ക്കിടയില്‍ നടന്നിരുന്നു. അത്തരം ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയുന്നത്.
ഇടപാടുകളിലെ സൂക്ഷ്മത, രേഖയാക്കലും അത് സൂക്ഷിക്കലും, സാക്ഷി, കരാര്‍ പാലനം തുടങ്ങിയ നിര്‍ദേശങ്ങള്‍ വിശദമായിത്തന്നെ പറയുന്നുണ്ട്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ വിവരിക്കപ്പെട്ടിട്ടുമുണ്ട്.
എല്ലായിടത്തുമെന്ന പോലെ ധനമിടപാടുകളിലും കണിശമായ തഖ്‌വ വേണമെന്നിവിടെ പഠിപ്പിക്കുന്നു. പലിശ കഠിനമായി വിലക്കിയ സൂക്തങ്ങള്‍ക്കു ശേഷമാണ് ഇതു വിവരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സമൂഹത്തിന്‍റെ നന്മക്കും സാമ്പത്തിക സുരക്ഷക്കും ഈ വിധിവിലക്കുകള്‍ പാലിക്കപ്പെടണം. വിശ്വാസത്തിലും സ്വഭാവത്തിലും ആചാരാനുഷ്ഠാനങ്ങളിലുമെന്ന പോലെത്തന്നെ, സാമ്പത്തിക ഇടപാടുകളിലും മറ്റുള്ളവര്‍ക്ക് നല്ല മാതൃകയാകേണ്ടവരാണ് മുസ്‍ലിംകള്‍.
എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നവിധം വളരെ വ്യക്തമായി കാര്യങ്ങള്‍ പറയുന്നുണ്ട് ഈ ആയത്തില്‍. എല്ലാം എഴുതിവെക്കണം, സാക്ഷികള്‍ വേണമെന്നൊക്കെയാണ് ചുരുക്കം.
കടം കൊടുത്തതും കിട്ടാനുള്ളതുമെല്ലാം എഴുതിവെക്കാന്‍ പലരും മടി കാണിക്കാറുണ്ട്. പ്രത്യേകിച്ച് ചെറിയ സംഖ്യകളാകുമ്പോള്‍. അങ്ങനെയല്ല വേണ്ടത്, എത്ര ചെറുതാണെങ്കിലും എഴുതി വെക്കണമെന്നാണ് പറയുന്നത്.
നമ്മള്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. എപ്പോഴാണ് മരണപ്പെടുക എന്നറിയില്ലല്ലോ. എല്ലാ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തിവെക്കണം. പ്രത്യേകിച്ച് പല കൂട്ടായ്മകളുടെയും കാശും മറ്റും സൂക്ഷിക്കുന്നവരുണ്ടാകാം. വേണ്ടപ്പെട്ട ഒരാളോടെങ്കിലും അക്കാര്യം പറയുകയും വേണം. ഡിജിറ്റലായിട്ടാണ് സൂക്ഷിക്കുന്നതെങ്കില്‍ എമര്‍ജന്‍സി ഘട്ടങ്ങളില്‍ അത് ഉപയോഗിക്കാനുള്ള വഴികളും പറഞ്ഞുകൊടുത്തിരിക്കണം.
ആയത്ത് നോക്കാം.
يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَىٰ أَجَلٍ مُسَمًّى فَاكْتُبُوهُ ۚ وَلْيَكْتُبْ بَيْنَكُمْ كَاتِبٌ بِالْعَدْلِ ۚ
സത്യവിശ്വാസികളേ, ഒരവധിവെച്ച് വല്ല കടമിടപാടും നിങ്ങള്‍ പരസ്പരം ചെയ്യുന്നുവെങ്കില്‍ അതു രേഖപ്പെടുത്തണം. ഒരെഴുത്തുകാരന്‍ നീതിപൂര്‍വം അതുല്ലേഖനം ചെയ്യട്ടെ.
وَلَا يَأْبَ كَاتِبٌ أَنْ يَكْتُبَ كَمَا عَلَّمَهُ اللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ
അല്ലാഹു പഠിപ്പിച്ച പോലെ എഴുതാന്‍ ഒരെഴുത്തുകാരനും വിസമ്മതിക്കരുത്. അവന്‍ എഴുതുകയും കടം വാങ്ങുന്നവന്‍ വാചകം പറഞ്ഞുകൊടുക്കുകയും വേണം. തന്‍റെ നാഥനെ അവന്‍ സൂക്ഷിക്കുകയും, അതില്‍ നിന്ന് യാതൊന്നും കുറവു വരുത്താതിരിക്കുകയും ചെയ്യട്ടെ.
فَإِنْ كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَنْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ
ഇനി, കടംവാങ്ങുന്നവന്‍ അവിവേകിയോ അപ്രാപ്തനോ (കാര്യശേഷിയില്ലാത്തവനോ) വാചകം പറഞ്ഞുകൊടുക്കാന്‍ കഴിയാത്തവനോ ആണെങ്കില്‍, അവന്‍റെ രക്ഷാകര്‍ത്താവ് നീതിപൂര്‍വം പറഞ്ഞുകൊടുക്കണം.
وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ ۖ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ
നിങ്ങളില്‍ രണ്ടു പുരുഷന്മാരെ സാക്ഷിനിറുത്തുക; അതില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പുരുഷനും രണ്ടു സ്ത്രീകളും-ഒരുത്തി മറന്നാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കുന്നതിന്നു-സാക്ഷികളായി വേണം.
وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَنْ تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِنْدَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ
(തെളിവുനല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ നിരസിക്കാവതല്ല. ഇടപാട് ചെറുതോ വലുതോ ആവട്ടെ, അവധിവരെ അതെഴുതിവെക്കാന്‍ നിങ്ങളൊരു മടിയും കാണിക്കരുത്. അതാണ് റബ്ബിങ്കല്‍ ഏറ്റം നീതിപൂര്‍വകവും സാക്ഷ്യത്തിന്നു കൂടുതല്‍ ബലദായകവും നിങ്ങള്‍ക്കു സംശയമുണ്ടാകാതിരിക്കാന്‍ ഏറെ അനുയോജ്യവും.
إِلَّا أَنْ تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ
എന്നാല്‍ നിങ്ങളന്യോന്യം റൊക്കമായി നടത്തുന്ന ഇടപാട് ഇങ്ങനെയല്ല; അവ രേഖപ്പെടുത്താതിരിക്കുന്നതില്‍ കുറ്റമൊന്നുമില്ല. ക്രയവിക്രയങ്ങളില്‍ നിങ്ങള്‍ സാക്ഷി നിറുത്തണം.
وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِنْ تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (282)
എഴുത്തുകാരനും സാക്ഷിയും ദ്രോഹിക്കപ്പെടരുത്; അങ്ങനെ ചെയ്യുന്നപക്ഷം നിശ്ചയം അത് അധര്‍മമാണ്. അല്ലാഹുവിനെ സൂക്ഷിക്കുക; അവന്‍ നിങ്ങള്‍ക്കു പഠിപ്പിച്ചു തരികയാണ്. ഏതു കാര്യത്തെ സംബന്ധിച്ചും അവന്‍ സൂക്ഷ്മജ്ഞനാകുന്നു.
കച്ചവടം അല്ലാഹു അനുവദിച്ചതാണെന്ന് കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നല്ലോ, പലിശയെക്കുറിച്ച് പറഞ്ഞിടത്ത്. കച്ചവടം പോലെയുള്ള ഇടപാടുകള്‍ പലപ്പോഴും റൊക്കമായിട്ടാണ് നടക്കാറ്. ചിലപ്പോഴെങ്കിലും റൊക്കമല്ലാതെ അവധി നിശ്ചയിച്ച് നടക്കാറുമുണ്ട്. ഒരു സാധനം വാങ്ങി വില കൊടുക്കാന്‍ അവധി നിശ്ചയിക്കുക. അല്ലെങ്കില്‍ കച്ചവടചരക്കിന് മുന്‍കൂട്ടി പണം കൊടുത്ത് ആ ചരക്കിന് അവധി നിശ്ചയിക്കുക. അതുപോലെതന്നെ കടവും. അവധി നിശ്ചയിച്ച് ഒരു സംഖ്യ കടം വാങ്ങുക.
ഇങ്ങനെ കടമിടപാട് നടക്കുമ്പോള്‍ അതെഴുതി വെക്കണം. പിന്നീട് വല്ല പ്രശ്നവുമുണ്ടായാല്‍ അത് പരിഹരിക്കേണ്ടതുണ്ടല്ലോ.
يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَىٰ أَجَلٍ مُسَمًّى فَاكْتُبُوهُ
നിശ്ചിത അവധിവെച്ചുകൊണ്ടുള്ള കടമിടപാടുകള്‍ നടത്തുമ്പോള്‍ എഴുതി രേഖപ്പെടുത്തി വെക്കുക.
എഴുതിവെക്കല്‍ ആദ്യം നിര്‍ബന്ധമായിരുന്നുവത്രെ. പിന്നീട് അടുത്ത ആയത്ത് മുഖേനേ ഈ നിര്‍ബന്ധം എന്ന വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട് فَإِنْ أَمِنَ بَعْضُكُمْ بَعْضًا فَلْيُؤَدِّ الَّذِي اؤْتُمِنَ أَمَانَتَهُ 'നിങ്ങള്‍ പരസ്പരം വിശ്വസിച്ചാല്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍ തന്‍റെ അമാനത്ത് മടക്കിക്കൊടുക്കട്ടെ' എന്നാണ് അടുത്ത ആയത്തിലുള്ളത്. ഇതാണ് ഒരുവിഭാഗം മുഫസ്സിറുകളുടെ അഭിപ്രായം. ചില ഹദീസുകളും അവര്‍ ഈ വിഷയത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ബഹുഭൂരിപക്ഷം മുഫസ്സിറുകളും പറയുന്നത്, ഈ വിധി ദുര്‍ബലപ്പെടുത്തിയിട്ടൊന്നുമില്ല. പക്ഷേ, 'എഴുതി വെക്കുക' എന്ന ആജ്ഞ നിര്‍ബന്ധത്തിന് അല്ല എന്നാണ്. അഥവാ, എഴുതിവെക്കാത്തതു കൊണ്ടുമാത്രം കുറ്റക്കാരാവുകയോ, ഇടപാട് ശരിയാവാതിരിക്കുകയോ ചെയ്യുന്നതല്ല.
അതായത്, എഴുതിവെക്കല്‍ നല്ലതാണ്, നിര്‍ബന്ധമില്ല. ഇടപാട് ചെറുതായാലും വലുതായാലും എഴുതിവെക്കാന്‍ മടിക്കരുത് എന്ന് അല്ലാഹു തുടര്‍ന്ന് പറയുന്നുണ്ടല്ലോ.
فَإِنْ كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَنْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ
ഈ വാക്യം അവതരിക്കുന്ന കാലത്ത് ഏഴുതാനറിയുന്നവര്‍ വളരെ കുറവായിരുന്നു. ഇക്കാലത്തും എഴുത്തറിയാത്തവരുണ്ടല്ലോ. ഈ സമയത്ത്, എഴുതാനറിയുന്നവര്‍, ആരുടെ ഭാഗത്തേക്കും ചായാതെ നിഷ്പക്ഷമായി എഴുതിക്കൊടുക്കണം.
وَلَا يَأْبَ كَاتِبٌ أَنْ يَكْتُبَ كَمَا عَلَّمَهُ اللَّهُ
ഇടപാടുകള്‍ എഴുതാന്‍ ആവശ്യപ്പെടുമ്പോള്‍, എഴുതിത്തിരില്ല എന്ന് പറയരുത്. അങ്ങനെ ആവശ്യപ്പെട്ടാല്‍ എഴുതിക്കൊടുക്കല്‍ നിര്‍ബന്ധമാണെന്നാണ് ഇമാം മുജാഹിദ്, അഥാഅ് رحمهما الله എന്നിവരുടെ അഭിപ്രായം.
ഇത് കേവലം ഒരു സേവനമെന്ന നിലക്കും ചെയ്യാം. അതല്ല സമയവും അധ്വാനവുമൊക്കെ ചെലവാക്കുന്നു എന്ന നിലക്ക്, എഴുത്തുകാരന് പ്രതിഫലം വാങ്ങുകയും ആകാം. وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ എഴുത്തുകാരനോടും സാക്ഷിയോടും ഉപദ്രവം കാണിക്കരുത് എന്ന് അല്ലാഹു പറഞ്ഞതില്‍ ഇതും പെട്ടല്ലോ.. അവന്‍ മെനക്കിട്ട് എഴുതിയിട്ട് പ്രതിഫലമൊന്നും കൊടുക്കാതിരിക്കുക എന്നതും അതിക്രമമല്ലേ.
എഴുതാനുള്ള വാചകങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് ആരാണ്? കടം കൊടുക്കുന്നവനോ അതോ വാങ്ങുന്നവനോ?
وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ
കടം വാങ്ങുന്നവനാണ്. 2 കാരണങ്ങളുണ്ടതിന്.
ഒന്ന്: കടം വാങ്ങുന്നവന്‍ തന്നെ സ്വയം വാചകം പറഞ്ഞു കൊടുക്കുമ്പോള്‍, ആ ബാധ്യത ഞാന്‍ ഏറ്റെടുക്കുന്നു എന്നൊരു ഏറ്റുപറയലും കൂടിയാണല്ലോ അത്. ഉത്തരവാദിത്തബോധം കൂടുമെന്നര്‍ത്ഥം.
രണ്ട്: കടം കൊടുക്കുന്നവനാണ് എഴുതാനുള്ള വാചകം പറഞ്ഞുകൊടുക്കുന്നതെങ്കില്‍, കടം വാങ്ങുന്നവന് ബുദ്ധിമുട്ടുണ്ടാക്കുന്ന വാചകങ്ങളെന്തെങ്കിലും പറഞ്ഞുകൊടുത്ത് എഴുതിപ്പിടിപ്പിക്കാനും സാധ്യതയുണ്ടല്ലോ. താല്‍ക്കാലിക ബുദ്ധിമുട്ടുകൊണ്ടോ നിവൃത്തികേടുകൊണ്ടോ, ഈ കടേ വാങ്ങുന്നവന്‍ മനസ്സില്ലാമനസ്സോടെ അത് സ്വീകരിച്ചെന്നും വരാം. പക്ഷേ, പിന്നീടത് പ്രശ്നമായേക്കാം.
وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ
വാചകം പറഞ്ഞുകൊടുക്കുമ്പോള്‍ കൃത്രിമമൊന്നും കാണിക്കരുത്. അല്ലാഹുവിനെ സൂക്ഷിക്കണം. സംഖ്യ ഒരു പൈസ പോലും കുറച്ചെഴുതുകയും ചെയ്യരുത്.
കടം വാങ്ങുന്നവന്‍റെ ഇഷ്ടം പോലെ എന്തും എഴുതിച്ചേര്‍ക്കാമെന്ന് ഇതിനര്‍ത്ഥമില്ല. കൃത്രിമം കാണിക്കരുത്. വാചകങ്ങളില്‍ വല്ല തെറ്റുകളുമുണ്ടോ എന്ന് മറുകക്ഷിക്ക് ആരായാവുന്നതുമാണ്.
فَإِنْ كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَنْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ
ഇടുപാടുകളെ സംബന്ധിച്ച രേഖകളും മറ്റുമൊക്കെ പറഞ്ഞുകൊടുത്ത് എഴുതിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. ഉദാഹരണമായി, അവിവേകി, ഭ്രാന്തന്‍, കുട്ടി, ഭാഷ അറിയാത്തവന്‍, ഊമ, രോഗി, വിദേശത്തുള്ളവന്‍ - ഇവര്‍ക്കൊന്നും അതിന് കഴിഞ്ഞെന്നുവരില്ല.
അത്തരക്കാര്‍ക്കു വേണ്ടി അവരുടെ രക്ഷിതാക്കളോ പ്രതിനിധികളോ അക്കാര്യം നിര്‍വഹിക്കണം. ഇവരും നീതിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സത്യത്തിന് വിരുദ്ധമായി അവരവരുടെ വക ഒന്നും കൂട്ടരുത്.
ഇങ്ങനെ എഴുതി രേഖപ്പെടുത്തിയാല്‍ മാത്രം പോരാ, രണ്ടുപേരെ സാക്ഷിനിറുത്തുകയുംവേണം. وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ ۖ സാക്ഷികള്‍ മുസ്‌ലിംകളും പ്രായപൂര്‍ത്തി എത്തിയ നീതിമാന്മാരായ പുരുഷന്‍മാരുമായിരിക്കണം. ‘مِنْ رِجَالِكُمْ’ എന്ന വിശേഷണത്തില്‍ നിന്ന് ഇത് മനസ്സിലാക്കാം.
സാക്ഷികള്‍ മര്യാദക്കാരും പൊതു സമ്മതരുമായിരിക്കണം. مِمَّنْ تَرْضَوْنَ من الشهداء
സ്ത്രീകളെ സാക്ഷിയാക്കാവുന്നതാണ്. അത് ശേഷം പറയുന്നുണ്ട്. എന്നാലും, ഇടപാടുകളില്‍ പുരുഷന്‍മാരാണ് സ്ത്രീകളെക്കാള്‍ അതിന് നല്ലത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ വിവേകവും പരിചയവും ആണുങ്ങള്‍ക്കാണല്ലോ ഉണ്ടാകുക. മാത്രമല്ല, കോടതിയിലും മറ്റും സാക്ഷ്യത്തിന് ഹാജാരാകാനും മറ്റുമുള്ള സൗകര്യവും കൂടുതല്‍ ആണുങ്ങള്‍ക്കുതന്നെ.
ഇനി രണ്ട് പുരുഷന്‍മാരെ കിട്ടിയില്ലെങ്കിലോ, ഒരു പുരുഷനും രണ്ട് സ്ത്രീകളുമാകണം സാക്ഷികള്‍.
فإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ
സ്ത്രീകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്ക് സ്ത്രീകളുടെ സാക്ഷ്യം തന്നെ പ്രത്യേകം പരിഗണിക്കാറുണ്ട്. പക്ഷേ, ഇടപാടുകളുടെ കാര്യത്തില്‍ സ്ത്രീകള്‍ മാത്രം സാക്ഷികളായാല്‍ പോരാ എന്നാണ് റബ്ബ് പറയുന്നത്.
ഒരു പുരുഷന്‍റെ സ്ഥാനത്ത് രണ്ട് സ്ത്രീകള്‍ വേണമെന്നതിന്‍റെ കാരണവും റബ്ബ് പറയുന്നുണ്ട്: സാമ്പത്തിക ഇടപാടും മറ്റുമൊക്കെയല്ലേ, അവര്‍ക്ക് പലപ്പോഴും ഓര്‍മപ്പിശകും പിഴവും വരാമല്ലോ. ഒരുത്തിക്ക് അബദ്ധം പിണഞ്ഞാല്‍, മറ്റവള്‍ക്കത് ഓര്‍മപ്പെടുത്തി തിരുത്തിക്കൊടുക്കാമല്ലോ.
സ്ത്രീയും പുരുഷനും തമ്മില്‍ പൊതുവെയുള്ള ബുദ്ധിപരമായ വ്യത്യാസമാണ് അല്ലാഹു ഇവിടെ സൂചിപ്പിക്കുന്നത്. വ്യക്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചില സ്ത്രീകള്‍ ബുദ്ധിയിലും ഓര്‍മശക്തിയിലുമൊക്കെ ആണുങ്ങളെ കവച്ചുവെക്കുന്നവരുണ്ടാകാം. പൊതുവെ അങ്ങനെയല്ലെന്നാണ് റബ്ബ് പറഞ്ഞത്.
وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا
സാക്ഷ്യം വഹിക്കാനോ കോടതിയില്‍ മൊഴി കൊടുക്കാനോ സാക്ഷികള്‍ വിളിക്കപ്പെട്ടാല്‍ അവര്‍ ഹാജരാകാതിരിക്കരുത്. ഒരു സാമൂഹിക ബാധ്യതയും കൂടിയാണിത്. ആവശ്യം വരുമ്പോള്‍, വിധികര്‍ത്താക്കളുടെയും മദ്ധ്യസ്ഥന്‍മാരുടെയും മുമ്പില്‍ സാക്ഷികള്‍ ഹാജരായി സാക്ഷ്യം നിര്‍വഹിക്കണം.
തിരുനബി صلى الله عليه وسلم പറഞ്ഞു: ‘സാക്ഷികളില്‍ ഏറ്റവും നല്ലവനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരെട്ടയോ? ആവശ്യപ്പെടുന്നതിന് മുമ്പ് തന്‍റെ (താന്‍ ഏറ്റെടുത്ത) സാക്ഷ്യവുമായി വരുന്നവനാണ്’. (മുസ്‍ലിം) വേണ്ടിവരുമ്പാള്‍ ഒരു മടിയുമില്ലാതെ സാക്ഷ്യം നിറവേറ്റുന്നവന്‍ എന്ന് സാരം.
ഇന്നിപ്പോള്‍ കള്ളസാക്ഷ്യങ്ങളുടെ കാലമാണല്ലേ... സാക്ഷികളെ സ്വാധീനിക്കുക, മൊഴി മാറ്റിപ്പറയിക്കുക, എല്ലാവിധേനയും സ്വാധീനിക്കുക... ഏത് കൊടുംതെറ്റാണെങ്കിലും ശരി, എങ്ങനെ സാക്ഷി പറയാനുിമിന്ന് ആളെക്കിട്ടും. കുറ്റവാളി രക്ഷപ്പെടും ചെയ്യും.
ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ അവധി വരെ എഴുതിവെക്കലാണ് പല നിലക്കും നല്ലത്. വലിയ ഇടപാടുകള്‍ മാത്രം രേഖപ്പെടുത്തിവെച്ചാല്‍ മതിയെന്ന് വെക്കുന്നത് ശരിയല്ല.
وَلَا تَسْأَمُوا أَنْ تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ
കടമിടപാടുകളെപ്പറ്റിയാണല്ലോ സംസാരം. അതുകൊണ്ട് ഇടപാടിന്‍റെ അവധി കഴിഞ്ഞു അത് അവസാനിക്കുന്നതുവരെ കടം കൊടുത്ത ആള്‍ ആ രേഖസൂക്ഷിക്കുകയും വേണം. രേഖ സൂക്ഷിച്ചു വെക്കുവാനുള്ള അവകാശം ആര്‍ക്കാണെന്ന് വ്യക്തമായി ഇവിടെ പറഞ്ഞിട്ടില്ലെങ്കിലും, അത് കടം കൊടുത്തവനാണെന്ന് സാന്ദര്‍ഭികമായി മനസ്സിലാക്കാം. വാചകം പറഞ്ഞു കൊടുക്കാനുള്ള അവകാശം കടം വാങ്ങിയവനാണെന്ന് പറഞ്ഞപ്പോള്‍, രേഖ സൂക്ഷിക്കേണ്ടത് കൊടുത്തവനാണെന്ന് മനസ്സിലാക്കാം. മാത്രമല്ല, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഇടപാടിലെ തീരുമാനങ്ങളും മറ്റും തെളിയിക്കേണ്ട ബാധ്യത കടം കൊടുത്തവനാണല്ലോ.
ഇങ്ങനെ എഴുതി രേഖപ്പെടുത്തി സൂക്ഷിച്ചുവെക്കണമെന്ന് ഇത്ര ഊന്നിപ്പറയാള്ള 3 കാരണവും അല്ലാഹു പറയുന്നു.
ذَٰلِكُمْ أَقْسَطُ عِنْدَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ
ഒന്ന്: അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വകം.
രണ്ട് പക്ഷത്തിനും ദോഷം പറ്റാതെ ഇടപാടിലെ തീരുമാനങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ അത് ഉപകരിക്കും.
രണ്ട്: സാക്ഷ്യത്തിന് ആ രേഖ ഒരു പിന്‍ബലമാണ്. സാക്ഷികളുടെ മൊഴിയും എഴുതിവെച്ച രേഖയും കൂടിയാകുമ്പോള്‍ തെളിവ് ശക്തമാകുമല്ലോ. കാലപ്പഴക്കം കൊണ്ടോ മറ്റോ സാക്ഷികള്‍ക്ക് മറവിയോ സംശയമോ നേരിട്ടാലും ആ രേഖ നോക്കി സത്യം മനസ്സിലാക്കാമല്ലോ.
മൂന്ന്: ഇടപാടിലെ ഏതെങ്കിലും വ്യവസ്ഥയെ സംബന്ധിച്ചോ വിശദാംശങ്ങളെക്കുറിച്ചോ സംശയങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ആ സംശയം തീര്‍ക്കാനും ഈ രേഖ വളരെ സഹായകരമായിരിക്കും. നമ്മുടെ നന്മയില്‍ അല്ലാഹു എത്രമാത്രം തല്‍പരനാണെന്ന് ആലോചിച്ചു നോക്കുക!
ഇതുവരെ പറഞ്ഞത് കടമിടപാടുകളെ സംബന്ധിച്ചായിരുന്നു. ഇനി, റൊക്കം നടക്കുന്ന ഇടപാടുകളാണെങ്കിലോ? സാധാരണ കച്ചവടങ്ങളിലേതുപോലെ-സാധനം കൊടുക്കലും വില വാങ്ങലും ഒപ്പം തീരുന്ന ഇടപാട്- അത് എഴുതി രേഖപ്പെടുത്തണമെന്നില്ല. സാധാരണ ഗതിയില്‍ അതിന്‍റെ ആവശ്യകതയും വരാറില്ല.
إِلَّا أَنْ تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ
അതേസമം, വലിയ ഇടപാടാണ്, ഭാവിയില്‍ ഉടമസ്ഥത തെളിയിക്കേണ്ട ഘട്ടം വരാമെന്നതുകൊണ്ടോ മറ്റോ അത് രേഖപ്പെടുത്തുന്നത് ആവശ്യമാണെന്ന് തോന്നിയാല്‍, എഴുതിവെക്കുകയാണ് വേണ്ടതെന്ന് പ്രത്യേകം പറയേണ്ടതുമില്ല.
റൊക്ക ഇടപാടുകള്‍ എഴുതിരേഖയാക്കേണ്ടതില്ലെങ്കിലും, രണ്ടാളെ സാക്ഷി നിറുത്തണം. കക്ഷികള്‍ തമ്മിലോ, പുറത്തു നിന്നോ വല്ല തര്‍ക്കമോ മറ്റോ ഉണ്ടാവുകയാണെങ്കില്‍, ഈ സാക്ഷികള്‍ ഉപകാരപ്പെടുമല്ലോ.
ഡെയ്‍ലി നമ്മളൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ചില്ലറ കൊടുക്കല്‍-വാങ്ങലുകള്‍ക്കെല്ലാം രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണമെന്നല്ല ഇപ്പറഞ്ഞത്. വലിയ ഇടപാടുകള്‍, പിന്നീട് സാക്ഷിയുടെ ആവശ്യം നേരിട്ടേക്കാമെന്ന് തോന്നുന്ന ഇടപാടുകളില്‍ മാത്രമേ സാക്ഷി നിറുത്തേണ്ടതുള്ളൂ.
കടവും റൊക്ക ഇടപാടുകളും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. റൊക്കമിടപാടാകുമ്പോള്‍ രണ്ടു കൂട്ടരുടെയും ബാദ്ധ്യത അപ്പപ്പോള്‍ കഴിയും. അപ്പോള്‍പിന്നെ ചെറിയ ഇടപാടുകള്‍ക്കൊന്നും സാക്ഷി വേണമെന്നില്ല. റൊക്കമിടപാടുകള്‍ ചെറുതായാലും വലുതായാലും സാക്ഷി നിറുത്തണമെന്ന് അല്ലാഹു പറയാതിരുന്നത് അതുകൊണ്ടാണ്.
കടം അങ്ങനെയല്ലല്ലോ, കടത്തിന്‍റെ കാലാവധി അവസാനിക്കുമ്പോഴല്ലേ ബാദ്ധ്യത അവസാനിക്കുന്നുള്ളൂ. അതുകൊണ്ടാണ് കടമിടപാട് ചെറുതായാലും വലുതായാലും അത് എഴുതിവെക്കണമെന്ന്പറഞ്ഞത്.
وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ
എഴുത്തുകാരനെയും സാക്ഷിയെയും ഉപദ്രവിക്കരുത്.
ശരിയല്ലാത്തത് എഴുതാനോ സാക്ഷി പറയാനോ കൃത്രിമം കാണിക്കാനോ നിര്‍ബന്ധിച്ച് കക്ഷികള്‍ അവരെ വിഷമിപ്പിക്കരുത്. എഴുതാനോ സാക്ഷി നില്‍ക്കാനോ മറ്റോ ഒക്കെ സാധാരണ ഗതിയില്‍ കൊടുക്കേണ്ട കൂലിയോ യാത്രാചെലവോ കൊടുക്കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുത്.
തിരിച്ചും അരുത്. അതായത് കക്ഷികളെ എഴുത്തുകാരും സാക്ഷിയും ഉപദ്രവിക്കുകയും ചെയ്യരുത്. അങ്ങോട്ടുമിങ്ങോട്ടും ഉപദ്രവം ചെയ്യരുത്.
അതെങ്ങനെയാണ് കക്ഷിയെ വിഷമിപ്പിക്കുന്നത്? എഴുതാന്‍ ആവശ്യപ്പെടുമ്പോള്‍ എഴുതിക്കൊടുക്കാതെ, സാക്ഷി നില്‍ക്കാനോ സാക്ഷ്യമനുസരിച്ച് കോടതിയില്‍ മൊഴി കൊടുക്കാനോ ആവശ്യപ്പെടുമ്പോള്‍ അത് ചെയ്യാതെ കക്ഷികളെ ബുദ്ധിമുട്ടിക്കുക. എഴുത്തിനോ സാക്ഷി നില്‍ക്കാനോ ഓവറായി കൂലിയോ യാത്രാചിലവോ വാങ്ങി കഷ്ടപ്പെടുത്തുക.
ഇങ്ങനെ ആര് ആരെ വിഷമിപ്പിക്കുകയാണെങ്കിലും, ആരുടെ ഭാഗത്തുനിന്ന് അനീതിയും ഉപദ്രവുമുണ്ടായാലും അത് അല്ലാഹുവിന്‍റെ നിയമപരിധി ലംഘിക്കലാണ്. ധിക്കാരവും തോന്നിയവാസവുമാണ് وَإِنْ تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കണം.
وَاتَّقُوا اللَّهَ ۖ
ഇത്രയൊക്കെ വിശദമായി കാര്യങ്ങള്‍ വിവരിച്ചുതരുന്നത്, നിങ്ങള്‍ മതനിയമങ്ങള്‍ പഠിച്ചുമനസ്സിലാക്കാന്‍ വേണ്ടിയാണ്.
وَيُعَلِّمُكُمُ اللَّهُ
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും നീളും കൂടിയ ആയത്താണിതെന്ന് നമ്മള്‍ നേരത്തെ പറഞ്ഞല്ലോ. ഇതില്‍ പറഞ്ഞതോ, ഇടപാടുകളുടെ കാര്യവും. മനുഷ്യന്‍റെ ഭൗതികകാര്യങ്ങളില്‍ പെട്ടതാണല്ലോ കച്ചവടവും ഇടപാടുകളുമെല്ലാം. അതുസംബന്ധമായൊക്കെ ഇത്ര നീണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്ന് ചിലര്‍ക്ക് സംശയമുണ്ടാകാം.
അതിനുള്ള മറുപടിയാണിപ്പറഞ്ഞത്. 'അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതരികയാണ്'. ഈ വാക്യാംശം എത്ര ഗൗരവമാണല്ലേ! ഏതെങ്കിലും ഇടപാട് നടത്താത്ത മനുഷ്യരുണ്ടാകില്ല. അത് സുരക്ഷിതവും അന്യൂനവുമായിരിക്കണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ വിശദമായി പഠിപ്പിച്ചുതരികയാണ് റബ്ബ്.
وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
നിങ്ങളുടെ നന്മക്കും വിജയത്തിനും ആവശ്യമായ നിയമങ്ങള്‍ എന്തൊക്കെയാണ്, നിങ്ങള്‍ അവ എത്രേത്താളം പാലിക്കുന്നുണ്ട് തുടങ്ങിയ സര്‍വകാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്.
ആലോചിച്ചുനോക്കൂ. നമ്മുടെ ഐഹിക-പാരത്രിക ജീവിതം രക്ഷപ്പെടണമെന്ന് അതിയായ താല്യപര്യമാണ് നമ്മുടെ റബ്ബിന്. എല്ലാ നന്മയും കൈവരണമെന്ന അതിയായ ആഗ്രഹം. നമ്മളോടവന്‍ കാണിക്കുന്ന കാരുണ്യം എത്ര മഹത്തരം! മുലകുടിക്കുന്ന കുഞ്ഞിനോട് മാതാവിനുള്ളതിനെക്കാള്‍ കാരുണ്യമാണ് അല്ലാഹുവിന് അവന്‍റെ അടിമകളോടുള്ളതെന്നല്ലേ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത്.
ഇത്രയൊക്കെ വ്യക്തമായി ഇടപാട് മര്യാദകള്‍ റബ്ബ് വിശദീകരിച്ചുതന്നിട്ടും, ഇന്നിപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അസ്വാരസ്യങ്ങളും നമ്മള്‍ മുസ്ലികളുടെ കൂട്ടത്തില്‍ തന്നെ ധാരാളമുണ്ടെന്നത് ഖേദകരമാണ്. ഇതെല്ലാം പാലിക്കാന്‍ മറ്റാരെക്കാളും കൂടുതല്‍ ബാദ്ധ്യസ്ഥരാണ് വിശുദ്ധ ഖുര്‍ആന്‍റെ അനുയായികളായ നമ്മള്‍.
ഇടപാടുകള്‍ ഏതായാലും, അത് നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണം എന്നുകൂടി ഇവിടെ നിന്ന് പഠിക്കണം. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്, പല നിലക്കുള്ള കച്ചവടങ്ങളും ഇടപാടുകളും ഹലാലും ഹറാമും തിരിച്ചറിയാത്ത രൂപത്തിലൊക്കെ നടക്കുന്നുണ്ട്. ഏത് സംരംഭമായാലും കൃത്യമായി അന്വേഷിച്ച് പഠിച്ചിട്ടിറങ്ങുക. ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്ക്, ഒരു നോട്ടീസ് കാണുമ്പോഴേക്ക് മുന്നുംപിന്നും നോക്കാതെ എടുത്തുചാടുന്ന പ്രവണത ഒഴിവാക്കണം. ശരീഅത്തിനനുസൃതമാണോ, ഹലാലാണോ എന്നൊക്കെ ഉറപ്പുവരുത്തണം.
പൊതുവെ അശ്രദ്ധയാണ്. വ്യക്തിപരമായ വായ്പകളില്‍ പോലും. വാങ്ങിയാല്‍ പിന്നെ മുങ്ങിനടക്കുകയാണ്. തിരിച്ചുചോദിച്ചാല്‍, അതു മതി പിണങ്ങാന്‍!
സാമൂഹിക ജീവിതത്തിലെ അനിവാര്യതയാണെന്ന് മനസ്സിലാക്കിയാണ് റബ്ബ് കടം അനുവദിച്ചുതന്നത്. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ആവശ്യമായി വരും.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കടം വാങ്ങാമെന്നല്ലാതെ, ആഡംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടി വാങ്ങുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല.
തോന്നുമ്പോഴെല്ലാം കടം വാങ്ങി, എപ്പോഴെങ്കിലും തിരിച്ചു കൊടുക്കാം എന്ന് വിചാരിക്കുന്നവര്‍, പലരില്‍ നിന്നും മാറിമാറി കടംവാങ്ങി എത്ര വാങ്ങിയിട്ടുണ്ട് എന്ന് പോലും അറിയാത്തവര്‍, തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിലേറെ ഭീമമായ സംഖ്യ വാങ്ങുകയോ, തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടും കൊടുക്കാതിരിക്കുന്നവര്‍ - എല്ലാവരും ശ്രദ്ധിക്കണം.
കടം കൊടുക്കുന്നത് വളരെ പ്രതിഫലാര്‍ഹമായ ഒരു പുണ്യകര്‍മമാണ്. തിരുനബിصلى الله عليه وسلم പറഞ്ഞു: ഒരു മുസ്‍ലിം മറ്റൊരു മുസ്‍ലിമിന് രണ്ട് പ്രാവശ്യം കടം കൊടുത്താല്‍ അതിലൊന്ന് സ്വദഖയായി പരിഗണിക്കും (ഇബ്നുമാജ).
തിരുനബിصلى الله عليه وسلم പറഞ്ഞു: ഇസ്രാഇന്‍റെ രാത്രിയില്‍ ഞാന്‍ സ്വര്‍ഗ വാതിലില്‍ ഇപ്രകാരം എഴുതി വെച്ചതായി കണ്ടു: ദാനധര്‍മത്തിന് പത്തിരട്ടിയുണ്ട്, കടം കൊടുക്കുന്നതിന് പതിനെട്ട് ഇരട്ടിയുമുണ്ട്. ഞാന്‍ ചോദിച്ചു: അല്ലയോ ജിബ്രീല്‍, എന്ത്കൊണ്ടാണ് ദാനത്തേക്കാള്‍ കടം ഉല്‍കൃഷ്ടമായത്? ജിബ്രീല്‍ عليه السلام പറഞ്ഞു: ദാനം ചിലപ്പോള്‍ ഉളളവനും ലഭിക്കും. എന്നാല്‍ കടം ചോദിക്കുന്നവന്‍, ആവശ്യമുണ്ടാകുമ്പോഴല്ലാതെ ചോദിക്കുകയില്ല (ശുഅബുല്‍ ഈമാന്‍).
ഏത് മേഖലയിലായാലും പ്രയാസപ്പെടുന്നവനെ സഹായിക്കുന്നത് പുണ്യം തന്നെയാണ്. തിരുനബിصلى الله عليه وسلم പറഞ്ഞു: ഒരു പ്രയാസമുള്ളവന്, ആരെങ്കിലും എളുപ്പം നല്‍കിയാല്‍ അല്ലാഹു അവന് ദുന്‍യാവിലും ആഖിറത്തിലും എളുപ്പം നല്‍കും (മുസ്‍ലിം).
മറ്റൊരു ഹദീസില്‍ തിരുനബിصلى الله عليه وسلم പറഞ്ഞു: ആഖിറത്തിലെ ദുരിതത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, വിഷമമനുഭവിക്കുന്നവന് അവന്‍ ആശ്വാസം നല്‍കട്ടെ, അല്ലെങ്കില്‍ അത് ദൂരീകരിച്ച് കൊടുക്കട്ടെ (മുസ്‍ലിം).
ചുരുക്കപ്പറഞ്ഞാല്‍, കടം നല്കുന്നത് പുണ്യവും അത് സ്വീകരിക്കുന്നത് അനുവദനീയവുമാണ്. അതേസമയം അനിവാര്യ സന്ദര്‍ഭങ്ങളിലേ കടം വാങ്ങാവൂ. കാരണം, അത് വലിയ ഉത്തരവാദിത്തമാണ്. മനസ്സിന്‍റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന കാര്യമാണ്.
കടം വീട്ടാതെ മരണപ്പെടുക എന്നത് ഗുരുതര വിഷയമാണ്. പരേതന്‍റെ ബന്ധുക്കളുടെ ആദ്യചുമതല, അനന്തരാവകാശ സ്വത്തില്‍ നിന്ന് അയാളുടെ കടം വീട്ടുകയാണ്. ബാക്കിയുള്ളതിലേ വസ്വിയ്യത്തും അനന്തരാവകാശവും നടപ്പാവുകയുള്ളു.
കടമുണ്ടെങ്കില്‍ അത് ഏറ്റെടുത്തതിനു ശേഷമല്ലേ മയ്യിത്ത് നമസ്‌കാരംപോലും സാധാരണ നടക്കാറുള്ളത്. എന്തിനാണിത്രയും നിഷ്കര്‍ഷ? അനിവാര്യഘട്ടത്തിലേ കടം വാങ്ങാവൂ എന്ന് പഠിപ്പിക്കാനും, കടം കൊടുത്തവന് മുതല്‍ തിരിച്ചുകിട്ടുമെന്ന ഉറപ്പു നല്കാനുമാണ്.
പറഞ്ഞ അവധി ആയിട്ടും, വീട്ടാന്‍ കഴിഞ്ഞിട്ടും കടം നീട്ടിക്കൊണ്ടു പോകുന്നത് കുറ്റകരമാണ്. അതേസമസം, കഴിയാത്തവര്‍ക്ക് സമയം നീട്ടികൊടുക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നതും വലിയ പുണ്യവുമാണ്.
സാധാരണ കടങ്ങള്‍ മാത്രമല്ല, മാഹപാപമായ പലിശയുമായി ബന്ധപ്പെട്ട കടങ്ങളെക്കുറിച്ചും നമ്മളേറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ന് പെരുകിവരികയാണിതെല്ലാം.
പലിശയുമായി ബന്ധപ്പെട്ടാണ് കടങ്ങളുള്ളതെങ്കില്‍, കുറ്റം ഇരട്ടിക്കുകയാണ്. പലിശ വിപണിയെ സഹായിച്ചത് തെറ്റാണ്. പലിശ നല്കിയതും വാങ്ങിയതും തെറ്റാണ്. നമുക്ക് വേണ്ടി സാക്ഷി നിന്നവരും ജാമ്യക്കാരും രേഖകള്‍ ശരിയാക്കി സഹായിച്ചു തന്നവരുമെല്ലാം തെറ്റുകാരാണ്. റബ്ബിന്‍റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ്.
ലോണെടുക്കുന്നിടത്ത് മാത്രമല്ല പലിശ വരുന്നത്, പല ഇടപാടുകളിലും കൈമാറ്റങ്ങളിലും ശരീഅത്തിന്‍റെ കാഴ്ചപ്പാടില്‍ പലിശ വരുന്ന രൂപങ്ങളുണ്ട്. അതാണ് നേരത്തെ പറഞ്ഞത്, എല്ലാം കൃത്യമായി അറിയുന്നവരോട് അന്വേഷിച്ച് മനസ്സിലാക്കിയതിനു ശേഷമേ അത്തരം ഏത് ഇടപാടിലേക്കും മുന്നിട്ടിറങ്ങാവൂ എന്ന്.
രേഖയുണ്ടാക്കുന്ന കാര്യമാണല്ലോ കാര്യമായി ഈ ആയത്തില്‍ പറഞ്ഞത്. കള്ള രേഖയുണ്ടാക്കി പല ഇടപാടുകളും സര്‍വത്ര നടക്കുന്ന കാലമാണിത്. അത്യാധുനിക സോഫ്റ്റ് വെയറുകളും മറ്റും ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന കൃത്രിമങ്ങള്‍ കാണിക്കുന്ന നിരവധി പേരുണ്ട്. ഒന്നും വിലപ്പോവാത്ത റബ്ബിന്‍റെ കോടതിയില്‍ കുടുങ്ങുമെന്ന ബോധ്യമുണ്ടായാലേ രക്ഷയുള്ളൂ.
പലരും അറിയാതെ ചതിക്കപ്പെടുന്നവരുണ്ട്. പറയുന്നിടത്തൊക്കെ കണ്ണുംപൂട്ടി ഒപ്പിട്ടുകൊടുക്കും. പിന്നീടാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. എല്ലാം പോയിക്കാണും. രേഖകള്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
-------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment